«

»

Print this Post

ഫ്രീ വിസ പ്രതിസന്ധി: പകച്ചു നില്‍ക്കുന്ന നമ്മുടെ മന്ത്രിമാര്‍

 

1

 

സൗദി അറേബ്യയിലെ ഫ്രീ വിസക്കാരെ പിടികൂടി നാട്ടിലേക്കയക്കുന്നത് സംബന്ധിച്ചു ഉണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ എവിടെ തുടങ്ങണം എങ്ങിനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് നമ്മുടെ മന്ത്രിമാരും നയതന്ത്ര സംഘവും.

നിയമ ലംഘകരെ പിടി കൂടരുതെന്ന് ആവശ്യപ്പെടാന്‍ ഇന്ത്യക്കാവില്ല. മന്ത്രി തലത്തിലും എംബസ്സി  തലത്തിലും  എല്ലാം ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യക്ക് പരിമിതിയുണ്ട്. കാരണം ഫ്രീ വിസക്കാരെ സംബന്ധിച്ചിടത്തോളം പുതിയ ഒരു നിയമവും സൗദി അറേബ്യയില്‍ കൊണ്ട് വന്നിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന നീയമ ലംഘനത്തിന് എതിരായ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുകയാണെങ്കില്‍ നിയമം ലംഘിച്ചു എങ്ങിനെ ഇത്രയധികം ഇന്ത്യക്കാര്‍ ഇവിടെ എത്തി എന്നതിന്‍റെ സാഹചര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചക്ക് പോകുന്നവര്‍ വിശദീകരിക്കേണ്ടി വരും. 

പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും ഇന്ത്യക്കാരെ പിടികൂടരുതെന്നും ആവശ്യപ്പെട്ടു ചര്‍ച്ചക്ക് പോയാല്‍ സൌദിയിലെ ആഭ്യന്തര മന്ത്രാലയത്തിലോ തൊഴില്‍ മന്ത്രാലയത്തിലോ ഇരിക്കാന്‍ ഒരു കസേര പോലും ലഭിക്കില്ല എന്ന് നമ്മുടെ മന്ത്രിമാര്‍ക്കും നയതന്ത്ര സംഘത്തിനും അറിയാം. അതേ സമയം വര്‍ദ്ധിച്ചു വരുന്ന ജനരോഷത്തെ തണുപ്പിച്ചു നിര്‍ത്തേണ്ടത്മുണ്ട്.  

തിരിച്ചു വരുന്നവരില്‍ അധികവും കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ ജനരോഷം കൂടുതല്‍ നേരിടേണ്ടി വരിക കേരളത്തിലെ മന്ത്രിമാര്‍ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായിരിക്കും. അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലില്‍ ആണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും, കേരളത്തിന്റെ പ്രവാസികാര്യ ചുമതലയുള്ള മന്ത്രി കെ.സി ജോസഫുമെല്ലാം. ഇവരെ കളത്തിലേക്ക് ഇറക്കി വിട്ടു മറ്റുള്ള മന്ത്രിമാര്‍ കളി കാണുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

ഇന്നലെ ഇ.അഹമ്മദ്‌ കൂടി കളത്തിലിറങ്ങി എന്നത് വയലാര്‍ രവിക്കും, കെ.സി.ജോസഫിനും ആശ്വാസമായി.സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ആശങ്ക അറിയിച്ചു ഇ.അഹമ്മദ്‌ സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുള്ള അല്‍ സയീദ്‌ രാജകുമാരന് ഇന്നലെ കത്ത് കൊടുത്തിരുന്നു. താജിക്കിസ്ഥാനിലെ ഏഷ്യന്‍ സഹകരണ കോണ്‍ഫ്രന്സില്‍ വെച്ചാണ് കത്ത് കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്തിലെ ഉള്ളടക്കം അഹമ്മദ്‌ അമീര്‍ അബ്ദുല്‍ അസീസിന്റെ ശ്രദ്ധയില്‍ പെടുത്തി എന്നാണു വാര്‍ത്ത.

കത്ത് കൊടുത്തത് നയതന്ത്രപരമായി നല്ല നീക്കമാണെങ്കിലും ആരാണീ ഉമ്മന്‍ ചാണ്ടി എന്ന് സൗദി രാജകുമാരന്‍ ഒരു നിമിഷം ചിന്തിച്ചു കാണാനാണ് സാധ്യത. നിയമപരമായി ഇക്കാര്യങ്ങളെ കുറിച്ച് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നു തുറന്നു പറഞ്ഞ സൗദി വിദേശകാര്യ സഹമന്ത്രി എങ്കിലും  ഇന്ത്യക്കാര്‍ക്ക് പരമാവധി പരിഗണന നല്‍കാം എന്ന് പറഞ്ഞു തന്റെ മര്യാദ പ്രകടിപ്പിച്ചു.

മന്ത്രി കെ.സി ജൊസഫ് ഈ വിഷയത്തെ വളരെ പക്വമായിട്ടാണ് സമീപിക്കുന്നത്. അമിതാവേശമില്ലാതെ കാര്യങ്ങളെ ഭംഗിയായി വിശദീകരിക്കുന്നുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ എല്ലാ മലയാളികള്‍ മടങ്ങേണ്ടി വരുമെന്ന പറഞ്ഞ മന്ത്രി, പുനരധിവാസത്തിന് കേന്ദ്രത്തിന് കൂടി ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞു ഉത്തരവാദിത്വം കേന്ദ്രവുമായി പങ്കു വെക്കാനും ശ്രമിച്ചു.

അതേ സമയം അമളി പിണയുന്നത് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടുന്ന മന്ത്രിക്കു പല കാര്യങ്ങളും ഫലപ്രദമായി വിശദീകരിക്കാനാവുന്നില്ല. പല കാര്യങ്ങളിലും ആവശ്യമായ വിശദീകരണം നല്‍കാനാവാതെ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന പല കാര്യങ്ങളും ഹിമാലയന്‍ വങ്കത്തരങ്ങള്‍ ആണെന്ന് പിന്നീടാണ്‌ അദ്ദേഹത്തിന് മനസ്സിലാവുന്നത്. മന്ത്രി പറയുന്ന കാര്യങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഫ്ലാഷ് ന്യൂസ്‌ ആയി കൊടുക്കുന്ന ചാനലുകളില്‍ അര മണിക്കൂറിനു ശേഷം അവ അപ്രത്യക്ഷമാവുന്നതും അത് കൊണ്ട് തന്നെ. 

 

Permanent link to this article: http://pravasicorner.com/?p=8940

Copy Protected by Chetan's WP-Copyprotect.