«

»

Print this Post

സൗദി അറേബ്യ: നിതാഖാതില്‍ നിന്നും ലെവിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്റര്‍നെറ്റ്‌ വഴി സ്വദേശികളുടെ പേരുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

 

1

 

നിതാഖാതിന്റെയും ലെവിയുടെയും നിര്‍ബന്ധിത സൌദിവല്‍ക്കരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വദേശി യുവാക്കളുടെ പേരുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ആരോപണം ഉയരുന്നു.

നിതഖാത് പദ്ധതി പാലിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി ചുവപ്പിലും മഞ്ഞയിലുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ പച്ച വിഭാഗത്തിലേക്ക് മാറുന്നതിനു വേണ്ടിയും തൊഴിലില്ലാത്ത സൗദി പൌരന്മാരുടെയും 18 വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികളായ സൗദി യുവാക്കളുടെയും ഹാഫിസ്‌ പദ്ധതിയില്‍ നിന്നും പുറത്താക്കപ്പെട്ട സ്വദേശി വനിതകളുടെയും പേരുകള്‍ പണം നല്‍കി ഉപയോഗിക്കുന്നതായി പറയുന്നു.

നിതാഖാത് പരിഷ്കാരത്തില്‍ പെട്ട് ചുവപ്പിലും മഞ്ഞയിലും അകപ്പെട്ടതുമായ പല സ്വകാര്യ സ്ഥാപനങ്ങളും ഈ കൃത്രിമം നടത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. നിതഖാത് ഉജൂര്‍ എന്ന പേരില്‍ സൌദികളുടെ മിനിമം വേതന പദ്ധതി നടപ്പിലാക്കിയതും സ്വദേശി വിദേശി അനുപാതം പാലിക്കാത്ത സ്വകാര്യ കമ്പനികളിലെ വിദേശികള്‍ക്ക് പ്രതിമാസം 200 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയതും പല സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരം കൃത്രിമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു.

ഇവരുടെ പേരുകള്‍ മാത്രമാണ് രേഖയില്‍ ഉപയോഗിക്കപ്പെടുന്നത്. ജോലി സ്ഥലത്തേക്ക് വരികയോ ജോലി ചെയ്യുകയോ വേണ്ടതില്ല. വെബ്‌സൈറ്റുകള്‍ മുഖേനയാണ് ഈ ഇടപാടുകള്‍ അധികവും നടക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന് വേണ്ടി സൗദി യുവാക്കളെ ആവശ്യമുണ്ട് എന്ന പേരിലാണ് വെബ്‌സൈറ്റുകളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

സ്വദേശി വല്ക്കരണത്തില്‍ പങ്കെടുക്കാന്‍ തയാറുള്ള 18 വയസ്സിനു മുകളിലുള്ള തൊഴിലില്ലാത്ത സൗദി യുവാക്കള്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് പരസ്യത്തില്‍ പറയുന്നു. ബന്ധപ്പെടുന്നവര്‍ ഗോസി(ജനറല്‍ ഓര്‍ഗനൈസേഷന്‍ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്‌)യില്‍ രജിസ്റ്റര്‍ ചെയ്യാത്തവരായിരിക്കണമെന്നു നിബന്ധനയുണ്ട്.

3000 സൗദി റിയാല്‍ ശമ്പളം നല്കിയ്യില്ലെന്കില്‍ നിതഖാത് ഉജൂര്‍ പദ്ധതി പ്രകാരം സൗദി ജോലിക്കാരെ നിതാഖാതിന്റെ തലയെണ്ണലില്‍ കണക്കുകൂട്ടില്ല. 1500 റിയാല്‍ ശമ്പളം വാങ്ങുന്ന സൗദി പൌരനെ അര സൌദിയുമായാണ് കണക്കാക്കുക എന്നതിനാല്‍ 3000 സൗദി റിയാല്‍ ശമ്പളം എന്ന തൊഴില്‍ കരാറില്‍ ഒപ്പിടുക മാത്രമാണ് ഇവര്‍ക്ക് ചെയ്യാനുള്ളത്. ജോലി ചെയ്യേണ്ട കാര്യമില്ല. പ്രതിമാസം ശമ്പളം ലഭിക്കുകയും ചെയ്യുന്നു.

നല്ല ഉദ്ദേശത്തോട് കൂടിയാണ് ഈ ഇടപാടുകള്‍ നടത്തുന്നതെന്നാണ് ഈ  വെബ്‌സൈറ്റുകളുടെ നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്. ഏജന്റുമാര്‍ക്കു കമ്മീഷനും തൊഴിലില്ലാത്ത സൗദി യുവാക്കള്‍ക്കും വിദ്യാര്‍ഥികകള്‍ക്കും വെറുതെ വീട്ടിലിരുന്നു 500 മുതല്‍ 1000 റിയാല്‍ വരെ സമ്പാദിക്കാനും കഴിയുന്നുവെന്ന് അവര്‍ പറയുന്നു.

സ്വദേശിവല്‍ക്കരണമുള്ള സ്ഥാപനങ്ങളില്‍ ജോലി ആവശ്യമുണ്ടെന്നു കാണിച്ചും ആവശ്യക്കാര്‍ക്ക് തങ്ങളുടെ പേരുകള്‍ നിശ്ചിത തുകക്ക് ഉപയോഗിക്കാന്‍ തയ്യാറാണെന്ന് കാണിച്ചു സ്വദേശി യവാക്കളുടെ ഭാഗത്ത്‌ നിന്നും  പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ എത്തിച്ചു തരാന്‍ തയ്യാറാണെന്നും ഒരു പരസ്യക്കാരന്‍ സ്വദേശി യുവാവ് അവകാശപ്പെടുന്നു.

ഹാഫിസ്‌ പദ്ധതിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സ്വദേശി യുവതികളുടെ പേരുകളും ഉപയോഗത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചു കൊണ്ടുള്ള പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നു.

സ്വദേശി വികലാംഗരെ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചും സ്വദേശികളായ വികലാംഗരെ ഇത്തരം ജോലികള്‍ക്ക് ആവശ്യമുണ്ടെന്നു കാണിച്ചും  പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മാസാന്ത്യം ശമ്പളം ലഭിക്കുമെന്നും തൊഴില്‍ കോണ്ട്രാക്റ്റ് ഉണ്ടാകുമെന്നും തൊഴില്‍ ചെയ്യേണ്ട ആവശ്യമില്ല എന്നും പരസ്യത്തില്‍ വിശദീകരണമുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=7081

Copy Protected by Chetan's WP-Copyprotect.