സൗദി അറേബ്യയിലെ ഇന്ത്യന്‍ അനധികൃത താമസക്കാര്‍ക്ക് ഔട്ട്‌ പാസ് അപേക്ഷ ഫീസ്‌ സൌജന്യമാക്കി

0
1

1
എംബസ്സിയില്‍ പാസ്പോര്‍ട്ട് കൈപറ്റുന്നതിന് വേണ്ടി എത്തിയ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍

 

സൗദി അറേബ്യ: നിതാഖാതും മറ്റു നിയമ പ്രശ്നങ്ങളും മൂലം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു ആവശ്യമായ യാത്രാ രേഖകള്‍ ഇല്ലാത്ത അനധികൃത ഇന്ത്യക്കാര്‍ക്ക് എംബസ്സിയില്‍ നിന്നും നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള (ഇ.സി) അപേക്ഷാ ഫീസ്‌ സൌജന്യമാക്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സൗദി അധികൃതര്‍ പ്രഖ്യാപിച്ച ഇളവിന്റെ സമയ പരിധിക്കുള്ളില്‍ തിരിച്ചു പോകുന്നവര്‍ക്ക് മാത്രവേ ഈ ഇളവ്‌ ബാധകമായിരിക്കുകയുള്ളൂ. ഇതിനെ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇന്നലെ നിലവില്‍ വന്നതായി സൗദിയിലെ ഇന്ത്യന്‍ എംബസ്സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പുതിയതായി ഔട്ട്‌ പാസ് ലഭിക്കുന്നതിനു വേണ്ടിയുള്ള പേക്ഷ നല്‍കുന്നവരില്‍ ഈ ഇളവ്‌ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കണമെന്ന് എംബസ്സി അറിയിച്ചു. പ്രസ്തുത ഫോം എംബസ്സി വെബ്‌ സൈറ്റില്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞവര്‍ ഇ.സി വാങ്ങുന്നതിന് വേണ്ടി എംബസ്സിയില്‍ എത്തുമ്പോള്‍ മാത്രം ഫീസ്‌ ഇളവ്‌ നേടുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ മതി.

സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ നിന്നും 2528 ഇ.സി കള്‍ തയ്യാറായി കഴിഞ്ഞതായി എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ വിശദമായ ലിസ്റ്റ് എംബസ്സി വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ്‌ 22 നകം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6 നും 9 നും ഇടക്കുള്ള സമയങ്ങളില്‍ എംബസ്സിയില്‍ എത്തി ഇ.സി കൈപറ്റാവുന്നതാണ്. യഥാര്‍ത്ഥ അപേക്ഷകന് മാത്രമേ ഇ.സി കൈമാറുകയുള്ളൂ എന്നും പകരക്കാരെ അയക്കേണ്ടതില്ല എന്നും എംബസ്സി വ്യക്തമാക്കി.