«

»

Print this Post

കമന്റുകളും ലൈക്കും ചെയ്തതിന്റെ പേരില്‍ ഉന്നത പോലീസ്‌ ഓഫീസര്‍മാരുടെ അനുമതിയില്ലാതെ അറസ്റ്റ്‌ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി

 

1

 

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരിലോ കമന്‍റുകള്‍ ലൈക്ക്‌ ചെയ്തതിന്റെ പേരിലോ ഉന്നത പോലീസ്‌ ഓഫീസര്‍മാരുടെ സമ്മതമില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ കാര്യത്തില്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഒരു കോണ്ഗ്രസ് നേതാവിന് എതിരായി ഫേസ്‌ബുക്കില്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തു എന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തതിന്റെ സാധുതയെ ചോദ്യം ചെയ്തു നിയമ വിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ബി.എസ്.ചൌഹാനും ദീപക്‌ മിശ്രയും അടങ്ങിയ ബെഞ്ച്‌ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പ് 66 A യുടെ ഭരണഘടന സാധുത ചോദ്യം ചെയ്തു കൊണ്ട് ശ്രേയ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. പ്രസ്തുത  പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ അവസാന വിധി വരുന്നത് വരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഫേസ്‌ബുക്കിലും മറ്റും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിലും കമന്റുകള്‍ ലൈക്ക്‌ ചെയ്യുന്നതിന്റെ പേരിലും രാജ്യത്തു നിരവധി അറസ്റ്റുകള്‍ നടന്നപ്പോഴാണ് മുതിര്‍ന്ന ഓഫീസറുടെ അനുവാദമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

 

Permanent link to this article: http://pravasicorner.com/?p=9928

Copy Protected by Chetan's WP-Copyprotect.