«

»

Print this Post

നിയമങ്ങള്‍ മാറിയാലും പ്രവാസികള്‍ക്ക് സൗദിയില്‍ അവസരങ്ങള്‍ ഉണ്ടാവും, ഇനിയൊരു 20 വര്‍ഷം കൂടി…..

 

1

 

നിതാഖാതും ലെവിയും ഫ്രീ വിസക്കാരെ പുറത്താക്കലും കൂടാതെ എത്ര തന്നെ പരിഷ്കാരങ്ങള്‍ തൊഴില്‍ രംഗത്ത് കൊണ്ട് വന്നാലും വിദേശ തൊഴിലാളികളെ ഒഴിവാക്കി സൗദി അറേബ്യയിലെ സ്വകാര്യ മേഖലക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അടുത്ത 20 വര്‍ഷത്തേക്ക് പ്രവാസികള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ ഇവിടെയുണ്ടാവും.ഫ്രീ വിസക്കാരായ പഴയ മുഖങ്ങള്‍ മാറി നിയമപരമായി വരുന്ന പുതിയ മുഖങ്ങളാകും എന്ന് മാത്രം.

തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 20 ലക്ഷം സ്വദേശി തൊഴില്‍ രഹിതരാണ് ഇവിടെയുള്ളത്. അതില്‍ തന്നെ 80 ശതമാനം സ്ത്രീകളാണ്. അവര്‍ക്ക് പരിമിത മേഖലകളില്‍ അല്ലാതെ ജോലിയെടുക്കാന്‍ അനുവാദവുമില്ല. ബാക്കി നാല് ലക്ഷത്തോളമേ വരൂ പുരുഷന്മാരായ തൊഴില്‍ രഹിതര്‍. അത് കൊണ്ട് തന്നെ 84 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളെ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ നിന്നും പൂര്‍ണ്ണമായി മാറ്റാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. 

സ്വദേശികള്‍ക്ക് മാത്രമായി ചെയ്യാന്‍ സാധിക്കാത്ത വിധം ഇവിടുത്തെ വാണിജ്യ വ്യാവസായിക മണ്ഡലം വളര്‍ന്നു കഴിഞ്ഞു. അതിനാല്‍ മുഴുവന്‍ വിദേശ തൊഴിലാളികളെയും ഒഴിവാക്കാന്‍ എതായാലും അടുത്ത 20 വര്‍ഷത്തേക്ക് സാധ്യമല്ല.

എന്‍ജിനീയറിംഗ് രംഗത്തും ആരോഗ്യ രംഗത്തും അടക്കം മന്ത്രാലയങ്ങള്‍ വിഭാവനം ചെയ്യുന്ന രീതിയിലുള്ള സ്വദേശിവല്‍ക്കരണം പൂര്‍ണ്ണമായി നടപ്പിലാവണമെന്കില്‍ ചുരുങ്ങിയത് അത്ര വര്‍ഷമെങ്കിലും വേണ്ടി വരും.

സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കണമെങ്കില്‍ പ്രാപ്തരായ ഒരു തൊഴില്‍ സേനയെ വാര്‍ത്തെടുക്കേണ്ടതുണ്ട്.അതിനു വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ദ്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുക തന്നെ വേണം. ഇത് സൗദി അറേബ്യ മനസ്സിലാക്കിയത് വളരെ വൈകി മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയപ്പോള്‍ കുറേശ്ശയായി ആ വിടവ് നികത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് ഈ വര്‍ഷത്തെയും കഴിഞ്ഞ വര്‍ഷത്തെയും ബജറ്റുകളില്‍ കാണുന്നത്. ഈ വര്‍ഷം ഏറ്റവും അധികം തുക നീക്കി വെച്ചിരിക്കുന്നത് വിദ്യാഭ്യാസത്തിനാണ്.

എന്നാല്‍ ഇപ്പോഴും ആ വിടവ് നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. അതിനു പ്രധാന കാരണം ഇപ്പോള്‍ നല്‍കുന്ന വിദ്യാഭ്യാസവും ഇവിടുത്തെ തൊഴില്‍ മേഖലയുടെ സ്വഭാവവും തമ്മിലുള്ള അന്തരം മൂലമാണ്. വിദ്യാഭ്യാസം തൊഴില്‍ മേഖലയുടെ സ്വഭാവത്തിനു യോജിക്കുന്നില്ല.

കൂടുതല്‍ സൗദി യുവാക്കളും മാനേജീരിയല്‍ തലത്തിലും അഡ്മിനിസ്ട്രേഷന്‍ തലത്തിലുമുള്ള ജോലികള്‍ക്കാണ് കൂടുതല്‍ താല്പ്പര്യമെടുക്കുന്നത്. സാങ്കേതിക മികവും വൈദഗ്ദ്യവും വേണ്ട ജോലികളില്‍ താല്‍പ്പര്യം കാണിക്കുന്ന സൗദി യുവാക്കള്‍ കുറവാണ്. ടെക്നിക്കല്‍ ജോലികളെ സാമൂഹികമായി താഴ്ന്ന ജോലികളായിട്ടാണ് സൗദി യുവാക്കള്‍ കണക്കാക്കുന്നത്. കൂടാതെ അത്തരം ജോലികളില്‍ നിന്നുള്ള ശമ്പളവും കുറവാണ്. അത്തരം ജോലികളില്‍ സൗദി യുവാക്കളുടെ എണ്ണക്കുറവും കാണിക്കുന്നതിന് പ്രധാന കാരണവും ഇത് തന്നെ.

ഈ ന്യൂനതകളൊക്കെ തീര്‍ത്തു സ്വദേശി തൊഴില്‍ സേനയെ സജ്ജമാക്കിയെടുക്കാന്‍ മേല്പറഞ്ഞ പോലെ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും എടുക്കും.  അത് വരെ പ്രവാസികള്‍ ഇവിടെയൊക്കെ തന്നെയുണ്ടാവും. അവര്‍ മടങ്ങി പോയാലും തേടി പിടിച്ചു കൊണ്ട് വന്നു ഇവിടെ കുടിയിരുത്തും. 

 

Permanent link to this article: http://pravasicorner.com/?p=7324

Copy Protected by Chetan's WP-Copyprotect.