SPORTS
ബെംഗളൂരുവിനോട് സമനില; കേരള ബ്ലാസ്റ്റേഴ്‌സ് പഴയ ഫോമില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച കളി കാഴ്ച്ചവച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് സമനിലയില്‍ കേരള ബ്ലാസ്റ്റേഴ്സ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. വലതു വിങ്ങില്‍ നിന്ന് മുഹമ്മദ് റാക്കിപ് നല്‍കിയ ക്രോസ് ഒഴിവാക്കാനുള്ള കീന്‍ ലൂയിസിന്റെ ശ്രമമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ബോക്സിനുള്ളില്‍ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ ഹാന്‍ഡ് ബോള്‍ ആയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്റ്റോയനോവിച്ചിന് ലക്ഷ്യം തെറ്റിയില്ല. ബ്ലാസ്റ്റേഴ്സ് മുന്നില്‍.
40-ാം മിനിറ്റില്‍ കറേജ് പെക്കൂസണിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോളും നേടി. പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചുകയറിയ ഡുംഗല്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് പെക്കൂസന്‍ തൊടുത്ത ഷോട്ട് ബെംഗളൂരു ഗോളിക്ക് അവസരം നല്‍കാതെ വലയിലെത്തി. ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍.
എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറഞ്ഞു. 69-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. അടുത്ത ഊഴം സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടേതായിരുന്നു. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് ശേഷിക്കെ ഛേത്രി ബെംഗളൂരിനെ ഒപ്പമെത്തിച്ചു.
14 മത്സരങ്ങളില്‍ 31 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ആകെയുള്ളത് ചെന്നൈയിന്‍ എഫ്.സി മാത്രമാണ്. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

LATEST
നാല് വർഷം ഇടവേള. പ്രവാസികൾക്ക് വീണ്ടും ആശ്വാസമായി പ്രവാസി കോർണർ

പ്രവാസി കോർണർ വെബ്‌സൈറ്റിൽ വർഷങ്ങളായി നിർത്തി വെച്ചിരുന്ന ഗൾഫ് മലയാളികൾക്കുള്ള സൗജന്യ നിയമ സഹായ പംക്തി പുനരാരംഭിച്ചു. നിയമ സഹായം തേടിയുള്ള മലയാളി നഴ്‌സിന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് കഴിഞ്ഞ ദിവസം പംക്തി വീണ്ടും ആരംഭിച്ചത്.
നിയമ ഉപദേശങ്ങൾ നൽകിയിരുന്ന പ്രവാസി കോർണർ വെബ്‌സൈറ്റ് സ്ഥാപകൻ അഡ്വ. ഷിയാസ് കുഞ്ഞിബാവ അഞ്ചു വർഷം മുൻപ് സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോയതോടെയാണ് 2011 മുതൽ ദീർഘകാലം സൗദിയിലെ മലയാളികളുടെ ആശ്വാസമായിരുന്ന നിയമ സഹായ പംക്തി അവസാനിപ്പിക്കേണ്ടി വന്നത്.
നിയമ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്നു സൗദിയിലെയും യു എ ഇ യിലെയും സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് സൗജന്യമായി നിയമ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2011 ലാണ് അഡ്വ. ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തിൽ പ്രവാസി കോർണർ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഇമെയിലിലൂടെ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഈമെയിലിലൂടെ തന്നെ വ്യക്തിപരമായി ഉത്തരം നൽകുകയായിരുന്നു അന്ന് ചെയ്തിരുന്നത്. ലഭിക്കുന്ന ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സാമൂഹിക പ്രാധാന്യമുള്ള പ്രസക്തമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പ്രവാസി കോർണർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതിമാസം മൂവായിരത്തോളം പേർക്ക് വ്യക്തിപരമായി നേരിട്ട് ഇത്തരത്തിൽ പ്രവാസി കോർണർ സൗജന്യമായി നിയമ സഹായം നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടരുന്നതിനായി ഷിയാസ് കുഞ്ഞിബാവ 2015 ൽ ഇന്ത്യയിലേക്ക് തിരിച്ചു പോയതോടെ പ്രവാസി കോർണറിന് ഈ സൗജന്യ നിയമ സഹായ പംക്തി നിർത്തി വെക്കേണ്ടി വന്നു.
അതിന് ശേഷം ഷിയാസ് കുഞ്ഞിബാവ പ്രവാസി കോർണറിൽ ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിയുകയും നടത്തിപ്പ് ചുമതല മറ്റുള്ളവർ ഏറ്റെടുക്കുകയും ചെയ്തു. സൗജന്യ നിയമ സഹായ പംക്തി തുടരുന്നതിനായി പുതിയ ചുമതലക്കാർ സൗദിയിലെ പല പ്രവാസി നിയമ വിദഗ്ധരുമായി ബന്ധപ്പെട്ടുവെങ്കിലും സൗദി അറേബ്യയിൽ നിന്ന് കൊണ്ട് സൗദി നിയമത്തിൽ നിയമ ഉപദേശങ്ങൾ നൽകുന്നത് അപകടകരമാണ് എന്ന നിലപാടിൽ പലരും അഭ്യർത്ഥനകൾ നിരാകരിക്കുകയായിരുന്നു.
