Connect with us

KERALA

ശബരിമല സ്ത്രീ പ്രവേശനത്തില്‍ വാദങ്ങള്‍ അവസാനിച്ചു; വിധി പറയാന്‍ മാറ്റി

Published

on

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി പിന്നീട് കോടതി അറിയിക്കും. രാവിലെ പത്തരയോടെ ആരംഭിച്ച വാദം കേള്‍ക്കല്‍ മൂന്ന് മണിക്കാണ് അവസാനിച്ചത്.

65 ഹര്‍ജികളാണ് കോടതി മുന്‍പാകെ എത്തിയത്. വാദിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്ക് ഏഴുദിവസത്തിനകം എഴുതി നല്‍കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

വാദം തുടങ്ങിയ ഉടന്‍ തന്നെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ചോദിച്ചത്. സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്‍എസ്എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് ആദ്യം ഹാജരായത്. ഭരണഘടനയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് പരാശരന്‍ വാദിച്ചു. വിധിയില്‍ പിഴവുണ്ട്. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല. പൊതുഇടങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ വാദിച്ചു. 15(2) അനുച്ഛേദപ്രകാരമാണ് തന്റെ വിധിയെന്ന് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവര്‍ക്കായി വി ഗിരിയാണ് രണ്ടാമതായി ഹാജരായത്. മതാചാരപ്രകാരമാണ് ശബരിമലയില്‍ യുവതികളെ മാറ്റിനിര്‍ത്തുന്നതെന്ന് വി ഗിരി വാദിച്ചു. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തന്ത്രിക്ക് പ്രത്യേകമായ അവകാശം ശബരിമലയിലുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്ര ആചാരാ ചോദ്യം ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലെ വ്യാഖ്യാനം പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗിരി വാദിച്ചു.

പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി മനു അഭിഷേക് സിംഗ്വിയാണ് പിന്നീട് ഹാജരായത്. നേരത്തെ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിട്ടുള്ള സിംഗ്വി പ്രയാറിനുവേണ്ടി ഹാജരാകുന്നതിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ഡൈ്വവെടി എതിര്‍ത്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് സിംഗ്വിക്ക് വാദിക്കാന്‍ അനുമതി നല്‍കി. നൈഷ്ഠിക ബ്രഹ്മചര്യം പ്രത്യേകമായ അവകാശമെന്ന് സിംഗ്വി വാദിച്ചു. 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം. നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയുടെ മാത്രം പ്രത്യേകതയാണ്. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രം ആണെന്നും സിംഗ്വി വാദിച്ചു.

ബ്രാഹ്മണസഭയ്ക്കുവേണ്ടി അഭിഭാഷകന്‍ ശേഖര്‍ നാഫഡെയ് നാലാമതായി ഹാജരായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാമ് റദ്ദാക്കിയതെന്ന് നാഫഡെയ് വാദിച്ചു. വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ല. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയം അല്ലെന്നും നാഫ്‌ഡെ വാദിച്ചു. അതിനിടെ ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു.

അഞ്ചാമതായി വെങ്കട്ട് രാമനും വെങ്കട്ട് രമണിയും പിന്നീട് മോഹന്‍ പരാശരനും വാദിച്ചു. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും അയ്യപ്പനെ ആരാധിക്കുന്നവരെയെല്ലാം പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്ന് മോഹന്‍ പരാശരന്‍ വാദിച്ചു. ആര്‍ത്തവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രമല്ല, ഈജിപ്തിലടക്കം ആര്‍ത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് വെങ്കട്ട് രാമന്‍ വാദിച്ചു. പന്തളം രാജ കുടുംബത്തിന് വേണ്ടി സായി ദീപകും, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണനും വാദിച്ചു.

