Connect with us

LATEST

സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍

Published

on

 

MM

 

സൗദി അറേബ്യ: വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കൊണ്ട് വരുന്നതിനെ സംബന്ധിച്ചും സൗദിയില്‍ നിന്ന് വ്യക്തികള്‍ മരുന്നുകള്‍ പുറത്തേക്കു കൊണ്ട് പോകുന്നത് സംബന്ധിച്ചുമുള്ള നടപടിക്രമങ്ങളും നിബന്ധനകളും വ്യക്തമാക്കി കൊണ്ട് സൗദി അറേബ്യ റെഗുലേഷന്‍ പുറത്തിറക്കി. പ്രസ്തുത റെഗുലേഷന്‍ വിദേശ രാജ്യങ്ങളുടെ എംബസ്സികള്‍ക്ക് ഔദ്യോഗികമായി  അയച്ചു കൊടുത്തിട്ടുണ്ട്‌.

മയക്കു മരുന്നായി കണക്കാക്കുന്ന മരുന്നുകളുടെ അംശങ്ങള്‍ (Narcotic Properties) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സംബന്ധിച്ചുള്ള വ്യക്തമായ നടപടി ക്രമങ്ങള്‍ ഇതില്‍ വിവരിക്കുന്നു. നടപടിക്രമങ്ങള്‍ ലഭിച്ചതായി റിയാദിലെ ഫിലിപ്പൈന്‍സ് എംബസ്സി സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യക്തിപരമായ ആവശ്യത്തിനായാലും ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നത് തടയപ്പെടുമെന്നു നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നു. ആന്‍റി ഡ്രഗ് ആന്‍ഡ്‌ സൈക്കൊട്രോപ്പിക് സബ്സ്റ്റന്‍സ് സിസ്റ്റത്തിലെ പട്ടിക രണ്ടിലെ ഗ്രൂപ്‌ ഒന്ന് വിഭാഗത്തില്‍ പെട്ടതും പട്ടിക ഒന്നിലെ ഡി വിഭാഗത്തില്‍ പെട്ടതും പാരഗ്രാഫ്‌ നാലില്‍ (in Category (D) of Table I and Group (A) of Table II on the System on Anti-Drugs and Psychotropic Substances, as well as substances stated in Paragraph IV in the System on Anti-Drugs and Psychotropic Substances) ഉള്‍പ്പെടുന്നതുമായ മരുന്നുകള്‍ തടയും. 

പിടിച്ചെടുക്കപ്പെടുന്ന മരുന്നുകള്‍ കസ്റ്റംസിലെ തന്നെ ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ്‌ അഡ്മിനിസ്ട്രേഷന്‍റെ ശാഖയുടെ അനുമതിയോടു കൂടി മാത്രമേ വിട്ടു കൊടുക്കുകയുള്ളൂ. ആ പ്രദേശത്തോ, പ്രവിശ്യയിലോ ശാഖ ഇല്ലെങ്കില്‍ പ്രധാന ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ്‌ അഡ്മിനിസ്ട്രേഷന്‍റെ അനുമതി ആവശ്യമാണ്‌.  

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൊണ്ട് വന്നിട്ടുള്ള മരുന്നുകള്‍ ആണെങ്കില്‍ വ്യക്തമായ നിബന്ധനകളോട് കൂടി വിട്ടു നല്‍കുന്നതിന് താഴെ പറയുന്ന നടപടി ക്രമങ്ങളില്‍ പാലിച്ചു കൊണ്ടായിരിക്കണം. 

മരുന്ന് കൊണ്ട് വന്നയാള്‍ രോഗി ആണെങ്കില്‍ അയാളെ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം. പ്രസ്തുത മെഡിക്കല്‍ റിപ്പോര്‍ട്ടിന് ആറു മാസ കാലാവധിയില്‍ കൂടുതല്‍ പഴക്കം ഉണ്ടാകാന്‍ പാടില്ല. അതില്‍ പ്രസ്തുത വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അയാളുടെ രോഗവും മരുന്നുകള്‍ കഴിക്കേണ്ട രീതിയും എത്ര നാള്‍ മരുന്നുകള്‍ കഴിക്കണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മരുന്നിന്റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും മരുന്ന് കഴിക്കേണ്ട അളവുകളും അതില്‍ ഉണ്ടായിരിക്കണം. 

പ്രസ്തുത ഹോസ്പിറ്റലിലെ അംഗീകാരമുള്ള ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം. പ്രസ്തുത കുറിപ്പടി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്കിയതായിരിക്കണം. അതില്‍ ഡോക്ടറുടെ രോഗ നിര്‍ണ്ണയവും മരുന്നിന്‍റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും ഉണ്ടായിരിക്കണം. മരുന്നിന്‍റെ ഉപയോഗ ക്രമവും ചികില്‍സയുടെ ദൈര്‍ഘ്യവും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത വ്യക്തിയ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ സീല്‍ പ്രസ്തുത കുറിപ്പടിയില്‍ പതിപ്പിച്ചിരിക്കണം. 