ഗൾഫ് മലയാളികൾക്ക് സൗജന്യ നിയമസഹായം നൽകാൻ ഏതെങ്കിലും പ്രവാസി സംഘടന തയ്യാറാവുകയാണെങ്കിൽ പ്രവാസി കോർണർ വെബ്‌സൈറ്റ് അവർക്ക് സൗജന്യമായി നൽകാമെന്നും ഷിയാസ് കുഞ്ഞിബാവ നിലപാടെടുത്തിട്ടും ആരും മുന്നോട്ട് വന്നില്ല. ഇതോടെ മറ്റു വഴികളില്ലാതെ സൗജന്യ നിയമ സഹായം നിർത്തി വെക്കുകയായിരുന്നു.
നിയമ സഹായ പംക്തി നിർത്തി വെച്ചതിന് ശേഷവും ഈമെയിലിലൂടെയും മെസെഞ്ചറിലൂടെയും അനേകം പ്രവാസികൾ സൗജന്യ നിയമ ഉപദേശങ്ങൾക്കായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും നിയമ മേഖലയിൽ പരിജ്ഞാനം ഇല്ലായിരുന്ന പുതിയ മാനേജ്‌മെന്റിന് അവരെ സഹായിക്കാൻ സാധിച്ചിരുന്നില്ല. മറ്റു വെബ്സൈറ്റുകളെ പോലെ പ്രവാസി കോർണറും ദിനം പ്രതിയുള്ള ഗൾഫ് വാർത്തകളുമായി മുന്നോട്ടു പോകുകയായിരുന്നു.
എന്നാൽ ഇതിനിടയിൽ ഡൽഹിയിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഷിയാസ് കുഞ്ഞിബാവ സൗദി അറേബ്യയും യു എ ഇ യും അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കൂടി തന്റെ കോർപറേറ്റ് കൺസൾട്ടൻസി പ്രാക്ടീസ് വ്യാപിപ്പിച്ചതോടെ പ്രവാസി ഗൾഫ് മലയാളികൾക്കുള്ള സൗജന്യ നിയമ സഹായ പംക്തി പ്രവാസി കോർണറിൽ പുനരാരംഭിക്കണമെന്ന് വെബ്‌സൈറ്റ് മാനേജ്‌മെന്റ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. സമയ പരിമിതി മൂലം അദ്ദേഹം ഭാഗികമായി സമ്മതം മൂളിയതോടെയാണ് നാല് വർഷമായി മുടങ്ങി കിടന്നിരുന്ന പംക്തി കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചത്.

ഒൻപത് വർഷം മുൻപ് പ്രവാസി കോർണർ വെബ്‌സൈറ്റ് സേവനങ്ങളെ കുറിച്ച് സൗദിയിലെ മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം
സൗദിയിലെയും യു എ ഇ യിലേയും പ്രവാസി മലയാളികളെ ബാധിക്കുന്ന പൊതുവായതും പ്രസക്തവുമായ പ്രശ്നങ്ങളിൽ വെബ്‌സൈറ്റിലൂടെയാണ് ഉത്തരം നൽകുക. വായനക്കാർ ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും ഉത്തരം നൽകേണ്ട ചോദ്യങ്ങൾ വെബ്‌സൈറ്റ് മാനേജ്‌മെന്റ് തിരഞ്ഞെടുത്ത് നൽകും. മുൻകാലങ്ങളിലെ പോലെ വ്യക്തിപരമായി ഇമെയിൽ മുഖേനയോ ഫോണിലൂടെയോ പ്രവാസി മലയാളികൾക്ക് നിയമ സഹായം എത്തിക്കാൻ സമയ കുറവ് മൂലം സാധിക്കില്ലെന്നും ഇക്കാര്യം ദയവായി ഉൾക്കൊള്ളണമെന്നും ഷിയാസ് കുഞ്ഞിബാവ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ഇതോടെ വാർത്താ വെബ്‌സൈറ്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പ്രവാസി കോർണർ സൗദിയിലെയും യുഎഇ യിലെയും നിയമ വാർത്തകളും സൗജന്യ നിയമ ഉപദേശങ്ങളും വായനക്കാരിൽ എത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പ്രവാസി നിയമ വെബ്‌സൈറ്റ് എന്ന നിലയിലേക്ക് മാറുകയാണ് എന്നും മാനേജ്‌മെന്റ് അറിയിക്കുന്നു.
