«

»

Print this Post

സൗദി അറേബ്യ: ഇനിയൊരു പ്രവാസിയും ഹുറൂബിലകപ്പെടാതിരിക്കാന്‍…….

 

1

 

സൗദി അറേബ്യ: എഴുപതുകളോടെ ആരംഭിച്ച അര നൂറ്റാണ്ടിന്റെ പ്രവാസ പ്രയാണ ചരിത്രം സൌദിയിലെ മലയാളിക്ക് സമ്മാനിച്ച മനം മയക്കുന്ന ഓര്‍മകള്‍ക്കൊപ്പം തന്നെ അവരില്‍ ചിലര്‍ക്ക് സമ്മാനിച്ച രക്തം പുരണ്ട അനുഭവങ്ങളില്‍ പ്രഥമ സ്ഥാനം ഹുറൂബിനായിരിക്കും. എത്രയോ മലയാളി മക്കളുടെ ദുരിത ജീവിതങ്ങള്‍ ഈ കെണിയില്‍പ്പെട്ടു വിസ്മൃതമായിരിക്കുന്നു. അന്നം തേടിയുള്ള യാത്രക്കിടയില്‍ പലതും കാലം മായ്ചെങ്കിലും സ്വപ്‌നങ്ങള്‍ മാത്രം ബാക്കിയാക്കിയ പരാജയപ്പെട്ട മനസ്സും കണ്ണീരും കിനാവുമായി പ്രതീക്ഷകള്‍ വിളയുന്ന ഈ മണ്ണില്‍ നാടിനും കുടുംബത്തിനും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാന്‍ മറന്നു പോയി കടന്നു പോയവര്‍ നിരവധി. നെഞ്ചില്‍ കനലുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇപ്പോഴും ഹുറൂബിന്റെ ഇരകളായി ഇപ്പോഴും കഴിയുന്ന വ്യക്തികളും കുടുംബങ്ങളും നിരവധി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ വിദേശതൊഴിലാളികള്‍ ഒളിച്ചോടുന്നതുമായി (ഹുറൂബ്) ബന്ധപ്പെട്ട നിയമ വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം വരുത്തിയിട്ടുണ്ട്. ഹുറൂബുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഏകീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കിയത്.ഹുറൂബുമായി ബന്ധപ്പെട്ട പരാതികളും ഹുറൂബ് പിന്‍വലിക്കുന്നതിനപേക്ഷിച്ചു കൊണ്ടും നല്‍കുന്ന അപേക്ഷകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ധനവ് ആണ് തൊഴില്‍ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയതെയും ഇത്തരത്തില്‍ ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചത്.

നിരവധി സ്വദേശികള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശ ജോലിക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇഖാമയും വര്‍ക്ക്‌ പെര്‍മിറ്റും എടുത്ത ശേഷം പിന്നീട് അവര്‍ ഓടിപ്പോയെന്നു വ്യാജ പരാതി നല്‍കി അവരെ ഹുറൂബ്‌ ആക്കുകയും  പിന്നീട് ആ രേഖകള്‍ ഉപയോഗിച്ച് പുതിയ വിസ കരസ്ഥമാക്കുകയും അവ വില്‍പ്പന നടത്തുയോ റിക്രൂട്ട്മെന്റ് നടത്തുകയോ ചെയ്യുന്നു. രണ്ടു വര്‍ഷത്തിനു ശേഷം മുന്‍പ് ഹുറൂബ്‌ ആക്കിയ തൊഴിലാളിയുടെ ഇഖാമ പുതുക്കേണ്ട സമയമാവുമ്പോള്‍ അയാളെയും കൂട്ടി അധികൃതരുടെ അടുത്ത് പോയി ഹുറൂബ്‌ നീക്കാനുള്ള അപേക്ഷ നല്‍കി ഹുറൂബ്‌ മാറ്റിയെടുക്കുകയും ചെയ്തിരുന്നു.

അന്യായമായി ഹുറൂബിന്റെ കെണിയില്‍പെട്ട് ജീവിതം ദുസ്സഹമായവര്‍ക്ക് ലഭിക്കേണ്ട മാനുഷിക പരിഗണനയും ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നടപടികള്‍ക്ക് പ്രേരകമാണ്. ഹുറൂബുമായി ബന്ധപ്പെട്ട പരാതികളും ഹുറൂബ് റദ്ദാക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അപേക്ഷകളും വന്‍തോതില്‍ വര്‍ധിച്ചത് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ദയില്‍ പെട്ടിരുന്നു. മിക്ക ഹുറൂബുകളും സ്പോന്സര്മാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതാണ്‌ എന്നായിരുന്നു ഇതിനെക്കുറിച്ച് പഠനം നടത്തിയ സൗദി മനുഷ്യാവകാശ സംഘടനയുടെ പോലും കണ്ടെത്തല്‍. 

പുതിയ ക്രമീകാരണങ്ങള്‍ വരുമ്പോള്‍ മൊത്തം ആശയക്കുഴപ്പത്തില്‍ ആണ് പ്രവാസി സമൂഹം. പുതിയ നിയമവ്യവസ്ഥകളും ക്രമീകരണങ്ങളും വന്നിട്ടും നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ക്കിടയില്‍ പകച്ചും ഭയന്നും നില്‍ക്കുന്ന എത്ര പേര്‍ക്ക് സാന്ത്വനം ലഭിക്കും? അതാണിപ്പോള്‍ സൌദിയിലെ പ്രമുഖ തൊഴില്‍ ശക്തിയായ മലയാളി പ്രവാസി സമൂഹത്തിനിടയില്‍ തലങ്ങും വിലങ്ങു ഉയരുന്ന ചോദ്യം. പക്ഷ ഒന്ന് മനസ്സിലാക്കേണ്ടത് പുതിയ ക്രമീകരണങ്ങള്‍ ‘ഹുറൂബാക്കുക’ എന്ന സൗദി പൌരന്റെ അവകാശത്തെ ഇല്ലാതാക്കുന്നില്ല. അതുപോലെതന്നെ അന്യായമായ ഹുരൂബ്‌ പിന്‍വലിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുക എന്ന പ്രവാസിയുടെ അവകാശത്തെയും ഇല്ലാതാക്കുന്നില്ല. 

എന്താണ് ഹുറൂബ്‌ ?

‘ഒളിച്ചോടിയവന്‍’ (Runaway,Absconder)എന്നതിന്റെ അറബി വാക്കാണ്‌ ‘ഹുറൂബ്’. (മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഇപ്പോള്‍ ‘ഹുറൂബ്’ എന്നതിന് പകരം തൊഴിലാളി അപ്രത്യക്ഷനായി എന്നര്‍ത്ഥം വരുന്ന മുതഗയ്യിബൂന്‍ അനില്‍ അമല്‍ എന്ന പദമാണ് ജവാസാത്‌ രേഖകളില്‍ ഉപയോഗിക്കുന്നത്.)

