«

»

Print this Post

നേപ്പാളില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്നു യു.എ ഇ യില്‍ വില്‍ക്കുന്നതായി നേപ്പാള്‍ എംബസ്സി

 

1

 

യു.എ.ഇ: ഏജന്‍റുമാര്‍ വ്യാജ ജോലി വാഗ്ദാനങ്ങള്‍ നല്‍കി നേപ്പാളില്‍ നിന്നും പെണ്‍കുട്ടികളെ കടത്തി കൊണ്ട് വന്നു യു.എ.ഇ യില്‍ വില്‍ക്കുന്നെവെന്നു നേപ്പാള്‍ എംബസ്സിയുടെ ഉപ മേധാവി ദിപാക്‌ അധികാരി ആരോപിക്കുന്നു. 

ശുചീകരണ ജോലിക്ക് എന്ന വ്യാജേന നേപ്പാളില്‍ നിന്നും കൊണ്ട് വരുന്ന യുവതികളെ ഇവിടെയെത്തിച്ച ശേഷം വീട്ടുവേലക്കാരികള്‍ എന്ന നിലക്കുള്ള പെര്‍മിറ്റുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പണം കൈപ്പറ്റി ആവശ്യക്കാര്‍ക്ക് കൈമാറുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഇത്തരത്തില്‍ പണം പറ്റി യുവതികളെ കൈമാറുന്നത് മനുഷ്യക്കടത്തും കച്ചവടവുമായി കണക്കാക്കുമെന്ന് ദിപാക്ക് പറഞ്ഞു. 

കഴിഞ്ഞ ആഗസ്റ്റില്‍ ഗള്‍ഫ്‌ നാടുകളില്‍ വീട്ടു വേലക്കാരികളായി ജോലിക്ക് അപേക്ഷിക്കേണ്ട സ്ത്രീകളുടെ പ്രായം മുപ്പതു വയസ്സായി നേപ്പാള്‍ നിജപ്പെടുത്തിയിരുന്നു. അതിനാലാണ് ശുചീകരണ ജോലികള്‍ക്ക് എന്ന വ്യാജേന പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ കൊണ്ട് വരുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ ചതിയില്‍ പെട്ട് എംബസ്സിയില്‍ അഭയം തേടിയ 11 യുവതികള്‍ 22 നും 26 നും ഇടയില്‍ പ്രായമുള്ളവരാണ്. 

7000 മുതല്‍ 9000 ദിര്‍ഹം വരെയാണ് ഇവര്‍ക്ക് വില നിശ്ചയിക്കുന്നത്. അത് ഏജന്റുമാര്‍ കൈക്കലാക്കും. വേലക്കാരികള്‍ക്ക് ലഭിക്കുക പ്രതിമാസം 500 മുതല്‍ 800 വരെ ദിര്‍ഹം ആയിരിക്കും. പലപ്പോഴും ഈ ശമ്പളം പോലും യുവതികള്‍ക്ക് നല്‍കാറില്ല. ചിലര്‍ യുവതികളെ കൊണ്ട് വന്നതിനു ശേഷം ഉദ്ദേശിച്ച വില കിട്ടുന്നത് വരെ സൂക്ഷിക്കുന്നു.പലപ്പോഴും യുവതികളെ കൈമാറുന്നത് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായിട്ടായിരിക്കും. 

ഇത്തരത്തില്‍ ചതിയില്‍ പെടുന്ന യുവതികള്‍ക്ക് നേപ്പാള്‍ എംബസ്സി അഭയം നല്‍കുന്നുണ്ട്. എന്നാല്‍ ആഴ്ച തോറും നാലില്‍ കുറയാത്ത യുവതികളാണ് ഇത്തരം ചതിയില്‍ കുടുങ്ങി അഭയം ചോദിച്ചു എംബസ്സിയില്‍ എത്തുന്നത്‌. പലരും കഴിഞ്ഞ അഞ്ചു മാസമായി ശമ്പളം ലഭിക്കാത്തവരാണ്. കൂടാതെ ബലാല്‍സംഗം, ലൈംഗിക പീഡനം തുടങ്ങിയ പരാതികളും ഇവര്‍ ഉന്നയിക്കുന്നു. 

അവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എംബസ്സി കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ചതിയില്‍ പെട്ട നൂറില്‍ പരം യുവതികളെ രക്ഷപ്പെടുത്തി നേപ്പാളിലേക്ക് തിരിച്ചയച്ചുവെന്നു ദിപാക്ക് അധികാരി പറഞ്ഞു. 

നേപ്പാളി യുവതികളെ വീട്ടുവേലക്കാരികളായി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസം തോറും ഏഴിലധികം അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്നുവെന്നു അധികാരി പറഞ്ഞു. എംബസ്സിയുമായി നേരിട്ട് ഇടപെട്ടു വേലക്കാരികളെ റിക്രൂട്ട് ചെയ്യാമെന്നിരിക്കെ പലരും ഏജന്‍സികളില്‍ നിന്ന് തരപ്പെടുത്താനാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

എംബസ്സി മുഖേന അപേക്ഷിക്കുന്നവര്‍ 5000 ദിര്‍ഹം ഗാരണ്ടിയും 900 ദിര്‍ഹം പ്രതിമാസ ശമ്പളവും നല്‍കണം. കൂടാതെ വീട്ടുടമയുടെ വ്യതിഗത പേപ്പറുകള്‍ എംബസ്സി സാക്ഷ്യപ്പെടുത്തുകയും വേണം. വേലക്കാരികള്‍ക്ക് മുറിയും സുരക്ഷിതത്വവും ഉറപ്പു വരുത്തണം. 

 

Permanent link to this article: http://pravasicorner.com/?p=7628

Copy Protected by Chetan's WP-Copyprotect.