«

»

Print this Post

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍……

 

1

 

ഞാന്‍ സൗദി അറേബ്യയില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇത് വരെ തൊഴില്‍ കരാര്‍ എഴുതിയിട്ടില്ല.നാട്ടില്‍ നിന്ന് വരുമ്പോള്‍ വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോട് കൂടിയ അവധി വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ പറയുന്നത് രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രമേ അവധി ലഭിക്കൂ എന്നാണ്. അടുത്ത വര്‍ഷവും അവധി ലഭിക്കുമോ, ശമ്പളത്തോട് കൂടിയ അവധി ആകുമോ എന്നും വ്യക്തതയില്ല. ഇതെല്ലം ഉള്‍പ്പെടുത്തി ഇപ്പോള്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കാന്‍ പറയുന്നതിന് നിയമ പ്രാബല്യമുണ്ടോ?

സൗദി അറബിയിലെ ഒരു വിദേശ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം വളരെ ആധികാരികമായ ഒരു രേഖയാണ് തൊഴില്‍ കരാര്‍. സൗദി അറേബ്യയെ പോലെയുള്ള നിയമ സംവിധാനങ്ങള്‍ ഉള്ള, നിയമ വിദഗ്ദരുടെ സേവനം വളരെ ചിലവേറിയ ഒരു രാജ്യത്തു പ്രത്യേകിച്ചും.

ഒരു തൊഴിലാളിക്ക് തന്റെ കടമകള്‍ എല്ലാ കമ്പനിക്കാരും സ്പോണ്സര്‍മാരും പറഞ്ഞു കൊടുക്കാറുണ്ട്. എന്നാല്‍ തൊഴിലാളിയുടെ അവകാശങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാതെ മൗനം പാലിക്കുകയാണ് പതിവ്. അതിനെ കുറിച്ചുള്ള വിശദീകരണമോ ബോധവല്‍ക്കരണമോ പലയിടത്തും കാണാറില്ല.

ലിഖിതമായ ഒരു തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസ്തുത കരാര്‍ ഒരു ആധികാരിക രേഖയായി കണക്കാക്കി തൊഴില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ലേബര്‍ ഓഫീസുകള്‍ക്കും, തൊഴില്‍ കോടതികള്‍ക്കും കഴിയും. എന്നാല്‍ ഫ്രീ വിസയില്‍ എത്തിയിട്ടുള്ള 99 ശതമാനം പേര്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടാവാറില്ല. സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കിടയില്‍ തൊഴില്‍ തര്‍ക്കങ്ങളുടെ ബാഹുല്യം ഉണ്ടാവാനുള്ള പ്രധാന കാരണം ഇത് തന്നെയാണ്.ഇപ്പോഴുള്ള ഹുറൂബുകാരില്‍ 90 ശതമാനവും തൊഴില്‍ കരാര്‍ ഇല്ലാത്ത ഫ്രീ വിസക്കാരാണ്.

ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ എഴുതപ്പെട്ടതായിരിക്കണം എന്നും അതിനു കാലാവധി രേഖപ്പെടുത്തണമെന്നും സൗദി തൊഴില്‍ നിയമത്തിലെ മൂന്നാം അധ്യായത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ ഈ ഭാഗത്ത്‌ തൊഴില്‍ കരാറിന്റെ കലാവധിയിലാണ് ഊന്നല്‍ കൊടുത്തിട്ടുള്ളത്.

ഇത് വരെ തൊഴില്‍ കരാര്‍ ഇല്ല എന്നുള്ളത് കൊണ്ട് ദോഷമൊന്നും സംഭവിക്കുകയില്ല. തൊഴില്‍ കരാര്‍ ഇല്ലെങ്കിലും അത് ഉള്ളതായി അനുമാനിക്കണമെന്നു സൗദി തൊഴില്‍ നിയമത്തിലെ അഞ്ചാം അധ്യായതില് പറയുന്നുണ്ട്. അത് കൊണ്ട് സൗദി തൊഴില്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള പൊതുവായ ആനുകൂല്യങ്ങളെല്ലാം തൊഴിലാളിക്ക് ലഭിക്കും.

എന്നാല്‍ വ്യക്തിഗതമായോ, പ്രത്യേകമായോ എന്തെങ്കിലും ലഭിക്കാനുണ്ടെങ്കില്‍ അത് തെളിയിക്കുന്നതിന് തൊഴില്‍ കരാറോ മറ്റെന്തെങ്കിലും ശക്തമായ തെളിവുകളോ വേണ്ടി വരും.തൊഴില്‍ കരാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തെളിയിക്കേണ്ട ബാധ്യത തൊഴിലാളിക്ക് മാത്രമാണെന്ന് സൗദി തൊഴില്‍ നിയമം പറയുന്നു. (എന്നാല്‍ പലപ്പോഴും ആവശ്യമായ രേഖകളില്ലാതെ ഈ തെളിയിക്കലുകള്‍ പ്രായോഗികമായി വിജയിക്കാറില്ല. അത് കൊണ്ടാണ് തൊഴില്‍ കരാര്‍ അത്യന്താപേക്ഷിതമാണെന്ന് പറയുന്നത്)

ഇത് വരെ തൊഴില്‍ കരാര്‍ ഇല്ലെങ്കിലും ഏതു സമയത്തും തൊഴില്‍ കരാര്‍ എഴുതാനായി ആവശ്യപ്പെടാന്‍ തൊഴിലാളിക്കും തൊഴിലുടമക്കും ഒരു പോലെ അവകാശമുണ്ടെന്ന് ‘തൊഴില്‍ ബന്ധങ്ങള്‍’ എന്ന അഞ്ചാം അധ്യായത്തില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ താങ്കളുടെ തൊഴിലുടമയോട് ഉടനെ തന്നെ തൊഴില്‍ കരാര്‍ എഴുതാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിന്റെ ഒരു കോപ്പി കൈവശം സൂക്ഷിക്കുകയും വേണം.

 

Permanent link to this article: http://pravasicorner.com/?p=9583

Copy Protected by Chetans WP-Copyprotect.