പ്രവാസത്തെ മലയാളികള്‍ പരിചയപ്പെട്ടു വന്ന ആദ്യകാലത്ത് ഹുറൂബ് എന്ന വാക്ക് പ്രവാസിയുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. പിന്നീടെപ്പോഴോ തുടങ്ങി വെച്ച ‘ഹുറൂബ്’ പല പ്രവാസികളുടെയും ഭാവിജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി ഇപ്പോഴും അഭംഗുരം തുടരുക തന്നെയാണ്. നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളുടെ ചെയ്തികളില്‍  നിന്ന് സ്വദേശി പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് തന്റെ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയാല്‍ അയാളെ നിയമത്തിനു മുന്നില്‍ ‘’പ്രഖ്യാപിത ഒളിച്ചോട്ടക്കാരനായി’’ ചിത്രീകരിക്കുവാന്‍ സൗദി ഗവര്‍മെന്റ് തങ്ങളുടെ പൌരന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഒരു വിശേഷ അധികാരം. തന്റെ കീഴിലുള്ള തൊഴിലാളി താനറിയാതെ ഓടിപ്പോയതായും പ്രസ്തുത തൊഴിലാളിയുടെ മേലും അയാളുടെ ചെയ്തികള്‍ക്കും തനിക്ക് യാതൊരു ഉത്തരവാദിത്വവും ഭാവിയില്‍ ഉണടായിരിക്കില്ല എന്നും രേഖാ മൂലം അധികൃതരെ അറിയിക്കുന്ന പ്രക്രിയയാണ് ഹുറൂബ്.

ഒരു തൊഴിലാളി നിശ്ചിത കാലയളവില്‍ തന്റെ സ്പോന്സരുമായി ബന്ധം പുലര്‍ത്താതെ വന്നാല്‍ ഭാവിയിലുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അയാളെ സംബന്ധിച്ചുള്ള രേഖകളുമായി സ്പോണ്സര്‍ അധികൃതര്‍ക്ക്‌ മുന്നില്‍ ഹാജരായി പ്രസ്തുത വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ രേഖകള്‍ പരിശോധിച്ച ശേഷം അയാളുടെ ഇഖാമ നമ്പരും, പാസ്സ്പോര്‍ട്ട് വിവരങ്ങളും അവരുടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രസ്തുത തൊഴിലാളിയെ ഔദ്യോഗികമായി ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) പ്രഖ്യാപിക്കുന്നു. ഇതാണ് ഹുറൂബിനെ സംബന്ധിച്ച മൊത്തത്തിലുള്ള നടപടിക്രമം.

സൗദിയിലെ സ്പോന്സര്ഷിപ്പ്‌  നിയമമനുസരിച്ച് ഒരു തൊഴിലാളിയെ ഇവിടെ എത്തിച്ചാല്‍ പിന്നീട് അയാളെ സംബന്ധിച്ച മുഴുവന്‍ ഉത്തരവാദിത്വവും സ്പോന്സര്‍ക്ക് തന്നെയാണ്. പ്രസ്തുത തൊഴിലാളിയുടെ മുഴുവന്‍ ചെയ്തികള്‍ക്കും സ്പോണ്സര്‍ തന്നെ ഉത്തരം പറയേണ്ടി വരും. അതിനാല്‍ ഒരു നിശ്ചിത കാലയളവിനു ശഷവും ഒരു തൊഴിലാളി തന്റെ സ്പോന്സരുമായി ബന്ധം പുലര്‍ത്താതെയോ, ജോലിക്ക് ഹാജരാവാതിരിക്കുകയോ, കാണാതാവുകയോ ചെയ്‌താല്‍ അതിനെ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം നല്‍കണം എന്നത് സൗദി നിയമ പ്രകാരം നിര്‍ബന്ധമായ ഒന്നാണ്. അല്ലാത്ത പക്ഷം അയാള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്പോണ്സര്‍ കൂടി ഉത്തരവാദിയാകുന്നു. അയാള്‍ക്ക്‌ പ്രസ്തുത കാര്യം റിപ്പോര്‍ട്ട്‌ ചെയ്യാതതിനുള്ള ശിക്ഷയും ലഭിക്കും.

തന്റെ കീഴിലുള്ള ഒരു തൊഴിലാളിയെ കാണാതായാല്‍ സ്പോണ്സര്‍ ഉടനെ തന്നെ ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണമെന്നു നിയമം നിഷ്കര്‍ഷിക്കുന്നു. അല്ലാത്ത പക്ഷം ആദ്യ തവണ അയ്യായിരം റിയാലും രണ്ടാമത്തെ തവണ പതിനായിരം റിയാലും മൂന്നാമത്തെ തവണ പതിനയ്യായിരം റിയാലും ആയിരിക്കും പിഴ ശിക്ഷ. ഇതിനു പുറമേ ഒരു മാസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നേക്കാം, കൂടാതെ പിടിക്കപ്പെടുന്ന ഹുറൂബുകാരനെ സ്പോന്സരുടെ ചിലവില്‍ നാട് കടത്തും. ഒരു വര്‍ഷത്തേക്കുള്ള വിദേശ റിക്രൂട്ടുമെന്റിനും നിരോധനം ഉണ്ടാവും. പിഴവ് ആവര്‍ത്തിക്കപ്പെടുമ്പോള്‍ റിക്രൂട്ട്മെന്റ് നിരോധന കാലയളവും വര്‍ധിക്കും. കൂടാതെ പ്രസ്തുത തൊഴിലാളി നടത്തുന്ന എല്ലാ നിയമ ലംഘനങ്ങള്‍ക്കും സ്പോന്സര്‍ക്ക് കൂടി ഉത്തരവാദിത്വം ഉണ്ടാവും.

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയെ സംബന്ധിച്ചിടത്തോളം തൊഴില്‍ വിസയില്‍ വിദേശ തൊഴിലാളിയെ കൊണ്ട് വരുന്ന ഒരു സ്പോന്സര്‍ക്ക് തന്റെ തൊഴിലാളിയുടെ മേല്‍ പരമാധികാരമാനുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരന്റെ പ്രവാസജീവിതം ഒരു തരത്തിലുള്ള അടിമ ജീവിതമാണെന്ന് പറയാം. തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റും ഇഖാമയും തുടങ്ങി എല്ലാ നിയമപരമായ രേഖകള്‍ക്കും കാര്യങ്ങള്‍ക്കും സ്പോണ്സര്‍ കനിയണം. സ്പോന്സരുടെ അനുമതിയും സമ്മതപത്രവും ഉണ്ടെങ്കില്‍ മാത്രമേ എല്ലാം സാധിക്കൂ.

