ഇളവ്‌ സമയ പരിധിയില്‍ സൗദിയില്‍ നിന്നും മടങ്ങുന്ന മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ വിമാന ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നു മന്ത്രി മഞ്ഞളാം കുഴി അലി

0
1

 

1

 

സൗദി അറേബ്യ: നിതാഖാതും അനുബന്ധ പ്രശ്നങ്ങളിലും പെട്ടു മൂന്നു മാസത്തെ ഇളവ്‌ പരിധിക്കുള്ളില്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നവരുടെ വിമാന ടിക്കറ്റ് തുക മടക്കി നല്‍കുന്ന കാര്യം കേരള സര്‍ക്കാര്‍ പരിഗണിക്കുമെന്ന് നഗരവികസന-ന്യൂനപക്ഷ മന്ത്രി മഞ്ഞളാം കുഴി അലി വ്യക്തമാക്കി. ജിദ്ദയില്‍ സൗദി ഗസറ്റ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി എംബസ്സിയെ സമീപച്ചവരില്‍ ബഹുഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരാന്. അവരുടെ തടസ്സങ്ങളില്ലാത്ത തിരിച്ചു പോക്ക് സര്‍ക്കാരിന് ഉറപ്പു വരുത്തേണ്ടതുണ്ട്. അവര്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ടിക്കറ്റ് വാങ്ങി നാട്ടിലേക്ക് തിരിച്ചാലും ആ തുക തിരിച്ചു നല്‍കുന്ന കാര്യം കേരള സര്‍ക്കാര്‍ പരിഗണിക്കും. തുക തിരിച്ചു നല്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

സൗദിയിലെ സ്വദേശിവല്‍ക്കരണത്തെതുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്ല്യങ്ങളും ഉറപ്പുവരുത്തും. ജോലി നഷ്ടപ്പെട്ടെത്തുന്നവരുടെ പുനരധിവാസം എങ്ങിനെ വേണമെന്ന് തീരുമാനിക്കണമെങ്കില്‍ മടങ്ങിയെത്തുന്നവരുടെ എണ്ണവും മറ്റു കാര്യങ്ങളും വ്യക്തമായി മനസിലാക്കണമെന്നും അതിന് ശേഷം അതനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃത പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനും രാജ്യം വിട്ടു പോകുന്നതിനും മൂന്നു മാസത്തെ സമയ പരിധി അനുവദിച്ച അബ്ദുള്ള രാജാവിന് അലി നന്ദി രേഖപ്പെടുത്തി.