ഹര്‍ജിക്കാര്‍ എല്ലാം ഉന്നയിക്കുന്നത് ഒരേകാര്യമാണെന്നും എതിര്‍വാദത്തിനായി അരമണിക്കൂര്‍ സമയമേ നല്‍കൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.അയ്യപ്പ സേവാ സമാജത്തിനു വേണ്ടി കൈലാസ നാഥ പിള്ളയും വാദിച്ചു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ പുനപരിശോധന ആവശ്യമില്ല. പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിധിക്ക് ആധാരം തുല്യതയാണെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനയ്ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്മ അല്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

ആചാര പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങക്കും പ്രത്യേക വിശ്വാസ ഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും. തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗനല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്. ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്. ആരെയും ഒഴിവാക്കാന്‍ ആകില്ല, വിവേചനം പാടില്ല, ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം. സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സാഹചര്യങ്ങള്‍ മാറുമെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

ഒരുമണിക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി രണ്ട് മണിക്ക് പുനരാരംഭിച്ചു. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം പ്രധാനപ്പെട്ട വിഷയമാണെന്ന് രാകേഷ് ദ്വിവേദി വാദിച്ചു. ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ല. എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും മതത്തില്‍ തുല്യ അവകാശമുണ്ടെന്നും ദ്വിവേദി വാദിച്ചു.

എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകള്‍ക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. യുവതി പ്രവേശന വിധിയില്‍ പുനപരിശോധന വേണ്ടെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ബിന്ദു കനക ദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിര ജയ് സിങ് ഹാജരായി. കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായെന്നും ഇരുവരും സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണെന്നും ഇന്ദിര ജയ് സിങ് വാദിച്ചു. ബിന്ദു ദളിത് സ്ത്രീയാണ്. അവര്‍ ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തി. ഇത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു എത്തിന്റെ തെളിവാണ്. ശബരിമല പൊതുക്ഷേത്രം ആണ്. യുവതീ പ്രവേശന വിലക്ക് വിവേചനം ആണ്. ദൈവത്തിനു ലിംഗ വിവേചനം ഇല്ലെന്നും ഇന്ദിര ജയ് സിങ് വാദിച്ചു.

ഭരണഘടനയിലെ എല്ലാ വകുപ്പുകളും ശബരിമലക്കും ബാധകമാണ്. താന്‍ ക്ഷേത്രത്തില്‍ പോകണം എന്ന് വച്ചാല്‍ തന്നെ നിയമപരമായി ആര്‍ക്കും തടയാന്‍ കഴിയില്ല. എല്ലാ ക്ഷേത്രങ്ങളിലും തനിക്ക് കയറാം, അയ്യപ്പ സ്വാമി തടയില്ല. ക്ഷേത്രത്തില്‍ പോകാന്‍ എല്ലാ അധികാരവും ഭരണഘടന നല്‍കുന്നുണ്ട്. ശുദ്ധിക്രിയ നടത്തിയത് ഭരണഘടനയ്ക്ക് ഉണ്ടാക്കിയ മുറിവ് ആണ്. സുപ്രീംകോടതി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും പുനഃപരിശോധന ഹര്‍ജികള്‍ തള്ളണമെന്നും ഇന്ദിര ജയ് സിങ് വാദിച്ചു.

10 വയസ്സുള്ള പെണ്‍ കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കും എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് കോടതി അലക്ഷ്യ നടപടികളില്‍ ഹാജരായ പി വി ദിനേശ് പറഞ്ഞു. പുനഃ പരിശോധന ഹര്‍ജികള്‍ നല്‍കിയവര്‍ കോടതി അലക്ഷ്യം നടത്തിയവരാണെന്നും പി വി ദിനേശ് വാദിച്ചു.

ഇതോടെ നിശ്ചയിച്ച സമയത്തിനുള്ളില്‍ വാദങ്ങളെല്ലാം പൂര്‍ത്തിയാകുകയായിരുന്നു. നേരത്തെ ഹര്‍ജിക്കാരില്‍ ഒന്നോ രണ്ടോ പേരെ കൂടി ഇനി കേള്‍ക്കുകയുള്ളുവെന്നും കൂടുതല്‍ വാദം ഉള്ളവര്‍ക്ക് എഴുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കും വാദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് അഭിഭാഷകര്‍ ബഹളം വെച്ചു. എന്നാല്‍ ബഹളം വെച്ച അഭിഭാഷകരോട് മര്യാദ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നല്‍കിയിരുന്നു.

