Connect with us

LATEST

എയര്‍ ഇന്ത്യാ ബന്ദി നാടകം: പൈലറ്റിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Published

on

 

1

 

കൊച്ചി/അബൂദബി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 ന് അബൂദബി – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി യാത്രക്കാരോടെ ബസ്സില്‍ യാത്ര ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരെ വിമാനം റാഞ്ചി തന്നെ ബന്ദിയാക്കി എന്നരോപിച്ച എയര്‍ ഇന്ത്യാ പൈലറ്റ് രൂപാലി വാഗ്മാറിനെതിരെ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ജസ്റ്റിസുമാരായ കെ.ടി.ശങ്കരന്‍, എം.എല്‍.ജോസഫ്‌ ഫ്രാന്‍സിസ്‌ എന്നിവരടങ്ങിയ ബഞ്ചാണ് പൈലറ്റിനെതിരെ കേസെടുത്തത്. സംഭവത്തെ സംബന്ധിച്ച് യാത്രക്കാരുടെ പേരില്‍ ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംഭവത്തില്‍ ആര്‍ക്കെങ്കിലും എതിരെ കേസുകളോ നടപടികളോ എടുത്തിട്ടുണ്ടോ എന്ന് അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി പി.സേതുമാധവനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 ———————————————————————————————————-

 

എയര്‍ ഇന്ത്യാ സംഭവത്തില്‍ പ്രവാസികളായ മുഴുവന്‍ യാത്രക്കാര്‍ക്കും വേണ്ടി മുന്നില്‍ നിന്നു ശബ്ദമുയര്‍ത്തിയ ഡിം ബ്രെയ്റ്റ്‌ കാദര്‍ എന്നറിയപ്പെടുന്ന ശ്രീ. അബ്ദുല്‍ കാദറുമായി പ്രവാസി കോര്‍ണര്‍ ഡോട്ട് കോം പ്രതിനിധി കഴിഞ്ഞ വര്‍ഷം നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം: 


1

 

‘എയര്‍ ഇന്ത്യ ഹൈജാക്ക് ഡ്രാമ’ എന്ന് ദേശീയ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ച ആ സംഭവത്തിന്‌ നേതൃത്വം നല്‍കിയ ആളായിരുന്നല്ലോ താങ്കള്‍. എപ്പോഴാണ് യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ പ്രതികരിച്ചു തുടങ്ങിയത് ?

യഥാര്‍ത്ഥത്തില്‍ ഈ ഫ്ലൈറ്റില്‍ ജീവനക്കാര്‍ കുറവായിരുന്നു. കേവലം 5 സ്റ്റാഫിനെ വെച്ച് കൊണ്ടാണ് ഈ ഫ്ലൈറ്റ് ഓപ്പറേറ്റ്‌ ചെയ്തിരുന്നത്. ഞങ്ങള്‍ അബുദാബി എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ തന്നെ ഏതാണ്ട് നൂറു മീറ്ററോളം വരുന്ന മൂന്നു ക്യൂവിലാണ് ആളുകള്‍ നിന്നിരുന്നത്. ഇത്രയും ആളുകളെ മാനേജ് ചെയ്യാന്‍ ഈ അഞ്ചു സ്റ്റാഫിനെ കൊണ്ട് കഴിയില്ല എന്ന കാരണം കൊണ്ടാണ് ഫ്ലൈയ്റ്റ്‌ മൂന്നു മണിക്കൂര്‍ വൈകി അവിടെ നിന്നും പുറപ്പെട്ടത്‌. രാത്രി ഒരു മണി കഴിഞ്ഞിട്ടാണ് ഭക്ഷണം തന്നത്. അപ്പോഴൊന്നും യാത്രക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.

കൊച്ചിയില്‍ വന്നു ഇറക്കാന്‍ ശ്രമിച്ചു, സാധിച്ചില്ല. പിന്നീട് തിരുവനന്തപുരത്ത് വന്നു. കൊച്ചിയില്‍ ഇറക്കാതെ തിരുവനന്തപുരത്തു ഇറക്കിയത് മൂടല്‍ മഞ്ഞു മൂലമാണ്. അത് സുരക്ഷയുടെ ഭാഗമാണ്. പ്രകൃതിയില്‍ ഉണ്ടായ പ്രതിഭാസമാണ്. അത് നമ്മള്‍ അംഗീകരിച്ചേ പറ്റൂ.അത് യാത്രക്കാരെല്ലാവരും അംഗീകരിച്ചതുമാണ്. തിരുവനന്തപുരത്തു വന്നപ്പോള്‍ മറ്റു മൂന്നു ഫ്ലൈറ്റുകള്‍ അവിടെ കിടപ്പുണ്ട്. ഇതേ കാരണത്താല്‍. എത്തിഹാദ്‌, ഖത്തര്‍ എയര്‍വേയ്സ്‌, കിങ്ങ്ഫിഷര്‍ എന്നെ മൂന്നു വിമാനങ്ങളാണ് കൊച്ചിയില്‍ ഇറക്കാന്‍ പറ്റാതെ തിരുവനന്തപുരതു ഇറക്കിയിരുന്നത്. പിന്നീട് ആ മൂന്നു ഫ്ലൈറ്റുകളും അവരുടെ യാത്രക്കാരെ എടുത്തു കൊച്ചിയിലേക്ക് പറന്നു. അപ്പോഴും യാത്രക്കാര്‍ പ്രശ്നമുണ്ടാക്കിയില്ല.

ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ ഒന്നും പറയാതെ വന്നപ്പോള്‍ അവരോടു ഞങ്ങള്‍ വിവരം അന്വേഷിച്ചു. അപ്പോഴാണ്‌ ഞങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നും നിങ്ങള്‍ കൊച്ചിയിലേക്ക് ബസ്സില്‍ പോകണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞത്. അപ്പോള്‍ മാത്രമാണ്  യാത്രക്കാര്‍ പ്രതികരിക്കുന്നത്. അത് വരെ യാത്രക്കാര്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

യാത്രക്കാരുടെ ആവശ്യം എന്തായിരുന്നു ?

ജീവനക്കാരുടെ ജോലി സമയം അവസാനിച്ചു എങ്കില്‍ അവര്‍ പോയ്ക്കോട്ടെ എന്നും മറ്റൊരു പൈലറ്റിനെ കൊണ്ട് വന്നു ഞങ്ങളെ കൊച്ചിയില്‍ എത്തിക്കണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ഞങ്ങള്‍ ടിക്കെറ്റ് എടുത്തിരിക്കുന്നത് കൊച്ചിയിലേക്കാണ്. ബസ്സിന്റെ ടിക്കറ്റ് അല്ല. ഫ്ലൈറ്റിന്റെ ടിക്കറ്റ് തന്നെയാണ്. കൊച്ചിയില്‍ എത്തിക്കുക എന്നത് അവരുടെ കടമയും ഞങ്ങളുടെ അവകാശവുമാണ്. ഞങ്ങള്‍ നല്‍കിയ പണത്തിന്റെ സേവനം ഞങ്ങള്‍ക്ക് ലഭിക്കണം. അത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ലഭിച്ചേ മതിയാകൂ. ഇത് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ പിന്നീട് പറഞ്ഞത് ഇത് യാത്രക്കാരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് എന്നാണ് . ഇത്രയും സമയം ഫ്ലൈറ്റിനകത്തു പീഡിപ്പിക്കപ്പെട്ട കുട്ടികളും, ഗര്‍ഭിണികളും, പ്രായമായവരും അടങ്ങുന്ന യാത്രകാരുടെ സ്വാഭാവിക പ്രതികരണം.

