സൗദി അറേബ്യയില്‍ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച നടപടി ക്രമങ്ങള്‍
സൗദി അറേബ്യയില്‍ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുന്നത് സംബന്ധിച്ച് 2011 ഡിസംബറില്‍ തന്നെ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും നടപടി ക്രമങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പാലിക്കാതെ ഇവ വില്‍പ്പന നടത്തുന്നതും കുറ്റകരവും ശിക്ഷാര്‍ഹാവുമാണ്.തീവ്രവാദ പ്രവര്‍ത്തനങ്ങളെയും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനായിരുന്നു ഈ നിബന്ധനകള്‍ കൊണ്ട് വന്നത്.
സെപ്തംബര്‍ 11സംഭവത്തിന് ശേഷമാണ് സൗദി അറേബ്യ തീവ്രവാദത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും ചില അയല്‍ രാജ്യങ്ങളിലെ ഗ്രൂപ്പുകളില്‍ നിന്നും ചില അയല്‍ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയില്‍ തീവ്രവാദ സംഘങ്ങള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയും കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഈ നടപടി ക്രമങ്ങള്‍ പ്രകാരം ആര്‍ക്കെല്ലാം സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വില്‍ക്കാനാകുമെന്നും, ആര്‍ക്കൊക്കെയാണ് വില്‍ക്കേണ്ടതെന്നും വില്‍ക്കുന്ന സമയത്ത് എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ വാങ്ങുന്നവരും കരുതല്‍ എടുക്കേണ്ടതുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുമതിയില്ലാതെ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുന്നതും നിയമപരമല്ലാതെ രാജ്യത്തു താമസിക്കുന്നവര്‍ക്ക് വില്‍ക്കുന്നതും അത് പോലെ തന്നെ നിയമാനുസൃതമായി താമസിക്കുന്ന ആള്‍ക്ക് നിയമാനുസൃതമല്ലാത്ത രീതിയില്‍ വില്‍ക്കുന്നതും കുറ്റകരമാണ്. സിം കാര്‍ഡുകള്‍ അവ വില്ക്കുന്നതിനു വേണ്ടി അനുമതി ലഭിച്ചിട്ടുള്ള കടകളിലൂടെ മാത്രമേ വില്‍പ്പന നടത്താവൂ.
മേല്പറഞ്ഞ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മൊബൈല്‍ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്ക്കുമ്പോള് വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖ അതായത് ഇഖാമ നിര്‍ബന്ധമായും ആവശ്യപ്പെടണം.വാങ്ങുന്നത് സൗദി പൌരനായാലും അയാളുടെ നാഷണല്‍ ഐ.ഡി ആവശ്യപ്പെടണമെന്നാണ് വ്യവസ്ഥ. അതിന്റെ കോപ്പിയെടുത്ത് കടയില്‍ സൂക്ഷിക്കണം.
ഓരോ കച്ചവടം നടക്കുമ്പോഴും ആ കടയിലെ ഉത്തരവാദപ്പെട്ട ആള് വില്‍ക്കുന്ന സാധനത്തിനു ബില്‍ നല്‍കണം. അതില്‍ കടയുടെ പേര്, സി.ആര് നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. വില്‍ക്കുന്ന സാധനത്തിന്റെ സീരിയല്‍ നമ്പര്‍, മോഡല്‍, വില്‍പ്പന നടത്തുന്ന തിയ്യതി, വില്‍ക്കുന്ന സെയില്‍സ് മാന്റെ ഒപ്പ് എന്നിവ ഉണ്ടാവണം.
ഇവ വാങ്ങുന്ന ആളുകളും ബില്‍ നിര്‍ബന്ധമായി ചോദിച്ചു വാങ്ങുകയും കൈവശം സൂക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്.
ഇതില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മേല്‍ പറഞ്ഞ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടിക്കപ്പെട്ടാല്‍ ദേശീയ സുരക്ഷക്കെതിരെയുള്ള കുറ്റമായിരിക്കും ചാര്‍ജ്ജ് ചെയ്യപ്പെടുക എന്നതാണ്. കടുത്ത ശിക്ഷയാണതിനു ലഭിക്കുക. തടവ്, ചാടയടി, പിഴ എന്നിവയ്ക്ക് ശേഷം നാട് കടത്തുകയും ചെയ്യും.
മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെ സൗദി അറേബ്യ എന്ത് മാത്രം ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നതിനുദാഹണനമാണ് രണ്ടു വര്‍ഷം മുന്‍പ് ബ്ലാക്ക് ബെറി മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ പേരില്‍ എടുത്ത നടപടികള്‍. അന്ന് സുരക്ഷാ കാരണങ്ങളുടെ പേരില്‍ ബ്ലാക്ക്ബെറി മൊബൈല്‍ സര്‍വീസിന്റെ സേവന ദാതാക്കളോട് അവരുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുകയുണ്ടായി. പ്രത്യക തരത്തിലുള്ള ഡാറ്റ എന്‍ക്രിപ്ഷന്‍ രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നതിനാല്‍ അവരുടെ മൊബൈല്‍ ശൃംഖലലകളില് ആവശ്യമായ മേല്‍നോട്ടം സൗദി അധികൃതര്‍ക്ക് സാധ്യമാകുന്നില്ല എന്നതായിരുന്നു കാരണം.
ആ സൗകര്യം തീവ്രവാദികളും നിയമ ലംഘകരും ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു. ആ മേല്‍നോട്ടം സാധ്യമാകുന്ന വിധത്തില്‍ അവരുടെ സര്‍വീസില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവശ്യപ്പെട്ടിട്ടും സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു സേവനം നിര്‍ത്തി വെക്കാന്‍ ആവശ്യപെട്ടത്. അവസാനം ബ്ലാക്ക്ബെറി കമ്പനിക്ക് വഴങ്ങേണ്ടി വരികയും സേവനത്തില്‍ സൗദി അധികൃതര്‍ ആവശ്യപ്പെട്ട രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതിനു ശേഷം മാത്രമാണ് ബ്ലാക്ക്ബെറിയുടെ സേവനം സൌദിയില്‍ തുടരാന്‍ അനുവദിച്ചത്.