«

»

Print this Post

സൗദിയില്‍ വ്യഭിചാര കുറ്റത്തിന് മലയാളിയെ കല്ലെറിഞ്ഞു കൊല്ലാന്‍ കോടതി വിധി

 

1

 

സൗദി അറേബ്യ: ജിദ്ദയിലെ ശാര സിത്തീനിലെ ഫ്ളാറ്റില്‍ വെച്ച് ഇന്തോനേഷ്യന്‍ യുവതിയുമായി അനാശാസ്യത്തിലേര്‍പ്പെട്ടതിനു പിടിയിലായ പട്ടാമ്പി സ്വദേശി സൈതലവിയെ ജിദ്ദയിലെ കോടതി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചു.

രണ്ടാം പ്രതിയായ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ തിരൂരങ്ങാടി സ്വദേശി നൂര്‍ ബാദുഷക്ക് ആറു വര്‍ഷം തടവും 12,00 അടിയും ഇന്തോനേഷ്യക്കാരി യുവതി ലിന്‍ത ബിന്‍ത് സോഫിയാന് ഒരു വര്‍ഷത്തെ തടവും ആയിരം അടിയും വിധിച്ചു. മൂന്നാം പ്രതിയായ പാക്കിസ്ഥാന്‍ പൌരന്‍ ജാവേദ്‌ അക്തറിനെ കുറ്റക്കാരനല്ലെന്ന് കണ്ടു വെറുതെ വിട്ടു.

2011 നവംബര്‍ 5 നാണ് ഇവരെ ശരഫിയക്കടുത്തുള്ള ഫ്ലാറ്റില്‍ നിന്നും പിടികൂടിയത്. ഈ ഫ്ലാറ്റില്‍ അനാശാസ്യം  നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മതകാര്യ പോലീസുകാര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മറ്റു പ്രതികള്‍ അവിവാഹിതരായതിനാലാണ് വധശിക്ഷ ഒഴിവായത്. വിവാഹിതനായിട്ടും വ്യഭിചാരം നടത്തിയതിനും സാക്ഷികള്‍ സഹിതം പിടിയിലായി കുറ്റം തെളിഞ്ഞതിനാലുമാണ് സൈതലവിക്കു വധശിക്ഷ ലഭിച്ചത്.

തിരൂരങ്ങാടി സ്വദേശിയായ നൂര്‍ ബാദുഷയായിരുന്നു അനധികൃത താമസക്കാരിയായിരുന്ന ഇന്തോനേഷ്യന്‍  യുവതിയെ ഉപയോഗിച്ച് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നത്. ഇടപാടുകാരില്‍ നിന്നും നൂറു റിയാല്‍ വീതം ഈടാക്കിയായിരുന്നു ഇടപാട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടപാടുകാരായി അഭിനയിച്ചു കേന്ദ്രത്തിലെത്തിയ അധികൃതര്‍ നാല് പേരെയും കയ്യോടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹജ്ജ്‌ കരാര്‍ ഒപ്പിടുന്നതിനു വേണ്ടി സൗദിയിലെത്തിയ കേന്ദ്രമന്ത്രി ഇ.അഹമ്മദിനെ സന്ദര്‍ശിച്ചു സൈദലവിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വധശിക്ഷ ഒഴിവായി കിട്ടാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വിഷയം പഠിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹം കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയോടും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി പകര്‍പ്പ് ലഭിക്കുകയും അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ 30 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്നാണ് നിയമം. ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ സൈദലവിക്കു കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നു.

 

Permanent link to this article: http://pravasicorner.com/?p=8764

Copy Protected by Chetan's WP-Copyprotect.