ഹൈജാക്ക് ചെയ്തുവെന്ന സന്ദേശം ഏതു സാഹചര്യത്തിലായിരുന്നു ? റാഞ്ചുന്നതിന് സമാനമായ സാഹചര്യമുണ്ടായിരുന്നോ?

ഞങ്ങള്‍ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞു പൈലറ്റ് ബട്ടന്‍ അമര്‍ത്തുകയായിരുന്നു.ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞു ഫ്ലൈറ്റിലെ കോക്ക്പിറ്റിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും അത് സംബന്ധിച്ച സന്ദേശം പോകും. അതാണവിടെ സംഭവിച്ചത്. പക്ഷെ അതൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല.ഹൈജാക്ക് ചെയ്യണമെങ്കില്‍ ഞങ്ങളുടെ കയ്യില്‍ ഏതെന്കിലും തരത്തിലുള്ള ആയുധം വേണം. ഞങ്ങള്‍ ആരെയെങ്കിലും തടഞ്ഞു വെച്ചിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ ഞങ്ങള്‍ കാണിച്ചിട്ടുണ്ടായിരിക്കണം. ഇതൊന്നുമില്ലാതെ ഞങ്ങള്‍ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തു എന്ന് പറയുന്നത് അത്രയും നീചമായ പ്രവര്‍ത്തിയാണ്.അതിനെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ചത്.

ഇവിടെ ഞങ്ങളല്ല വിമാനം ഹൈജാക്ക്‌ ചെയ്തത്. പൈലറ്റ് ആണ് ഞങ്ങളെ ഹൈജാക്ക് ചെയ്തു തിരുവനന്തപുരത്തു കൊണ്ട് ചെന്നിറക്കിയത് എന്നാണു വാസ്തവത്തില്‍ പറയേണ്ടത്.

യാത്രക്കാരില്‍ മൂന്നു പേര്‍ കോക്ക്പിറ്റിനകത്തു കടന്നു പൈലറ്റിനെ ഭീഷണിപ്പെടുത്തി, അവര്‍ക്ക് പിന്തുണയുമായി മറ്റു മൂന്നു പേര്‍ കൂടി എത്തി എന്ന ആരോപണം ഉണ്ടായിരുന്നു ?

ഞങ്ങള്‍ കോക്ക്പിറ്റിനകത്തു കടന്നു എന്ന് പറയുന്നു. കോക്ക്പിറ്റിനകത്തെക്ക് പുറത്തു നിന്ന് ഒരാള്‍ക്കും കടക്കാന്‍ സാധിക്കില്ല. കാരണം അവര്‍ ഡോര്‍ ലോക്ക് ചെയ്‌താല്‍ പിന്നീട് പുറത്തു നിന്നുള്ള ആര്‍ക്കും അത് തുറക്കാന്‍ സാധിക്കില്ല. അത് പുറത്തു നിന്ന് ഒരാള്‍ക്ക്‌ തുറക്കണമെങ്കില്‍ മറ്റൊരു സ്ഥലത്ത് പാസ്‌വേഡ് ഇട്ടു ലോക്ക് ചെയ്തു വെച്ചിരിക്കുന്ന കീ കൊണ്ട് വന്നു വേണം തുറക്കാന്‍.

യഥാര്‍ത്ഥത്തില്‍ പൈലറ്റ് ചെയ്തിരുന്നത്, അവര്‍ ഡോര്‍ തുറന്നു ഞങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുകയായിരുന്നു. ഈ മീറ്റര്‍ ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്തതിനു ശേഷം റണ്‍ ചെയ്യാനുള്ള സമയമാണ്, ആ സമയം അവസാനിച്ചിരിക്കുന്നു, അത് കൊണ്ട് ഇവിടെ നിന്ന് ഇന്ധനം നിറച്ചു തരുന്നില്ല എന്നൊക്കെ.

സാങ്കേതിക കാരണങ്ങളാലാണ് കൊച്ചിയിലേക്ക് നിങ്ങളെ തിരികെ കൊണ്ട് പോകാന്‍ കഴിയാതിരുന്നത് എന്നാണു എയര്‍ ഇന്ത്യയുടെ വാദം ?

ഇതേ പറഞ്ഞ സാങ്കേതികത്വങ്ങളും മറി കടന്നു മറ്റൊരു പൈലറ്റ് വന്നു വിമാനം പറത്തിയിട്ടാണ് ഞങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. അത് വരെ ഞങ്ങളെഎയര്‍ ഇന്ത്യ വഞ്ചിക്കുകയായിരുന്നു എന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.ആകാശത്ത് വെച്ച് പൈലറ്റിന്റെ സമയം അവസാനിച്ചിരുന്നുവെങ്കില്‍ അവര്‍ പാരച്യൂട്ടിലൂടെ ഇറങ്ങി പോകുമായിരുന്നോ?

യാത്രക്കാരുടെ പ്രധാന ആവശ്യം എന്തായിരുന്നു ?

ഞങ്ങള്‍ പറഞ്ഞത്,ഞങ്ങള്‍ക്ക് സാങ്കേതികത്വം അറിയേണ്ട കാര്യമില്ല. കൊച്ചിയിലേക്ക് ടിക്കെറ്റ് എടുത്താല്‍ ഞങ്ങളെ കൊച്ചിയില്‍ ഇറക്കുക. ഇന്ധനം ഇല്ലെങ്കില്‍ ഇന്ധനം നിറക്കുക. പൈലറ്റിന്റെ സമയം കഴിഞ്ഞു എന്നുണ്ടെങ്കില്‍ പുതിയ പൈലറ്റിനെ കൊണ്ട് വരിക.ഇതൊക്കെ ചെയ്തു നിങ്ങള്‍ ഞങ്ങളെ കൊച്ചിയിലെത്തിക്കണം. ഇത് പറഞ്ഞപ്പോഴാണ് പോലീസിനെ വിളിച്ചും കേന്ദ്ര സേനയെ വിളിച്ചും ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

പൈലറ്റ് രൂപാലി വാഗ്മര്‍ ഒരു ഇന്റെര്‍വ്യൂവില്‍ പറഞ്ഞിരുന്നു യാത്രക്കാര്‍ കുറച്ചു സമയം കൂടി സംയമനം പാലിക്കുകയായിരുന്നെന്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്ന് ?

