«

»

Print this Post

യു.എ.ഇ: സെക്യൂരിറ്റി ചെക്ക് കേസുകളില്‍ ആനുകൂല്യം സ്വദേശികള്‍ക്ക് മാത്രം, വിദേശികളുടേത് ക്രിമിനല്‍ കുറ്റമായി തുടരും

 

1

 

യു.എ.ഇയില്‍ സെക്യൂരിറ്റി ചെക്ക് നല്‍കി പണമില്ലാതെ മടങ്ങിയതിന്റെ പേരില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്റെ ആനുകൂല്യങ്ങള്‍ ബാധകമാകുക യു.എ.ഇ പൌരന്മാര്‍ക്ക് മാത്രമാണെന്ന് പൌരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്ന കമ്മിറ്റി (Higher Committee of the Nationals Defaulted Debts Settlement Fund) വ്യക്തമാക്കി. വിദേശികള്‍ക്ക് എതിരെയുള്ള നിയമ നടപടികള്‍ തുടരും. വിദേശികളുടെ സെക്യൂരിറ്റി ചെക്കുകള്‍ അക്കൌണ്ടില്‍ പണമില്ലാതെ മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരും.

യു.എ.ഇ പൌരന്മാര്‍ സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ ആവശ്യത്തിന് പണമില്ലാതെ മടങ്ങിയാല്‍ പ്രസ്തുത ചെക്കിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് നിര്‍ത്തി വെക്കാന്‍ യു.എ.ഇ പ്രസിഡന്‍റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശ പ്രകാരം സെക്യൂരിറ്റി ചെക്ക് നല്‍കിയതിനു ജയിലായ സ്വദേശികളെ മോചിപ്പിക്കും എന്ന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ ഈ നിര്‍ദ്ദേശം വിദേശികള്‍ക്ക് കൂടി ബാധകമാക്കിയെന്ന വാര്‍ത്തയോട് വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു കമ്മിറ്റി. പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ ആശയ കുഴപ്പത്തിനു വഴി തെളിയിച്ചിരുന്നു.

സെക്യൂരിറ്റി ചെക്കിന്റെ പേരില്‍ യു.എ.ഇ പൌരന്മാര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പ്രോസിക്യൂട്ടര്‍മാര്‍ സസ്പെന്‍ഡ്‌ ചെയ്യും. ഇക്കാരണത്താല്‍ തടഞ്ഞു വെക്കുകയും ജയിലടക്കുകയും ചെയ്തിട്ടുള്ള എല്ലാ സ്വദേശികളെ ഉടന്‍ മോചിപ്പിക്കും. ഈ നിര്‍ദ്ദേശപ്രകാരം ഇത് വരെ 322 സ്വദേശികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചു കഴിഞ്ഞു.

ജയിലില്‍ കിടക്കുന്ന വിദേശികളുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും തീര്‍ക്കില്ലെന്നു കമ്മിറ്റി വ്യക്തമാക്കി. ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക യു.എ.ഇ സ്വദേശികള്‍ക്കു മാത്രമാണെന്നും വിദേശികള്‍ക്ക് ബാധകമല്ല എന്നും കമ്മിറ്റി അദ്ധ്യക്ഷനും പ്രസിഡന്ഷ്യല്‍ അഫയേഴ്സ് ഉപ മന്ത്രിയുമായ അഹമദ്‌ ജുമാ അല്‍ സാബി വ്യക്തമാക്കി.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയിട്ടുള്ള ഫണ്ട് സംവിധാനം ഇപ്പോള്‍ യു.എ.ഇ പൌരന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.ജയിലുള്ളവരും,ക്രിമിനല്‍ കേസ് നേരിടുന്നവരുമായ സ്വദേശികളുടെ കാര്യത്തില്‍ മാത്രമാണ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്. ഈ കാരണത്താല്‍ ജയിലില്‍ കിടക്കുന്ന വിദേശികളുടെ ബാധ്യതകള്‍ ഈ കമ്മിറ്റി തീര്‍ക്കില്ല.സ്വദേശികളുടെ ബാധ്യതകള്‍ കോടതിയുടെ തിരിച്ചടവ് നിര്‍ദ്ദേശങ്ങളനുസരിച്ച് തീര്‍ക്കുന്നതാണ്.

Permanent link to this article: http://pravasicorner.com/?p=6470

Copy Protected by Chetan's WP-Copyprotect.