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പുതിയതായി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

Published

on

കൊളംബോ: നേപ്പാളും മാലിദ്വീപും വഴിയുള്ള പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നതിനായി എത്തിയവര്‍ക്ക് മുന്നില്‍ പുതിയ അനിശ്ചിതത്വം. നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഔദ്യോഗികമായ ഉറപ്പ് നല്‍കാന്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ തയ്യാറാവാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

മൂന്നാമതൊരു രാജ്യത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍. എന്നാല്‍ ഇതുവരെ വ്യക്തമായൊരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം യാത്രക്കാരെ അറിയിക്കാനും വിമാന കമ്പനിക്കാര്‍ തയ്യാറാവുന്നില്ല.

ഏപ്രില്‍ 27 നുള്ളില്‍ ശ്രീലങ്കയില്‍ പ്രവേശിച്ച് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളായ യാത്രക്കാരോട് ശ്രീലങ്കന്‍ എയര്‍വേയ്സ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ പരമാവധി ശ്രമിക്കാം എന്ന് മാത്രമാണ്. യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ അവര്‍ തയാറാവുന്നില്ല. എമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും എന്നും അവര്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവാതിരിക്കണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇത് വരെ നല്‍കിയിട്ടില്ലെന്നും വിമാന കമ്പനിക്കാര്‍ പറയുന്നു.

നിലവില്‍ യാത്ര തടസ്സപ്പെടുമെന്നോ ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നോ ഉള്ള സര്‍ക്കുലര്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇതുവരെ ഇറക്കിയിട്ടില്ല. അത് കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍. എന്നാല്‍ പുതിയതായി വരുന്നവരുടെ കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനിക്കാര്‍ അറിയച്ചതെന്നു അവര്‍ വെളിപ്പെടുത്തുന്നു.

വ്യക്തമായ ഒരു നിലപാട് എടുക്കാനോ പറയാനോ വിമാന കമ്പനിക്കാര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനി അയച്ച ഇമെയില്‍ പ്രകാരം എയര്‍ ബബിള്‍ കരാറില്‍ ട്രാന്‍സിറ്റ് യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അത് കൊണ്ട് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേപ്പാള്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരണം ഉണ്ടായിട്ടില്ല.

നേപ്പാളിന്റെ വഴി തന്നെ ശ്രീലങ്ക പിന്തുടരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ അതിരൂക്ഷമായ അവസ്ഥയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിനെ ശ്രീലങ്കന്‍ അധികൃതര്‍ അനുകൂലിക്കുന്നില്ല. നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം തടസ്സപ്പെട്ടതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തുമെന്ന് അധികൃതര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിനെ കുറിച്ച് അവര്‍ നിലപാട് എടുത്തിട്ടുമില്ല. പക്ഷെ വരും ദിവസങ്ങളില്‍ അത്തരമൊരു സര്‍ക്കുലറിന് സാധ്യത ഉണ്ടെന്ന് തന്നെയാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.

നേപ്പാള്‍ വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെ കേരളത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ മേയ് ഒന്നാം തിയ്യതി മുതല്‍ ട്രാന്‍സിറ്റ് യാത്രക്കാരായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ശ്രീലങ്കയിലേക്ക് വരുന്നതിന് തയ്യാറായി നില്‍ക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉറപ്പുമില്ലാതെ ശ്രീലങ്കയിലേക്ക് വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഇത് വരെ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടോ ട്രാന്‍സിറ്റ് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് വ്യക്തമാക്കി കൊണ്ടോ ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമായ ഒരു സര്‍ക്കുലര്‍ പുറത്തു വിടാത്തതിനാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും നേപ്പാളില്‍ ഉണ്ടായത് പോലെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത് വരെയുള്ള യാത്രക്കാര്‍ക്ക് അനുവാദം നല്‍കുമെന്നുമാണ് ട്രാവല്‍ എജന്‍സിക്കാര്‍ യാത്രക്കാരോട്  പറയുന്നത്.

