CRIME
വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും പണവും കവര്‍ന്നു

ആലുവയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ ബന്ദിയാക്കി 100 പവന് സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരുടെ നേതൃത്വത്തില്‍ ചെങ്ങമനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ വീട്ടിലായിരുന്നു മോഷണം. വീടിനു പിന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് മോഷണം പോയത്.
മുഖം മൂടിയും നിക്കറും ധരിച്ച രണ്ട് മോഷ്ടാക്കളാണ് അത്താണി കെ.എസ്.ഇ.ബിക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. വീടിന്റെ വാതില്‍ ആയുധം ഉപയോഗിച്ച് തിക്കി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടു മുഴുവന്‍ അരിച്ചുപെറുക്കി പണം കൈയ്ക്കലാക്കിയ ശേഷം ഉറങ്ങിക്കിടന്ന ഡോക്ടറുടെ മുറിയിലേക്ക് മോഷ്ടാക്കളെത്തി. മദ്യകുപ്പി പൊട്ടിച്ച് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരിക്കുന്നആഭരണങ്ങള് അഴിച്ചെടുത്തു.
ഇതിനിടെ അലമാര തുറന്ന് വിവാഹാവശ്യത്തിന് ലോക്കറില്‍ നിന്നെടുത്ത 70 പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങളും മറ്റൊരാള്‍ ചാക്കിലാക്കി. ഭര്‍ത്താവ് വിദേശത്തുള്ള ഡോക്ടര്‍ പലപ്പോഴും ഒറ്റക്കാണ് താമസം. ഇവരുടെ മകന് നാവിക സേനയിലാണ്
.
പിടിവിട്ടയുടന് ഡോക്ടര്‍ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. റൂറല്‍ എസ്.പി യടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്മുപ്പതോളം പവന് സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.