ചികിത്സാര്‍ത്ഥമാണ് മരുന്നുകള്‍ കൊണ്ട് വന്നിരിക്കുന്നതെന്ന് മരുന്ന് കൊണ്ട് വന്നിരിക്കുന്ന വ്യക്തി ഉറപ്പു നല്‍കേണ്ടി വരും. പ്രസ്തുത വ്യക്തിക്ക് ഐഡെന്‍റ്റിറ്റി കാര്‍ഡ്‌ ഉണ്ടായിരിക്കണം. രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡ്‌ ഈ രേഖകളോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം.   

കൊണ്ടു വന്നിട്ടുള്ള മരുന്നുകള്‍ രോഗിയുടെ പരമാവധി ആറു മാസത്തെ ഉപയോഗത്തിന് ആവശ്യമായ അളവിലുള്ളത് ആയിരിക്കണം. അതില്‍ കൂടുതല്‍ കൊണ്ട് വരാന്‍ പാടില്ല. പ്രസ്തുത വ്യക്തി ആറു മാസത്തെ കാലാവധിയിലും കുറവാണ് രാജ്യത്ത്‌ താമസിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത്രയും കാലത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ അളവില്‍ മാത്രമേ മരുന്നുകള്‍ കൊണ്ട് വരുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ. രോഗിയുടെ ആവശ്യത്തിനുള്ളതില്‍ കൂടുതല്‍ മരുന്നുകള്‍ കൊണ്ട് വരികയാണെങ്കില്‍ അധികമുള്ള മരുന്നുകള്‍ കണ്ടു കെട്ടും.  

ഇന്‍ജെക്ഷനുകള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള മരുന്നുകള്‍ ആണെങ്കില്‍ രോഗിക്ക് വേണ്ടി ഒരു പ്രാദേശിക ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വിട്ടു കൊടുക്കുകയുള്ളൂ. എന്നാല്‍ നിലവിലുള്ള മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുന്നതിനായി പ്രസ്തുത ആശുപത്രിയില്‍ ഈ മരുന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവണം.  

മറ്റൊരാള്‍ക്ക് വേണ്ടി മരുന്ന് കൊണ്ട് വരുമ്പോള്‍ എന്തെല്ലാം രേഖകളും

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അഡ്വ.ഷിയാസ് കുഞ്ഞിബാവ

മുന്‍കരുതലുകളും എടുക്കണമെന്ന് നടപടിക്രമങ്ങളില്‍ വ്യക്തമായി നിഷ്കര്‍ഷിക്കുന്നുണ്ട്. മരുന്ന് കൊണ്ട് വരുന്നത് രോഗിയല്ല എങ്കില്‍ എന്ത് തരത്തിലുള്ള രേഖകളാണ് കൈവശം കരുതേണ്ടതെന്നു നടപടിക്രമങ്ങളില്‍ പറയുന്നു. മരുന്ന് കൊണ്ട് വരുന്നയാള്‍ രോഗിയുടെ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ഭര്‍ത്താവോ തുടങ്ങിയ ബന്ധുക്കള്‍ ആണെങ്കില്‍ രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡ്‌ കൈവശം കരുതണം. രോഗിക്ക് വേണ്ടി മരുന്നുകള്‍ കൊണ്ട് വരുന്നത് രോഗിയുടെ പ്രതിനിധി ആണെങ്കില്‍ പ്രസ്തുത മരുന്നുകള്‍ കൊണ്ട് വരുന്നതിന് സമ്മതം അറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ആവശ്യമാണ്‌. കൂടാതെ രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡും ഇയാള്‍ കൈവശം കരുതണം. 

രാജ്യത്ത്‌ നിന്ന് പുറത്തേക്കു പോകുന്ന രോഗികള്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ കൂടെ കൊണ്ട് പോകുകയാണെങ്കിലും നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അവര്‍ ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ കൊണ്ട് പോകാന്‍ പാടില്ല.

ആന്‍റി ഡ്രഗ് ആന്‍ഡ്‌ സൈക്കൊട്രോപ്പിക് സബ്സ്റ്റന്‍സ് സിസ്റ്റത്തിലെ പട്ടിക രണ്ടിലെ ഗ്രൂപ്‌ ഒന്ന് വിഭാഗത്തില്‍ പെട്ടതും പട്ടിക ഒന്നിലെ ഡി വിഭാഗത്തില്‍ പെട്ടതും പാരഗ്രാഫ്‌ നാലില്‍ (in Category (D) of Table I and Group (A) of Table II on the System on Anti-Drugs and Psychotropic Substances, as well as substances stated in Paragraph IV in the System on Anti-Drugs and Psychotropic Substances) ഉള്‍പ്പെടുന്നതുമായ മരുന്നുകള്‍  രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോകാന്‍ പാടില്ല.  

ഇവര്‍ കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്ന മരുന്നുകള്‍ കസ്റ്റംസിലെ ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ്‌ അഡ്മിനിസ്ട്രേഷന്‍റെ ശാഖയുടെ അനുമതിയോടു കൂടി മാത്രമേ വിട്ടു കൊടുക്കുകയുള്ളൂ. കൂടാതെ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ഡോക്ടറുടെ മെഡിക്കല്‍ കുറിപ്പടിയെ കുറിച്ചും മേല്‍ പറഞ്ഞ നിബന്ധനകള്‍ എല്ലാം തന്നെ മരുന്നുകള്‍ രാജ്യത്തിന് പുറത്തേക്കു കൊണ്ട് പോകുന്നവര്‍ക്കും ബാധകമാണ്.  

 

error: Content is protected !!