തൊഴിലാളിക്ക് മാതൃരാജ്യത്തേക്ക് പോകേണ്ടി വന്നാല്‍, ആധികാരികമായി രാജ്യം വിടാനുള്ള എക്സിറ്റ്‌/റീഎന്‍ട്രി രേഖകള്‍ക്കും സ്പോന്സരുടെ അനുമതി നിര്‍ബന്ധമാണ്. മാത്രമല്ല സൗദി നിയമ പ്രകാരം നിയമ വിരുദ്ധമാണെങ്കിലും ഭൂരിഭാഗം തൊഴിലാളികളുടെയും പാസ്പോര്‍ട്ടിന്റെ അനൌദ്യോഗിക സൂക്ഷിപ്പുകാരന്‍ മിക്കവാറും സ്പോണ്സര്‍ ആയിരിക്കും. സൗദി നിയമങ്ങളില്‍ പ്രത്യേകിച്ച് തൊഴില്‍ നിയമത്തില്‍ നല്‍കിയിട്ടുള്ള ഒരുപാട് തൊഴിലാളി അനുകൂല നിലപാടുകള്‍ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ നിന്നും മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന തൊഴിലുടമയോടുള്ള വിധേയത്വം അവനെ വിലക്കുന്നു. എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും എല്ലാം സഹിച്ചു തന്റെ കണ്ണീരും വിയര്‍പ്പും നല്‍കി ഇവിടെ തുടരാനും ഒരുവേള ആടുജീവിതം നയിക്കാനും ഗള്‍ഫ്‌ ജീവിതം നെഞ്ചോട്‌ ചേര്‍ത്ത പ്രവാസികളെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്. 

ഹുറൂബാകുന്നവര്‍ നാല് വിഭാഗങ്ങള്‍ 

ഹുറൂബ് ആകുന്നവരില്‍ നാല് വിഭാഗങ്ങള്‍ ഉണ്ട്. ന്യായമായ സേവന വേതന ആനുകൂല്യങ്ങള്‍ സ്പോന്സറാല്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കുന്നതോടെ പ്രതികാര നടപടിയായി സ്പോണ്സര്‍ ഹുറൂബ് ആക്കുന്ന തൊഴിലാളികള്‍ ആണ് ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍. കോടതിയില്‍ കേസ് നല്‍കി അതില്‍ തൊഴിലാളിക്ക് അനുകൂല തീര്‍പ്പുണ്ടായാലും പ്രതികാര നടപടിയായി ചില സ്‌പോണ്‍സര്‍മാര്‍ ‘ഹുറൂബ്’ ആക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മറ്റു പല കാരണങ്ങളാലും സ്പോന്സരുമായി ബന്ധപ്പെടാന്‍ കഴിയാതെയോ സ്പോന്സരുടെ പക്കല്‍ നിന്ന് ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെയോ വരുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കാതെ ഒളിച്ചോടുന്ന വിഭാഗക്കാരാണ് രണ്ടാമത്തെ വിഭാഗം. സ്പോന്സരുടെ കീഴില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഹുറൂബാക്കപ്പെടുന്നവരാന് മൂന്നാമത്തെ വിഭാഗം. ഫ്രീ വിസ കച്ചവടത്തിന് വേണ്ടി ഹുറൂബ് ആക്കപ്പെടുന്നവരാന് നാലാമത്തെ വിഭാഗം. സാഹചര്യങ്ങളാണ് ആദ്യ രണ്ടു വിഭാഗങ്ങളിലും തൊഴിലാളിയെ ഇതിനു പ്രേരിപ്പിക്കുന്നത് എങ്കിലും യാതൊരു ന്യായീകരണവുമില്ലാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാന് ഹുറൂബ് ആക്കുന്നതിലൂടെ ഈ നാല് വിഭാഗത്തിലും ഉള്‍ക്കൊള്ളുന്നത്.

സ്പോന്സരുടെ അറിവോടെ പുറത്തു ജോലി ചെയ്യുന്നവരാണെന്കിലും സ്പോണ്സര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കൃത്യമായി ബന്ധപ്പെട്ടിട്ടില്ലെന്കില്‍ അവരെ ഹുറൂബ് ആക്കുന്ന സ്പോന്സര്മാരുമുണ്ട്.സ്പോന്സര്മാരുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ (പ്രതിമാസ ഫീസ്‌ കൂട്ടി ചോദിക്കല്‍ തുടങ്ങിയവ) ഒഴിവാക്കാനായിയിരിക്കും ഇവര്‍ ബന്ധപ്പെടാതിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് എജെന്റുമായി മാത്രം ബന്ധപ്പെട്ട് സ്പോണ്സറെ ഒരിക്കല്‍ പോലും ബന്ധപ്പെടാതിരുന്നവരെ അതേ കാരണം  കൊണ്ട് തന്നെ ഹുറൂബാക്കിയ സ്പോന്സര്മാരും ഉണ്ട്. പലരും തങ്ങളുടെ നിയമപരമായ കാര്യങ്ങള്‍ അതായത് ഇഖാമ പുതുക്കല്‍ തുടങ്ങിയവ ഏജന്റുമാര്‍ മുഖേന ചെയ്യിക്കും. പ്രസ്തുത ഏജന്റു പറ്റിക്കുമ്പോഴോ, സ്പോന്സരുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടതാത്താതാവുമ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു ഹുറൂബ് ആക്കപ്പെടുന്നവരും കുറവല്ല. 

ഹുറൂബ് ആകുന്നവരില്‍ 90 ശതമാനവും ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ ആണ്. ഹുറൂബ്‌ ആക്കപ്പെടുന്നവരില്‍ ഉന്നത പദവികളിലുള്ള 10 ശതമാനം പേരുംഉള്‍പ്പെടുന്നുവെന്നത് അതിലേറെ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുതയാണ്. ഹുറൂബിന്റെ മറ്റൊരു കാരണക്കാര്‍ അനധികൃത വിസാ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മദ്ധ്യവര്‍ത്തികളും എജെന്റുമാരുമാണ്.

സൌദിയിലെ മാന്‍പവര്‍ കമ്പനിക്കാരുടെ അമിത ലാഭത്തിതിനുള്ള ആര്‍ത്തിയില്‍ കുടുങ്ങി ഹുറൂബായ പ്രവാസികളും കുറവല്ല. സൌദിയിലെ വിവിധ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ തൊഴിലാളികളെ കരാടിസ്ഥാനത്തില്‍ എത്തിച്ചു കൊടുക്കുന്നവരാണ് ഇവിടുത്തെ മാന്‍പവര്‍ സപ്ലൈ കമ്പനികള്‍. കമ്പനികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ല ഒരു ഭാഗമെടുത്ത് ബാക്കി തൊഴിലാളിയുടെ ശമ്പളമായി കണക്കാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാട് മാന്‍പവര്‍കമ്പനികള്‍ സൌദിയിലുണ്ട്. അതേ സമയം തന്നെ തൊഴിലാളികളെ വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ചില ഏജന്‍സികളാണ് ഇവര്‍ക്ക് അപവാദമാവുന്നത്.

