ഫാമിലി വിസയിലുള്ള വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ്

0
1

 

1
പരിശോധനകള്‍ നടന്നിരുന്ന സമയത്ത് വിദ്യഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് അയച്ച എസ്.എം.എസ് സന്ദേശം

 

സൗദി അറേബ്യ: വിദേശ തൊഴിലാളികളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനു തൊഴില്‍ മന്ത്രാലയം അനുവാദം നല്‍കി എന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയ വക്താവ് ഹതാബ്‌ അല്‍ അനൈസി നിഷേധിച്ചു.

ഈ വാര്‍ത്ത വാസ്തവമല്ലെന്നും, അത്തരത്തിലുള്ള യാതൊരു പുതിയ നടപടിക്രമങ്ങളും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തു വിദേശ തൊഴിലാളികളുടെ ഫാമിലി വിസയില്‍ ഉള്ളവര്‍ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ സ്വകാര്യ സ്കൂളുകളിലും പാരാ മെഡിക്കല്‍ രംഗത്തും ഫാമിലി വിസയിലുള്ളവരുടെ ഭാര്യമാരും പെണ്‍മക്കളും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇത്തരതിലുള്ളവര്‍ക്ക് നിയമപരമായി ജോലി ചെയ്യാനുള്ള അനുവാദം നല്‍കി എന്ന വാര്‍ത്തയാണ് തൊഴില്‍ മന്ത്രാലയം നിഷേധിച്ചത്.

സ്വദേശിവല്ക്കരണത്തോട് അനുബന്ധിച്ച് രാജ്യത്തു ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന വ്യാപകമായ പരിശോധനയില്‍ വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍ കയറി പരിശോധന നടത്തുമെന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഫാമിലി വിസയിലുള്ള നിരവധി അധ്യാപകര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നത് രാജ്യത്തെ അധ്യാപന രംഗത്തെ ദോഷകരമായി ബാധിച്ചിരുന്നു.

തുടര്‍ന്ന് സ്കൂളുകളില്‍ പരിശോധനകള്‍ ഉണ്ടാവില്ല എന്ന രീതിയില്‍ വിദ്യാഭ്യാസ മന്ത്രാലയം സ്കൂള്‍ അധികാരികള്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചിരുന്നു. അതിനു ശേഷമാണ് പല സ്കൂളുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായത്.

വിദ്യാഭ്യാസ മന്ത്രാലയം അയച്ച എസ്.എം.എസ് സന്ദേശത്തില്‍ കുടുംബിനികളുടെ പദവി ശരിയാക്കുന്നതിനു വിവിധ വകുപ്പുകളുമായി ആലോചിച്ചു വരികയാണെന്നു വ്യക്തമാക്കിയിരുന്നു. അതിനു കടക വിരുദ്ധമായ പ്രസ്താവനയുമായാണ് തൊഴില്‍ മന്ത്രാലയ വക്താവ് ഇന്നലെ രംഗത്ത്‌ വന്നത്.