«

»

Print this Post

സൗദി തൊഴില്‍ നിയമം: 33 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിട്ടും അവസാനം വഞ്ചിക്കുന്ന സ്പോണ്‍സര്‍

 

1

 

സൗദി അറേബ്യയില്‍ 1981ഡിസംബര്‍ മുതല്‍ ഒരേ സ്പോണ്സറുടെ കീഴില്‍ ജോലി ചെയ്യുന്നു. മൂന്നു തവണയായി ഏകദേശം SR.12000/- റിയാല്‍ സെറ്റില്‍മെന്റ്‌ എന്നുപറഞ്ഞു തരികയും ഒപ്പിടുവിച്ചു വാങ്ങുകയും ചെയ്തിട്ടുണ്ട്.  പഴയ കണക്കില്‍ തന്നെ ഇനി നാല് വര്‍ഷത്തെ സര്‍വീസ് ബെനിഫിറ്റ് മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞു അതും ഒരു മാസത്തേക്ക് ഒന്നേകാല്‍ ദിവസത്തെ ശമ്പളം. മുന്‍പും മൂന്നു നാല് പ്രാവശ്യമായി ഇതേ കണക്കിലാണ് തന്നത്. എന്നിട്ട് അറബിയില്‍ മാത്രം എഴുതി ഒപ്പിടുവിച്ചു വാങ്ങി. ഇനി യഥാര്‍ത്ഥ E S B ലഭിക്കാന്‍ അര്‍ഹതയുണ്ടോ.

ഇപ്പോള്‍ എനിക്ക് ഫൈനല്‍ എക്സിറ്റ് അടിച്ചിരിക്കുന്നു.   തീര്‍ച്ചയായും എന്നെ ചീറ്റ് ചെയ്യുകയായിരുന്നു ഇതിനു പരാതിപ്പെട്ടാല്‍ നീതി ലഭിക്കുമോ? എങ്കില്‍ എവിടെ ആരോട് പരാതിപ്പെടണം ?

സേവനാനന്തര ആനുകൂല്യം അഥവാ ESB (End of Service Benefit) തൊഴിലുടമയുടെ ഔദാര്യമല്ല. അത് തൊഴിലാളിക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട ഒന്നാണ്. സൗദി തൊഴില്‍ നിയമത്തില്‍ ഇതിനു വേണ്ടി അഞ്ചു വകുപ്പുകള്‍ മാറ്റി വെച്ചതില്‍ നിന്ന് തന്നെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. എങ്കിലും ESB എന്നാല്‍ എന്താണ് എന്ന് തന്നെ അറിയാത്ത തൊഴിലാളികള്‍ സൗദി അറേബ്യയില്‍ ഇപ്പോഴുമുണ്ട്.

ഒരേ സ്പോണ്സറുടെ കീഴില്‍ 1981 മുതല്‍ തുടര്‍ച്ചയായി ജോലി ചെയ്ത താങ്കള്‍ക്കു 33 വര്‍ഷത്തെ ESB ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇത് മുഴുവന്‍ ലഭിക്കുകയും വേണം. കാരണം ഇത്ര വര്‍ഷത്തെ ESB മാത്രമേ നല്‍കാവൂ എന്ന രീതിയില്‍ സൗദിയില്‍ പരിധി നിശ്ചയിച്ചിട്ടില്ല.

ESB നല്‍കേണ്ടത് തൊഴിലാളി-തൊഴിലുടമ ബന്ധം അവസാനിക്കുമ്പോള്‍ മാത്രമാണ്. ആ ബന്ധം അവസാനിക്കുമ്പോള്‍ ആ അവസാന മാസം ലഭിച്ച മാസ ശമ്പളത്തിന്റെ (Last Month Wage – LMW) അടിസ്ഥാനത്തില്‍ ആണ് ESB കണക്ക് കൂട്ടുക. ആദ്യത്തെ അഞ്ചു വര്‍ഷം ഓരോ വര്‍ഷത്തേക്കു അവസാന മാസ ശമ്പളത്തിന്റെ പകുതിയും പിന്നീടുള്ള ഓരോ വര്‍ഷത്തേക്കും മുഴുവന്‍ മാസ ശമ്പളവുമാണ് ലഭിക്കേണ്ടത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം. അതായത് 2013 ല്‍ മെയ്‌ വരെയുള്ള നാല് മാസങ്ങള്‍ക്ക് കൂടി താങ്കള്‍ക്കു ESB ലഭിക്കണം. (ESB യെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

അഞ്ചു വര്‍ഷം കഴിഞ്ഞുള്ള മുഴുവന്‍ മാസ ശമ്പളം ESB ആയി തരാതിരിക്കാന്‍ വേണ്ടിയാണ് ചില സ്പോണ്‍സര്‍മാര്‍ ഇടയ്ക്കിടെ സെറ്റില്‍മെന്റ്‌ എന്ന രീതിയില്‍ പണം നല്‍കി പേപ്പറില്‍ ഒപ്പിട്ടു വാങ്ങുന്നത്. ഈ പേപ്പര്‍ ഉപയോഗിച്ച് തുടര്‍ച്ചയായ സേവനമല്ല എന്ന രീതിയില്‍ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.

ഇടക്കുള്ള ESB യും സെറ്റില്‍മെന്റ് ESB യും നിയമത്തില്‍ ഇല്ല. ESB ഒരു തവണ മാത്രമേ ലഭിക്കേണ്ടതാണ്.  ഇടയ്ക്കു വെച്ച് സെറ്റില്‍മെന്റ് എന്ന് പറഞ്ഞു നല്‍കുന്ന പണം അവസാനം ലഭിക്കേണ്ട ESB യില്‍ നിന്നുള്ള അഡ്വാന്‍സ്‌ ആയി മാത്രമേ കണക്കാക്കേണ്ടതുള്ളൂ. മൊത്തം ESB യില്‍ നിന്ന് ആ അഡ്വാന്‍സ്‌ തുക കുറച്ചു ബാക്കി ESB താങ്കള്‍ക്കു ഇപ്പോള്‍ ലഭിക്കേണ്ടതാണ്.

പണം സ്വീകരികുമ്പോള്‍ ഒപ്പിട്ടു കൊടുത്ത കടലാസില്‍ അറബിയില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതായിരുന്നു.  താങ്കളുടെ സര്‍വീസ്‌ continuous അല്ല എന്ന രീതിയില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. ഇനി പരാതിയുമായി പോകുമ്പോള്‍ അവ താങ്കള്‍ക്കു എതിരായി വരാനുള്ള സാധ്യത കൂടുതലാണ്.

താങ്കള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ലേബര്‍ ഓഫീസില്‍ പരാതി നല്‍കാം. അറബി സംസാരിക്കാന്‍ അറിയുമെങ്കില്‍ നല്ലത്. അല്ലെങ്കില്‍ അറബി അറിയുന്ന ഒരാളെ കൂടെ കൂട്ടുന്നത്‌ നല്ലതാണ്.

കാലതാമസം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഈ മാസം എക്സിറ്റ് ആയി നാട്ടിലേക്ക് പോകന്നു എന്നുണ്ടെങ്കില്‍ മധ്യസ്ഥ ചര്‍ച്ചക്ക് ശ്രമിക്കുന്നതിലും വിരോധമില്ല. കുറച്ചു വിട്ടു വീഴ്ച ചെയ്താലും ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 

 

Permanent link to this article: http://pravasicorner.com/?p=9687

Copy Protected by Chetans WP-Copyprotect.