ജവാസാത്തില്‍ നിന്ന് ലഭിച്ച അനധികൃത താമസക്കാരുടെ പാസ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസ്സി ഉടമകള്‍ക്ക് കൈമാറുന്നു

0
1

 

1

 

സൗദി അറേബ്യ: ജവാസാത്‌ അധികൃതര്‍ ഇന്ത്യന്‍ എംബസ്സിക്ക് കൈമാറിയ ഇന്ത്യക്കാരായ അനധികൃത താമസക്കാരുടെ പാസ്പോര്‍ട്ടുകള്‍ എംബസ്സി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നു.

ഇത്തരത്തില്‍ 15100 അനധികൃത ഇന്ത്യന്‍ പൌരന്മാരുടെ പാസ്പോര്‍ട്ടുകളാണ് സൗദി അധികൃതര്‍ ഇന്ത്യന്‍ എംബസ്സിക്ക് കൈമാറിയിട്ടുള്ളത്. കൈമാറിയ പാസ്പോര്‍ട്ടുകളില്‍ അധികവും തങ്ങളുടെ തൊഴിലാളികള്‍ ഒളിച്ചോടിപ്പോയതായി കാണിച്ചു ‘ഹുറൂബ്’ ആക്കുന്നതിനു വേണ്ടി സ്പോണ്‍സര്‍മാര്‍ ജവാസാതിനു ഹാജരാക്കിയിട്ടുള്ളതാണ്.

ഇന്ത്യയെ കൂടാതെ 27000 ഫിലിപ്പൈന്‍സ് സ്വദേശികളുടെ പാസ്പോര്‍ട്ടുകള്‍ റിയാദിലെ ഫിലിപ്പൈന്‍സ് എംബസിക്കും 12000 പാസ്പോര്‍ട്ടുകള്‍ ജിദ്ദയിലെ ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റിനും ജവാസാത്‌ അധികൃതര്‍ കൈമാറിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസ്സിയില്‍ ലഭിച്ച 15100 പാസ്പോര്‍ട്ടുകളുടെ നമ്പര്‍ സഹിതം വിശദമായ ലിസ്റ്റ് എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

ഈ പാസ്പോര്‍ട്ടുകളുടെ ഉടമകള്‍ക്ക് മെയ്‌ 13  മുതല്‍  18  വരെ എംബസ്സിയില്‍ നിന്നും പാസ്പോട്ടുകള്‍ കൈപറ്റാവുന്നതാണ്. എംബസ്സി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് പ്രകാരം നല്‍കിയിട്ടുള്ള പാസ്പോര്‍ട്ട് നമ്പരും, സീരിയല്‍ നമ്പരും, പാക്കറ്റ് നമ്പരും നല്‍കിയാല്‍ എളുപ്പത്തില്‍ കൈപ്പറ്റാന്‍ സാധിക്കും. പാസ്പോര്‍ട്ടിന്റെ കോപ്പി കൈവശം ഉണ്ടെങ്കില്‍ അത് കൂടി നല്‍കേണ്ടതാണ്. യഥാര്‍ത്ഥ ഉടമക്ക് മാത്രമേ പാസ്പോര്‍ട്ട് കൈമാറുകയുള്ളൂ.

നേരിട്ട് എംബസ്സിയില്‍ നിന്നും പാസ്പോര്‍ട്ട് കൈപറ്റാന്‍ സാധിക്കാത്തവര്‍ 01 4884697, 01 4881982, 0501699879, 0501700106, 0501699895, 0501699894 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് എംബസ്സി അറിയിച്ചു.