സൗദി അറേബ്യയിലെ സ്പോന്സറുടെ കീഴില്‍ നിന്ന് മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ പിടിക്കപ്പെടുമെന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യക്ക് മാത്രമായി സാധിക്കുകയില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ പിടിക്കപ്പെട്ടു തര്‍ഹീലിലൂടെ നാടു കടത്തപ്പെടുന്നവരുടെ പാസ്പോര്ട്ടില് പ്രതികൂല പരാമര്‍ശങ്ങള്‍ അടങ്ങിയ സ്റ്റാമ്പിംഗ് നടത്തുന്നത് ഒഴിവാക്കാനായി ശക്തമായ നയതന്ത്ര ശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പല പ്രവാസികളും ഇനിയും സൗദി അറേബ്യയിലേക്ക് തിരിച്ചു വരുന്നതിനു താല്‍പ്പര്യം ഉള്ളവരാണ്. സൌദിയിലെ പരിചയ സമ്പന്നതയുടെ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ പുതിയ വിസ സംഘടിപ്പിക്കുവാനും തിരിച്ചു വരാനും ഇവര്‍ക്ക് സാധിക്കും. അത് പോലെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകണമെന്നുള്ളവരുണ്ട്. അതിനു സാധിക്കണമെങ്കില്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സ്റ്റാമ്പ് പിടിക്കപ്പെട്ടു തിരിച്ചു വരുന്നവരുടെ പാസ്പോര്ട്ടില് പതിപ്പിക്കുന്നത് ഒഴിവാകുന്ന സാഹചര്യമുണ്ടാവണം.
പിടിക്കപ്പെടുന്നവരുടെ പാസ്പോര്ട്ടില് പ്രതികൂല പരാമര്‍ശമുള്ള സ്റ്റാമ്പ് പതിപ്പിച്ചാല്‍ പിന്നീട് സൌദിയിലേക്ക് മടങ്ങി പോകാന്‍ സാധിക്കില്ലെന്ന് മാത്രമല്ല ജി.സി.സി പൊതു കൌണ്‍സിലിന്റെ തീരുമാന പ്രകാരം ജി.സി.സിയിലെ മറ്റു അംഗ രാജ്യങ്ങളായ യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കും അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവേശനം അസാധ്യമാകുന്ന അവസ്ഥ സംജാതമാകും.
തൊഴില്‍ നിയമ ലംഘനമാണെങ്കില്‍ തന്നെയും ഫ്രീ വിസക്കാര്‍ ഗുരുതരമായ നിയമ ലംഘനം നടത്താത്ത അവസ്ഥയില്‍ അനുഭാവ പൂര്‍ണ്ണവും മനുഷ്യത്വപരവുമായ സമീപനത്തിന് നയതന്ത്ര തലത്തില്‍ അപക്ഷിക്കാവുന്നതാണ്. നയതന്ത്രപരമായ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഫലമുണ്ടാവും.
അത്തരത്തിലുള്ള അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ അതിന്റെ ആനുകൂല്യം എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരത്തിലുള്ള ഇന്ത്യയുടെ നീക്കത്തിന് നയതന്ത്ര തലത്തില്‍ സൌദിയില്‍ പ്രവാസികള്‍ കൂടുതലുള്ള മറ്റു രാജ്യങ്ങളുടെ പിന്തുണയും ലഭിക്കും.
ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടില്ല എന്നതിനാല്‍ ഈ തൊഴിലാളികള്‍ നിയമ പരമായ വിസയില്‍ ഇനിയും സൌദിയിലേക്ക് തിരിച്ചു വരുന്നതിനു സൗദി അധികൃതര്‍ക്കും എതിര്‍പ്പ് ഉണ്ടാവില്ല. കാരണം ഇവരുടെ പരിചയ സമ്പന്നത സൗദി അറേബ്യക്ക് ഇനിയും ഉപയോഗപ്പെടുത്താന്‍ കഴിയും.
ഇത്തരം സ്റ്റാമ്പിംഗ് ഒഴിവാക്കി കിട്ടിയാല്‍ തന്നെ അത് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മികച്ച നയതന്ത്ര നീക്കമായിരിക്കും. സൌദിയിലെ പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന വലിയൊരു സേവനവുമായിരിക്കും.