«

»

Print this Post

സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകരെല്ലാം കള്ളനാണയങ്ങള്‍ അല്ല……

 

1

 

(ദമ്മാമില്‍ നിന്നും ടിറ്റോ ജോയിക്കുട്ടി പ്രതികരിക്കുന്നു……)

പ്രവാസി കോര്‍ണറില്‍ 01.01.2013 നു പ്രസിദ്ധീകരിച്ച “സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്ന പീഡന കഥകള്‍ എല്ലാം സത്യമാണോ” (പ്രസ്തുത ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – http://pravasicorner.com/?p=6373) എന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ലേഖനമാണ് ഈ പ്രതികരണത്തിനാധാരം.

താളവും, ഈണവും അകമ്പടിയായി ഉച്ചത്തില്‍ പാടിയിട്ടും ആരും ശ്രദ്ധിക്കാത്ത പാട്ടുകള്‍ ചിലര്‍ വീണ്ടും വീണ്ടും പാടി നോക്കുന്നത് എന്തിന്‍റെ പോഷണത്തിന് വേണ്ടി ആണ് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകരെല്ലാം മറ്റെന്തോ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും, അനുഭവിക്കുവാനും വേണ്ടിയാണ് പൊതു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ മനുഷ്യ മനസുകളിലേയ്ക്ക് കുത്തി നിറയ്ക്കുവാന്‍ ശ്രമിക്കുന്നത് ശരിയായ പ്രവണത ആയി കാണാന്‍ കഴിയില്ല.

പ്രവാസികളായ സാമൂഹ്യ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം പേരും നിസ്വാര്‍ഥ സേവന പ്രവര്‍ത്തകരാണ്.കുടുംബത്തോടൊപ്പം താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടാണ് പ്രവാസികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ലേബര്‍ കോടതികളിലും,തര്‍ഹീലുകളിലും, ജവാസാത്ത് ഓഫീസികളിലും, അമീര്‍ കോടതികളിലും, ആശുപത്രികളിലും ഒക്കെ കയറിയിറങ്ങുന്നത്. പലപ്പോഴും പ്രശ്നങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് ഒരു ഫോണ്‍ കോള്‍ മാത്രമേ വേണ്ടി വരുന്നുള്ളൂ. പിന്നീട് അവര്‍ക്കുവേണ്ടി വിഷയത്തില്‍ ഇടപെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ നെട്ടോട്ടമോടുകയാണ് പതിവ്.

ഇവരുടെ പ്രവര്‍ത്തന ഫലമായി നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം ലഭിച്ചിട്ടുണ്ട്. ഇതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ് നെസ്റ്റോ ഹാളില്‍ നവയുഗം സാംസ്‌കാരിക വേദിയും, സഫാ മെഡിക്കല്‍ സെന്‍ട്രലില്‍ കെ എം സി സി യും നടത്തുന്ന ജനകീയ നിയമ സഹായ അദാലത്തുകള്‍. ഇതിന്‍റെ സംഘാടകര്‍ക്കോ, അദാലത്തുകള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തികള്‍ക്കോ ആരും വേതനം നല്‍കുന്നില്ല. പകരം മനസ് നിറച്ചു വേദനകളാണ് നല്കികൊണ്ടിരിക്കുന്നത്.

നാട്ടില്‍ സ്വയം തൊഴിലിനായി പലരും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തെ കാണുമ്പോള്‍ എവിടെ ഈ മരുഭൂമിയില്‍ സ്വന്തം തൊഴിലിനിടയില്‍ കിട്ടുന്ന സമയവും, അവധി ദിവസങ്ങളുമാണ് സാമൂഹ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വാര്‍ഡ്‌ മെബറോ, എം എല്‍ എയോ, എം പിയോ, മന്ത്രിയോ ഒന്നും ആകുവാന്‍ വേണ്ടിയോ, മറ്റു സ്ഥാനമാനങ്ങള്‍ ലഭിക്കുവാന്‍ വേണ്ടിയോ ഈ മണലാരണ്യത്തില്‍ ആരും സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നില്ല. ഒരു പക്ഷെ ആര്‍ക്കെങ്കിലും സ്ഥാന മാനങ്ങളോ, പുരസ്കാരങ്ങളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അര്‍ഹതയുടെ അംഗീകാരമായി വേണം കാണേണ്ടത്.

