POLITICS
അത് സെൽഫിയല്ല. വിവാദ ചിത്രത്തിൽ കണ്ണന്താനത്തിന്റെ വിശദീകരണം

കാശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വസന്ത കുമാറിന്റെ അന്ത്യ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തന്റെ സെൽഫിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം സെൽഫിയല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം.
ഇന്ന് രാവിലെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മന്ത്രി വിശദീകരണം നൽകിയത്. വീരമൃത്യു വരിച്ച ജവാന്റെ വയനാട്ടിലെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്നും വിശദമായി നോക്കിയാൽ ആ ചിത്രം സെൽഫിയല്ലയെന്നു മനസിലാകുമെന്നും കണ്ണന്താനം വിശദീകരിക്കുന്നു.
കൂടാതെ താൻ സെൽഫി എടുക്കാറില്ലെന്നും ഇതുവരെ സെൽഫി എടുത്തിട്ടുമില്ലെന്നും വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നുവെന്നും അതിലും നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും മന്ത്രി പറയുന്നു.
മാത്രമല്ല ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയ്യേണ്ടതെന്നും പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കുന്നു.
അൽഫോൻസ് കന്നതാണതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ :
കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.
എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.
KERALA
പ്രവാസി നികുതിക്കെതിരെ മുഖ്യമന്ത്രി. പ്രവാസികളോടുള്ള ക്രൂരതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികൾക്ക് ഏർപ്പെടുത്തിയ നികുതിക്കെതിരെയും പ്രവാസി പദവി സംബന്ധിച്ച കേന്ദ്ര ബജറ്റിലെ പുതിയ നിർദ്ദേശത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പ്രവാസി പദവി സംബന്ധിച്ച നിർദ്ദേശം പലരുടെയും പ്രവാസി പദവി നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“പ്രവാസികൾ എല്ലാവരും തട്ടിപ്പുകാരല്ല. വർ നാട്ടിൽ കുടുംബമുള്ളവരാണ്. അവർക്ക് പലപ്പോഴും നാട്ടിൽ കഴിയേണ്ടി വന്നേക്കാം”. കുടുംബകാര്യങ്ങള്‍ക്ക് നാട്ടിൽ നിൽക്കുന്നവർക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുത്തുന്ന നിർദ്ദേശം പ്രവാസികളോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ആ രാജ്യങ്ങളിൽ നികുതിയടക്കാന്‍ ബാധ്യതയില്ലെങ്കിൽ അവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി വരുമാന നികുതിയേര്‍പ്പെടുത്താനാണ് കേന്ദ്ര ബജറ്റിലെ പുതിയ നിര്‍ദേശം.
നികുതിയില്ലാത്ത രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പുതിയ നിര്‍ദേശം വിപരീതമായി ബാധിക്കും. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് വരുമാന നികുതി ഉണ്ടായിരുന്നില്ല.
എൻ ആർ ഐ ആയി കണക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്ന പുതിയ നിബന്ധനയും ഏർപ്പെടുത്തി. മുൻപ് അത് 182 ദിവസമായിരുന്നു.
ഇന്ത്യൻ വംശജനായ വിദേശ പൗരൻ (പേഴ്‌സൺ ഓഫ് ഒറിജിൻ – പി ഐ ഓ) വിഭാഗത്തിൽ പെടുന്നവർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള കാലാവധി ഇനി 120 ദിവസം ആയി കുറയ്ക്കും. ഇത് വരെ ആ പരിധി 182 ദിവസമായിരുന്നു.
INDIA
സിഎഎ: കള്ളക്കേസെടുത്ത യുപി പോലീസിന് കോടതിയുടെ അതിരൂക്ഷ വിമർശനം.

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത വകുപ്പുകൾ ചാർത്തി കേസെടുത്ത യു പി പൊലീസിന് ബിജിനോര്‍ ജില്ലാ കോടതിയുടെ അതിരൂക്ഷ വിമർശനം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സഞ്ജീവ് പാണ്ഡ്യയാണ് യു പി പോലീസിനെയും പ്രോസിക്യൂട്ടറെയും വിമർശനം കൊണ്ട് നിർത്തി പൊരിച്ചത്.
തെളിവുകൾ ഇല്ലാതെയാണ് പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് എന്ന് കോടതി നിരീക്ഷിച്ചു. പൊലീസുകാര്‍ക്കു നേരെ നിറയൊഴിച്ചു എന്നതിനും സ്വകാര്യ വാഹനങ്ങളും കടകളും ആക്രമിച്ചു എന്നതിനും തെളിവു ഹാജരാക്കാൻ പോലീസിനായിട്ടില്ല. ആയുധങ്ങൾ പിടിച്ചെടുത്തു എന്ന് ആരോപണം ഉണ്ടെങ്കിലും അവ ഹാജരാക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
13 പോലീസുകാർക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്നാണ് പ്രോസിക്യൂട്ടർ വാദിക്കുന്നത്. എന്നാൽ വാദം പിന്തുണക്കാൻ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പ്രകാരം നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. പിന്നെ എങ്ങിനെയാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയെന്നും കോടതി ചോദിച്ചു. പോലീസ് വാദം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാതിരിക്കാനായി ഇവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 307 അടയ്ക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കൊണ്ടാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
മൊത്തം 83 കുറ്റാരോപിതരില്‍ നിന്ന് 48 പേരുടെ ജാമ്യ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. വാദം കേട്ടതിന് ശേഷം എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു.
INDIA
കഫീൽ ഖാനോട് പക വീട്ടിയിട്ടും മതിയാകാതെ യോഗി സർക്കാർ.

ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നടന്ന ഭേദഗതി വിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. ഉത്തർപ്രദേശ് പോലീസിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞവർഷം ഡിസംബർ 13നാണു കഫീൽ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സർവകലാശാലയിലെ സമാധാന അന്തരീക്ഷവും സാമുദായിക ഐക്യവും തകർക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാൽ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ ഹാജരാവാൻ കഫീൽ ഖാനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞമാസം അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സി.എ.എ വിരുദ്ധ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതാണ് കഫീൽ ഖാനെതിരെയുള്ള പോലീസിന്റെ ആരോപണം. ഒരു മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ മുംബൈയിൽ വച്ച് യു.പി പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് മുംബൈയിൽ നടക്കുന്ന സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ കഫീൽ ഖാൻ പങ്കെടുക്കാനായി എത്തിയപ്പോഴാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
“ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്” എന്നാണു മാദ്ധ്യമപ്രവർത്തക അനന്യ ഭരദ്വാജിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്. താനും ആ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും സാമുദായിക വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുന്ന ഒരു വാക്ക് പോലും അദ്ദേഹം ആ യോഗത്തിൽ പറഞ്ഞിട്ടില്ലെന്നും യോഗേന്ദ്ര യാദവ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. നിയമത്തിന്റെ ദുരുപയോഗം ഇക്കാലത്ത് വ്യാപകമായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.