പല വ്യാജ വാഗ്ദാനങ്ങളും നല്‍കി നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവരുന്ന ഏജന്‍സികള്‍ ഇത് പാലിക്കാറില്ല എന്ന് മാത്രമല്ല ഉള്ള ശമ്പളം കൂടി നല്‍കാറില്ല. പല ഏജന്‍സികളും ഒന്നോ രണ്ടോ മാസത്തെ ശമ്പളം കുടിശ്ശികയായി വാങ്ങി വെച്ചിട്ടുണ്ടാകും. സേവന വേതന വ്യവസ്തകളെക്കുറിച്ചു എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ആ പണം പോലും നല്‍കാതെ സ്പോന്സറില്‍ സമ്മര്‍ദ്ദം ചെലുത്തി ആ തൊഴിലാളിയെ ഹുറൂബ് ആക്കുന്നു.   

ഹുറൂബാക്കുന്നതിലെ രഹസ്യ അജണ്ട 

സൗദി തൊഴില്‍ നിയമത്തിലെ 74 മുതല്‍ 83 വരെയുള്ള വകുപ്പുകള്‍ തൊഴില്‍ കരാറിന്റെ റദ്ദാക്കലിനെ സംബന്ധിച്ചുള്ളതാണ്.ഇതില്‍ അഞ്ചാം അധ്യായത്തില്‍ മൂന്നാം  ഭാഗത്തില്‍ വകുപ്പ് 80  പ്രകാരം ഒരു തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചു വിടാന്‍ ആവശ്യമായ ഒന്‍പതു കാരണങ്ങള്‍ പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ നിയമപ്രകാരം ഒരു തോഴിലാളിയുടെ തൊഴില്‍ കരാര്‍ റദ്ദാക്കണമെങ്കില്‍ അതിനുള്ള കാരണങ്ങളും റദ്ദാക്കുന്നതിനു മുന്‍പുള്ള  മുപ്പതു ദിവസത്തെ നോട്ടീസും തുടങ്ങിയ നടപടി ക്രമങ്ങള്‍ സ്പോണ്സര്‍ പാലിക്കേണ്ടതുണ്ട്. അതില്ലാതെ തന്നെ പിരിച്ചു വിടാവുന്ന പല കാരണങ്ങളും ഈ വകുപ്പില്‍ പറയുന്നുണ്ടെങ്കിലും ഇതിലെ ഏഴാം ഉപവകുപ്പ് പ്രകാരം ഒരു തൊഴിലാളി പലപ്പോഴായി 20 ദിവസം അല്ലെങ്കില്‍ തുടര്‍ച്ചയായ 10 ദിവസം എന്നിങ്ങനെ ജോലിയില്‍ ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാമെന്ന് പറയുന്നു. എങ്കില്‍ തന്നെയും ഈ വകുപ്പ് പ്രകാരം തൊഴിലാളിക്ക് തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം നല്‍കേണ്ടി വരുന്നു. അതുപോലെ പിരിച്ചുവിടല്‍ അന്യായമായിട്ടാനെന്കില്‍ തൊഴിലാളി തൊഴില്‍ കോടതിയെ  സമീപിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഈ നടപടി ക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ഒരു ഉപാധിയായിട്ടാണ് മിക്ക സ്പോന്സര്മാരും ഹുറൂബിനെ ഉപയോഗിക്കുന്നത്.

തൊഴിലാളിയെ ഹുറൂബ് ആക്കുമ്പോള്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കല്‍, മുന്‍കൂര്‍ നോട്ടീസ്‌ നല്‍കല്‍, തൊഴിലാളിയുടെ വിശദീകരണം കേള്‍ക്കല്‍ എന്നീ ബാധ്യതകളില്‍ നിന്നെല്ലാം തൊഴിലുടമ മുക്തനാവുന്നു. ഹുറൂബ് ആക്കുന്നതോട് കൂടി തൊഴില്‍ കരാര്‍ റദ്ദാവുന്നു എന്ന് മാത്രമല്ല തൊഴിലാളിക്ക് നിയമപരമായ മറ്റു അവകാശങ്ങളെല്ലാം നഷ്ടമാവുകയും അത് പുനസ്ഥാപിക്കുന്നതിനു ശ്രമകരങ്ങളായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ടാതായും വരുന്നു. അത് പോലെ തന്നെ തൊഴിലാളിക്ക് നിയമപ്രകാരം നല്‍കേണ്ട എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ നിന്നും സ്പോണ്സര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. അയാള്‍ക്ക്‌ പ്രസ്തുത തൊഴിലാളിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായമായ വിമാന ടിക്കറ്റ് പോലും നല്‍കേണ്ടി വരുന്നില്ല. 

ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനിരയായ ആളുടെ ജീവിതം ചിന്തിക്കാന്‍ കഴിയാത്തത്ര നരകതുല്യമായി മാറുന്നു. അയാള്‍ക്ക്‌ ഈ രാജ്യത്തു നിയമപരമായി താമസിക്കാനുള്ള അവകാശം റദ്ദാവുകയും അനധികൃത താമസക്കാരനായി മാറുകയും ചെയ്യുന്നു. ഔദ്യോഗിക അനുമതി ഇല്ലാത്തതിനാല്‍ പിന്നീട് ഇവിടെ താമസിക്കുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സൌകര്യങ്ങളും അയാള്‍ക്ക്‌ നിഷേധിക്കപ്പെടുന്നു. ആശുപത്രിയില്‍ ചികില്‍സ തേടാനോ തൊഴിലെടുക്കാണോ യാത്ര ചെയ്യാനോ രാജ്യത്തിന് പുറത്തു പോകാനോ സാധിക്കാതെ വരുന്നു. ഇത്തരം അനധികൃത ജോലിക്കാരെ ജോലിക്ക് വെക്കുന്നവര്‍, അവരുടെ സ്പോന്സര്മാര്‍, വാഹനത്തില്‍ കൊണ്ട് പോകുന്നവര്‍ എന്നിവര്‍ക്കും ശിക്ഷ ലഭിക്കും. തൊഴിലാളി എന്ന നിലയിലും താമസക്കാരന്‍ എന്ന നിലയിലുമുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതോടെ പിന്നീട് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളിലൂടെ നാടുകടത്തല്‍ കേന്ദ്രമായ ‘തര്‍ഹീലി’ലൂടെ (DEPORTATION CENTRE) മാത്രം നാട്ടില്‍ പോകാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഹുറൂബ് ആകുന്നവരില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് അന്യായ ഹുറൂബിനെതിരെ ലഭ്യമായ അനുകൂല നിയമ നടപടികള്‍ സ്വീകരിച്ചു നിയമ പോരാട്ടം നടത്തുന്നത്. ഹുറൂബ് ആയാല്‍ എല്ലാം കഴിഞ്ഞു എന്നാണു പൊതുവായ ധാരണ. എന്നാല്‍ ഏതു നിയമത്തിലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന ആര്‍ക്കും നിയമ പരിരക്ഷ നല്‍കുന്നില്ല. അത് തെറ്റാണ് എന്ന് തെളിയിക്കാനുള്ള അവകാശം എതിര്‍ പാര്‍ട്ടിക്കും നിയമം നല്‍കുന്നുണ്ട്.

