«

»

Print this Post

സൗദി അറേബ്യ: തൊഴില്‍ കരാറില്‍ പറയുന്നതിനെല്ലാം നിയമ സാധുതയില്ല

 

1

 

സൗദി അറേബ്യ: സ്പോന്സറും തൊഴിലാളിയും തമ്മില്‍ പരസ്പരം അംഗീകരിച്ച് ഒപ്പ് വെക്കുന്ന തൊഴില്‍ കരാറാണ് ഒരു വിദേശ തൊഴിലാളിയുടെ ഇവിടുത്തെ തൊഴില്‍ ജീവിതത്തിന്‍റെ ആധികാരിക രേഖ. അതിന്റെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളിയുടെ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും കര്‍ത്തവ്യങ്ങളും നിശ്ചയിക്കപ്പെടുന്നത്.തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാലും ആധികാരികമായി സ്വീകരിക്കപ്പെടുന്ന തെളിവും തൊഴില്‍ കരാറാണ്.സ്പോണ്സറുടെയോ തൊഴിലാളിയുടെയോ അവകാശങ്ങള്‍ ഹനിക്കപ്പെട്ടോ എന്ന് പരിശോധിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ കരാര്‍ സൗദി തൊഴില്‍ നിയമത്തിനു വിരുദ്ധമാവാന്‍ പാടില്ല.

പല കമ്പനികളും തങ്ങളുടെ തൊഴിലാളിയുമായി ഉള്ള തൊഴില്‍ കരാറില്‍ പല വ്യവസ്ഥകളും എഴുതി ചേര്‍ക്കാറുണ്ട്. തൊഴില്‍ കരാറില്‍ ഉള്ളതാണല്ലോ എന്ന് കരുതി തൊഴിലാളികള്‍ അത് അനുസരിച്ച് പോരാറുമുണ്ട്. അനുസരിച്ചില്ലെങ്കില്‍ തൊഴില്‍ കരാര്‍ ലംഘനത്തിന് അച്ചടക്ക നടപടിയെടുക്കുമെന്നും തൊഴില്‍ കോടതിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയും അനുസരിപ്പിക്കാറുമുണ്ട്. എന്നാല്‍ തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍മാര്‍ എഴുതിച്ചേര്‍ക്കുന്ന പല വ്യവസ്ഥകള്‍ക്കും സൗദി അറേബ്യയിലെ തൊഴില്‍ നിയമ പ്രകാരം നിയമ സാധുതയില്ല. 

ഒരു തൊഴിലാളിയുടെ അവകാശങ്ങളും അവന്റെ കടമകളും തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.തൊഴിലാളിയുടെ അവകാശങ്ങളാണ് തൊഴിലുടമയുടെ കടമകള്‍. തൊഴിലാളിയുടെ കടമകളാണ് തൊഴിലുടമയുടെ അവകാശങ്ങളും. ഇത് രണ്ടും ലംഘിക്കപ്പെട്ടാല്‍, ഏതു സാഹചര്യത്തില്‍ ഏതു നടപടി  എടുക്കണമെന്ന് തൊഴില്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അത് പ്രകാരമുള്ള നടപടികള്‍ മാത്രമേ ഒരു സ്പോന്സര്‍ക്ക് തന്റെ തൊഴിലാളിയുടെ മേല്‍ എടുക്കാന്‍ തൊഴില്‍ നിയമപ്രകാരം അനുവാദവും അധികാരവും ഉള്ളൂ.

അത് കൊണ്ട് തന്നെ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ക്ക് വിരുദ്ധമാകുന്ന യാതൊന്നും തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഉള്‍പ്പെടുത്തിയാല്‍ ആ വ്യവസ്ഥകള്‍ക്ക് നിയമ സാധുത ഉണ്ടാകില്ല.സൗദി തൊഴില്‍ നിയമത്തില്‍ തൊഴിലാളിയുടെ അവകാശങ്ങളെ പരിപൂര്‍ണ്ണമായി മാനിക്കുന്ന, തൊഴിലാളികള്‍ക്ക് അത്യന്തം പ്രിയങ്കരമായ ഒരു വകുപ്പാണിത്.

തൊഴിലാളിയുടെ തൊഴില്‍ കാലാവധി നിലവിലുള്ള സമയത്തെ ജോലിയില്‍ നിന്നും ഒഴിവാകലും അവകാശങ്ങള്‍ നല്‍കുന്നതിനും എല്ലാം ഈ വകുപ്പ് ബാധകമാണ്. എന്നാല്‍ പ്രസ്തുത അവകാശങ്ങളും മറ്റും തൊഴിലാളിക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്ന തരത്തിലുള്ളവയാണെന്കില്‍ അത്തരം വ്യവസ്ഥകള്‍ നിയമം അംഗീകരിക്കുന്നു. ആ അവസരത്തില്‍ തൊഴില്‍ നിയമത്തില്‍ പറയാത്ത വ്യവസ്ഥകള്‍ക്ക് കൂടി നിയമ സാധുത ഉണ്ടാകുന്നു.

 

Permanent link to this article: http://pravasicorner.com/?p=7470

Copy Protected by Chetans WP-Copyprotect.