Connect with us

LATEST

യുവതിയെ ഉപയോഗിച്ച് എന്ജിനീയറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു ജയിലിലായ മുന്‍ പ്രവാസി യുവതിയെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്തു

Published

on

 

തേന്‍ കെണിയിലൂടെ യുവാവിനെ മര്‍ദ്ദിച്ചു പണം കവർന്ന കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി സ്വദേശിനി റാണി നസീമയെന്ന പള്ളിത്തൊടി നസീമയെ (30) കൊലപാതക കേസിലും അറസ്റ്റ് ചെയ്തു.  രണ്ടാഴ്ച മുൻപു സുഹൃത്തായ യുവതിയെ ഉപയോഗിച്ച് തലശേരി സ്വദേശിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചു പണം തട്ടിയ കേസിലെ  പ്രതിയായ നസീമ തൃശ്ശൂരിലെ ജയിലിലാണ്.

തിരുവനന്തപുരം കൊലപാതക അന്വേഷണത്തിനിടെ സീമയുടെ നിര്‍ദ്ദേശ പ്രകാരം കൊല നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിരുവനന്തപുരത്ത് വെച്ച് പോലീസ് പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയായിരുന്നു കൊടുങ്ങല്ലൂരില്‍ തേന്‍ കെണി കേസില്‍ നസീമ അറസ്റ്റിലാകുന്നത്. കൊടുങ്ങല്ലൂര്‍ കേസില്‍ നസീമയെ കൂടാതെ രണ്ടാം ഭര്‍ത്താവ് ആക്ബര്‍ ഷാ, തൃശൂര്‍ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുന്‍പ് കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി രഞ്ജു കൃഷ്ണയെ (29) വധിച്ച കേസിലാണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലില്‍ ആയിരുന്നു കൊലപാതകം. തിരുവനന്തപുരത്തു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു. രഞ്ജു കൃഷ്ണയെ വധിച്ചത്.

സിനിമാമേഖലയില്‍ ജോലി ചെയ്തിരുന്ന രഞ്ജു കൃഷ്ണ നസീമയോടൊപ്പം തിരുവനന്തപുരത്തു താമസിച്ചു വരുന്ന സമയത്തായിരുന്നു കൊലപാതകം. ഇതിനിടെ നസീമയുടെ മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലെ വൈരാഗ്യമാണു കൊല നടത്താന്‍ കാരണം. മകളെ പീഡിപ്പിച്ചതിന് നസീമ കൊടുത്ത പരാതിയില്‍ രഞ്ജു കൃഷ്ണയെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. പോക്സോ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ രഞ്ജു കൃഷ്ണ പകരം വീട്ടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജുവിനെ ഭീഷണിപ്പെടുത്തുവാനായിരുന്നത്രെ ക്വട്ടേഷന്‍. എന്നാല്‍ മര്‍ദ്ദനത്തിനിടെ രഞ്ജു കൃഷ്ണ മരിച്ചതോടെ കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ മലയടിവാരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

കൊടുങ്ങല്ലൂരില്‍ വെച്ച് കണ്ണൂര്‍ സ്വദേശിയായ എന്ജിനീയരെ മറ്റൊരു യുവതിയെ ഉപയോഗിച്ച് തേന്‍ കെണിയില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് നസീമ പോലീസ് പിടിയിലാകുന്നത്.

നാലുവര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂര്‍ക്കാരി സസീമയെ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ പരിചയപ്പെടുന്നത്. അതിന് ശേഷം നസീമയുടെ സുഹൃത്ത്‌ ഷമീനയുടെ ഫോട്ടോ കാണിച്ച് എന്ജിനീയരെ നസീമ കൊടുങ്ങല്ലൂര്‍ക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂരെത്തിയ നസീമയും ഷെമീനയും ചേര്‍ന്ന് ഫ്ളാറ്റിലേക്കു കൊണ്ട് പോയി ഗുണ്ടകളേ വരുത്തിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. സദാചാര സംരക്ഷകര്‍ ചമഞ്ഞ സംഘം മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയുമെടുത്തു. പഴ്സിലുണ്ടായിരുന്ന 35,000 രൂപയും സംഘം തട്ടിയെടുത്തു. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ എന്‍ജിനീയറെ സംഘം തിരിച്ചെത്തി വീണ്ടും മർദിച്ചു. ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ എന്‍ജിനീയര്‍ ശ്രമിച്ചപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും സംഘം ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിക്കുകയായിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം കൊടുക്കാമെന്നു സമ്മതിച്ചു ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയ എന്‍ജിനീയര്‍ നേരെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നസീമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാല് വര്‍ഷമായി ഖത്തറിലും ബഹറിനിലും മാറി മാറി ജോലി ചെയ്തിരുന്ന നസീമ അവിടെ വെച്ചാണ് അക്ബര്‍ഷായേയും ഷേമീനയെയും പരിചയപ്പെടുന്നത്. നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍ നിന്നും ഇറക്കിയത് അക്ബര്‍ഷാ ആയിരുന്നു. ഖത്തറില്‍ ആജീവനാന്ത വിലക്ക് ലഭിച്ച നസീമ പിന്നീട് ബഹറിനിലേക്ക് പോകുകയായിരുന്നു. ഒരു മാസം മുന്‍പാണ് നസീമയും അക്ബര്‍ഷായും നാട്ടില്‍ തിരിച്ചെത്തി കൊടുങ്ങല്ലൂരില്‍ ഫ്ലാറ്റ് വാടകക്കെടുത്ത്‌ താമസം തുടങ്ങുന്നത്.

 

error: Content is protected !!