ഇന്ത്യ-സൗദി സംയുക്ത സമിതി യോഗം ലോക തൊഴിലാളി ദിനമായ ഇന്ന്, ഉത്കണ്ഠയോടെ പ്രവാസികള്‍

 

1

 

 

സൗദി അറേബ്യ: കേന്ദ്രമന്ത്രിമാര്‍ അടങ്ങുന്ന ഉന്നത തല സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ അനധികൃത താമസം അടക്കം ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച ഇന്ത്യ-സൗദി സംയുക്ത സമിതിയുടെ ആദ്യ യോഗം ലോക തൊഴിലാളി ദിനമായ ഇന്ന് റിയാദില്‍ ചേരും.

സൗദിയില്‍ നിലനില്‍ക്കുന്ന പ്രത്യേക തൊഴില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സമിതി രൂപീകരിച്ചു മൂന്ന് ദിവസത്തിനകം തന്നെ ആദ്യ യോഗം ചേരുന്നത്.

സൗദി അറേബ്യയെ പ്രതിനിധീകരിച്ച് അഹമ്മദ്‌ ഹുമൈദാനും ഇന്ത്യയുടെ പ്രതിനിധിയായി റിയാദ്‌ ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ സിബി ജോര്‍ജുമാണ്‌ സമിതിയില്‍ ഉള്ളത്.

പ്രവാസികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിതല സന്ദര്‍ശനം കാര്യമായ മെച്ചങ്ങളൊന്നും പ്രവാസികള്‍ക്ക് നല്‍കാത്തതിനാല്‍ സംയുക്ത സമിതിയുടെ യോഗത്തിലും ശരാശരി പ്രവാസി മലയാളികള്‍ക്ക് കൂടിയ പ്രതീക്ഷകളൊന്നുമില്ല. എങ്കിലും എന്ത് തീരുമാനങ്ങളാണ് ഈ സമിതി ആദ്യമായി കൈക്കൊള്ളുക എന്നതിനെ സംബന്ധിച്ചുള്ള ആകാംക്ഷയാണ് പ്രവാസികളില്‍ നിഴലിക്കുന്നത്. 

ഇന്ത്യക്കാര്‍ക്ക് മാത്രമായി എന്തെങ്കിലും ഇളവുകള്‍ ഉണ്ടാവില്ലെന്ന് എല്ലാ കോണുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കന്തറ പാലത്തിനു അടിയില്‍ കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ പൌരന്മാര്‍ക്ക് ശിക്ഷ ഇളവ്‌ ചെയ്തു പോകാന്‍ അനുവദിച്ച പോലുള്ള ഇളവുകള്‍ പ്രവാസികള്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അത്തരം ഇളവുകള്‍ സൗദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചു പോകുന്നുണ്ട്.

വരും ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന വാര്‍ത്തകള്‍ ശ്രവിക്കാന്‍ സാധിക്കുമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന്റെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാവണേ  എന്ന പ്രാര്‍ഥനയിലാണ് തൊഴില്‍ കുഴപ്പങ്ങളില്‍ പെട്ട് നിലനില്‍പ്പ് അപകടത്തിലായിരിക്കുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍. 

 

You may have missed

Copy Protected by Chetan's WP-Copyprotect.