സൗദി അറേബ്യ: വിധശിക്ഷക്ക് വിധേയനായ ശമ്മാരിയുടെ കുടുംബത്തിന് സഹായ പ്രവാഹം

 

1

സൗദി അറേബ്യ: മുപ്പതു വര്‍ഷത്തെ തടവ്‌ ശിക്ഷക്ക് ശേഷം സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയ അബ്ദുള്ള ബിന്‍ ഫാനാദി അല്‍ ശമ്മാരിയുടെ കുടുംബത്തിന് സഹായ പ്രവാഹം തുടരുന്നു.

സൗദി അറേബ്യയിലെ രണ്ടാം ഉപ പ്രധാനമന്ത്രി അമീര്‍ മുഖ് റിന്‍ രാജകുമാരനും അബുദാബി കിരീടാവകാശി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവരടക്കം ശ്രമിച്ചിട്ടും മരിച്ചയാളിന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാത്തതിനാല്‍ 17 തവണ നീട്ടി വെച്ച വധശിക്ഷ കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യയിലെ ഹായിലില്‍ നടപ്പാക്കിയിരുന്നു.

സൗദി രാജ കുടുംബാമായ അബ്ദുല്‍ അസീസ്‌ ബിന്‍ സാദ് രാജകുമാരന്‍ അഞ്ചു ലക്ഷം റിയാലിന്റെ ഒരു വീട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശമ്മാരിയുടെ ഭാര്യക്കും കുട്ടികള്‍ക്കുമായി വീട് ഉടനെ നല്‍കുമെന്ന് രാജകുമാരന്‍ പറഞ്ഞു.പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സൗദി പൌരന്‍ ഒരു മില്യന്‍ റിയാലിന്റെ ചെക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതല്‍ സഹായമെത്തിക്കുന്നതിനു വേണ്ടിയുള്ള അഭ്യര്‍ഥനകള്‍ ട്വിറ്ററിലൂടെയും മറ്റും പരക്കുകയാണ്.

രണ്ടു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് ശമ്മാരിക്ക്. വധശിക്ഷയെ കുറിച്ച് അറിഞ്ഞപ്പോള്‍ തികച്ചു ശാന്തരായാണ് ഭാര്യയും മക്കളും പ്രതികരിച്ചതെന്ന് ശമ്മാരിയുടെ സഹോദരന്‍ മുഹമ്മദ്‌ ഗാസി പറയുന്നു. എന്നാല്‍ മുതിര്‍ന്ന മകനായ അഹമ്മദ്‌ വധശിക്ഷ അറിഞ്ഞ ഉടനെ വിവരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ബോധരഹിതനായി. 

അപാരമായ ശാന്തതയോടെയാണ് അദ്ദേഹം വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കടന്നു വന്നതെന്ന് ദൃസ്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാര്‍ എത്താന്‍ വൈകിയപ്പോഴും ശാന്തനായി പ്രാര്‍ഥിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. തന്റെ വധശിക്ഷ ഉടനെ നടപ്പാക്കുമെന്നറിഞ്ഞിട്ടും മറ്റൊരു തടവുകാരനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു രണ്ടു ദിവസം മുന്‍പ് വരെ അദ്ദേഹമെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

അതിനിടയില്‍ റിയാദില്‍ നിന്നും നൂറിലധികം പേര്‍ ശമ്മാരിക്ക് വേണ്ടി ഉംറ നിര്‍വഹിച്ചു. റിയാദില്‍ നിന്നും രണ്ടു ബസ്സുകളിലായാണ് നൂറിലധികം പേര്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്.

ശമാരിയുടെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം ഹായില്‍ മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങളും അക്രമവും അരങ്ങേറിയെന്നു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പടര്‍ന്ന വാര്‍ത്ത ഹായില്‍ പോലീസിന്റെ വക്താവ് കേണല്‍ അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ അല്‍ സിനായിദി നിഷേധിച്ചു.

 

Copy Protected by Chetan's WP-Copyprotect.