കേന്ദ്ര മന്ത്രിമാരുടെ സൗദി സന്ദര്‍ശനം പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് പി.വി.അബ്ദുല്‍ വഹാബ്

0
1

 

1

 

സൗദി അറേബ്യലേക്കുള്ള കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയുടെയും ഇ.അഹമ്മദിന്റെയും സന്ദര്‍ശനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നും സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുസ്ലീം ലീഗ് നേതാവും മുന്‍ എം.പിയും വ്യവസായ പ്രമുഖനുമായ പി.വി.അബ്ദുല്‍ വഹാബ് പറഞ്ഞു. സ്വദേശിവല്‍ക്കരണം മൂലം ദുരിതത്തിലായ പ്രവാസികള്‍ക്ക് ഈ സന്ദര്‍ശനം മൂലം യാതൊരു ഗുണവും ഉണ്ടാകില്ല. 

സൌദിയിലെ സ്ഥിതിഗതികളെ പറ്റി അറിയാതെ പ്രശ്നം പര്‍വ്വതീകരിച്ച ഇന്ത്യന്‍ മീഡിയകളും രാഷ്ട്രീയക്കാരുമെല്ലാം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തില്‍ സൗദി സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സൗദി അറേബ്യയിലെ നിതാഖാത്‌ നിയമത്തില്‍ മൂന്നു മാസത്തെ ഇളവ്‌ പ്രഖ്യാപിച്ചത് അബ്ദുള്ള രാജാവാണ്. ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തിയത് തൊഴില്‍ മന്ത്രിയുമായാണ്. രാജാവ് പ്രഖ്യാപിച്ച ഇളവില്‍ ഏതെന്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തൊഴില്‍ മന്ത്രിയെ കൊണ്ട് സാധിക്കുകയില്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുക രാജാവിന് മാത്രമാണ്. രാജാവുമായി ചര്‍ച്ച നടത്താന്‍ പ്രധാന മന്ത്രിക്കു മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെ പറ്റി പഠിക്കാതെയുള്ള നാട്ടിലെ നേതാക്കന്മാരുടെ നിതാഖാത്‌ ചര്‍ച്ചകളും പ്രസ്താവനകളും ഭാവിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദോഷകരമായി തീരുമെന്ന ആശങ്കയും അദ്ദേഹം പങ്കു വെച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര കാര്യാലയങ്ങളില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ച് അവ ശക്തമാക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്നും വഹാബ് പറഞ്ഞു.