«

»

Print this Post

സൗദിയില്‍ വാഹനം കളവ്‌ പോയാല്‍ ? പരാതിപ്പെട്ടില്ലെങ്കില്‍ എന്താണ് ഭവിഷ്യത്ത് ?

 

Pravasi Corner Legal Helpline

 

ചെറിയ ദൂരത്തേക്ക് ആണെങ്കില്‍ പോലും സ്വന്തം വാഹനം മറൊരാള്‍ക്ക് കൈമാറാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി അറേബ്യ.അങ്ങിനെ കൈമാറണമെന്നു ഉണ്ടെങ്കില്‍ ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനില്‍ പോയി രേഖകള്‍  ഹാജരാക്കി നടപടി ക്രമങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമേ ചെയ്യാവൂ. അല്ലാത്ത പക്ഷം വാഹനത്തിന്റെ ഉടമസ്ഥന്‍ നിയമം ലംഘിച്ചതായി കരുതപ്പെടും. അങ്ങിനെയുള്ള ഈ രാജ്യത്ത് വാഹനം കളവ്‌ പോയാല്‍ പരാതി പോലും നല്‍കാതിരുന്നാലുള്ള ഭവിഷ്യത്തിനെ പറ്റി ഊഹിച്ചു നോക്കുക.

ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കില്‍ മോഷണം പോയാല്‍ ഉടനെ തന്നെ അയാള്‍ പോലീസില്‍ പരാതി നല്‍കണം. അല്ലാത്ത പക്ഷം അത് ഭാവിയില്‍ ഊരാന്‍ പറ്റാത്ത വിധം കുരുക്കാവാന്‍ സാധ്യതയുണ്ട്.

മോഷണം നടന്നാല്‍ ഉടനെ പരാതി നല്‍കിയില്ലെങ്കില്‍ പിന്നീട് ആ വാഹനം മൂലമുണ്ടാകുന്ന എല്ലാ അനന്തര ഫലങ്ങളുടെയും  ഭവിഷ്യത്ത് വാഹന ഉടമസ്ഥന്‍ വഹിക്കേണ്ടി വരും.

ഉദാഹരണമായി ആരെങ്കിലും മോഷണം പോയ വാഹനം ഉപയോഗിച്ച് അക്രമം, കളവ്, കൊള്ള എന്നിവ നടത്തിയാല്‍ അത് ചെയ്തവരെ പിടി കിട്ടിയില്ലെങ്കില്‍, വാഹനം പിടിക്കപ്പെട്ടാല്‍ അതിനു വാഹന ഉടമസ്ഥന്‍ മറുപടി പറയേണ്ടി വരും. അത് പോലെ തന്നെ ഏതെന്കിലും തരത്തിലുള്ള വാഹനാപകടത്തില്‍ മോഷണം പോയ വാഹനം ഉള്‍പ്പെടുകയാണെന്കില്‍ ഓടിച്ച വ്യക്തിയെ കിട്ടാതെ വരികയോ കുറ്റം നിഷേധിക്കുകയോ ചെയ്‌താല്‍ പിന്നെ അത് തെളിയിക്കേണ്ടത് വാഹന ഉടമസ്ഥന്റെ ബാധ്യതയായി മാറും. തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോടതി ഉത്തരവിടുന്ന ദിയാധനം വാഹന ഉടമസ്ഥന്‍ തന്നെ കൊടുക്കേണ്ടതായി വരും, അത് കൊടുക്കുന്നത് വരെ ജയിലില്‍ കിടക്കേണ്ടതായും വരും.

അത് പോലെ തന്നെ ഭയക്കേണ്ട ഒന്നാണ് മയക്കു മരുന്ന് കടത്ത്. മയക്കു മരുന്ന് കടത്തിന്റെ പേരില്‍ വാഹനം പിടിച്ചെടുത്താല്‍ പ്രാഥമിക സംശയം വാഹനത്തിന്റെ ഉടമസ്ഥന്റെ നേരെ നീളാന്‍ സാധ്യതയുണ്ട്. മയക്കു മരുന്ന് കടത്തിന് സൌദിയില്‍ വധ ശിക്ഷയാണെന്നോര്‍ക്കുക.

യഥാ സമയം പരാതിപ്പെട്ടില്ലെന്കില്‍ ഇതെല്ലാം സംഭവിച്ചാല്‍ ആ സമയത്ത് വാഹനം കളവു പോയതാണെന്ന വാദം വാഹന ഉടമസ്ഥന് ഉയര്‍ത്താന്‍ സാധിക്കില്ല. അങ്ങിനെ വാദിക്കുമ്പോള്‍ എന്ത് കൊണ്ട് മോഷണം പോയപ്പോള്‍ പരാതി നല്‍കിയില്ല എന്ന ചോദ്യം ഉയര്‍ന്നു വരും. അത്തരം സന്ദര്‍ഭങ്ങളില്‍ വാഹന ഉടമസ്ഥനെ കസ്റ്റഡിയില്‍ എടുക്കുകയും നിരപരാധിയെന്ന് തെളിയുന്നത് വരെ തടവില്‍ കഴിയേണ്ടി വരുകയോ അല്ലെങ്കില്‍ ആരെങ്കിലും ജാമ്യത്തില്‍ ഇറക്കേണ്ടി വരികയോ ചെയ്യേണ്ടി വരും. അപകടമോ കളവോ ചെയ്ത വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കോടതി ഉത്തരവിടുന്ന മുഴുവന്‍ ദിയാ ധനവും നഷ്ട പരിഹാരവും വാഹന ഉടമസ്ഥന്‍ തന്നെ നല്‍കേണ്ടി വരും.

മാത്രമല്ല ഒരു വ്യക്തിക്ക് സൗദി അറേബ്യയില്‍ നിന്നും എക്സിറ്റ് വിസയില്‍ പോകണം എന്നുണ്ടെങ്കില്‍ അയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒഴിവാക്കി അത് അയാളുടെ പേരില്‍ നിന്നും മാറ്റേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ എക്സിറ്റ് വിസ സ്റാമ്പ് ചെയ്തു ലഭിക്കൂ. അത് കൊണ്ട് എപ്പോഴായാലും ഈ നടപടികളൊക്കെ ചെയ്യേണ്ടി വരും.

അങ്ങിനെ ഏതു രീതിയില്‍ നോക്കിയാലും പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയില്ലെന്കില്‍ അനാവശ്യമായി ജയില്‍ ശിക്ഷയും ധനനഷ്ടവും ഉണ്ടാകാം.

 

Permanent link to this article: http://pravasicorner.com/?p=6591

Copy Protected by Chetan's WP-Copyprotect.