«

»

Print this Post

ഇന്ത്യന്‍ സംഘത്തിന്റെ സൗദി സന്ദര്‍ശനം പ്രവാസികള്‍ക്ക് ഗുണകരമായെന്ന് വിലയിരുത്തല്‍

 

1

 

സൗദി അറേബ്യ: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ നായരും ഉള്‍പ്പെടുന്ന കേന്ദ്ര സംഘത്തിന്റെ സൗദി സന്ദര്‍ശനവും ചര്‍ച്ചകളും പൊതുവേ വിജയകരമാണെന്ന് വിലയിരുത്തപ്പെടുന്നു.

ചര്‍ച്ചകളില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളില്‍ പ്രബലമായ വിഭാഗമായ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതും അത് മുഖവിലക്കെടുക്കാന്‍ സൗദി അധികൃതര്‍ തയാറായി എന്നതും തീര്‍ച്ചയായും സന്ദര്‍ശനത്തിന്റെ  വിജയം തന്നെയാണ്.

ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച സംയുക്ത കര്‍മ്മ സമിതിയാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ ഉണ്ടായ മികച്ച നേട്ടം. .

സൗദി അധികൃതര്‍ക്ക്‌ അവരുടെ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ സാധിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് കേന്ദ്ര മന്ത്രിമാര്‍ ചോദിച്ചത്. നിതാഖാത്‌ പരിഷ്കാരങ്ങള്‍ സൌദിയുടെ ആഭ്യന്തര കാര്യമാണെന്നും അതിന്മേല്‍ തൊട്ടു കളിക്കാതെ തങ്ങുടെ പൌരന്മാര്‍ക്ക് വേണ്ടി മനുഷ്യത്വപരമായ  സമീപനം സ്വീകരിക്കണമെന്ന നിലപാട് കൈക്കൊണ്ടത് സൗദി അധികൃതരില്‍ നിന്നും പരമാവധി സൗഹൃദ സമീപനം ലഭിക്കുന്നതിനു കാരണമായി.

മറിച്ചു പൊതുമാപ്പ് നീട്ടണമെന്നോ ഹുറൂബ്‌ എടുത്തു കളയണമെന്നോ ഉള്ള ആവശ്യങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്കില്‍ സന്ദര്‍ശനം തന്നെ നടക്കുമായിരുന്നില്ല. അത് അനുവദിക്കാന്‍ സൗദി തൊഴില്‍ മന്ത്രിക്കോ ആഭ്യന്തര സഹമന്ത്രിക്കോ അധികാരമില്ലാത്തതിനാല്‍ അവരുമായുള്ള ചര്‍ച്ചകള്‍ നടക്കുമായിരുന്നില്ല.

പ്രധാനമന്ത്രി വരണമായിരുന്നു എന്നും വയലാര്‍ രവിയും ഇ.അഹമ്മദും ഈ ദൌത്യത്തിന് പോരാ എന്നും അബ്ദുല്‍ വഹാബിനെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു എങ്കിലും ഇത്തരമൊരു ദൌത്യത്തിന് രവിയും അഹമ്മദും മുതിര്‍ന്നില്ലായിരുന്നു എങ്കില്‍ പ്രവാസികളുടെ കാര്യങ്ങളില്‍ നിസ്സംഗത കാണിക്കുന്നു എന്നാരോപിച്ച് അനേകം വഹാബുമാര്‍ രംഗത്ത്‌ വരുമായിരുന്നു. കിട്ടുന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന പ്രവാസികളായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആ അവസരം ഭംഗിയായി ഉപയോഗിക്കുമായിരുന്നു. എയര്‍ ഇന്ത്യാ ബന്ദി നാടക സമയത്ത് യു.എ.ഇ യില്‍ സന്ദര്‍ശനം നടത്തിയ വയലാര്‍ രവിയുടെ യോഗങ്ങളിലെ ഒഴിഞ്ഞ കസേരകള്‍ അത് തെളിയിച്ചിട്ടുള്ളതാണ്.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന ഫലമായി രൂപീകരിച്ച സംയുക്ത സമിതിയുടെ ആദ്യ കൂടിക്കാഴ്ചയില്‍ തൊഴില്‍ സഹമന്ത്രി അഹമ്മദ്‌ അല്‍ ഹുമൈദാന്‍, വിദേശകാര്യ സഹമന്ത്രി ഡോ.അഹമ്മദ്‌ അല്‍ ഫഹിദ്‌, ലേബര്‍ റിലേഷന്‍സ്‌ സഹമന്ത്രി സിയാദ്‌ അല്‍ സൈഗ് എന്നിവര്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് സമിതി രൂപീകരണത്തെ സൗദി കാര്യഗൌരവത്തോടെ തന്നെയാണ് കാണുന്നതെന്ന സന്ദേശം നല്‍കിയിട്ടുണ്ട്. കരിമ്പട്ടികയില്‍ പെടാതെ നാട്ടില്‍ പോകാം എന്നുള്ളതും പുതിയ വിസയില്‍ തിരിച്ചു വരാമെന്നുമുള്ള കൂടിക്കാഴ്ചയിലെ ആദ്യ തീരുമാനം തന്നെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

ഈ സമിതി രൂപീകരണത്തിലൂടെ ഇന്ത്യക്ക് സൗദി ഭാരണാധികാരികളിലേക്ക് നേരിട്ട് പ്രശ്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും. കൂടാതെ ഇടയിലുള്ള ഉദ്യോഗസ്ഥന്മാരെ ഒഴിവാക്കി മന്ത്രി തലത്തില്‍ പരാതികള്‍ എത്തിക്കാന്‍ സാധിക്കുന്നത് കൊണ്ട് തീരുമാനവും വേഗത്തില്‍ ഉണ്ടാകും. സൗദി അറേബ്യ പോലെ കര്‍ശനമായ നിയമ വ്യവസ്ഥ നിലവിലുള്ള ഒരു രാജ്യത്തു ഇത്തരമൊരു സംവിധാനം വളരെ ആശ്വാസകരം ന്നെയാണ്.

തങ്ങളുടെ പൌരന്മാരുടെ കാര്യത്തില്‍ ഇന്ത്യ കാണിക്കുന്ന ശ്രദ്ധ മാതൃകയാക്കണമെന്ന് മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ അവരുടെ ഭരണ കര്‍ത്താക്കളോട് ആവശ്യപ്പെടുന്നത് വരെ എത്തിയിട്ടുണ്ട് ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനം. ഫിലിപ്പൈന്‍സുകാരും ശ്രീലങ്കക്കാരും പാക്കിസ്ഥാനികളും എല്ലാം ഇതേ അഭിപ്രായക്കാരാണ്. സൗദി അറേബ്യയിലെ പ്രവാസികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന താല്‍പ്പര്യം തങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാര്‍ പോലും ആരോപണം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.

ഹുറൂബ് പഴയ വിഷയമാണ് എന്നുള്ള വയലാര്‍ രവിയുടെ പ്രസ്താവന മാത്രമാണ് സന്ദര്‍ശനത്തിനിടയില്‍ കറുത്ത പാടായി നില്‍ക്കുന്നത്. അത് ഒരു വിഭാഗം പ്രവാസികളെ പ്രകോപിപ്പിക്കുകയുംചെയ്തു.

എന്തായാലും കേന്ദ്ര മന്ത്രിമാരുടെ  സന്ദര്‍ശനം കൊണ്ട് സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഗുണമല്ലാതെ ദോഷമൊന്നും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍..

 

Permanent link to this article: http://pravasicorner.com/?p=9589

Copy Protected by Chetan's WP-Copyprotect.