സൗദി നിയമങ്ങളും അന്യായമായ ഹുറൂബിനെതിരെ പോരാടാനുള്ള വഴികള്‍ തൊഴിലാളിക്ക് മുന്‍പില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ തൊണ്ണൂറു ശതമാനം പേരും ഒന്നുമില്ലാതെ നിയമക്കുരുക്കുകള്‍ സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ ‘തര്‍ഹീല്‍’ മുഖേന നോവുന്ന മനസ്സുകളുമായി നാടണയുന്നു. പിന്നെയൊരിക്കലും സൌദിയിലേക്കുള്ള പിന്മടക്കം സാധ്യമാവില്ലെന്ന ദുഃഖസത്യം ഉള്‍ക്കൊണ്ട്‌തന്നെ.

ഒരിക്കല്‍ ഹുറൂബ് ആയി തര്‍ഹീല്‍ വഴി രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ആജീവനാന്തം സൌദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കില്ല. വിരലടയാളം പരിശോധിക്കുന്ന സമയത്ത് അയാളെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരും. സ്പോണ്സര്‍ നേരിട്ട് ഇടപെട്ടു ഹുറൂബ് മാറ്റി എക്സിറ്റ് വിസ സ്റാമ്പ് ചെയ്‌താല്‍ മാത്രമേ സാധാരണ ഗതിയില്‍ തിരിച്ചു വരാന്‍ സാധിക്കൂ. ഹുറൂബായി തര്‍ഹീല്‍ വഴി നാട്ടിലെത്തുന്ന പ്രവാസികള്‍ മറ്റു വിസയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടും. സാധാരണഗതിയില്‍ ഇങ്ങനെ പിടിയിലാകുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ല. കംപ്യുട്ടര്‍ നെറ്റ്വര്‍ക്ക് മൂലം പരസ്പരം ബന്ധപ്പെടുത്തുന്നതിനാല്‍ ജി.സി.സി രാജ്യങ്ങളിലേക്കും യാത്രാനിരോധനം ബാധകമാവും. 

സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെട്ടു രക്ഷപ്പെടുത്തുന്നവരെന്ന പേരില്‍ പത്രതാളുകളില്‍ നിറയുന്ന ഹുറൂബ്കാരുടെ വിജയ കഥകള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെയല്ല. പ്രശ്നത്തിലിടപെടുന്ന സാമൂഹിക പ്രവര്‍തകര്‍ സ്പോന്സരുമായുള്ള പ്രഥമ സംസാരത്തില്‍ തൊഴിലാളിയുടെ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സ്പോണ്സര്‍ തയ്യാറല്ല എന്ന് കാണുന്നതോടെ ശരിയായ എക്സിറ്റ് നല്‍കിയാല്‍ മതി എന്ന ആവശ്യത്തിലേക്ക് വരുന്നു. അങ്ങിനെ എക്സിറ്റ് ലഭിച്ചാല്‍ പോലും വലിയ വിജയമായാണ് ഹുറൂബുകാര്‍ കാണുന്നത്. കാരണം അവര്‍ക്ക് പിന്നീട് സൌദിയിലേക്ക് മറ്റു വിസകളില്‍ തിരിച്ചു വരാനും മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് നിയമപ്രകാരം പോകാനും ജോലിയെടുക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഹുറൂബാകുന്നവരില്‍ ബഹുഭൂരിഭാഗവും മറ്റൊന്നും ആവശ്യപ്പെടാറില്ല. ശരിയായ എക്സിറ്റില്‍ സൌദിയില്‍ നിന്ന് പുറത്തു പോകാനുള്ള സ്പോന്സരുടെ അനുവാദമൊഴികെ. അതിനു വേണ്ടി തന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സ്പോണ്സര്‍ എന്ത് മനസ്സില്‍ കരുതിയോ അത് നടപ്പാകുന്നു.

ഹുറൂബില്‍ ആയ തൊഴിലാളി ഡീപോട്ടേഷന്‍ സെന്ററിലെതിയാല്‍ ആദ്യം ലേബര്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അവിടെ നിന്ന് അധികൃതര്‍ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. പരസ്പര ബാധ്യതകാളോ മറ്റോ ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണത്. സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് കൂടി കേസ് മാറ്റിവെക്കും. വീണ്ടും സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. പരമാവധി മൂന്നുതവണയാണ് ഇത്തരത്തിലുള്ള ശ്രമം നടക്കുക. അതിനു ശേഷവും സ്‌പോണ്‍സരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഹുരൂബായ വിദേശിയുടെ വിരലടയാളം ശേഖരിച്ച് പൊലീസ് സ്‌റ്റേഷനുകള്‍ വഴി ഇയാള്‍ കുറ്റവാളിയല്ലെന്ന് ഉറപ്പു വരുത്തും. ഇതുകഴിഞ്ഞാല്‍ സ്വാഭാവികമായും എക്‌സിറ്റ് നല്‍കുകയാണ് ചെയ്യുന്നത്. പാസ്സ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട്‌ന്റെ കോപ്പിയുടെയോ തിരിച്ചറിയല്‍ രേഖകലുടെയോ അടിസ്ഥാനത്തില്‍ എംബസി നല്‍കുന്ന ഔട്ട് പാസ് ഉപയോഗിക്കാം. രോഗികളായ പലര്‍ക്കും സാമൂഹിക പ്രവര്‍ത്തകരുടെ ജാമ്യത്തില്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങളില്ലാതെ തന്ന എക്‌സിറ്റ് നല്‍കാന്‍ സൗദി അധികൃതര്‍ സന്മനസ്സ് കാണിക്കാറുണ്ട്. ഇപ്പോഴിതാ ഇ.സി ലഭിക്കണമെങ്കില്‍ പോലീസ്‌ ക്ലിയറന്‍സ്‌ കൂടി വേണമെന്ന പുതിയ നിബന്ധന എംബസ്സിയുടെ മുന്നോട്ടു വെച്ചിട്ടുണ്ട്.

