«

»

Print this Post

സൗദി അറേബ്യ: അപമാനകരങ്ങളായ കമന്‍റുകള്‍ക്ക് ശിക്ഷ ഒരു വര്‍ഷം തടവ്‌, അഞ്ചു ലക്ഷം റിയാല്‍ പിഴ

 

1

 

സൗദി അറേബ്യ: വളരെ നിസ്സാരമെന്നു തോന്നാവുന്ന ചില പ്രവൃത്തികള്‍ ചിലപ്പോള്‍ കനത്ത ശിക്ഷയിലേക്ക് നിങ്ങളെ നയിച്ചേക്കാം.പെട്ടെന്നുള്ള പ്രകോപനത്തിന് വശംവദനായോ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലമോ, വ്യക്തി വൈരാഗ്യം മൂലമോ സോഷ്യല്‍ മീഡിയകളിലൂടെയും ഇന്റെര്‍നെറ്റിലൂടെയും മറ്റൊരാള്‍ക്ക് അപമാനകരമാകുന്ന പരാമര്‍ശങ്ങള്‍  നടത്തുന്നവര്‍ക്ക് കഠിന ശിക്ഷയാണ് സൗദി നിയമം നല്‍കുക.

അപമാനത്തിനിരയായ വ്യക്തി വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ കടുത്ത നിയമ നടപടികളും ശിക്ഷകളും നേരിടേണ്ടി വരും. 2007 ല്‍ നടപ്പിലാക്കിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമമനുസരിച്ച് (Cyber Crime Combating Law) ആരെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയതായി തെളിയിക്കപ്പെട്ടാല്‍ ശിക്ഷയായി ലഭിക്കുക ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ്.

ആധുനിക സങ്കേതങ്ങള്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ മൊബൈല്‍ ക്യാമറകള്‍ അടക്കമുള്ള ക്യാമറകളും ഇന്റര്‍നെറ്റും വരുന്നതാണ്. അതായത് ആരെങ്കിലും മറ്റൊരാളുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയാല്‍, പ്രസ്തുത ഫോട്ടോ ആ വ്യക്തിക്ക് അപമാനകരമാണ് എന്നയാള്‍ പരാതിപ്പെട്ടാല്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയ ആള്‍ കുറ്റം ചെയ്തതായി കണക്കാക്കപ്പെടും.

അത് പോലെ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്‍റുകള്‍ എഴുതുക,അപഹസിക്കുക, അഭിമാന ഭംഗം വരുത്തുക എന്നിവയും ഈ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.

അപമാനത്തിനിരയായ ആള്‍ വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ നിയമ നടപടികള്‍ തുടങ്ങുകയായി. മന്ത്രാലയത്തിന്റെ ഒരു കമ്മിറ്റി ഈ പരാതിയെ പറ്റി അന്വേഷിക്കും. അപമാനത്തിന് ഹേതുവായ സംഭവം തെളിയിക്കുന്ന തെളിവുകള്‍, അതായത് ഫോട്ടോ, പ്രസിദ്ധീകരണത്തിന്റെ കോപ്പി തുടങ്ങിയവ പരാതിയോടൊപ്പം സമര്‍പ്പിക്കണം.ഈ കമ്മിറ്റി പ്രസ്തുത പരാതി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ & പ്രോസിക്യൂഷന്‍ ബ്യൂറോയിലേക്ക് അയച്ചു കൊടുക്കും.

കുറ്റം ചെയ്ത ആള്‍ കുറ്റം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രസ്തുത സംഭവം പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് കണ്ടു പിടിക്കാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ കൂടുതല്‍ സഹായത്തിനു വേണ്ടി കിംഗ്‌ അബ്ദുള്ള സയന്‍സ് & ടെക്നോളജി സിറ്റിയോട് അഭ്യര്‍ഥിക്കും.

ഇന്‍വെസ്റ്റിഗേഷന്‍ & പ്രോസിക്യൂഷന്‍ ബ്യൂറോയുടെ അന്വേഷണത്തിന് ശേഷം കേസ് കോടതിയിലേക്ക് വിചാരണക്ക് വേണ്ടി അയക്കും. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ തടവ്‌ ശിക്ഷയും പിഴ ശിക്ഷയും ലഭിക്കുന്നതോടൊപ്പം തന്നെ കുറ്റം ചെയ്ത ആളോട് ഓണ്‍ലൈനിലൂടെ തന്നെ മറുകക്ഷിയോടു ക്ഷമാപണം നടത്താനും കൂടി കമ്മിറ്റിക്കോ കോടതിക്കോ ആവശ്യപ്പെടാം. 

 

Permanent link to this article: http://pravasicorner.com/?p=7810

Copy Protected by Chetans WP-Copyprotect.