ഈ പ്രശ്നത്തിന് കാരണം ഈ പൈലറ്റ് തന്നെയാണ്. ഞങ്ങള്‍ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങാന്‍ തയാറാകാതിരുന്നതിനാല്‍ അവര്‍ക്കും ഇറങ്ങി പോകാന്‍ സാധിച്ചില്ല. ഫ്ലൈറ്റില്‍ യാത്രക്കാരേക്കാള്‍ ആദ്യം കയറേണ്ടത് ജീവനക്കാര്‍ ആണ്. അവസാനത്തെ  യാത്രക്കാരനും ഇറങ്ങിയതിനു ശേഷം മാത്രമേ അതിലെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. അത് നിയമമാണ്. മൂന്നു തവണ സ്റ്റാഫിന്റെ സമയം കഴിഞ്ഞതായി അവര്‍ അനൌന്‍സ്‌ ചെയ്തു.പിന്നെയും ഞങ്ങള്‍ പുറത്തിറങ്ങാതായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നതിനു വേണ്ടി അവര്‍ ഏ.സി ഓഫ് ചെയ്തു. ഭക്ഷണം തന്നില്ല. വെള്ളം തന്നില്ല. എന്നിങ്ങനെ പരമാവധി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വക വെക്കാതെ ഞങ്ങള്‍ ഫ്ലൈറ്റില്‍ ഇരുന്നതാണ് തെറ്റ് എന്ന് പറയുന്നത്.

അവര്‍ ഇപ്പോള്‍ പറയുന്നത് ഞങ്ങളെ കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ അവര്‍ തയ്യാറായിരുന്നു എന്നാണു. യാതൊരു കാരണവശാലും കൊച്ചിയിലേക്ക് പോകില്ല എന്ന് അവര്‍ മൂന്നു തവണ അന്ന് ഫ്ലൈറ്റില്‍ അനൌന്‍സ്‌ ചെയ്തതാണ്.

യാത്രക്കാര്‍ പൈലറ്റിനെതിരെ വധ ഭീഷണി മുഴക്കിയെന്നു ആരോപണമുണ്ട് ?

ഫ്ലൈറ്റില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടായിരുന്നില്ല. ഒരു യാത്രയില്‍ എത്ര ഭക്ഷണമാണ് നമ്മള്‍ ഒരു കുട്ടിക്ക് കരുതുക?ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചു നടന്നതല്ലല്ലോ? ഭക്ഷണം തന്നതിന് ശേഷം 22 മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍. ഫ്ലൈറ്റില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കിടന്നിരുന്ന ഒരു കുഞ്ഞിനെ കൊണ്ട് പൈലറ്റിനു കാണിച്ചു കൊടുത്തിരുന്നു.  

ആ കുഞ്ഞിനെന്തെന്കിലും സംഭവിച്ചാല്‍ ഞാന്‍ എന്തെങ്കിലും ചെയ്യും എന്ന് ആ കുഞ്ഞിന്റെ പിതാവ് അഷറഫ്‌ പറഞ്ഞതാണ് വധഭീഷണിയായി അവരെടുത്തിരിക്കുന്നത്. ആ പറഞ്ഞതിന്റെ സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം. ആ ദമ്പതികള്‍ക്ക് ആദ്യത്തെ പ്രസവത്തില്‍ ഉണ്ടായ ഇരട്ട കുട്ടികളില്‍ രണ്ടു  പേരും മരിച്ചു. പിന്നീടുണ്ടായ ഇരട്ട കുട്ടികളില്‍ ഒരു കുഞ്ഞും മരിച്ചു. അതില്‍ മരിക്കാതെ ലഭിച്ച കുഞ്ഞാണിത്. മൂന്നു മാസം ഇന്ക്യുബേറ്ററില്‍ കിടന്ന ആറു മാസം പ്രായമായ ആ കുട്ടിയുടെ കാര്യത്തില്‍ പിതാവ് വികാരാധീനനാവുക സ്വാഭാവികമാണ്.

ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ 22 മണിക്കൂര്‍ ദുരിതത്തിലാകുമ്പോള്‍ ഏതൊരു മനുഷ്യനും പ്രതികരിക്കില്ലേ? ഞങ്ങളും മനുഷ്യരല്ലേ? ആ സ്വാഭാവിക പ്രതികരണം മാത്രമേ ഞങ്ങളും ചെയ്തിട്ടുള്ളൂ. ഈ സംഭവം തമിഴ്നാട്ടിലോ, യു.പി യിലോ ആയിരുന്നെങ്കില്‍ ഫ്ലൈറ്റ് തന്നെ അവര്‍ കത്തിച്ചു കളഞ്ഞേനെ. പക്ഷെ ഞങ്ങള്‍ അന്തസ്സിന്റെ ഒരു പരിധി പോലും വിട്ടു പെരുമാറിയിട്ടില്ല.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥന്‍ ‘മൂത്രം കുടിക്കാന്‍ തരാം’ എന്ന് പറഞ്ഞുവോ ?

എയര്‍ ഇന്ത്യ ജീവനക്കാര്‍ ഭക്ഷണവും വെള്ളവും എല്ലാം തീര്‍ന്നു എന്ന് പറഞ്ഞപ്പോള്‍ തളര്‍ന്നു കിടന്ന കുഞ്ഞിനു കൊടുക്കാനായി വിമാനത്തിന് താഴെ നിന്നിരുന്ന കേന്ദ്ര സേനയിലെ ഒരു ഉദ്യോഗസ്ഥനോട് കുറച്ചു വെള്ളം ചോദിച്ചു. അപ്പോഴാണ്‌ അയാള്‍ പറഞ്ഞത്, ‘വെള്ളമല്ല, കുടിക്കാന്‍ മൂത്രം തരാമെന്നു’.അതുകേട്ടപ്പോള്‍  എല്ലാവരും കൂടി ബഹളമുണ്ടാക്കി. ഉടനെ അയാള്‍ അവിടെ നിന്നും അപ്രത്യക്ഷനായി. പിന്നെ അയാളെ കണ്ടിട്ടില്ല.

പോലീസിന്റെയും കേന്ദ്ര സേനയുടെയും പെരുമാറ്റം എങ്ങിനെയായിരുന്നു ?

ഫ്ലൈറ്റിനകത്തു കയറിയിട്ടാണ് പോലീസ്‌ ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌. നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകും ആ വീഡിയോകള്‍. അതിനകത്ത് കണ്ടതൊക്ക അവിടെ നടന്ന സത്യങ്ങള്‍ ആണ്.