പലപ്പോഴും സാമൂഹ്യപ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയായി വരാറുണ്ട്. അത്തരം വാര്‍ത്തകള്‍ സമാനമായ പ്രശ്നങ്ങളില്‍പ്പെട്ട് കഴിയുന്നവര്‍ക്ക് വലിയ ആശ്വാസവും,പ്രതീക്ഷയും,സഹായം ആകാറുണ്ട്.കാരണം നിയമങ്ങള്‍ അറിയാത്തവരും,സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കും സഹായത്തിനു കൈത്താങ്ങായി സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും ഉണ്ടെന്നു മനസിലാക്കാന്‍ സാധിക്കുന്നു, പലപ്പോളും ഇങ്ങനെ പത്ര-മാധ്യമ വാര്‍ത്തകള്‍ കണ്ടിട്ട് പലരും വിളിക്കാറുള്ളതായി എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന ഏറ്റവും ജീവകാരുണ്യ പ്രവര്‍ത്തനമാണ് അവരുടെ വാര്‍ത്തകള്‍ എന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെടുന്ന പ്രവാസിക്ക് സഹായങ്ങളുമായി വ്യാപാര സ്ഥാപനങ്ങളും, വ്യക്തികളും, ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളും ഈ വാര്‍ത്തകള്‍ കണ്ടു മുന്നോട്ടുവരാറുണ്ട്. ഇവര്‍ ചെയ്യുന്ന സഹായം അര്‍ഹതയുള്ളവര്‍ക്ക് തന്നെ ലഭിച്ചു എന്നതിന്‍റെ തെളിവായിട്ടുകൂടെ ആണ് പത്ര-ദൃശ്യ-മാധ്യമ വാര്‍ത്തകളെ നാം കാണേണ്ടത്.

എങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പേരുദോഷം ഉണ്ടാക്കുന്ന രീതിയില്‍ കപടവേഷ ധാരികളായ ചിലര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട് എന്നതും നാം തിരിച്ചറിയണം. അത്തരക്കാരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തി പൊതുസമൂഹമധ്യത്തില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ സാമൂഹിക പ്രവര്‍ത്തകരെല്ലാം കള്ളനാണയങ്ങളാണ് എന്ന രീതിയിലുള്ള ബോധപൂര്‍വ്വമായ പ്രചാരണങ്ങള്‍ നീതിക്ക് നിരക്കുന്നതല്ല. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ഏറ്റെടുക്കുന്ന കേസുകള്‍ പരാജയപ്പെടുകയാണങ്കില്‍ മറ്റു സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു വിജയിപ്പിക്കരുത് എന്ന വാശി ദൌര്‍ഭാഗ്യവശാല്‍ ചിലര്‍ക്കെല്ലാമുണ്ട്, അത്തരം ആളുകളുടെ ദുഷ്ചിന്ത ദുരിതത്തില്‍ പെട്ടവര്‍ക്ക് തീരാദുരിതം മാത്രമേ സമ്മാനിക്കു.

ദുരിതത്തില്‍ പെടുന്ന പ്രവാസിയെ കാത്ത് നാട്ടില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും പ്രതീക്ഷയോടെ ഇരിക്കുന്നുണ്ട് എന്ന് ഇത്തരക്കാര്‍ ചിലപ്പോള്‍ എങ്കിലും  ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ അടുത്തിടയായി ഒരു വീട്ടുവേലക്കാരിയുടെ വിഷയത്തില്‍ ഇടപെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ കേസ് ഏറ്റെടുത്തു എന്ന രീതിയില്‍ വാര്‍ത്ത വരുകയും, എന്നാല്‍ പ്രശ്ന പരിഹാരം അസാധ്യമായപ്പോള്‍ ഇട്ടെറിഞ്ഞു പോകുകയും അതില്‍ മറ്റൊരു സാമൂഹികപ്രവര്‍ത്തകന്‍ ഇടപെടുകയും അത് പിന്നീട് വിവാദമാക്കുകയും ചെയ്ത സംഭവും ഉണ്ടായി.

ഇത്തരത്തില്‍ തമ്മിലടിയും,കുതികാല്‍വെട്ടും,രാഷ്ട്രീയ മല്‍സരങ്ങളും സ്വജനപക്ഷപാതവും, വര്‍ഗീയ ചിന്തകളും, പാരവെപ്പും കാരണം മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള മുന്‍കാല ദുരനുഭവങ്ങള്‍ കൂടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തിരഞ്ഞെടുപ്പും, മാര്‍ക്കോസിന്‍റെ സൗദി സന്ദര്‍ശനവും എല്ലാം ഇതിനു ചില ഉദാഹരങ്ങള്‍ ആണ്.നല്ലവരായ സാമൂഹ്യപ്രവര്‍ത്തകരെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും തന്നെ വേണം. തമ്മിലടിയും, പാരവെപ്പും അവസാനിപ്പിക്കുകയും വേണം.

ടിറ്റോ ജോയിക്കുട്ടി, ദമ്മാം – 0558878698

 

Permanent link to this article: http://pravasicorner.com/?p=7011

Copy Protected by Chetan's WP-Copyprotect.