«

»

Print this Post

സൗദിയില്‍ ഫ്രീ വിസക്കാര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനില്ല

 

1

 

സൗദി അറേബ്യയില്‍ മലയാളികള്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ക്ക് നയതന്ത്ര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ പ്രവാസികാര്യ ചുമതലയുള്ള മന്ത്രി ശ്രീ.കെ.സി.ജോസഫ്‌ പ്രധാന മന്ത്രിക്കു കത്തയച്ചിരിക്കുകയാണ്. പ്രധാന മന്ത്രി വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു.

ഒരു പടി കൂടി കടന്നു സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി വിഷയത്തെ പറ്റി സംസാരിച്ചുവെന്നു കേന്ദ്ര മന്ത്രി വയലാര്‍ രവി.ബന്ധപ്പെട്ടവരോട് സംസാരിച്ച ശേഷം അംബാസഡര്‍ വിവരമറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഈ പ്രശ്നത്തില്‍ യാതൊരു പരിഹാരവും കാണാന്‍ സാധിക്കില്ല എന്നത് തന്നെയാണ് സത്യം. കാരണം ഇത് സൗദി അറേബ്യയുടെ ആഭ്യന്തര പ്രശ്നമാണ്. അതിനാല്‍ ഇന്ത്യക്ക് ഇതില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. അത് കൊണ്ട് തന്നെ അന്താരാഷ്ട്രാ തലത്തില്‍ വിഷയമാക്കി മാറ്റാന്‍ സാധിക്കില്ല. നയതന്ത്ര പ്രശ്ന പരിഹാരവും അകലെയാണ്. കാരണം അന്താരാഷ്ട്ര നയതന്ത്ര വിഷയമാക്കി മാറ്റാവുന്ന വിഷയങ്ങള്‍ ഒന്നും തന്നെ ഇതിലില്ല.

മാത്രമല്ല അതൊരു നയതന്ത്ര പ്രശ്നമാക്കി മാറ്റാനും അന്താരാഷ്ട്രാ വിഷയമാക്കി മാറ്റാനും സൗദി അറേബ്യ സമ്മതിക്കില്ല. ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ചിടത്തോളം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് വൈകാരിക പ്രശ്നമാണെങ്കിലും സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം നിയമ വിരുദ്ധമായി രാജ്യത്തു കഴിയുന്നവരെ പുറത്താക്കുക എന്നത് മാത്രമാണ് വിഷയം.

ഇറാഖ്‌-കുവൈറ്റ് യുദ്ധ കാലത്ത് യെമനികളെ പുറത്താക്കിയപ്പോഴും പിന്നീട് ബംഗ്ലാദേശുകാരുടെ വിസ നിര്‍ത്തലാക്കിയപ്പോഴും  അതെല്ലാം നയതന്ത്ര വിഷയമാക്കി വളര്‍ത്താന്‍ സൗദി അറേബ്യ അനുവദിച്ചിരുന്നില്ല. അങ്ങിനെ ആക്കുന്നതിന് ഇന്ത്യ ശ്രമിക്കുകയാണെങ്കില്‍ നിയമപരമായി ഇവിടെ കഴിയുന്നവര്‍ക്ക് കൂടി നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സൗദി അറേബ്യയുടെ ഇത്തരം വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്.

ഇവിടെ ഫ്രീ വിസക്കാരായ ഇന്ത്യക്കാരെ മാത്രം തിരഞ്ഞു പിടിച്ചു പുറത്താക്കുന്നില്ല. സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാത്ത എല്ലാ രാജ്യക്കാരെയും പിടി കൂടുന്നുണ്ട്. അതിനാല്‍ ഇന്ത്യക്കനുകൂലമായി മാത്രം ഒരു തീരുമാനമെടുക്കാനാവില്ല. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാജ്യത്തു ഉണ്ടായിട്ടുള്ള നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കുന്നു എന്ന് മാത്രം.

ഇതില്‍ നിയമം ലംഘിച്ചതില്‍ തൊഴിലാളിയും തുല്യ കുറ്റക്കാരനാണ്. അതിനാല്‍ അയാള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ എടുക്കുന്നതില്‍ നിന്നും തടയാന്‍ ബാഹ്യ ശക്തികളെ സൗദി അറേബ്യ അനുവദിക്കില്ല. (അപ്പോള്‍ എന്ത് കൊണ്ട് ഈ കുറ്റത്തില്‍ തുല്യ പങ്കുള്ള സ്വദേശിക്കെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നു വന്നേക്കാം. പ്രസ്തുത ചോദ്യം മനസ്സില്‍ തന്നെ സൂക്ഷിക്കുകയല്ലാതെ തുറന്നു പ്രകടിപ്പിക്കാന്‍ ഇവിടെ അനുവാദമില്ല.)

ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാനുള്ളത് തിരിച്ചു വരുന്ന ഇന്ത്യക്കാര്‍ക്കും കേരളീയര്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പുനരധിവാസത്തിനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നത് മാത്രമാണ്. കൂടാതെ നാട്ടില്‍ നിന്നും ഇനിയും  ഫ്രീ വിസയില്‍ വരാനുള്ളവരെ തടയുക എന്നതും. കത്തയക്കലുകളും അംബാസഡര്‍ തല ചര്‍ച്ചയുമെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണ്. 

 

Permanent link to this article: http://pravasicorner.com/?p=8909

Copy Protected by Chetans WP-Copyprotect.