ട്രാവല്‍ എജന്‍സിക്കാരുടെ ഈ വാദം ശരി വെക്കുകയാണെങ്കില്‍ തന്നെയും സ്വന്തം റിസ്ക്കില്‍ ആയിരിക്കണം യാത്രക്കാര്‍ പോകേണ്ടത് എന്ന് ട്രാവല്‍ എജന്‍സിക്കാര്‍ പറയുന്നുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യാത്രക്ക് തടസം വരികയാണെങ്കില്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാവില്ല. അവര്‍ എമിഗ്രേഷന്‍ അധികൃതരെയും ഇന്ത്യന്‍ എംബസ്സിയേയും പഴി ചാരി രക്ഷപ്പെടുമെന്നും സാമ്പത്തിക നഷ്ടം മുഴുവന്‍ യാത്രക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി എണ്‍പതോളം മലയാളികള്‍ ശ്രീലങ്കയില്‍

Published

on

കൊളംബോ: നേപ്പാള്‍ വഴിയും മാലിദ്വീപ് വഴിയും സൗദി പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുക്കുന്നു. ഏറ്റവും അവസാനമാണ് ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അതോടെ തുറന്നു കിട്ടിയ അവസരം ഉപയോഗിച്ചു സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എണ്‍പതോളം സൗദി പ്രവാസികള്‍ ഇപ്പോള്‍.

എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ വ്യക്തമാക്കുന്നു.

വളരെ കുറച്ചു ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണ് ശ്രീലങ്ക വഴി ഇപ്പോള്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ റൂട്ട് ആയതിനാലും തുടക്കമായതിനാലും ഈ റൂട്ടില്‍ അധികം തിരക്കില്ല.

കേരളത്തില്‍ നിന്നും നിലവില്‍ ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് ഇവിടങ്ങളിലെക്ക് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ചാല്‍ അവിടെ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നത് പോലെ ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്തു യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്‌. കൂടാതെ കോവിഡ് ടെസ്റ്റ്‌ നടത്തുന്നതിനുള്ള പണവും മുന്‍‌കൂര്‍ ആയി അടക്കണം. ഇന്‍ഷുറന്‍സും വേണ്ടി വരും.

ഈ രേഖകളെല്ലാം തയ്യാറാക്കിയാള്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കും. ഈ രേഖകളെല്ലാം എമിഗ്രേഷന്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ്  വേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവയുടെ കൃത്യത പരിശോധിച്ച് ഇ-വിസ നല്‍കും. ഇതിനായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും.

വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഉടനെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റിന് വിധേയനാവേണ്ടി വരും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പരിശോധന ഉണ്ടായാല്‍ വാക്സിന്‍ എടുത്തതിന്റെ ഒറിജിനല്‍ രേഖ കാണിക്കേണ്ടി വരും. പതിനാല് ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര സാധിക്കുകയുള്ളൂ.

നിലവില്‍ എണ്‍പതോളം പേരാണ് സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ ഉള്ളത്. ഇവര്രില്‍ ചിലരുടെ വിമാന ടിക്കറ്റ് മേയ് ആറിനാണ് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയില്‍ വന്നിറങ്ങുന്ന സമയത്ത് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

ഇതുവരെ വന്നിറങ്ങിയവര്‍ക്ക് പോകാന്‍ സാധിക്കും എന്ന മറുപടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയത് എങ്കിലും അത് ഔദ്യോഗികമായി അവര്‍ നല്‍കിയിട്ടില്ലെന്ന് ഇപ്പൊള്‍ സൗദി യിലേക്ക് പോകാനായി എത്തി ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാഴക്കാട് സ്വദേശി മുബഷിര്‍ പറഞ്ഞു.

ട്രാവല്‍ രംഗത്ത് ജോലി ചെയ്ത പരിചയം നല്‍കിയ ധൈര്യം മൂലമാണ് ശ്രീലങ്ക തിരഞ്ഞെടുത്തതെന്ന് മുബഷിര്‍ പറയുന്നു. ആദ്യം എത്തുമ്പോള്‍ തങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്ന് ഫ്ലൈറ്റുകളിലായി എണ്‍പതോളം പേര്‍ എത്തിയത്.