കൊച്ചിയില്‍ വന്നതിനു ശേഷം അവിടെ എയര്‍ ഇന്ത്യക്കാരും കേന്ദ്ര സേനയും ചേര്‍ന്ന് മറ്റൊരു തരത്തില്‍ പീഡിപ്പിക്കുകയായിരുന്നു.ഫ്ലൈറ്റിന്റെ വാതിലില്‍ നിന്ന് എമിഗ്രേഷന്‍ കൌണ്ടര്‍ വരെ നിന്ന കേന്ദ്ര സേനക്കാരുടെ ഇടയിലൂടെയാണ് പത്തു പേര് വീതമായി ഞങ്ങളെ ഇറക്കി കൊണ്ട് വന്നത്. അതില്‍ നിന്നും ഞങ്ങള്‍ ആറു പേരെ തിരഞ്ഞു പിടിച്ചുമാറ്റിയിരുത്തുകയായിരുന്നു. ഞങ്ങളുടെ പാസ്പോര്‍ട്ട് വാങ്ങി വെച്ചു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മിണ്ടിപ്പോകരുത് എന്ന് മാത്രമായിരുന്നു കേന്ദ്ര സേനക്കാരുടെ മറുപടി. ഒന്നും പറയാന്‍ അനുവദിക്കാതെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു കേന്ദ്ര സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍.  അതിനു മാത്രം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. പണം മുടക്കി എടുത്ത ടിക്കെറ്റില്‍ പറഞ്ഞ സ്ഥലത്ത് ഇറക്കി തരണം എന്ന് പറഞ്ഞതോ. അതാണോ തെറ്റ്?

തിരുവനന്തപുരത്തു വെച്ച് മന്ത്രിമാര്‍ ആരെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടിരുന്നോ ? 

ഇത്രയും സംഭവങ്ങള്‍ അവിടെ നടന്നു. ടീവിയിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും മറ്റും ലോകം മുഴുവനും ഇത് കണ്ടു കൊണ്ടിരുന്നിട്ടും തിരുവനന്തപുരതുണ്ടായിരുന്ന ഒരു മന്ത്രി പോലും ഞങ്ങള്‍ക്കനുകൂലമായി പറയാനുണ്ടായിരുന്നില്ല എന്നത് വളരെ ദുഖകരമായിരുന്നു. പ്രവാസികളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയുണ്ട് നമുക്ക്, കേരളത്തിലെ പ്രവാസികളുടെ ചുമതലയുള്ള മന്ത്രിയുണ്ട്, ഇവരൊന്നും ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. പ്രവാസികളുടെ സഹായം വാങ്ങാന്‍ എല്ലാവരുമുണ്ട്. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായെ പറ്റൂ. എത്ര കാലമായി നമ്മളിത് അനുഭവിക്കുന്നു?

എട്ടു ദിവസത്തെ ലീവിന് വന്ന ആള്‍ക്ക് അതില്‍ നാല് ദിവസം പോകുക എന്നത് ദുഖകരമല്ലേ. പെരുന്നാളിന്റെ ലീവിന് വന്ന ആളുകള്‍ ആയിരുന്നു അധികവും. പിതാവ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു മകനുണ്ടായിരുന്നു അതില്‍. വന്നതിന്റെ പിറ്റേ ദിവസം ബാപ്പ മരിക്കുന്നു. നഷ്ടപ്പെട്ട സമയത്തെ കുറിച്ച് അയാള്‍ക്കെത്ര വിഷമമുണ്ടാകും.ജോലിക്കായി ഇന്റര്‍വ്യൂവിനു വന്നിരുന്ന ആളുകളുണ്ടായിരുന്നു. കല്യാണത്തിന് വന്നവര്‍, അങ്ങിനെ എത്ര പേര്‍. അതില്‍ കുറച്ചു പേരെ പിന്നീട് മൊഴിയെടുക്കാന്‍ വിളിപ്പിക്കുക, തെളിവെടുപ്പിന് വിളിപ്പിക്കുക, എന്തൊരു അക്രമമാണിത്?

ഈ സംഭവത്തെ തുടര്‍ന്ന് നിങ്ങള്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ടോ ?

ഈ കേസിലെ പ്രധാന വിഷയം കേസിനെ സംബന്ധിച്ച ഒന്നും തന്നെ പോലീസ്‌ വെളിപ്പെടുത്തുന്നില്ല എന്നതാണ്. ഞങ്ങള്‍ ചോദിക്കുന്നതിനൊന്നും അവര്‍ വ്യക്തമായി മറുപടി പറയുന്നില്ല. ഞങ്ങള്‍ക്കെതിരെ കേസ്‌ എടുക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ എഫ്ഫ.ഐ.ആര്‍ ഇട്ടിട്ടുണ്ട്. എഫ.ഐ.ആര്‍ ഇടാത്ത ഒരു കേസിന് ഞങ്ങളെ മൊഴിയെടുക്കാന്‍ വിളിക്കേണ്ട ആവശ്യമില്ല. കേസില്ല എന്ന് പറഞ്ഞു പറഞ്ഞയക്കുന്ന സമയത്ത് അവര്‍ പിന്നെയും ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോ എടുത്തു. ഞങ്ങള്‍ ആറു പേരെയും നിരത്തി നിര്‍ത്തിയാണ് ഫോട്ടോ എടുത്തത്‌. പിന്നീട് അത് എന്തിനൊക്കെ ഉപയോഗിച്ച് എന്നറിയില്ല.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതേ നാണയത്തില്‍ തന്നെ നേരിടാം എന്നാണു ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം.

എഫ്.ഐ.ആറിന്റെ കോപ്പി ഞങ്ങള്‍ ചോദിച്ചില്ല. വാക്കാല്‍ മാത്രമേ കേസില്ല എന്ന് പറഞ്ഞിട്ടുള്ളൂ. പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ഡല്‍ഹിയില്‍ നിന്നും വന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങള്‍ ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് വിളിപ്പിച്ചത്. അപ്പോള്‍ ഞങ്ങള്‍ പോയി മൊഴി കൊടുത്തിരുന്നു.  ആ മൊഴി കൊടുത്തതിന്റെ കോപ്പി ഞങ്ങളുടെ കൈവശമുണ്ട്.

തിരുവനന്തപുരം വലിയതുറ പോലീസ്‌ സ്റേഷനില്‍ പൈലറ്റ് രൂപാലി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈജാക്ക് ചെയ്തു എന്നതിന് ബ്ലാക്ക്‌ ബോക്സ് വിശദാംശങ്ങള്‍ നല്‍കണം. അത ഇത് വരെ കൊടുത്തിട്ടില്ല. അത് കൊടുത്താല്‍ ഞങ്ങള്‍ ചെയ്തത് നൂറു ശതമാനം ശരിയാണ് എന്ന് തെളിയും. അത് കൊണ്ടാണ് കൊടുക്കാത്തത്.

യാത്രക്കാര്‍ മദ്യപിച്ചിരുന്നു എന്ന് പറയുന്നു ?

