«

»

Print this Post

സൗദി അറേബ്യ: 130 ബില്യന്‍ റിയാല്‍ വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചതില്‍ എന്താണ് തെറ്റ്?

 

1

 

സൗദി അറേബ്യയിലെ പത്ര മാധ്യമങ്ങളിലൂടെയും മറ്റും കൂടുതല്‍ കേള്‍ക്കുന്നത് വിദേശ തൊഴിലാളികളുടെ ആധിക്യം,വിദേശികള്‍ കൂടുതല്‍ പണം നാട്ടിലേക്കയക്കുന്നു എന്നൊക്കെയാണ്. 2012 ല്‍ ഇവിടുത്തെ 84 ലക്ഷം വരുന്ന വിദേശികള്‍ അവരുടെ സ്വന്തം നാട്ടിലേക്ക് അയച്ചത് 130 ബില്യന്‍ റിയാലാണെത്രേ.

130 ബില്യന്‍ റിയാല്‍ വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചതില്‍ എന്താണ് തെറ്റ്? ജോലി ചെയ്തു ലഭിക്കുന്ന പണം നാട്ടിലേക്കയക്കാന്‍ വിദേശ തൊഴിലാളിക്ക് നിയമപരമായ യാതൊരു വിലക്കും നിലവില്‍ സൗദി അറേബ്യയില്‍ ഇല്ല എന്ന് മാത്രമല്ല അത് ഇവിടുത്തെ സര്‍ക്കാര്‍ അനുവദിച്ചത് തന്നെയാണ്.ഇവിടെ സമ്പാദിക്കുന്ന പണം കൊണ്ട്  ഒരു വിദേശ തൊഴിലാളിക്ക് ബിസിനസ് തുടങ്ങാനോ സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങാനോ നിയമം അനുവദിക്കാത്ത സ്ഥിതിക്ക് പിന്നെ ഈ പണം എന്താണ് ചെയ്യുക?.

ഈ 130 ബില്യന്‍ റിയാലിന്റെ ബഹുഭൂരിപക്ഷവും സത്യമുള്ള പണം തന്നെയാണ്. അയച്ച പണത്തില്‍ നിയമ വിരുദ്ധമായതു ഉണ്ടെങ്കില്‍ അതാണ് കണ്ടു പിടിക്കേണ്ടത്. അത് കണ്ടു പിടിക്കാന്‍ സാധിക്കാത്തത് 84 ലക്ഷം പ്രവാസികളില്‍ 70 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ പ്രവാസികളുടെ കുറ്റമല്ല.

പ്രവാസി ഇവിടെ വരുന്നത് പണമുണ്ടാക്കാന്‍ തന്നെയാണ്. ഉറ്റവരെ നാട്ടിലാക്കി ഇവിടെയെത്തി സ്പോണ്സറുമായി കരാറിലാവുന്നതിന്റെ അര്‍ഥം “ഞാന്‍ എന്റെ അദ്ധ്വാനം നല്‍കാം,  പകരം എനിക്ക് പണം തരിക” എന്നാണ്. ജോലി ചെയ്‌താല്‍ പ്രതിഫലം നല്‍കേണ്ടി വരിക സ്വാഭാവികം.അങ്ങിനെ ലഭിക്കുന്ന പണമാണ് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്നത്. 84 ലക്ഷം പ്രവാസികളില്‍ 70 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ പ്രവാസികള്‍ എല്ല് മുറിയെ പണിയെടുത്തു തന്നെയാണ് ഈ പണമുണ്ടാക്കുന്നത്.

ബാക്കി 20 ശതമാനം വരുന്ന പ്രവാസികള്‍ മറ്റു വല്ല രീതിയില്‍ പണമുണ്ടാക്കുന്നുണ്ടോ എന്ന് കണ്ടു പിടിക്കേണ്ടതും ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതും ഇവിടുത്തെ നിയമ വ്യവസ്ഥിതിയാണ്. അത് നിയന്ത്രിക്കാന്‍ വിദേശികള്‍ക്ക് യാതൊരു അധികാരവും ഇവിടെയില്ല. അതിനാല്‍ ന്യൂനപക്ഷമായ ആളുകള്‍ അധാര്‍മികമായി പണമുണ്ടാക്കുന്നു എങ്കില്‍, അത് നാട്ടിലേക്ക് അയക്കുന്നു എങ്കില്‍ 80ശതമാനം വരുന്ന നല്ല രീതിയില്‍ പണിയെടുത്തു പണമുണ്ടാക്കുന്ന പ്രവാസികള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല.

