അല്‍ ഖ്വയിദ തീവ്രവാദികള്‍ക്ക് വേണ്ടി സൗദിയില്‍ ആഡംബര ജയില്‍.

1
കേന്ദ്രത്തില്‍ ഒരുക്കിയ ഒളിമ്പിക്സ് നിലവാരത്തില്‍ ഉള്ള നീന്തല്‍ കുളം

 

സൗദി അറേബ്യ:മാനസിക-ശാരീരിക പീഡനത്തിലൂടെയല്ല പൌരന്മാരുടെ തീവ്ര മാനസികാവസ്ഥക്ക് മാറ്റം വരുത്തേണ്ടത് എന്ന സന്ദേശം നല്‍കി കൊണ്ട് സൗദിയില്‍ തടവിലുള്ള അല്‍ ഖ്വയിദ തടവുകാര്‍ക്ക് ആഭ്യന്തര മന്ത്രാലയം റിയാദില്‍ ആഡംബര ജയിലൊരുക്കി. രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടി വ്യത്യസ്തമായ സമീപനം ഒരുക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.

മാനസിക പരിവര്‍ത്തനത്തിന് വേണ്ടി റിയാദില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഈ കേന്ദ്രത്തില്‍ കായികാഭ്യാസത്തിനുള്ള സൌകര്യവും, സ്പാ ട്രീറ്റ്മെന്റും മറ്റും തടവുകാര്‍ക്ക് ലഭിക്കും.

228 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യമാണ് ഈ മാനസിക പരിവര്‍ത്തന കേന്ദ്രത്തില്‍ ഉണ്ടാവുക. 12 കെട്ടിടങ്ങളില്‍ ഓരോ കെട്ടിടത്തിലും 19 തടവുകാരെ വീതം പാര്‍പ്പിക്കും. 10 ഫുട്ബോള്‍ ഗ്രൌണ്ടുകളുടെ വലിപ്പമുണ്ടാവും ഈ ജയിലിന്.

ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഒരുക്കുന്ന അതേ വലിപ്പത്തിലുള്ള നീന്തല്‍ കുളം, ജിം, തിരുമ്മല്‍ എന്നിവയും കൂടാതെ വിനോദത്തിനായി ടെലിവിഷന്‍ ലോഞ്ചും ഉണ്ട്.

തടവുകാര്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക സ്യൂട്ട് റൂമുകള്‍ ഉണ്ടാകും. നല്ല പെരുമാറ്റം പ്രകടിപ്പിക്കുന്നവര്‍ക്ക് രണ്ടു ദിവസം ഭാര്യമാരോടൊത്തു കഴിയാനുള്ള അവസരം നല്‍കും.

തടവില്‍ നിന്ന് മോചിതരാക്കുന്നതിനു മുന്‍പ് 3000 തടവുകാര്‍ക്ക് ഈ പരിവര്‍ത്തന കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജനറല്‍ മന്‍സൂര്‍ അല്‍ ടര്‍ക്കി പറഞ്ഞു.

മറ്റു മൂന്നു സ്ഥലങ്ങളില്‍ കൂടി ഇത്തരത്തിലുള്ള മാനസിക പരിവര്‍ത്തന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനു ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ജിദ്ദയില്‍ ഇപ്പോള്‍ തന്നെ ഒരു മാനസിക പരിവര്‍ത്തന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആദ്യ ആഡംബര കേന്ദ്രമാണ് റിയാദിലേത്.

 

Copy Protected by Chetan's WP-Copyprotect.