ഫ്ലൈറ്റില്‍ അന്ന് മദ്യം വിതരണം ചെയ്തിരുന്നില്ല. ഭക്ഷണം തന്നെ വളരെ താമസിച്ചായിരുന്നു നല്‍കിയത്. ഫ്ലൈറ്റില്‍ 185 യാത്രക്കാരോളമുണ്ടായിരുന്നു. അവര്‍ പരസ്പരം അറിയുന്നവരല്ല. എല്ലാം ഒരു പ്ലാനിങ്ങുമില്ലാതെ നടന്നതാണ്. എല്ലാം യാദൃശ്ചികമായിരുന്നു. യാതൊരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. അവിടെ ഓരോരുത്തരുടെയും അവസ്ഥയും വികാരവും അവര്‍ പ്രകടിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കൊണ്ട് വരുമ്പോള്‍ കേസ് ഉണ്ടാവില്ല എന്ന് ഉറപ്പു തന്നിരുന്നോ ?

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കൊണ്ട് വരുമ്പോള്‍ കേസ് ഉണ്ടാവില്ല എന്ന് ആരും ഉറപ്പു പറഞ്ഞിരുന്നില്ല. അത്തരം പത്രവാര്‍ത്തകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം കേസില്ല എങ്കില്‍ തിരുവനന്തപുരത്തെ വലിയതുറ പോലീസ്‌ സ്റേഷനില്‍ വെച്ച് മൊഴിയെടുതത്തിനു ശേഷം എന്തിനാണ് ഞങ്ങളുടെ ഫോട്ടോ എടുത്തത്. അതിനാണ്  അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അവിടെ നിരാഹാരമിരുന്നത്. അതിനു അദ്ദേഹത്തിന്റെ പേരിലും കേസുണ്ട്, പോലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്ന പേരില്‍.

കൊച്ചിയിലെത്തിയപ്പോള്‍ കസ്റ്റഡിയിലായ നിങ്ങളെ കൂടാതെ മറ്റു യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി എന്നും നിങ്ങളുടെ ബന്ധുക്കള്‍ പ്രതികരിച്ചപ്പോഴാനു അവര്‍ നിങ്ങളെ വിട്ടു കിട്ടാന്‍ സമരം തുടങ്ങിയതെന്നും പത്രവാര്‍ത്തയുണ്ടായിരുന്നല്ലോ ?

അത് ശരിയല്ല. ഞങ്ങളെ ആറു പേരെ മാത്രം തടഞ്ഞു വെച്ച്. ബാക്കിയുള്ള എല്ലാവരെയും എമിഗ്രേഷന്‍ കഴിഞ്ഞു താഴേക്കു വിട്ടു. അവര്‍ വന്നു ലഗേജ്‌ എടുത്തു പുറത്തു പോകുന്നതിനു മുന്‍പ് ഈ ആറു പേരയും വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചു പ്രതികരിച്ചവരാണ്, അവരെ വിട്ടു തരാതെ ഞങ്ങള്‍ പുറത്തു പോവില്ല എന്ന് പറഞ്ഞു യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഉള്ളില്‍ തന്നെ ഇരുന്നു. അങ്ങിനെ ഒന്നര മണിക്കൂറിലധികം ഇരുന്നപ്പോഴാണ് മറ്റു യാതൊരു വഴിയുമില്ലാതെ ഞങ്ങളെ വിട്ടയക്കുന്നത്.

കേന്ദ്ര സേനയിലെ അറുപതോളം ആളുകള്‍ തോക്കുമായി ലഗേജ്‌ എടുക്കുന്ന സ്ഥലത്തുനിന്നും വാഹനം നില്‍ക്കുന്ന സ്ഥലം വരെ വളഞ്ഞാണ് ഞങ്ങളെ കൊണ്ട് പോയത്. എന്തിനാണ് തീവ്രവാദികളെ കൊണ്ട് പോകുന്നത് പോലെ ഞങ്ങളെ കൊണ്ട് പോയത്. ഒരു തെറ്റും ചെയ്യാതെ തീവ്രവാദി എന്ന് മുദ്ര കുത്തുമ്പോള്‍ ഉണടാകുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കേരള പോലീസിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു ?

കേരള പോലീസിലെ ഉയര്‍ന്ന രണ്ടു ഉദ്യോഗസ്ഥന്മാരടക്കം ഏതാണ്ട് പതിനഞ്ചു പേര്‍ തിരുവനതപുരത്ത് വെച്ച് ഫ്ലൈറ്റിനടുത്തെക്ക് വന്നു ഞങ്ങളോട് ഉള്ളില്‍ കയ്യറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ആ സമയത്ത് ഉള്ളില്‍ കയറി ഇരിക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല വിമാനത്തില്‍. ഏ.സി ഓഫ് ചെയ്തിരുന്നു. വെള്ളമില്ലാത്തത് മൂലം അതിനകത്ത് ദുര്‍ഗന്ധം നിറഞ്ഞിരുന്നു. ആ സമയത്ത് കേരള പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമാണ് ഞങ്ങളോടെ വളരെ മോശമായി പെരുമാറിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങിനെ പെരുമാറിയത്‌ എന്ന് അറിയില്ല.

കൊച്ചിയിലെത്തിയപ്പോള്‍ കേരള പോലീസ്‌ ഏറ്റവും നന്നായാണ് പെരുമാറിയത്. മാത്രമല്ല ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കുറേക്കാലമായി എയര്‍ ഇന്ത്യ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങളോട് ഇങ്ങിനെ തന്നെയായിരുന്നു പ്രതികരിക്കേണ്ടത് എന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഇന്ന് വരെ എയര്‍ ഇന്ത്യ തിരുവന്തപുരത്തു ഇറക്കിയവരെ ഫ്ലൈറ്റില്‍ തന്നെ കൊച്ചിയിലെത്തിച്ചിട്ടില്ല. നിങ്ങളെ കൊണ്ട് അത് സാധിച്ചു എന്ന് പറഞ്ഞു ഉന്നത ഉദ്യോഗസ്ഥര്‍ വരെ വന്നു ഞങ്ങളെ അഭിനന്ദിച്ചിരുന്നു.

സംഭവത്തില്‍ പെട്ട അഷറഫ്, അഗസ്റ്റിന്‍, റാഷിദ്, മനോജ്,തോമസ് മറ്റു അഞ്ചു പേരുടെ അവസ്ഥ എന്താണ് ?

സംഭവത്തില പെട്ടിട്ടുള്ള മറ്റു അഞ്ചു പേരുമായി നിരന്തര സമ്പര്‍ക്കമുണ്ട്. എല്ലാവരും തിരിച്ചെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ്‌ പിടിച്ചു കൊണ്ട് പോകാന്‍ നോക്കിയ തോംസനൊക്കെ തിരിച്ചെത്തിയപ്പോള്‍ നല്ല സ്വീകരണമാണ് പ്രവാസികള്‍ എയര്‍പോര്‍ട്ടില്‍ വെച്ഗ്  നല്‍കിയത്. 

സംഭവത്തിന്‌ ശേഷമെങ്കിലും മന്ത്രിമാരോ ജനപ്രതിനിധികളോ ബന്ധപ്പെട്ടിരുന്നോ?

