TECHNOLOGY
ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു; ചിത്രങ്ങളും രേഖകളും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഗൂഗിള്‍

അകാല ചരമമടഞ്ഞ ഓര്‍ക്കൂട്ടിനെ പോലെ ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘പ്ലസും നിര്‍ത്തുന്നു. കാര്യമായ ഉപഭോക്താക്കളിലാതെ മുന്നോട്ട് പോകുന്നില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഒാര്‍ക്കൂട്ടിന് പിന്നാലെ ഫേയ്‌സ് ബുക്കിനോട് മത്സരിക്കാനാണ് ഗൂഗിള്‍ പ്ലസ്ുമായി ഗുഗിളെത്തിയന്തെങ്കിലും ഫേയ്‌സ് ബുക്കിനോട് ഏറ്റുമുട്ടാനായില്ല.
ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു.
ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
INDIA
ടിക് ടോക് ആപ്പ് ഇന്ത്യയിൽ പിൻവലിച്ചു.

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു.
ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക് ടോക് പിൻവലിച്ചതിനായി ഔദോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ന് മുതൽ ആപ്പ് സ്റ്റോറിൽ ലഭിക്കുന്നില്ല.
കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.
ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് ടെക്‌നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.
സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്‌വി ബോധിപ്പിച്ചു.
എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്‌വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.
കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.
ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള്‍ അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
CINEMA
മധുരരാജ തിയ്യറ്ററിൽ നിന്നും മൊബൈലിൽ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയിലായി.
ചിത്രം തുടർച്ചയായി മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അടുത്തിരിക്കുന്നവർ ഇയാളെ പിടികൂടിയത്.
പാട്ടുകൾ മാത്രമാണ് പകർത്തുന്നത് എന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ മൊബൈൽ വാങ്ങി പരിശോധിക്കുകയായിരുന്നു.
തിയ്യറ്ററിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ ഏകദേശം ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഭാഗങ്ങൾ പകർത്തിയതാണ് കണ്ടെത്തി.
പിടിക്കപ്പെടുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
LATEST
5ജി നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യ രാഷ്ട്രം ഖത്തർ.

5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യരാഷ്ട്രമെന്ന ഖ്യാതി ഖത്തറിന്.
ഖത്തർ ഗതാഗത, വാർത്താവിനിമയമന്ത്രി ജാസിം സെയ്ഫ് അൽ സുലൈതിയാണ് ആദ്യമായി 5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്തത്. ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ ടി യു) സെക്രട്ടറി ജനറൽ ഹുലിൻ ഴാവോയാടാണ് സുലൈതി 5G കോളിലൂടെ സംസാരിച്ചത്.
വോഡഫോൺ 5G നെറ്റ്വർക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.
ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച് ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്.
വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.
അബു ഹമൂർ, അൽ വാബ്, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.
വോഡഫോണിന് പുറമേ, ഉരീദുവും നേരത്തെ 5G നെറ്റ്വർക്ക് ലോഞ്ച് ചെയ്തിരുന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.