എന്നാല്‍ 130 ബില്യന്‍ റിയാലിന് പകരം 84 ലക്ഷം വിദേശികള്‍ നല്‍കുന്ന വിയര്‍പ്പിന്റെയും ചോരയുടെയും  ഗന്ധമറിയാതെ പോകുന്നത് വേദന തന്നെയാണ്. അത് പോലെ എത്ര പണം നാട്ടിലേക്ക് അയച്ചു എന്നതിനോടൊപ്പം തന്നെ ഈ തൊഴിലാളികള്‍ ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് എന്ത് സംഭാവന നല്‍കി എന്നത് കൂടി പരിഗണിക്കപ്പെടെണ്ടാതാണ്.നല്‍കുന്ന പണത്തേക്കാള്‍ അത്ഭുതകരങ്ങളായ സേവനങ്ങള്‍ തിരിച്ചു നല്‍കുന്നുണ്ട് എന്നത് വിസ്മരിക്കപ്പെടരുത്.

എല്ലാ പ്രവാസികളും ഇവിടുത്തെ അനധികൃത താമസക്കാരല്ല. രാജ്യത്തെ എമിഗ്രേഷന്‍ നിയമങ്ങളും മറ്റെല്ല നിയമങ്ങളും പാലിച്ചു പൂര്‍ണ്ണ അനുവാദത്തോടെ വന്നവരും ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും.ഇവിടുത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും നിയമപരമായി ഇവിടേയ്ക്ക് വരാന്‍ സാധിക്കില്ല. 

രാജ്യം നിയമപ്രകാരം നിശ്ചയിച്ച എല്ലാ ഫീസും പ്രവാസി ഇവിടെ നല്‍കുന്നു. രാജ്യത്തേക്ക് കടക്കാനും പുറത്തേക്കു കടക്കാനും ഫീസ്,താമസ പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും ഫീസ്, തൊഴില്‍ ലൈസന്‍സ്‌ എടുക്കുന്നതിനു പുതുക്കുന്നതിനും ഫീസ്, വര്‍ഷം തോറും ഇന്‍ഷുറന്‍സ്‌ വകയില്‍ ഫീസ്, ഫാമിലി വിസക്ക് ഫീസ്‌, അവസാനം ഇതാ ലെവിയും. ഇതിനെല്ലാം നിശ്ചയിച്ച പണം ഫീസ്‌ ആയി നല്‍കിയാണ് പ്രവാസികള്‍ ഇവിടെ കഴിഞ്ഞു പോരുന്നത്. ആരെങ്കിലും നിയമം ലംഘിച്ചു ഇവിടെ നില്‍ക്കുന്നെങ്കില്‍ അത് കണ്ടു പിടിക്കേണ്ടത് ഇവിടുത്തെ അധികാരികളാണ്. അതില്‍ മറ്റുള്ള പ്രവാസികള്‍ക്ക് യാതൊരു പങ്കുമില്ല.

പ്രവാസികള്‍ കുറ്റം ചെയ്‌താല്‍ ഇവിടുത്തെ നിയമ പ്രകാരം തന്നെ ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എല്ലാവരുടെയും മനോഭാവം. എന്നാല്‍ ഇവിടുത്തെ നിയമത്തെ ബഹുമാനിച്ചും അനുസരിച്ചും ജീവിക്കുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും. 

ഒരു പ്രവാസിയേയും ഇവിടുത്തെ നാട്ടുകാരോട് ഉപമിക്കാന്‍ സാധിക്കില്ല എന്നത് ശരി തന്നെയാണ്. പ്രവാസികള്‍ ചുരുങ്ങിയ കാലത്തെക്ക് ധന സമ്പാദനത്തിനായി ഇവിടേയ്ക്ക് വരുന്നവര്‍ മാത്രമാണ്. ഇവിടം ലാഭാകരമല്ലെങ്കില്‍ അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി പോകും. അത് പോലെ തന്നെ ഇവിടം ജീവിതത്തിനു അപകടകരമാണെങ്കിലും അവന്‍ ഇവിടം വിട്ടു പോകും.

അതിനാല്‍ പ്രവാസികളെക്കാള്‍ സ്വദേശികള്‍ക്ക് തന്നെയാണ് തീര്‍ച്ചയായും പ്രാധാന്യം നല്‍കേണ്ടത്. അവരാണ് മണ്ണിന്റെ മക്കള്‍. അത് സ്വാഭാവിക നീതി തന്നെയാണ്. അത് ആ രാജ്യത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്. അതിനേക്കാള്‍ കൂടുതല്‍ ഒരു പ്രവാസി പ്രതീക്ഷിക്കുകയും അരുത്. എന്നാല്‍ എല്ലാ പ്രവാസികളും നിയമ ലംഘകരും അനധികൃത പണ സമ്പാദകരും അല്ല എന്ന് പറയാനും അവന്‍ ആഗ്രഹിക്കുന്നുണ്ട് , ഈ 130  ബില്യന്‍ റിയാലിന്റെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍.

 

 

Permanent link to this article: http://pravasicorner.com/?p=6604

Copy Protected by Chetans WP-Copyprotect.