സൗദി അറേബ്യ: ഭാര്യമാര്‍ ജോലി ചെയ്യുന്നതിനെതിരെ വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വീണ്ടും

 

1

 

സൗദി അറേബ്യ: കുടുംബ വിസയില്‍ രാജ്യത്തേക്ക് വരുന്ന വിദേശ തൊഴിലാളികളുടെ ഭാര്യമാരെ സ്വകാര്യ മേഖലയില്‍ ജോലിക്ക് വിടുന്നതിനെതിരെ വീണ്ടും തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക മുന്നറിയിപ്പ്.  സ്വകാര്യ ആശുപത്രികളിലും, സ്കൂളുകളിലും, മാളുകളിലും മറ്റും വന്‍തോതില്‍ വിദേശ തൊഴിലാളികളുടെ ഭാര്യമാര്‍ ജോലി ചെയ്യുന്നുണ്ടെന്ന പരാതികള്‍ മന്ത്രാലയത്തിനു ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്. .  

കുടുംബ വിസയിലെത്തിയവര്‍ ജോലി ചെയ്യുന്നത് രാജ്യത്തെ താമസ പൌരത്വ നിയമങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ക്കും എതിരാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹതാബ്‌ അല്‍ അനൈസി വ്യക്തമാക്കി.

കുടുംബ വിസയില്‍ എത്തുന്നവര്‍ ജോലി ചെയ്യരുതെന്ന് അവര്‍ക്ക് നല്‍കുന്ന ഇഖാമയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വര്‍ക്ക്‌ പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ രാജ്യത്തു ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. കുടുംബ വിസയില്‍ വരുന്നവര്‍ക്ക് രാജ്യത്തു ജോലി തേടാനോ ജോലി ചെയ്യാനോ അനുവാദമില്ല. അങ്ങിനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

കുടുംബ വിസയില്‍ വരുന്ന വിദേശ തൊഴിലാളികളുടെ ഭാര്യമാര്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് തൊഴില്‍ മന്ത്രാലയം അംഗീകരിക്കുന്നില്ല. അത് മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങള്‍ക്കും എതിരാണ്. തൊഴില്‍ വിസയില്‍ അല്ലാതെ മറ്റെന്തു വിസയില്‍ വരുന്ന വിദേശ വനിതകള്‍ക്കും രാജ്യത്തു ജോലി ചെയ്യാന്‍ അനുവാദമില്ല. ഇത് വിദേശ തൊഴിലാളികളുടെ എല്ലാ ആശ്രിതര്‍ക്കും ബാധകമാണ്.

വിദേശ തൊഴിലാളികള്‍ തന്നെ അവരുടെ സ്പോണ്സറുടെ കീഴിലല്ലാതെ ജോലി ചെയ്യാനോ അവരെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന പ്രോഫെഷനില്‍ അല്ലാതെയോ ജോലി ചെയ്യാന്‍ പാടില്ല.

സ്വകാര്യ മേഖലയില്‍ വിദേശ വനിതകള്‍ അനുമതിയില്ലാതെ ജോലി ചെയ്യുന്നത് ഇത് വരെ മന്ത്രാലയത്തിന്റെ ഇന്‍സ്പെക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും തൊഴില്‍ നിയമ ലംഘനം നടക്കുന്നുണ്ടോ ഉറപ്പു വരുത്താന്‍ മന്ത്രാലയ ഇന്‍സ്പെക്ടര്‍മാര്‍ വിവിധ മേഖലകളില്‍ ഫീല്‍ഡ്‌ ടൂറുകള്‍ നടത്തും.

 

You may have missed

Copy Protected by Chetan's WP-Copyprotect.