ഹുറൂബ് ആകുന്നവരുടെ നിയമ പരിരക്ഷ 

ഏതു നിയമവും നിരപരാധികള്‍ക്കു നേരെ അന്യായമായി പ്രയോഗിക്കുകയാനെന്കില്‍ അങ്ങിനെ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അത് ‘ശരിഅ’ നിയമവും ലോക തത്വവുമാണ്. അന്യായമായ ഹുറൂബ് മാറ്റാന്‍ കഴിയില്ലെന്നു സൌദിയിലെ ഒരു നിയമത്തിലും പറയുന്നില്ല. കുറ്റവാളികളെ രക്ഷിക്കാന്‍ കഴിയില്ല എന്നെത് ശരിയാണ്. ഹുറൂബാക്കിയത് ന്യായമായ കാരണത്താല്‍ ആണെങ്കില്‍ അത് മാറ്റണമെന്നു ആവശ്യപ്പെടാന്‍ സ്പോന്സര്‍ക്കോ സാമൂഹിക പ്രവര്തകര്‍ക്കോ നയതന്ത്ര കാര്യാലയങ്ങള്‍ക്കോ കഴിയില്ല എന്നത് നേര് തന്നെ. അത് പോലെതന്നെ ഹുറൂബാക്കിയ തൊഴിലാളിക്ക് പകരം മറ്റൊരു തൊഴിലാളിയെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണ്. എന്നാല്‍ അന്യായമായാണ് ഹുറൂബാക്കിയെന്കില്‍ അത് മാറ്റാന്‍ സാധിക്കുമെന്ന് തന്നെയാണ് ‘ഡോ.മുഹമ്മദ്‌ നാദറി’നെപ്പോലെയുള്ള സൗദി നിയമ വിദഗ്ദന്മാര്‍ പറയുന്നത്. അതിനായി തക്ക സമയത്ത് തക്കതായ അധികാര കേന്ദ്രങ്ങളെ സമീപിക്കുകയും താന്‍ ഒളിച്ചോടിയിട്ടില്ലെന്നു തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കുകയും വേണം. 

സ്പോണ്സര്‍ ഹുറൂബ് ആക്കിയതിന് ശേഷം മാത്രമാണ് പലരും അതിനെതിരെ നടപടി എടുക്കുന്നതിനു വേണ്ടി സാമൂഹിക പ്രവര്തകരെയോ നയതന്ത്ര കാര്യാലയങ്ങളെയോ സമീപിക്കുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഹുറൂബാക്കിയാല്‍ പിന്നെ തൊഴില്‍ കോടതിയെയോ ഗവര്‍ണറേറ്റിനേയോ നേരിട്ട് സമീപിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന സ്പോണ്സര്‍ ഉടനെ ഹുറൂബാക്കാന്‍ ജവാസാതിനെ സമീപിക്കുന്നു. (വിസയുടെ കോപ്പിയോ സ്പോന്സരുടെ വിലാസമോ നമ്പരോ ഉണ്ടെങ്കില്‍ നേരിട്ട് ബന്ധപ്പെടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സാധിക്കും.)

ഹുറൂബ് ആകുമെന്ന സാഹചര്യത്തില്‍ സ്പോന്സരില്‍ നിന്നും ഓടി രക്ഷപ്പെടുകയാണ് പ്രവാസി മലയാളികളില്‍ അധികം പേരും ചെയ്യുന്നതായി കണ്ടു വരുന്നത്. ഇത് ബുദ്ധി ശൂന്യതയാണെന്നു മാത്രമല്ല ഭാവിയില്‍ വളരെ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. സൌദിയിലെ ഇന്നത്തെ കഫാല സമ്പ്രദായത്തില്‍ സ്പോന്സരുടെ സഹകരണമില്ലാതെ തര്‍ഹീല്‍ വഴിയാണെന്കിലും പുറത്തു പോകാനാവില്ല. അല്ലാത്ത പക്ഷം അതിനായി ഉന്നത അധികൃതരുടെ വിധി തന്നെ വേണ്ടി വരും. അതിനാല്‍ ഒരു കാരണവശാലും ഒളിച്ചോടുന്നത് ബുദ്ധിയല്ല. അങ്ങിനെ ഒളിച്ചോടുന്നതിലൂടെ നിങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

സ്പോണ്സര്‍ ഹുറൂബ് ആക്കും എന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കില്‍ അതിനെ മുന്കൂ്ട്ടി പ്രതിരോധിക്കാനാണ് തൊഴിലാളി ശ്രമിക്കേണ്ടത്. അന്യായമായ ആരോപണങ്ങള്‍ നിങ്ങളുടെ മേല്‍ ചുമത്തി ഹുറൂബ് ആക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ ഒരു പരാതിയെന്കിലും നല്കുകക. അതിന്റെ ഒരു കോപ്പി കയ്യില്‍ കരുതുക. അതിലൂടെ നിങ്ങള്‍ ഒളിചോടിയിട്ടില്ല എന്നും മറിച്ചുള്ള ആരോപണങ്ങള്‍ കളവാണ് എന്നും തെളിയിക്കാനും ഭാവിയില്‍ സ്പോന്സരില്‍ നിന്ന് പ്രശ്നങ്ങള്‍ണ്ടായാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതിനും നിങ്ങള്ക്ക് സാധിക്കും. അതിനാവശ്യമെന്കില്‍ നയതന്ത്ര കാര്യാലയങ്ങളുടെയോ സാമൂഹിക പ്രവര്തകരുടെയോ നല്ലവരായ സൗദി പൌരന്മാരുടെയോ സഹായം തേടുക. 

സാമൂഹിക പ്രവര്ത്തികരുടെ സഹായത്തോടെ അത്തരമൊരു ബുദ്ധിപരമായ നീക്കത്തിലൂടെ ഹുറൂബ് ഒഴിവാക്കി ഇഖാമ പുതുക്കി തൊഴില്‍ വിസയില്‍ തുടരാന്‍ അനുമതി നേടിയവരാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാരായിരുന്ന ആലപ്പുഴ കലവൂര്‍ കാട്ടൂര്‍ സ്വദേശി പളളിപ്പറമ്പില്‍ സ്മിത എഡ്‌വേര്ഡ്, എറണാകുളം അങ്കമാലി സ്വദേശി വര്ഗീസസ് ബിന്സി, കോഴിക്കോട് താമരശേരി സ്വദേശി മയ്കാവ് ചാക്കോ അനുമോള്‍ എന്നിവര്‍. പറഞ്ഞ ശമ്പളം നല്‍കാതെയും കാലാവധിക്കു ശേഷവും തൊഴില്‍ കരാര്‍ പുതുക്കാതെയും ഇവരെ ബുദ്ധിമുട്ടിച്ച സ്പോണ്സര്‍ പിന്നീട് എട്ടു മാസത്തെ ശമ്പള കുടിശ്ശികയും വരുത്തി. ഇതിനെതിരെ ഇവര്‍ കഴിഞ്ഞ വര്ഷം‍ മാര്‍ച്ചില്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. തുടര്ന്ന്  എംബസ്സിയുടെ അധികാരപത്രം ലഭിച്ച സാമൂഹിക പ്രവര്ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്ര വര്ഷം കഴിഞ്ഞിട്ടും ഇതില്‍ ഒരാള്ക്ക് ‌ ഇഖാമ എടുത്തിരുന്നില്ലെന്നും രണ്ടാളുടെ ഇഖാമ പിന്നീട് പുതുക്കിയിരുന്നുമില്ല എന്ന് കണ്ടെത്തി. തൊഴിലുടമയുമായി സംസാരിച്ച സാമൂഹിക പ്രവര്ത്തകര്‍ക്ക് സ്ഥാപനം നഷ്ടത്തിലായതിനാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്.

