സൗദി അറേബ്യ: വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ട മൂന്നു യുവാക്കള്‍ നാട്ടിലേക്ക്

0
1

 

1
താസീം ജാഫര്‍, ഷാജു കുട്ടപ്പന്‍ എന്നിവര്‍ക്കുള്ള യാത്രാ രേഖകള്‍ നവയുഗം സാംസ്‌കാരികവേദി ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്‌ കൈമാറുന്നു

 

സൗദി അറേബ്യ: ഏജന്‍സിയും സ്പോണ്സറും പരസ്പരം പഴി ചാരുമ്പോള്‍, വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ട മൂന്നു യുവാക്കള്‍ നാട്ടിലേക്ക് തിരിക്കുന്നു. നാട്ടില്‍ നിന്നും വ്യത്യസ്ഥ ട്രേഡുകളിലെ വിദഗ്ദതൊഴിലാളികളുടെ വിസയില്‍ സൗദിയില്‍ എത്തിയ തിരുവന്തപുരം വള്ളക്കടവ് സ്വദേശി തസീം ജാഫര്‍(32), കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജു അപ്പുക്കുട്ടന്‍(34), തമിഴ്നാട് രാമനാഥപുരം സ്വദേശി റാക്കന്‍ സെന്തില്‍(42) എന്നിവരാണ് നാട്ടില്‍ നിന്നും വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് തിരിക്കുന്നത്. 

നാട്ടില്‍ വെച്ചു തൊഴില്‍ ടെസ്റ്റ് നടത്തി വിദഗ്ദ തൊഴിലാളികളായി തിരഞ്ഞെടുത്താണ് ഇവരെ സൌദിയിലേക്ക് കൊണ്ട് വന്നതെങ്കിലും ഇവിടെ ഒരു അലക്ക് കേന്ദ്രത്തില്‍ (ലോണ്ട്രി) സാധാരണ തൊഴിലാളികള്‍ ആയിട്ടാണ് ജോലി നല്‍കിയത്. എല്ലാ ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിച്ചിരുന്നു എങ്കിലും ഓവര്‍ടൈം കൂലി ഉണ്ടായിരുന്നില്ല. ശമ്പളം 1000 റിയാല്‍ മാത്രം ആണ് കൊടുത്തിരുന്നത്. തങ്ങളുടെ പ്രൊഫഷന്റെ വിവരം, ശമ്പളം ഉള്‍പ്പടെയുള്ള തൊഴില്‍ കരാറടക്കം സ്പോണ്‍സറിനെ കാണിച്ചു ബോധ്യപ്പെടുത്താന്‍ ശ്രേമിച്ചു എന്നാല്‍ സ്പോണ്‍സര്‍ ചെവിക്കൊണ്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി  നവയുഗം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന നിയമ സഹായവേദിയില്‍ എത്തുകയായിരുന്നു. 

ഇവരുടെ കൈയ്യിലുള്ള തൊഴില്‍ കരാര്‍ ഇംഗ്ലീഷില്‍ ആയതിനാലും, ലേബര്‍ കോടതിയില്‍ കേസ് കൊടുത്താല്‍ നീണ്ടു പോകും എന്നതിനാലും സ്പോണ്‍സറുമായി നേരിട്ട് സംസാരിച്ചു പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയായിരുന്നു പ്രശ്നത്തില്‍ ഇടപെട്ട നവയുഗം പ്രവര്‍ത്തകര്‍ ചെയ്തത്. 

നവയുഗം സാംസ്കാരിക വേദി പ്രവര്‍ത്തക സഫിയ അജിത്‌  സ്പോണ്‍സറുമായി സംസാരിച്ചു എങ്കിലും താന്‍ ഏജന്‍സിയോട് പറഞ്ഞിരുന്നത് ട്രേഡ് വിസ ആണെങ്കിലും സാധാരണ തൊഴിലാളികളെ ആണ് വേണ്ടത് എന്നും ജോലി സമയവും ശമ്പളവും ഒക്കെ മുന്‍കൂട്ടി പറഞ്ഞിരുന്നു എന്നുമാണ്. എന്നാല്‍ നവയുഗം പ്രവര്‍ത്തകര്‍ ഏജന്റുമായി വിളിച്ചു സംസാരിച്ചപ്പോള്‍ അവര്‍ ഈ വാദങ്ങള്‍ നിഷേധിക്കുകയായിരുന്നു.   

തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകര്‍ സ്പോണ്‍സറുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ ശമ്പളം കൂട്ടി നല്‍കാനോ, ജോലി സമയം കുറയ്ക്കണോ തയ്യാറല്ല എന്ന് തീര്‍ത്തു പറഞ്ഞു. എന്നാല്‍ ഇവരെ ടിക്കറ്റ്‌ നല്‍കി നാട്ടില്‍ വിടണമെന്ന ആവശ്യം സ്പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. മൂന്ന് പേരുടെയും എക്സിറ്റ്‌ അടിച്ച കോപ്പി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിന് സ്പോണ്‍സര്‍ കൈമാറി, 15 ദിവസത്തെ ഇടവേളയ്ക്ക് ഓരോരുത്തരെയും നാട്ടില്‍ വിടാം എന്ന് സമ്മതിച്ചു. 

എല്ലാ ദിവസവും 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനാല്‍ വെരിക്കോസ് വെയിന്റെ അസുഖം മൂര്‍ച്ചിച്ച് ബുദ്ധിമുട്ടിയ സെന്തിലിനെ കഴിഞ്ഞ ദിവസം നാട്ടില്‍ വിട്ടു. താസീം ജാഫര്‍ ഫെബ്രുവരി 4 നും, ഷാജു ഫെബ്രുവരി 20 നും നാട്ടില്‍ പോകും. നവയുഗം നിയമസഹായ വേദിയില്‍ നടന്ന ചടങ്ങില്‍ നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്‌ യാത്രാരേഖകള്‍ ഇവര്‍ക്ക് കൈമാറി.