ഇപ്പോഴും ശ്രീലങ്ക വഴി സൗദിയിലേക്ക് പോകാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇനി പുതുതായി വന്നിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമോ അതോ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് പോകാനുള്ള അനുവാദം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുന്നതിന് മുന്‍പായി അംഗീകൃത ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Continue Reading
LATEST11 hours ago

ഫൈനല്‍ എക്സിറ്റ് വിസയെ കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 28 നിയമ നിബന്ധനകള്‍

LATEST18 hours ago

സല്‍മാന്‍ രാജാവിന്റെ ഉത്തരവ്: ഇഖാമ ഇത് വരെ പുതുക്കി ലഭിക്കാത്തവര്‍ക്ക്‌ ആശങ്ക വേണ്ട

LATEST1 day ago

ഹുറൂബ് – സൗദിയിലെ വിദേശ തൊഴിലാളികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

LATEST2 days ago

ബുധനാഴ്ച ലഭിച്ചത് കൂടാതെ ഇന്നലെയും മലയാളികള്‍ക്ക് നേരിട്ട് മന്ത്രാലയ ആസ്ഥാനത്ത് നിന്നും ബ്ലോക്ക് മാറി തവക്കല്‍ന ഇമ്മ്യൂണ്‍ ആയി ലഭിച്ചു

LATEST2 days ago

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

LATEST3 days ago

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

LATEST3 days ago

സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

LATEST4 days ago

അനധികൃത താമസക്കാരെ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ച നാളുകള്‍

INTERNATIONAL4 days ago

തിരിച്ചു പോകുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക

LATEST5 days ago

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ 10 കാര്യങ്ങള്‍ സൗദി പ്രവാസികള്‍ അറിഞ്ഞിരിക്കുക

LATEST5 days ago

സൗദിയില്‍ കുറുക്കു വഴികള്‍ തേടി ജീവിതം നഷ്ടമാക്കുന്ന ചില പ്രവാസികള്‍

LATEST6 days ago

ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ സൗദി പ്രവാസികള്‍ക്ക് തൊഴില്‍ പ്രശ്നങ്ങളെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാം

LATEST6 days ago

തവക്കല്‍ന വേഗത്തില്‍ ഇമ്മ്യൂണ്‍ ആവാന്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

LATEST7 days ago

സൗദിയിലേക്കുള്ള തിരിച്ചു പോക്ക് സുരക്ഷിതമാക്കാന്‍ ഈ 4 കാര്യങ്ങള്‍ കൂടി അറിയുക.

LATEST7 days ago

സൗദിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്ന പ്രവാസികള്‍ ഈ നല്ല വാര്‍ത്തക്കായി കാത്തിരിക്കുക

LATEST4 days ago

അനധികൃത താമസക്കാരെ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ച നാളുകള്‍

LATEST3 days ago

സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

LATEST5 days ago

സൗദിയില്‍ കുറുക്കു വഴികള്‍ തേടി ജീവിതം നഷ്ടമാക്കുന്ന ചില പ്രവാസികള്‍

INTERNATIONAL4 days ago

തിരിച്ചു പോകുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക

LATEST3 days ago

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

LATEST6 days ago

തവക്കല്‍ന വേഗത്തില്‍ ഇമ്മ്യൂണ്‍ ആവാന്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

LATEST7 days ago

സൗദിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്ന പ്രവാസികള്‍ ഈ നല്ല വാര്‍ത്തക്കായി കാത്തിരിക്കുക

LATEST3 weeks ago

നാട്ടിലുള്ള സൗദി പ്രവാസികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് അറബ് പത്ര വാര്‍ത്തകള്‍

LATEST2 days ago

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

LATEST3 weeks ago

ഖത്തര്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 11 നിയമങ്ങളും നിബന്ധനകളും

LATEST2 weeks ago

പ്രവാസികള്‍ നാട്ടിലുള്ളവരുടെ സുരക്ഷക്കായി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക

LATEST7 days ago

സൗദിയിലേക്കുള്ള തിരിച്ചു പോക്ക് സുരക്ഷിതമാക്കാന്‍ ഈ 4 കാര്യങ്ങള്‍ കൂടി അറിയുക.

LATEST2 days ago

ബുധനാഴ്ച ലഭിച്ചത് കൂടാതെ ഇന്നലെയും മലയാളികള്‍ക്ക് നേരിട്ട് മന്ത്രാലയ ആസ്ഥാനത്ത് നിന്നും ബ്ലോക്ക് മാറി തവക്കല്‍ന ഇമ്മ്യൂണ്‍ ആയി ലഭിച്ചു

LATEST1 week ago

സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികള്‍ അറിഞ്ഞിരിക്കുക ഈ കാര്യം.

Trending

error: Content is protected !!