തനിക്കെതിരെ നിയമ നടപടികളുമായി നഴ്സുമാര്‍ മുന്നോട്ടു പോകുമെന്ന് ഉറപ്പായ സ്പോണ്സര്‍ ഇവര്ക്കെതിരെ ഒളിച്ചോടിപ്പോയവരാണെന്ന് കാണിച്ച് ജവാസാത്ത് അധികൃതര്ക്ക്  പരാതി നല്കി‍ ‘ഹുറൂബ്’ ആക്കിയത്. ഹുറൂബ് ആയവര്‍ക്ക് തൊഴില്‍ കോടതിയിലും ഗവര്‍ണറേറ്റിലും പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. എന്നാല്‍ അതിനു മുന്‍പ് തന്നെ ഇവര്‍ നേരത്തെ തന്നെ ഗവര്‍ണറേറ്റിലെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്പ്പിച്ചിരുന്നു.ഇതറിയാത സ്പോണ്സര്‍ ഇവര്‍ വളരെ മുന്‍പ് തെന്നെ ഒളിച്ചോടിപ്പോയതാണെന്നും അതിനാല്‍ തനിക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും വാദിച്ചുവെന്കിലും ഗവര്‍ണറേറ്റിലും ജവസാതിലും ഇരു കൂട്ടരും നല്‍കിയ പരാതികള്‍ താരതമ്യം ചെയ്ത അധികൃതര്‍ ഗവര്‍ണറേറ്റിലെ പരാതി വളരെ മുന്‍പ് തന്നെ സമര്‍പ്പിച്ചിരുന്നതാനെന്നു കണ്ടെത്തി സ്പോണ്സര്‍ ജവാസാതില്‍ നല്‍കിയ പരാതി തള്ളി കളയുകയായിരുന്നു. ഇവര്ക്ക് ആവശ്യമെന്കില്‍ സ്പോന്സര്ഷിപ്പ്‌ മാറ്റാനുള്ള അനുമതിയും ലഭിച്ചു.

ഹുറൂബ് സംബന്ധിച്ച പുതിയ ക്രമീകരണങ്ങളും വ്യവസ്ഥകളും വിശദീകരിക്കുന്ന സര്‍ക്കുലര്‍ എല്ലാ ലേബര്‍ ഓഫീസുകളിലേക്കും ശാഖകളിലേക്കും തൊഴില്‍ മന്ത്രാലയം അയച്ചു കഴിഞ്ഞു. തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അഹമദ്‌ ബിന്‍ സാലിഹ് അല്‍ ഹുമൈദാന്‍ ആണ് പുതിയ ഹുറൂബ് വ്യവസ്ഥകള്‍ അടങ്ങിയ സര്‍ക്കുലറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.ഇത് പ്രകാരം ഹുറൂബ് നടപടികള്‍ ലഘുകരിക്കുന്നതോടെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്ന നിരവധി പേര്‍ക്ക് ഡീപോര്‍ട്ടെഷന്‍ സെന്ററിലൂടെയല്ലാതെ മടക്കയാത്രക്ക് സാധിക്കും. 

നിയമ മാറ്റങ്ങള്‍ 

ഹുറൂബ് പിന്‍വലിക്കുന്നതിനായി പുതിയ വ്യവസ്ഥകള്‍ നടപ്പാക്കി കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പരാതി നല്‍കി ഒരാഴ്ചക്ക് മുന്‍പ് ഹുറൂബ് പിന്‍വലിക്കുന്നതിന് ഫീസില്ല. പരാതി നല്‍കി ഒരാഴ്ചക്ക് ശേഷം ഹുറൂബ് പിന്‍വലിക്കുന്നതിന് ജവാസാതും തൊഴില്‍ മന്ത്രാലയവും 2000 റിയാല്‍ ഫീസ്‌ ഈടാക്കും. ഒരിക്കല്‍ ഹുറൂബ് പരാതി നല്‍കപ്പെട്ട തൊഴിലാളിയുടെ സ്പോന്സര്ഷിപ്പ്‌ മാറാന്‍ അനുവദിക്കില്ല. തൊഴിലാളിയെ കാണാതായാല്‍ ഹുറൂബ് പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ അതിന്റെ സത്യാവസ്ഥ സ്പോണ്സര്‍ പരിശോധിക്കണം.ഹുരൂബാക്കിയ തൊഴിലാളി തിരിച്ചെത്തിയാല്‍ ഫീസ്‌ അടച്ചു തൊഴിലാളിയെ ഹുരൂബില്‍ നിന്നും പിന്‍വലിക്കാം.

വ്യാജമായ പരാതികള്‍ നല്‍കുന്ന സ്പോന്സര്മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവും. അവര്‍ക്കുള്ള റിക്രൂട്ട്മെന്റ് /വിസാ സേവനങ്ങള്‍ ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും ഒരു വര്‍ഷത്തേക്ക് തടയപ്പെടും.  മൂന്നാം തവണയും നിയമ ലങ്ഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തി വെക്കും.തന്നെ അന്യായന്മായാണ് ഹുറൂബ് ആക്കിയതെന്നു തൊഴിലാളിക്ക് തെളിയിക്കാനായാല്‍ പുതിയ വ്യവസ്ഥ പ്രകാരം മേല്പറഞ്ഞ തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്പോന്സര്‍ക്കെതിരെ സ്വീകരിക്കും. 

