«

»

Print this Post

പാക്കിസ്ഥാന്‍ പൌരന്മാര്‍ക്ക് വേണ്ടി സൗദി കോടതികളില്‍ ഉറുദു പരിഭാഷകരുടെ സേവനം തുടങ്ങുന്നു

 1

 

സൗദി അറേബ്യ: സൗദി കോടതികളില്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് വേണ്ടി ഉറുദു പരിഭാഷകരുടെ സേവനം തുടങ്ങുമെന്ന് ജിദ്ദയിലെ പാക്കിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ അഫ്താബ് അഹമ്മദ്‌ ഖോക്കാര്‍ പറഞ്ഞു. പോലീസ്‌ അന്വേഷണ നടപടികളിലും ഈ പരിഭാഷകരുടെ സേവനം ലഭിക്കും.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായി അന്വേഷണവും വിചാരണയും നേരിടുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെയും, അഭിഭാഷകരുടെയും, കോടതിയുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഈ സേവനം കൊണ്ട് സാധിക്കും. ഭാഷാ സംബന്ധമായ പരിമിതികള്‍ ഇതോടെ അവസാനിപ്പിക്കാന്‍ സാധിക്കും.

പാക്കിസ്ഥാന്‍ സ്വദേശികളെ സംബന്ധിച്ചിടത്തോളവും,സൗദി അന്വേഷണ ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ചിടത്തോളവും ഈ സേവനം വളരെ നിര്‍ണ്ണായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ 2158 പാക്കിസ്ഥാന്‍ സ്വദേശികള്‍ സൗദി അറേബ്യയുടെ വിവിധ ജയിലുകളില്‍ ഉണ്ട്. അതില്‍ 1358 പേര്‍ കിഴക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ്. 670 പേര്‍ ജിദ്ദയിലും 430 പേര്‍ മക്കയിലെ ജയിലുകളിലും ഉണ്ട്.

ഏതെങ്കിലും തരത്തിലുള്ള കുറ്റ സമ്മത മൊഴികള്‍  ഒപ്പിടുവിക്കുന്നതിനു മുന്‍പ് തന്നെ പരിഭാഷകരുടെ സേവനം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന് സൗദി അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി ഖോക്കാര്‍ പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=8175

Copy Protected by Chetans WP-Copyprotect.