«

»

Print this Post

പ്രവാസി ദിവസും യഥാര്‍ത്ഥ പ്രവാസികളും

 

1

 

പ്രവാസി ഭാരതീയ ദിവസ് ജയ്‌പൂരില്‍ നിന്നും കേരളത്തിലെത്തുമ്പോള്‍ പതിനൊന്നാം വാര്‍ഷിക ആഘോഷമാണ് നടക്കാന്‍ പോകുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനു വേദി കൊച്ചിയിലെ ആഡംബര ഹോട്ടലായ ലീ മെറിഡിയന്‍.

കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ഒരാളെങ്കിലും പ്രവാസിയായി ഇല്ലാതില്ല എന്നത് കൊണ്ട് തന്നെ ഇങ്ങിനെ ഒരു ആഘോഷത്തിനു നാട് വേദിയായതില്‍ നമുക്ക് ഏറെ സന്തോഷമുണ്ട്. എന്നാല്‍ ഈ മാമാങ്കത്തിന്റെ നാളിതു വരെയുള്ള നാള്‍ വഴിയില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കി പത്രം പരിശോധിച്ചാല്‍ പ്രവാസികള്‍ക്ക് ഈ ആഘോഷത്തില്‍ ആശക്ക് എന്ത് വകയുന്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

1

ലത്തീഫ് തെച്ചി

വര്‍ഷാവര്‍ഷം പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമ്പോള്‍ പ്രവാസികളുടെ എത്ര എത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമായി? സങ്കീര്‍ണ്ണതകള്‍ എത്ര വര്‍ദ്ധിച്ചു?ഈ കണക്കെടുപ്പുകള്‍ നടക്കുകയാനണെകില്‍ ഈ ആഘോഷം ന്യായീകരിക്കാം. എന്നാല്‍ ഇതിലുപരി ഇതൊരു ചടങ്ങായി പരിണമിച്ചാല്‍ പ്രവാസ ലോകത്തു അനുദിനം നെരിപ്പോടുകള്‍ വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ വിസ്ഫോടനാത്മകമാകുകയും ചെയ്യും. ഈ ഒരു സ്ഥിതി വിശേഷത്തിന് ചെറിയ ഒരു ഉദാഹരണം ഈ അടുത്ത കാലത്ത് നമ്മള്‍ കാണുകയുണ്ടായി. എയര്‍ ഇന്ത്യയുടെ പ്രശ്നം പ്രവാസ ലോകത്തു പുകയുകയും ഗള്‍ഫില്‍ പര്യടനത്തിനെത്തിയ മന്ത്രിക്കു നേരെ പ്രതിഷേധ കാറ്റ വീശിയതും അധികൃതര്‍ക്ക് മറക്കാറായിട്ടില്ല. പ്രവാസി പ്രശ്നങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്ന രീതി അധികാരികള്‍ മാറ്റാത്തിടത്തോളം ഇനിയും പ്രതിഷേധ കാറ്റുകള്‍ പൊട്ടി പുറപ്പെടും. 

പ്രവാസ ലോകത് ഏറ്റവും കൂടുതല്‍ പ്രയാസവും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നത് സൗദി അറേബ്യയില്‍ ആണ്. ഇവിടെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്.22ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളുമാണ്. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ പാശ്ചാത്യ – ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പ്രതി വര്‍ഷം ലക്ഷം കോടി രൂപ പ്രദാനം ചെയ്തു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നു. ഇവിരില്‍  ഭൂരിപക്ഷവും സാധാരണക്കാരാന്. സൗദി അറേബ്യയില്‍ വസിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇന്നേ വരെ ഇന്ത്യന്‍ സര്‍ക്കാരോ പ്രവാസി കാര്യവകുപ്പോ ഇന്ത്യന്‍ മിഷനോ തുനിഞ്ഞിട്ടില്ല എന്നത്  ഖേദകരമാണ്. 

ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്ന സൌദിയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം കണ്ടില്ലെന്നുനടിക്കുന്നത് ഇന്ത്യന്‍ ജനതയ്ക്ക് തന്നെ ഭാവിയില്‍ ദോഷകരമായി ബാധിക്കും.ഇന്ത്യയും സൌദിയും തമ്മില്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കാനെന്കിലും നയതന്ത്ര തലത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം ജയിലില്‍ കഴിയുന്നവരുടെയും ഹുറൂബായവരുടെയും പ്രശ്നങ്ങള്‍ പഠിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. അല്ലാത്തിടത്തോളം കാലം രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്മരണയില്‍ നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സ്പോണ്സര്‍പ്പില്‍ വര്‍ണ്ണാഭമായ പാശ്ചാത്യ സംഗീത വിരുന്നുകളും മറ്റും ഒരുക്കുന്നത് പ്രവാസികളോട് മാത്രമല്ല രാഷ്ട്രപിതാവിനോട് തന്നെ കാണിക്കുന്ന അനാദരവായിരിക്കും.

പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കേണ്ടത് ശീതീകരിച്ച മുറികളില്‍ ഇരുന്നല്ല. മറിച്ചു ചുട്ടു പൊള്ളുന്ന മരുഭൂമികളിലാണ് എന്നുള്ള തിരിച്ചറിവ് നമ്മുടെ ഭരണാധികാരികളില്‍ ഉണ്ടാവണം. അതല്ലാത്ത പക്ഷം ഈ കണ്ണീരും വേദനകളും നിശ്വാസങ്ങളും എല്ലാം ചെന്ന് പതിക്കുന്നത് ബധിര പുടങ്ങളില്‍ ആയിരിക്കും. ഈ പ്രവാസി ഭാരതീയ ദിവസ് എങ്കിലും യഥാര്‍ത്ഥ പ്രവാസിയുടെ പ്രശ്നങ്ങളിലേക്കെത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 

ലതീഫ്‌ തെച്ചി – (053 429  2407)

(സന്നദ്ധ-ജീവകാരുണ്യ സംഘടനയായ പ്ലീസ്‌ ഇന്ത്യയുടെ സൗദി നാഷണല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)

 

Permanent link to this article: http://pravasicorner.com/?p=6635

Copy Protected by Chetan's WP-Copyprotect.