INDIA
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ഏറെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. മെയ് മുപ്പത് മുതൽ ജൂലൈ പതിനാല് വരെയാണ് ലോകകപ്പ്.
ദിനേഷ് കാർത്തിക്ക് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
യുവതാരം റിഷഭ് പന്തിന് സെലക്ടർമാർ അവസരം നൽകിയില്ല. അമ്പാട്ടി റായിഡുവിനും ടീമിലിടം കണ്ടെത്താൻ സാധിച്ചില്ല. അതെ സമയം തമിഴ്നാട് താരം വിജയ് ശങ്കറും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ടീം- വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, കേദാർ ജാദവ്, എം.എസ് ധോണി(വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്ക്(വിക്കറ്റ് കീപ്പർ), മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, ഹർദ്ദിക് പാണ്ഡ്യ.
എം.എസ്.കെ പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
SPORTS
അഭിനന്ദിനെ പിന്തുണച്ച സാനിയ മിര്‍സക്കെതിരെ പൊങ്കാല

ലാഹോര്‍: ഇന്ത്യയുടെ മകളും പാകിസ്താന്റെ മരുമകളുമാണ് ടെനീസ് താരം സാനിയ മിര്‍സ. എന്നാല്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സാനിയ പുലിവാല് പിടിച്ചിരിക്കുകയാണ്. അഭിനന്ദനെ രാജ്യത്തിന്റെ അഭിമാനം എന്ന് പറഞ്ഞു സ്വാഗതം ചെയ്യുകയും ജയ്ഹിന്ദ് വിളിക്കുകയും ചെയ്തതാണ് ഭര്‍ത്താവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകനുമായ ഷൊയ്ബ് മാലിക്കിന്റെ നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.
സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും ഭര്‍ത്താവിന്റെ രാജ്യമായ പാക്കിസ്ഥാനോടാണ് കൂറ് പുലര്‍ത്തേണ്ടത് എന്നുമാണ് പാക്കിസ്ഥാന സ്വദേശികളുടെ ആവശ്യം. എന്നാല്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ രാജ്യങ്ങളോടുള്ള കൂറ് ഒരിക്കലും ദാമ്പത്തിക ജീവിതത്തില്‍ ഒരു പ്രശ്നമായി മാറില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് അതിര്‍ത്തി കടന്നുള്ള താര വിവാഹം പൊതു ചര്‍ച്ചാ വിഷയമായി മാറുന്നത്. തെറിവിളിയും പൊങ്കാലയുമായി നിരവധിപേര്‍ എത്തിയതോടെ ഇന്തോ പാക്ക് വിവാഹത്തിന്റെ മറ്റൊരു വശം അനുഭവിക്കുകയാണ് ഇപ്പോള്‍ ഇരുവരും.
നേരത്തെ സാനിയ മിര്‍സയ്ക്ക് എതിരെ ഇന്ത്യയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്റെ മരുമകളായ സാനിയയെ തെലങ്കാന അംബാസഡര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബിജെപി എംഎല്‍എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും പാക്കിസ്ഥാനില്‍ ജീവിച്ച് ഇന്ത്യയോട് കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നാണ് അന്ന് ഉയര്‍ന്ന അഭിപ്രായം. പുല്‍വാമ അക്രമണത്തിന് പിന്നാലെയായിരുന്നു ടെന്നീസ് താരത്തിന് എതിരെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയത്.
ഷൊയ്ബ് മാലിക്കിനേയും സൈബര്‍ ഇടത്തില്‍ വിടാതെ പിന്തുടരുകയാണ് പോരാളികള്‍. ഹമാരാ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ട്വീറ്റ് ചെയ്ത മാലിക്കിന്റെ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഇന്ത്യയിലെ ഒരു വിഭാഗം ഉയര്‍ത്തിയത്.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിനെതിരെയാണ് മാലികിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നത്.ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലര്‍ രംഗത്ത് വന്നു. ബിജെപി എംഎല്‍എയും ട്വീറ്റിനെ വിമര്‍ശിച്ചു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ മാറ്റണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
പാക്കിസ്ഥാനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.മാലികിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.സാനിയയ്ക്ക് പകരം തല്‍സ്ഥാനത്തേക്ക് സൈന നെഹ്വാളിനെയോ പി.വി സിന്ധുവിനെയോ വി.വി എസ് ലക്ഷ്മണിനെയോ നിയമിക്കണമെന്ന് എംഎല്‍എ പറഞ്ഞു. മാത്രമല്ല മാലികിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും. അഥവാ എത്തിയാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നത് ഒന്ന് കാണണമെന്നും ചിലര്‍ പ്രതികരിച്ചിരുന്നു.എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ താരദമ്പതികളെ ബാധിച്ചിട്ടില്ല. ഇരുവരും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകുന്നു എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം.