ശ്രീലങ്കന്‍ യുവതിയുടെ വധ ശിക്ഷ: ശ്രീലങ്ക അംബാസഡറെ തിരിച്ചു വിളിച്ചു. സൗദിയിലെ ശ്രീലങ്കന്‍ പ്രവാസികള്‍ ആശങ്കയില്‍

0
2

 

1

 

സൗദി അറേബ്യയിലെ റിയാദിനടുത്ത ദാവാദ്‌മിയില്‍ സ്പോണ്‍സറുടെ കൈക്കുഞ്ഞ്‌ മരിക്കാനിടയായ സംഭവത്തില്‍ ശ്രീലങ്കക്കാരിയായ വേലക്കാരി റിസാന നഫീക്കിനെ ഇന്നലെ വധശിക്ഷക്ക് വിധേയയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചു ശ്രീലങ്ക സൗദിയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചതായി ശ്രീലങ്കന്‍ വിദേശ മന്ത്രാലയ സെക്രട്ടറി കരുണ തിലകെ അനുമുഗമ അറിയിച്ചു. വധശിക്ഷ നീട്ടിവെച്ചു റിസാനയെ രക്ഷിക്കുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതിരുന്നതിനാലാണ് അംബാസഡറെ തിരിച്ചു വിളിക്കുന്നതെന്ന് കരുണ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള സാവകാശം ലഭിക്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ത്ഥന തള്ളിയാണ് റിസാനയെ വധശിക്ഷക്ക് വിധേയമാക്കിയത്‌.

ശ്രീലങ്കയുടെ ഈ നീക്കത്തോടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് വരുന്ന ശ്രീലങ്കക്കാര്‍ കടുത്ത ആശങ്കയിലാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായാല്‍ അനുഭവിക്കേണ്ടി വരിക ഇവിടെയുള്ള ശ്രീലങ്കന്‍ പ്രവാസികളാണെന്നു അവര്‍ കരുതുന്നു.

നയതന്ത്ര തലത്തില്‍ ബന്ധങ്ങള്‍ വഷളാകുമ്പോള്‍ ശക്തമായി പ്രതികരിക്കുക എന്നതാണ് സൗദി അറേബ്യയുടെ രാഷ്ട്രീയ സ്വഭാവം. കഴിഞ്ഞ ഇറാഖിന്റെ കുവൈറ്റ് അധിനിവേശ കാലത്ത് ഇറാഖിനെതിരെ അണി ചേരാനുള്ള സൗദിയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന് പകരമായി രാജ്യത്തുള്ള യെമന്‍ സ്വദേശികളോട് സൗദി വിട്ടു പോകാന്‍ സൗദി അറേബ്യ കല്‍പ്പന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ സൗദി അറേബ്യയുടെ എംബസ്സി ആക്രമിക്കപ്പെട്ടപ്പോഴും അംബാസഡറെ തിരിച്ചു വിളിച്ചു സൗദി അറേബ്യ ശക്തമായി പ്രതികരിച്ചിരുന്നു.

സൗദി അറേബ്യയുടെ ഇത്തരം പ്രതികരണങ്ങള്‍ അറിയുന്ന ശ്രീലങ്കന്‍ പ്രവാസികള്‍ കടുത്ത ആശങ്കയോടെയാണ് സൗദിയുടെ പ്രതികരണത്തെ കാത്തിരിക്കുന്നത്.

അതിനിടയില്‍ ശ്രീലങ്കയില്‍ ഉയര്‍ന്നു വരുന്ന കടുത്ത ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ഒരു പോംവഴി എന്ന നിലയിലാണ് അംബാസഡറെ തിരിച്ചു വിളിച്ചതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. റിസാനയെ വധ ശിക്ഷക്ക് വിധേയയാക്കിയത്തില്‍ പ്രതിഷേധിച്ചു ഇന്നലെ കൊളംബോയില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇന്നും കൂടുതല്‍ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കടുത്ത ജന സമ്മര്‍ദ്ദം ഉയര്‍ന്നിട്ടും  റിസാനയെ രക്ഷിക്കാനുള്ള ഫലപ്രദമായ വഴികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ശ്രീലങ്കയില്‍ വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് തന്നെ ആരോപണമുയര്‍ന്നിരുന്നു.അന്ത്രാരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ചും ഇതേ ആരോപണം വധശിക്ഷക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് സിലോണില്‍ ഉന്നയിച്ചിരുന്നു. ആരോപണം ശക്തമായപ്പോഴാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്ഷെ വധശിക്ഷ നീട്ടി വെക്കണമെന്ന അഭ്യര്‍ത്ഥന അബ്ദുള്ള രാജാവിനോട് നടത്തിയത്.എന്നാല്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് റിസാനക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

അതിനിടയില്‍ അംബാസഡറെ തിരിച്ചു വിളിച്ച തീരുമാനം ശ്രീലങ്ക ഇത് വരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നു സൗദി പ്രോട്ടോകോള്‍ അഫയേഴ്സ് ഫോറിന്‍ മിനിസ്റ്റര്‍ അലാവുദീന്‍ അല്‍ അസ്കാരി അറിയിച്ചു.