ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണമേനോന്‍ പുരസ്‌കാരം സഫിയ അജിത്തിന്

0
1

1

 

ദമ്മാം: കേരളീയ സമൂഹത്തില്‍ ഓംബുഡ്‌സ്മാന്‍ എന്ന നിലയ്ക്ക് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ കേരള ഹിന്ദി ഖാദി പ്രചാരക് സമിതി മുഖ്യ രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രവാസി വനിതാ സാമൂഹ്യ സേവാ പുരസ്‌കാരത്തിനായി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിനെ തിരഞ്ഞെടുത്തു.

ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ അനുസ്മരണ സമിതി ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ. എം.കെ. സാനു, വി.കെ. കൃഷ്ണമേനോന്‍ എഡ്യൂക്കേഷന്‍ ഇനീഷ്യേറ്റീവ് പ്രസിഡന്‍റ് അഡ്വ. ഇ.എക്‌സ്. ജോസഫ്, മുതിര്‍ന്ന ഗാന്ധിയന്‍ ആണ്ടിപ്പള്ളിമഠം ബാബുരാജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രൊഫസര്‍ ഡോ.എം.എസ്. സുനില്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ശില്പവും പ്രശസ്തി പത്രവും സ്മൃതി മെഡലും അടങ്ങുന്ന പുരസ്‌കാരം 17ന് എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ (സദ്ഗമയ) ഭവനാങ്കണത്തില്‍ വൈകീട്ട് 3ന് ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന സംസ്ഥാനതല മാനവികത സൗഹൃദ സദസ്സില്‍ സമ്മാനിക്കുമെന്ന് ജസ്റ്റിസ് കെ.പി. രാധാകൃഷ്ണ മേനോന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, കണ്‍വീനര്‍ പി.കെ.പി. കര്‍ത്താ, ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ എന്നിവര്‍ അറിയിച്ചു.