ഈ സംഭവത്തിന്‌ ശേഷം മന്ത്രിമാരോ മറ്റുള്ളവരോ ബന്ധപ്പെട്ടിട്ടില്ല. കൊച്ചിയില്‍ മൊഴി കൊടുത്തു മടങ്ങുമ്പോള്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ മുഖ്യ

മന്ത്രിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഒരു കാരണവശാലും ഞങ്ങള്‍ക്കെതിരെ കേസെടുക്കില്ല എന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നു. അതിനു പിറ്റേ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ്‌ വിളിക്കുന്നത്. അപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കുക?മുഖ്യമന്ത്രി പറയുന്നത് പോലും നടക്കുന്നില്ല എന്ന അവസ്ഥയാണുള്ളത്. ആരോടാണ് പിന്നെ സങ്കടം പറയുക?

നമുക്ക് പ്രവാസകാര്യത്തിനു മാത്രമായി ഒരു ഒരു കേന്ദ്രമന്ത്രിയില്ലേ?. അദ്ദേഹം ഇത് വരെ ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പ്രതികരിച്ച ആളുകളെ കമ്മ്യൂണിസ്റ്റ്കാരാക്കി,പെണ്‍വാണിഭക്കാരാക്കി. എന്ത് മോശമാണിതൊക്കെ? നമ്മുടെ പേരിലാണ് അദ്ദേഹം ഈ ലോകം ചുറ്റുന്നത്. ഈ സുഖ സൌകര്യങ്ങളൊക്കെ അനുഭവിക്കുന്നത്.

ഞങ്ങള്‍ക്ക് ഒരു വ്യക്തിയോടും വ്യക്തിപരമായി വൈരാഗ്യമില്ല. എന്നാല്‍ പ്രവാസികളുടെ പേരില്‍ ശമ്പളം വാങ്ങി, മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന ആളുകള്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരക്ഷരം പറയാന്‍ തയ്യാറാവുന്നില്ല എന്നറിയുമ്പോള്‍ അതിലും കൂടുതല്‍ സങ്കടം എന്താണുള്ളത്?

പുതിയ മന്ത്രി വേണുഗോപാല്‍ ആദ്യമായി വന്നു.പ്രവാസികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തിരിച്ചു പോയത് ആരെങ്കിലും അറിഞ്ഞോ? എന്തെങ്കിലും പ്രസ്താവനയുണ്ടായോ? ഒരു എം.എല്‍.എ വന്നു, ഷാഫി പറമ്പില്‍. ഇവരൊക്കെ വന്നത് മാത്രമേ അറിയുന്നുള്ളൂ. പോയത് ആരും അറിയുന്നില്ല. ഞാനിവിടെ വന്നു, ഒരു പരാതി കിട്ടി, അതിനു ഇന്ന തരത്തിലുള്ള നടപടി ഉണ്ടാവും എന്ന് പറയാന്‍ ഒരു മന്ത്രിക്കു പോലും സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

നാട്ടുകാരില്‍ നിന്നുള്ള പ്രതികരണം എങ്ങിനെ ആയിരുന്നു ?

നാടുകാരില്‍ നിന്നും നല്ല പ്രതികരണമായിരുന്നു. നാലഞ്ചു ദിവസത്തോളം പത്ര മാധ്യമങ്ങളിലും മറ്റും ഞങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഒരു സമയമായിരുന്നു. എല്ലാവരും, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളില്‍ ഉള്ളവര്‍ നിങ്ങള്‍ ചെയ്തത് വളരെ നന്നായി എന്ന രീതിയിലാണ് പ്രതികരിച്ചത്. കാരണം ഒട്ടു മിക്ക പ്രവാസികളും എയര്‍ ഇന്ത്യയില്‍ നിന്ന് ഒരിക്കലെങ്കിലും ഇത്തരം പെരുമാറ്റങ്ങള്‍ ലഭിച്ചവരാണ്.

എയര്‍ ഇന്ത്യയുടെ പ്രതികരണം എങ്ങിനെ ?

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സമരം വിജയിക്കുന്നത്. അതിനാല്‍ എയര്‍ ഇന്ത്യ വിറളി പൂണ്ടിരിക്കുന്നു. എയര്‍ ഇന്ത്യയുടെ പേടി ഈ സംഭവം ഒരു തുടര്‍ച്ചയാകുമോ എന്നാണു. ഇനിയും ഇത്തരം പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ അത് എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്വമില്ലായ്മക്ക് കൂടുതല്‍ ഭീഷണിയാകും. ഞങ്ങള്‍ പ്രതികരിച്ചതിന്റെ അടുത്ത ദിവസം തന്നെ കോഴിക്കോട്‌ ഇറക്കേണ്ട ഫ്ലൈറ്റ് കൊണ്ട് വന്നു കൊച്ചിയിലിറക്കി. ആളുകളോട് ബസ്സില്‍ പോകാന്‍ പറഞ്ഞു. യാത്രക്കാരെല്ലാവരും പുറത്തിറങ്ങി നിന്നു. ആ അവസ്ഥയില്‍ ഒരു ഫ്ലൈറ്റ് പോലും ഇറക്കാന്‍ സാധിച്ചില്ല. അവസാം അവരെ കോഴികോട് കൊണ്ട് പോയി ഇറക്കി കൊടുത്തു. ഇത് ഒരു തുടര്‍ കഥയാകുമോ എന്ന് എയര്‍ ഇന്ത്യക്ക് പേടിയുണ്ട്. അതുണ്ടാവാതിരിക്കാന്‍ ഞങ്ങളെ പലതും പറഞ്ഞു പേടിപ്പിക്കുകയാണ്.

എയര്‍ ഇന്ത്യക്കെതിരെ നിയമ നടപടിക്ക് ഉദ്ദേശമുണ്ടോ ?

എയര്‍ ഇന്ത്യക്കെതിരെ മാനസിക പീഡനത്തിനും ഉപഭോക്തൃ സംരക്ഷണ നിയമനുസരിച്ചും നടപടി സ്വീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ചു വരികയാണ്. നിയമ വശങ്ങള്‍ മുഴുവന്‍ പഠിച്ച ശേഷം എംബസ്സി മുഖേന പരാതി നല്‍കും.

എയര്‍ ഇന്ത്യ ഇനിയും രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ ?

എന്തൊക്കെ പറഞ്ഞാലും എയര്‍ ഇന്ത്യ തകരണമെന്നോ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കണമെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. കാരണം അതു നമ്മുടെ ഓരോരുത്തരുടെയും സ്വത്താണ്. നമ്മള്‍ നാടിലേക്ക് വരാന്‍ ടിക്കെറ്റ് എടുക്കുന്നതിനു വേണ്ടി വെബ്സൈറ്റില്‍ തിരയുമ്പോള്‍ നമ്മുടെ കൈ ആദ്യം പോകുക എയര്‍ ഇന്ത്യ എക്സ്പ്രസ്സിലേക്ക് ആയിരിക്കും. അത് നമ്മുടെ ദേശീയ ബോധം കൊണ്ടാണ്.

