പണം നല്‍കി കൂടുതല്‍ മാര്‍ക്ക്‌, ഇന്ത്യയില്‍ പഠിക്കുന്ന രണ്ടു ഒമാനി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

 

1
അറസ്റ്റിലായ ഒമാനി വിദ്യാര്‍ഥികള്‍ (മുന്‍നിരയില്‍)

 

ഒമാന്‍/പൂനെ: പരീക്ഷ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നതിനു വേണ്ടി കൈക്കൂലി നല്‍കിയ ഇന്ത്യയില്‍ വിദ്യാര്‍ഥികളായ രണ്ടു ഒമാനി പൌരന്മാര്‍ പൂനെയില്‍ അറസ്റ്റിലായി.

സാമി ഹമൂദ് അല്‍ അമരി (22), ഒബൈദ്‌ അഹമദ്‌ റഹ്മാന്‍ അവാദ് (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരും പൂനെയിലെ അബദ ഇനാംദാര്‍ കോളേജിലെ കൊമേഴ്സ്‌ വിദ്യാര്‍ഥികളാണ്. അടുത്ത ചൊവ്വാഴ്ച വരെ പൂനെ ജുഡീഷ്യല്‍ മജിസ്ട്രെറ്റ് കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്തിരിക്കുകയാണ്.

രണ്ടു പേര്‍ക്കും പൂനെ യൂനിവേഴ്സിറ്റിയിലെ പണം കൊടുത്തു മാര്‍ക്ക്‌ കൂട്ടല്‍ നല്‍കി ജയിപ്പിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതായി പോലീസ്‌ സംശയിക്കുന്നു. പരീക്ഷാ വകുപ്പിന്റെ തലവന്‍ രാജേന്ദ്ര പണ്ഡിറ്റ് അടക്കമുള്ള ജീവനക്കാരെ പോലീസ്‌ തിരയുന്നു. കമ്പ്യൂട്ടറിലുള്ള മാര്‍ക്കിലാണ് ജീവനക്കാര്‍ കൃത്രിമം കാണിക്കാറുള്ളത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിദ്യാര്‍ഥികളുടെ അറസ്റ്റ് ഉണ്ടാവാന്‍  സാധ്യതയുണ്ട്. 21 വിദ്യാര്‍ഥികളാണ് മാര്‍ക്ക്‌ കൂടുതല്‍ ലഭിക്കുന്നതിനു വേണ്ടി സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായതെന്നു പോലീസ്‌ പറയുന്നു. ഇതില്‍ 20 പേരും വിദേശ വിദ്യാര്‍ഥികളാണ്.

ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യയിലേക്ക് പോകുന്ന ഒമാനി വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് പൂനെ യൂനിവേഴ്സിറ്റി. കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കുന്നതിനു വേണ്ടി എത്ര പണം ചിലവാക്കുന്നതിനും വിദേശ വിദ്യാര്‍ഥികള്‍ക്ക് മടിയില്ലെന്ന് പൂനെയിലെ ചതുഷ്‌രംഗ് പോലീസ്‌ സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ്‌ ഇന്സപെക്ടര്‍ മഹേഷ്‌ ബോല്‍ കൊത്ഗി പറയുന്നു.

Copy Protected by Chetan's WP-Copyprotect.