«

»

Print this Post

സൗദി ലെവി: ബിസിനസ്സുകാരുടെ പരിപൂര്‍ണ്ണ കീഴടങ്ങല്‍

1

 

ലെവി അടക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ പകരം നിര്‍ദ്ദേശങ്ങള്‍ക്ക് തുനിഞ്ഞ ബിസിനസ് സമൂഹത്തെ പാടെ നിരാശപ്പെടുത്തി കൊണ്ട് തൊഴില്‍ മന്ത്രിയുടെ ഉറച്ച നിലപാട്. ലെവി അടക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കില്ലെന്നും അടച്ചില്ലെങ്കില്‍ ഇഖാമയും ലേബര്‍ കാര്‍ഡും പുതുക്കില്ലെന്നും ഇഖാമ പുതുക്കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് വകുപ്പ് പിഴ ഈടാക്കുമെന്നും ഉള്ള മന്ത്രിയുടെ ഇന്നലത്തെ ഏറ്റവും പുതിയ പ്രഖ്യാപനം അനുനയ വാക്കുകള്‍ പ്രതീക്ഷിച്ചിരുന്ന ബിസിനസ് സമൂഹത്തെ കടുത്ത നിരാശയിലാഴ്ത്തി.

ലെവി തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു നിലക്കും പിന്‍മാറില്ലെന്ന് പരിപൂര്‍ണ്ണമായി ബോധ്യപ്പെട്ടതോടെ പുതിയ നിര്‍ദ്ദേശവുമായി ബിസിനസ് വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ തൊഴില്‍ മന്ത്രാലയവുമായുള്ള തര്‍ക്കം പുതിയ നിയമം ‘നിലവില്‍ തുടരുന്ന കരാര്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കണോ’ അതോ ‘ഉടനടി നടപ്പാക്കേണ്ടതുണ്ടോ എന്ന വിഷയത്തിലാണെന്നാണ്’ റിയാദ്‌ ചേംബര്‍ പ്രസിഡന്റ് ഡോ.അബ്ദുറഹ്മാന്‍ ആസ്സാമില്‍ വ്യക്തമാക്കിയത്. നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ ലെവി ഈടാക്കുന്നത് ബിസിനസ്സുകാര്‍ക്ക് വന്‍ ബാധ്യത വരുത്തുമെന്നതിനാല്‍ ബാധ്യതയില്‍ പകുതി സ്ഥാപനവും പകുതി ഉപഭോക്താവും വഹിക്കട്ടെയെന്നാണ് എന്നായിരുന്നു നിര്‍ദ്ദേശം. തൊഴില്‍ മന്ത്രാലയത്തിനെതിരെ കേസ് നല്‍കുമെന്ന പഴയ നിലപാടില്‍ നിന്നും ബഹുദൂരം പിന്നിലേക്ക്‌ പോയി എന്നതിനേയും പരിപൂര്‍ണ്ണ കീഴടങ്ങലിന്റെ വ്യക്തമായ ചിത്രത്തെയുമാണ് ഈ നിര്‍ദ്ദേശങ്ങള്‍ വരച്ചു കാട്ടിയത്.

പ്രസ്തുത ബാധ്യത വഹിക്കേണ്ടത് യഥാര്‍ത്ഥ ഉപഭോക്താവാണ് എന്നാണു അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ വില വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണമെന്ന പരോക്ഷമായ അഭ്യര്‍ത്ഥന ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളോടും മന്ത്രിയോ മന്ത്രാലയമോ പ്രതികരിച്ചില്ല. അതിനു പകരം ബാധ്യത മുഴുവനും കമ്പനികള്‍ തന്നെ വഹിക്കണം എന്നാണ് തൊഴില്‍ മന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന വ്യക്തമാക്കുന്നത്. എതിര്‍പ്പുള്ളവര്‍ വ്യക്തമായ പഠനങ്ങളുടെ പിന്‍ബലത്തോടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അക്കാര്യം മന്ത്രിസഭയ്ക്ക് വിടും എന്ന പ്രസ്താവനയുടെ അര്‍ത്ഥം ഇനി ഇക്കാര്യത്തില്‍ ഉദാരത പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്.

