സൗദി അറേബ്യ: ഉദ്യോഗസ്ഥന്‍റെ കൈപ്പിഴ മൂലം റീ എന്‍ട്രിയുടെ തിയ്യതി മാറി, കുടുംബ സമേതം എയര്‍പോര്‍ട്ടിലെത്തിയ പ്രവാസിയുടെ യാത്ര മുടങ്ങി

 

1
മുസമ്മില്‍ അഹമ്മദ്‌

 

സൗദി അറേബ്യ (യാമ്പു): മകന്റെ റീഎന്‍ട്രി വിസയില്‍ തിയ്യതി പതിച്ച ഉദ്യോഗസ്ഥന്റെ പിഴവ് മൂലം കുടുംബവുമായി നാട്ടിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രവാസിക്ക് ഭാര്യയേയും രണ്ടു മക്കളെയും അതേ വിമാനത്തില്‍ പറഞ്ഞയച്ചു മകനോടൊപ്പം തിരിച്ചു പോരേണ്ടി വന്നു. യാമ്പുവിലെ സാംബാ ബാങ്ക് ഉദ്യോഗസ്ഥനും തിരുവനന്തപുരം മണക്കാട്‌ സ്വദേശിയുമായ മുസമ്മില്‍ അഹമ്മദിനാണ് ഈ ദുരനുഭവമുണ്ടായത് . 

വാര്‍ഷിക അവധിക്കായി ഭാര്യയും മൂന്നു മക്കളുമൊപ്പം നാട്ടിലേക്ക് പോകുന്നതിനായി വെള്ളിയാഴ്ചയാണ് മുസമ്മില്‍ എയര്‍പോര്‍ട്ടിലെത്തിയത്.അവധി ആദ്യമേ തീരുമാനിച്ചതിനാല്‍ ഭാര്യക്കും കുട്ടികള്‍ക്കുമടക്കം അഞ്ചു ടിക്കറ്റ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ എടുത്തിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തി എമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞു ബോര്‍ഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് ഏഴു വയസ്സുകാരനായ രണ്ടാമത്തെ മകന്റെ റീഎന്‍ട്രി വിസയില്‍ തിയ്യതി തെറ്റായി സ്റാമ്പ് ചെയ്തതായി ശ്രദ്ധയില്‍ പെടുന്നത്.  

എക്സിറ്റ് സ്റാമ്പ് പതിച്ച അതേ തിയ്യതിയില്‍ തന്നെയാണ് റീഎന്‍ട്രി തിയ്യതിയും പതിച്ചിരുന്നത്.  സൗദിയില്‍ നിന്നും വെള്ളിയാഴ്ച വിമാനം കയറിയാല്‍ അന്ന് തന്നെ തിരിച്ചു രാജ്യത്തു പ്രവേശിക്കേണ്ട രീതിയിലായിരുന്നു റീഎന്‍ട്രി തിയ്യതി സ്റ്റാമ്പ് ചെയ്തിരുന്നത്. അല്ലാത്ത പക്ഷം വിസ റദ്ദാവുമായിന്നു. ബോര്‍ഡിംഗ് പാസ് ലഭിച്ചത് കൊണ്ടും ലഗേജുകള്‍ വിമാനത്തിലേക്ക് പോയത് കൊണ്ടും യാത്ര മാറ്റി വെക്കാനാവാത്ത സാഹചര്യത്തില്‍ ഭാര്യയെയും രണ്ടു മക്കളെയും അതേ വിമാനത്തില്‍ തന്നെ പറഞ്ഞയച്ചു മുസമ്മിലും മകനും തിരിച്ചു പോരുകയായിരുന്നു.

യാമ്പുവില്‍ തിരിച്ചെത്തി എക്സിറ്റ്-റീഎന്‍ട്രി വിസ റദ്ദാക്കി പുതിയ റീ എന്‍ട്രി സ്റ്റാമ്പ് പതിപ്പിക്കുകയായിരുന്നു. തെറ്റ് വരുത്തിയ ജവാസാത്‌ ഉദ്യോഗസ്ഥന്‍ തന്നെ തെറ്റ് സമ്മതിച്ചു എക്സിറ്റ്‌ വിസ റദ്ദാക്കുന്നതിന്റെ പിഴയായ ആയിരം റിയാല്‍ നല്‍കിയതായി മുസമ്മില്‍ പറഞ്ഞു. പുതിയ റീ എന്‍ട്രിയുടെ തുകയായ 200 റിയാല്‍ മാത്രമേ മുസമ്മിലിന് നല്‍കേണ്ടി വന്നുള്ളൂ. എന്നാല്‍ മകന്റെയും തന്റെയും വിമാന ടിക്കെറ്റുകളുടെ പണം നഷ്ടമാവുകയും പുതിയ ടിക്കറ്റുകള്‍ പണം കൊടുത്തു വാങ്ങേണ്ടി വരികയും ചെയ്തു. 

റീഎന്‍ട്രി രേഖപ്പെടുത്തിയ തിയ്യതി ആദ്യമേ പരിശോധിക്കാതിരുന്നതാണ് വിനയായതെന്നും തന്റെ അനുഭവം എല്ലാ പ്രവാസികള്‍ക്കും ഒരു പാഠമാവണമെന്നും ഇനിയാര്‍ക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും മുസമ്മില്‍ പറഞ്ഞു. പുതിയ രേഖകളുമായി മുസമ്മിലും മകനും ഇന്ന് നാട്ടിലേക്ക് തിരിക്കും.

 

You may have missed

Copy Protected by Chetan's WP-Copyprotect.