അത് നശിപ്പിക്കാന്‍ നമ്മള്‍ കൂട്ട് നില്‍ക്കരുത്. നമ്മളതിനെ നന്നാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. നന്നാക്കിയെടുക്കാന്‍ ഇപ്പോഴുള്ളവര്‍ക്ക് പറ്റുന്നില്ലെങ്കില്‍ പറ്റുന്നവരെ നിയമിക്കുക. യൂസഫലി പോലുള്ള ആളുകള്‍ അതില്‍ നിന്നും പുറത്തു പോരുമ്പോള്‍, കെടുകാര്യസ്ഥത എത്രയുണ്ടെന്ന് മനസ്സിലാക്കാം. ഈ സ്ഥാപനം നശിപ്പിച്ചിട്ട് അതിനെ വില കുറച്ചു ആര്‍ക്കും വേണ്ടാതാക്കി ഏറ്റെടുക്കാന്‍ ചില ആളുകള്‍ ഒരുങ്ങിയിരിക്കുന്നുണ്ട്.അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ കളിക്കുന്ന കളികളുടെ ഉദാഹരണങ്ങളാണിതൊക്കെ. അല്ലെങ്കില്‍ അജിത്‌ സിംഗിനെ പോലുള്ളവര്‍ ഇങ്ങിനെ സംസാരിക്കുമോ?

പ്രവാസിയുടെ പ്രശ്നം എയര്‍ ഇന്ത്യ മാത്രമാണോ ?

പ്രവാസിക്ക് ഇപ്പോള്‍ എയര്‍ ഇന്ത്യ പ്രശ്നം മാത്രമല്ല ഉള്ളത്. മറ്റു ഒരു പാട് പ്രശ്നങ്ങളുണ്ട്. ഒരാളും ആവശ്യപ്പെടാത്ത ഒന്നാണ് ശ്മശാനം. നമുക്ക് വേണ്ടത് ശ്മശാനമല്ല. മറിച്ച് നമുക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങളാണ്. കപ്പല്‍ സര്‍വീസ്‌ ഉണ്ടായിരുന്നല്ലോ ഇവിടെ, എന്ത് സൌകര്യമായിരുന്നു, നിരവധി ആളുകള്‍ അതുപയോഗിച്ചിരുന്നില്ലേ? അതൊക്കെ അവസാനിപ്പിച്ചത് സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാണ്. കൂട്ടായ അവകാശഷങ്ങള്‍ക്ക് വേണ്ടി എല്ലാവരും നിലകൊള്ളണം.

മുഖ്യമന്ത്രിയും മറ്റും പറഞ്ഞിട്ട് നടക്കുന്നില്ല.പ്രവാസികാര്യ മന്ത്രി മിണ്ടുന്നില്ല. ലക്ഷകണക്കിനു വരുന്ന നമ്മുടെ പ്രതിനിധി എന്ന നിലക്ക് ഒരു മന്ത്രി പോലും നമ്മളെ സപ്പോര്‍ട്ട് ചെയ്യാനില്ലാത്ത അവസ്ഥയില്‍  നമ്മള്‍ നമ്മളെ മനസിലാക്കുക.രാഷ്ട്രീയ പാര്‍ട്ടിക്കതീതമായി പ്രവാസികളെ സഹായിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണമെന്നു നമ്മുടെ കുടുംബങ്ങളോട് ആവശ്യപ്പെടണം.

പ്രവാസികള്‍ ഏതു രീതിയില്‍ പ്രവര്തിക്കനമെന്നാണ് താന്കള്‍ ആഗ്രഹിക്കുന്നത് ?

ഇനിയും നമ്മള്‍ അനുഭവിക്കാനാണ് ആഗ്രഹമെന്കില്‍ ആയിക്കോട്ടെ. അല്ലാത്ത പക്ഷം പ്രവാസി പ്രതികരിക്കണം. കേരളത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റിനെക്കാള്‍ അധികമാണ് പ്രവാസികള്‍ അയക്കുന്ന പണം. കേരളത്തില്‍ ഇത്രയും വികസനമുണ്ടാവാന്‍ കാരണം പ്രവാസികള്‍ തന്നെയാണ്. ഇവിടെ പ്രവാസി സ്വാധീനമില്ലാത്ത ഒരു കുടുംബത്തിനെ പറയാമോ? അത്രയും സ്വാധീനമുള്ള നമ്മള്‍ ഇത്രയും പീഡനം ഏറ്റു വാങ്ങേണ്ട ആവശ്യമെന്ത്ന്തു? അതിനു നമ്മളൊന്നായേ പറ്റൂ. ചര്‍ച്ചകള്‍ക്കും, പരാതി വാങ്ങാനും എത്തുന്ന നേതാക്കളോട് നമ്മുടെ പ്രശ്നങ്ങള്‍ എഴുതി നല്‍കി പ്രശ്ന പരിഹാരം എഴുതി വാങ്ങിക്കണം.  

ഗള്‍ഫിലെ പ്രവാസി സംഘടനകളുടെ പ്രതികരണം എങ്ങിനെ ആയിരുന്നു ?

ഏറ്റവും നന്നായി പ്രതികരിച്ചവരാണ്  സൗദിയിലെ പ്രവാസികളും, അബുദാബിയിലെ കെ.എം.സി.സിയും. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. പക്ഷെ നല്ലത് ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ. അബുദാബി കെ എം സി സി ഏറ്റവും നന്നായി 

പ്രതികരിച്ചു. ഏറ്റവും അധികം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും മറ്റും സംഘടിപ്പിച്ചു. ഈ പ്രശ്നത്തില്‍ യു.എ.ഇ യില്‍ മുന്നില്‍ നിന്നത് കെ.എം.സി.സി ആണ്.

സൗദിയിലെ കുറെ കൂട്ടായ്മയിലെ ആളുകള്‍ ഒരു യോഗം വിളിച്ചിരുന്നു. ഞാന്‍ അതില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഫേസ് ബുക്കിലും മറ്റുമൊക്കെ സൗദി പ്രവാസികള്‍ ഏറ്റവും നന്നായി പ്രതികരിച്ചു, ചര്‍ച്ച ചെയ്തു. എങ്കിലും നമുക്ക് ചര്‍ച്ചകള്‍ക്ക് അപ്പുറം പ്രായോഗികമായി മുന്നോട്ടു പോയേ പറ്റൂ. എപ്പോഴും ചര്‍ച്ചയും സെമിനാറും മാത്രമായാല്‍ ഒന്നും നടക്കില്ല. കുറേക്കാലമായി നമ്മള്‍ ഈ ചര്‍ച്ചകളുമായി നടക്കുന്നു. ഇനി പ്രായോഗികമായി പ്രവര്‍ത്തിക്കേണ്ട സമയമായി.