തൊഴില്‍ മന്ത്രാലയവും കടുത്ത ജാഗ്രതയിലാണ്. സ്ഥാപനങ്ങളും കമ്പനികളും ആകുമ്പോള്‍ അവര്‍ക്ക് ഫ്രീ വിസാ സ്പോന്സര്‍മാരെ പോലെ തൊഴിലാളികളില്‍ ന്നിന്നു ഈ തുക ഈടാക്കാന്‍ സാധിക്കില്ല. എങ്കിലും ചില കമ്പനികളും സ്ഥാപനങ്ങളും നഷ്ടം കുറക്കാന്‍ ലെവി തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നതിനു വേണ്ടി അവരുടെ ശമ്പളത്തില്‍ നിന്നും കിഴിച്ചു ബാക്കി തുക നല്‍കാന്‍ ഒരു വിദൂര സാധ്യത മുന്നിലുണ്ടായിരുന്നു. ഈ ഒരു സാധ്യത കൂടി മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് തൊഴില്‍ മന്ത്രാലയം വേതന സുരക്ഷാ നിയമം വഴി ശമ്പള വിതരണം പരിപൂര്‍ണ്ണമായി ബാങ്ക് വഴിയാക്കണമെന്ന നിയമം പ്രഖ്യാപിച്ചത്.

ലെവി തീരുമാനം അനുസരിക്കില്ലെനായിരുന്നു ബിസിനസ് വൃത്തങ്ങളുടെ ആദ്യകാല പ്രസ്താവനകള്‍. പിന്നീട് നിയമ ഉപദേശം തേടലായി. കോടതിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി.ഉന്നതങ്ങളില്‍ പോയി. എന്നാല്‍ ലെവി തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന നിയമ ഉപദേശം ലഭിച്ചിട്ട് പോലും ഇപ്പോള്‍ ഒന്നും ചെയ്യാനും മിണ്ടാനും കഴിയാത്ത അവസ്ഥ.

കരാറുകള്‍ ഒഴിയുമെന്നും പറഞ്ഞു. എന്നാല്‍ കരാറുകള്‍ ഒഴിഞ്ഞാല്‍ ആ കരാറുകള്‍ ഏറ്റെടുക്കാന്‍ നിരവധി കമ്പനികള്‍ പിന്നിലുണ്ട് എന്ന് ബിസിനസ്സുകാര്‍ക്കും മന്ത്രാലയത്തിനും അറിയാമായിരുന്നു. അങ്ങിനെ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പോലും ചിലപ്പോള്‍ അധികൃതര്‍ പുതിയ കമ്പനികള്‍ക്ക് തീര്‍ത്തു കൊടുക്കും. ഒഴിയുന്ന കമ്പനികള്‍ ഉണ്ടാക്കുന്ന നഷ്ടം അവരുടെ വസ്തു വകകള്‍ പിടിച്ചടുത്തു കൊണ്ട് ഈടാക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ കരാറുകള്‍ ഇപ്പോള്‍ ഒഴിയുന്നില്ല, നിലവിലുള്ള കരാറുകള്‍ക്കാണോ അതോ പുതിയ കരാറുകള്‍ക്കാണോ തീരുമാനം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കട്ടെ എന്നിട്ട്  അന്തിമ തീരുമാനം എന്നാണു ഇപ്പോഴത്തെ നിലപാട്.

ഇനി ഒരു തീരുമാനവും പറയാനില്ല, ലെവി അടക്കാതെ ഒരു സ്ഥാപനത്തിനും നിലനില്‍പ്പില്ല, ലെവി അടച്ചില്ലെങ്കില്‍ ഇഖാമയും ലേബര്‍ കാര്‍ഡും പുതുക്കില്ല, ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പാസ്പോര്‍ട്ട് വകുപ്പ് പിഴ ഈടാക്കുകയും ചെയ്യും എന്ന തൊഴില്‍ മന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇനി ഒന്നും  ചെയ്യാനില്ല എന്ന പ്രത്യക്ഷമായ സൂചന തന്നെയാണ്.  ഇനി കമ്പനികള്‍ പുതിയ തീരുമാനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ പെട്ടെന്ന് തന്നെ ലെവി നല്‍കി ഇഖാമകള്‍ പുതുക്കി തുടങ്ങും. കാരണം അല്ലെങ്കില്‍ ആ വഴിക്കും ആയിരം റിയാല്‍ വീതം ജവാസാത്തില്‍ പിഴയായി അടക്കേണ്ടി വരും.

 

Permanent link to this article: http://pravasicorner.com/?p=6558

Copy Protected by Chetan's WP-Copyprotect.