അന്യായമായാണ് ഹുറൂബ് ആക്കിയതെന്കില്‍ അത് തെളിയിക്കാനുള്ള അവസരം തൊഴിലാളിക്ക് നല്‍കും. അതിനു സാധിച്ചാല്‍ ഹുറൂബ് നീക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കും. പല കമ്പനികളും പുതിയ വിസ കിട്ടുന്നതിനു വേണ്ടി നിലവിലുള്ള തൊഴിലാളികളെ ഹുറൂബ് ആക്കി പുതിയ വിസ ലഭിച്ചതിനു ശേഷം ഹുറൂബ് നീക്കി കിട്ടുന്നത്തിനുള്ള അപേക്ഷയുമായി മുന്നോട്ടു വരുന്ന പ്രവണതക്ക് തടയിടാനാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്.

ഒളിച്ചോടിയ തൊഴിലാളി പിടിക്കപ്പെടുമ്പോള്‍ വിരലടയാളമെടുത്തു തര്‍ഹീല്‍ വഴി നാട് കടത്തും.ഈ തൊഴിലാളികള്‍ക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനാവില്ല.തൊഴിലാളികളുടെ വിവരങ്ങള്‍ അവരുടെ രാജ്യത്തെ എംബസ്സികള്‍ക്ക് കൈമാറും.ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ മറ്റു ജി.സി.സി രാജ്യങ്ങളിലെക്കും (യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ബഹ്‌റൈന്‍, ഒമാന്‍) കൈമാറും. അതിനാല്‍ ഈ രാജ്യങ്ങളിലേക്കും പ്രവേശന വിലക്കുണ്ടാവും.                            

ഹുറൂബ് അപേക്ഷ നല്‍കിയാല്‍ ഏഴു ദിവസം വരെ അത് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ വിവര ശേഖരണ സംവിധാനത്തില്‍ കൂട്ടി ചേര്‍ക്കില്ല. അതിനുള്ളില്‍ ഹുറൂബ് അപേക്ഷ പിഴയില്ലാതെ പിന്‍വലിക്കാം. ഏഴു ദിവസത്തിന് ശേഷം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒളിച്ചോടിപ്പോയെന്നു പറയപ്പെടുന്ന തൊഴിലാളിയുട്ടെ  വിവരങ്ങള്‍ വിവര ശേഖരണ സംവിധാനത്തില്‍ ചേര്‍ക്കപ്പെടും അതിനു ശേഷം ഹുറൂബ് അപേക്ഷ പിന്‍വലിക്കണമെങ്കില്‍ 2000  റിയാല്‍ ഫീസ്‌ ആയി നല്‍കേണ്ടി വരും.

സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെ ഹുറൂബ് നീക്കുന്നതിനു തൊഴില്‍ മന്ത്രാലയത്തിന്‍ കീഴിലെ ലേബര്‍ ഓഫീസിലെ (മക്തബുല്‍ അമല്‍) ഹുറൂബ് നീക്കം ചെയ്യുന്ന വിഭാഗത്തില്‍ ആണ് (ഇല്‍ഗാഉല്‍ ഹുറൂബ്) അപേക്ഷ നല്‍കേണ്ടത്.സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യുന്നതിന് പ്രസ്തുത സ്ഥാപനം നിലവില്‍ നിയമാനുസൃതമായി പ്രവര്തിക്കുന്നതായിരിക്കണം. വീടുവേലക്കാരി, ഹൗസ്‌ഡ്രൈവര്‍, വീട്ടു പാചകക്കാരന്‍, കെട്ടിടങ്ങളുടെ സൂക്ഷിപ്പുകാരന്,പൂന്തോട്ടക്കാരന്‍ എന്നിങ്ങനെ വ്യക്തികളുടെ സ്പോന്സര്ഷിപ്പില്‍ (ഫര്‍ദ്ദ്‌) ഉള്ളവരുടെ ഹുറൂബ് നീക്കുന്നതിനു അതാത് സ്ഥലങ്ങളിലെ തര്‍ഹീലുകളില്‍ ആണ് അപേക്ഷകള്‍ നല്‍കേണ്ടത്. 

ഹുറൂബ് ആക്കികൊണ്ട് ജവാസാത്തില്‍ നിന്ന് മുന്‍പ് ലഭിച്ച രേഖ കയ്യിലുണ്ടെങ്കില്‍ അതുമായി സ്പോണ്സര്‍ നേരിട്ട് തര്‍ഹീലില്‍ ഹാജരായി ഹുറൂബ് പിന്‍വലിക്കുന്നതിനുള്ള നിശ്ചിത അപേക്ഷ ഫോമില്‍ അപേക്ഷ നല്‍കണം.

കോടതി വഴി സ്പോണ്സര്‍ അധികാരപ്പെടുത്തിയ ആള്‍ക്കും ഇത് സമര്‍പ്പിക്കാം. പ്രസ്തുത ഫോമില്‍ ‘’ഇബലാഗുല്‍ ഹുറൂബ്’’(ഹുറൂബ് രജിസ്റ്റര്‍) ചെയ്യുന്ന വിഭാഗം മേധാവിയുടെ ഒപ്പ് വാങ്ങണം. അതിനോട് കൂടി ഇസ്തിഖ്‌ദാമില്‍ നിന്നും പ്രസ്തുത ഹുറൂബുകാരന് പകരമായി മറ്റൊരു റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല എന്ന ക്ലീയറന്‍സ്‌ ലഭിക്കുന്നതിനായി തര്‍ഹീല്‍ അധികൃതര്‍ അവിടേക്ക് കൈമാറും. പ്രസ്തുത ഒഴിവിലേക്ക് പുതിയ തൊഴിലാളിയെ സ്വീകരിച്ചിട്ടില്ല എന്നത് കൂടി കണക്കിലെടുക്കും എന്ന് പറയപ്പെടുന്നു. (തന്റെ സ്പോന്സോര്ഷിപ്പിലേക്ക് പുതിയ തൊഴിലാളിയെ സ്വീകരിച്ചിട്ടുണ്ടെങ്കിലും (നഖലുകഫാല) സാക്ഷ്യപത്രം ലഭിക്കില്ലത്രേ) അത് ലഭിച്ചാല്‍ അന്തര നടപടികള്‍ക്കായി ജവാസസാതിനു റിപ്പോര്‍ട്ട് നല്‍കും. 

നിലവില്‍ ഹുറൂബ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു സ്പോന്സര്‍ക്കോ അല്ലെങ്കില്‍ അയാളുടെ വക്കീലിനോ അല്ലെങ്കില്‍ കോടതി വക്കാലത്ത്‌ ലഭിച്ച സ്പോന്സരുടെ ആള്‍ക്കോ മാത്രമേ അധികാരമുള്ളൂ. സ്വകാര്യ ഏജന്‍സിക്കോ (മുആഖിബ്), ജനറല്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ക്കോ ഹുറൂബ് നീക്കാനുള്ള നടപടികളില്‍  ഇടപെടാന്‍ ഇപ്പോള്‍ അധികാരമില്ല.

 

Permanent link to this article: http://pravasicorner.com/?p=7615

Copy Protected by Chetan's WP-Copyprotect.