ഭാവി പരിപാടികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ?

ഞങ്ങള്‍ ഒരു രേജിസ്ട്രെട് സംഘടന ഉണ്ടാക്കാന്‍ പോകുന്നു. അതില്‍ രാഷ്ട്രീയമില്ല. പിരിവുകളില്ല. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി മികച്ച ബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി ഓരോ ഭാഗത്തും നല്ല കൂട്ടായ്മകള്‍ ഉണ്ടാക്കി കൂട്ടായ തീരുമാനങ്ങളെടുക്കുക. നാട്ടിലുള്ള ആളുകളും പ്രവാസികളും പിന്തുണക്കുകയാനെന്കില്‍ എംബസ്സി വഴി പരാതി നല്‍കാന്‍ സാധിക്കും. അങ്ങിനെ പരാതികള്‍ നല്‍കുക. നല്ല അഭിഭാഷകര്‍ അതിലുണ്ട്. അവരെല്ലാം വളരെ താല്പ്പര്യതോട് കൂടി നമ്മളെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഒരു സംഘടനയുമായി മുന്നോട്ടു പോയാല്‍ എല്ലാം ശരിയാക്കാം എന്ന് തോന്നുന്നുണ്ടോ?

നമുക്ക് സാധിക്കും. കാരണം വയലാര്‍ രവി പോലുള്ള ഒരു കേന്ദ്രമന്ത്രി വന്നിട്ട് കേവലം അമ്പതു ആളുകളെ പോലും സദസ്സില്‍ തികച്ചു അണിനിരത്താന്‍ കിട്ടിയില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഉള്ളവരില്‍ തന്നെ മുപ്പതു പേരോളം പത്രക്കാരായിരുന്നു. ഈ വികാരം നിലനിര്‍ത്തി കൊണ്ട് മുന്നേറിയാല്‍ പ്രവാസികള്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിക്കും. അതിന എല്ലാവരും ഒറ്റക്കെട്ടാവണം എന്നാണു എനിക്ക് പറയാനുള്ളത്. ഒരു രാഷ്ട്രീയവും ഇതിലില്ല. ഗ്രൂപ്പും ഇല്ല. പ്രവാസി എന്ന ഒരു ഐക്യ ബോധവും ചിന്തയും മാത്രം.

പ്രവാസം നമ്മെലെന്നു തുടങ്ങിയോ അന്നു മുതലുണ്ട് ഈ പ്രശ്നം. ഇത്രയും കാലം നമ്മളിവരെ തീറ്റിപോറ്റി. ഗള്‍ഫിലേക്ക് വരുന്നവരെ നമ്മള്‍ സുഖിപ്പിച്ചു വിട്ടു. അന്നൊക്കെ അവര്‍ പല വാഗ്ദാനങ്ങളും നല്‍കി. ഇനി അങ്ങിനെ വിട്ടു കൊടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറുള്ള ആളുകളെ മാത്രമേ നമ്മള്‍ അംഗീകരിക്കൂ എന്ന് പ്രവാസികള്‍ കൂട്ടായി തീരുമാനിക്കുകയാണെങ്കില്‍ ഇവരെല്ലാം വരച്ച വരയില്‍ വരും. ഒരു സംശയവുമില്ല. അതിനായി കൂട്ടായ ചര്‍ച്ചകള്‍ ഇപ്പോള്‍ മീഡിയകളിലൂടെ നടന്നു കൊണ്ടിരിക്കുന്നു.

നമ്മള്‍ പ്രവാസികള്‍ രാഷ്ട്രീയത്തിന് വേണ്ടിയും മതത്തിനു വേണ്ടിയും വളരെയധികം കലഹങ്ങള്‍ ഉണ്ടാക്കുന്നു. ആ കലഹത്തിന് പകരം സ്വന്തം ആവശ്യത്തിന് വേണ്ടി ആരും നില കൊള്ളുന്നില്ല. എന്നാല്‍ നില കൊള്ളുന്ന ഒരു അവസ്ഥയിലേക്ക് ഇപ്പോള്‍ നമ്മള്‍ എത്തിയിട്ടുണ്ട്. ഇത് നില നിര്‍ത്താന്‍ സാധിച്ചാല്‍ പ്രവാസികള്‍ രക്ഷപ്പെട്ടു. 

 

LATEST

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

Published

on

റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്.

ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്.

യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി.

ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി.

ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം.

താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്.

ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്.

സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല.

മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്.

നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്.

പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും  ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

Published

on

റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ), കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ.

അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വർഷം മുന്‍പ് ഒരു ചെറിയ പെരുന്നാൾ ദിനത്തിന്റെ തലേന്നാണ് ഷമീറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം മുമ്പ് കാണാതായ ഷമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം ജുബൈല്‍ വര്‍ക്ഷോപ്പ് ഏരിയയിലെ മണല്‍ വില്‍ക്കുന്ന ഭാഗത്ത് ബലദിയ വേസ്റ്റ് ബോക്സിനു സമീപം പുലര്‍ച്ചെ പുതപ്പിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.  പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്.

ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്.

പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം.

പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ്  പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

Published

on

  1. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്?

സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്.

  1. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്?

അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി.

  1. സ്വിഹതി അപ്ളിക്കേഷന്‍ പലരും ഒ.ടി.പി ഇല്ലാതെ ഓപണ്‍ ചെയ്യുന്നത് കാണുന്നുണ്ട്. അവരുടേത് സ്പെഷ്യല്‍ അക്കൌണ്ട് ആണോ? എല്ലാ ഫോണിലും ഇത് ചെയ്യാന്‍ സാധിക്കുമോ? ആണെങ്കില്‍ എങ്ങിനെയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത് എന്ന് പറഞ്ഞു തരാമോ?

സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം.

സ്വിഹത്തി അപ്ളിക്കേഷനില്‍ ഒരിക്കല്‍ ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ നമ്പരില്‍ ഒ.ടി.പി ലഭിക്കാതെ തന്നെ നിങ്ങള്‍ക്ക് സ്വിഹത്തി അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഏറ്റവും പ്രയോജനകരമായ കാര്യം. ഏതെങ്കിലും കാരണവശാല്‍ സിം കാര്‍ഡ് നഷ്ടപ്പെടുകയോ പ്രയോജന രഹിതമാകുകയോ ചെയ്‌താലും വിരലടയാളം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്വിഹത്തി അക്കൌണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

  1. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക?

പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും.

  1. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ?

ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി  തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്.

ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല.

  1. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ?

ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക.

ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല.

എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും.

നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST1 month ago

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

LATEST1 month ago

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

LATEST1 month ago

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

LATEST1 month ago

രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം

LATEST1 month ago

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

LATEST1 month ago

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

LATEST1 month ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST2 months ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST2 months ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 months ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 months ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST2 months ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 months ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 months ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 months ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

Trending

error: Content is protected !!