SOCIAL MEDIA
അടുത്തെങ്ങാനും സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുണ്ടോ..?, കിടുക്കന്‍ മേക് ഓവറാണ്; വൈറലായി യുവാവിന്റെ കുറിപ്പ്

പൊതുവെ സര്‍ക്കാര്‍ ആശുപത്രികള്‍ പലരും ഒഴിവാക്കാറുണ്ട്. രോഗങ്ങള്‍ വന്നാല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തെങ്ങാനും നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ… ? പോയെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രിയിലെ മാറ്റങ്ങളെ കുറിച്ചറിയാന്‍ പറ്റൂ. അത്തരമൊരു അനുഭവത്തെ കുറിച്ചാണ് വിപിന്‍ വില്‍ഫ്രഡ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുമ്പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ കൗണ്ടറിനകത്തിരുന്ന് ഒരു കമ്പൗണ്ടര്‍ പേരും സ്ഥലവും വയസ്സുമൊക്കെ ചോദിച്ച് ഒരു തുണ്ടെഴുതിത്തരും. അതും കയ്യില്‍പ്പിടിച്ച് ഡോക്ടറുടെ റൂമിനുമുന്നില്‍ ക്യൂ നില്‍ക്കണം. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. വിപിന്റെ കുറിപ്പ് വായിക്കാം:
അടുത്തെങ്ങാനും സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുണ്ടോ..?
കിടുക്കന്‍ മേക് ഓവറാണ് ഇപ്പൊ നാട്ടുമ്പുറത്തെ സര്‍ക്കാരാശുപത്രികള്‍ക്ക്.
മുമ്പൊക്കെ സര്‍ക്കാരാശൂത്രീല്‍ പോയാല്‍ കൗണ്ടറിനകത്തിരുന്ന് ഒരു കമ്പൗണ്ടര്‍ പേരും സ്ഥലവും വയസ്സുമൊക്കെ ചോദിച്ച് ഒരു തുണ്ടെഴുതിത്തരും. അതും കയ്യില്‍പ്പിടിച്ച് ഡോക്ടറുടെ റൂമിനുമുന്നില്‍ ക്യൂ നില്‍ക്കണം. ഊഴമെത്തുമ്പൊ ഡോക്ടര്‍ മുന്നിലൊന്നിരുത്തീന്ന് വരുത്തി രോഗവിവരം ചോദിച്ചൂന്ന് വരുത്തി സ്റ്റെതസ്കോപ്പൊക്കെ ഒന്ന് വച്ചൂന്ന് വരുത്തി ആര്‍ക്കും മനസ്സിലാവാത്ത ഏതോ ഗോത്ര ഭാഷയില്‍ നുമ്മടെ തുണ്ടില്‍ കുത്തിവരയ്ക്കും. അതും കൊണ്ട് ഫാര്‍മസീടെ മുന്നില്‍ പോയി ക്യൂ നില്‍ക്കണം. അവിടുത്തെ ചേച്ചി/ചേട്ടന് പല രൂപത്തിലും വലിപ്പത്തിലുമുള്ള കുറേ ഗുളികളുടെ സ്ട്രിപ്പ് വെട്ടിയും മുറിച്ചും നമ്മുടെ മുന്നോട്ടെറിയും ഇത് രാവിലെ ഇത് രാത്രി ഇത് മൂന്ന് നേരം എന്നിങ്ങനെ… എന്തരോ എന്തോന്ന് പിറുപിറുത്ത് നുമ്മളിങ്ങെറങ്ങിപ്പോരും.
ഇപ്പൊ ദേ കഥ മാറി.രണ്ടു ദിവസം കൊണ്ടൊരു പനിക്കോള്. ശരീരവേദനയും ക്ഷീണവും കടുത്തപ്പൊ ഇന്നലെ ഉച്ചയോടെ നാട്ടിലെ സര്‍ക്കാരാശുപത്രിയിലേക്ക് ചെന്നു.
ആദ്യ നോട്ടത്തില്‍ത്തന്നെ ആ മേക്കോവര്‍ ഫീല്‍ ചെയ്തു. മൊത്തം സെറ്റപ്പ് മാറിയിരിക്കുന്നു. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന വൃത്തിയും ഭംഗിയും. കിടത്തിച്ചികിത്സിക്കാനുള്ള ആശുപത്രിക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.
തുണ്ടെടുക്കുന്ന കൗണ്ടറില്‍ ദേ കമ്പ്യൂട്ടര്‍. കൗണ്ടറിലെ ചേച്ചി പേരും വിലാസവും വയസ്സുമൊക്കെ ചോദിച്ച് അതൊക്കെ രേഖപ്പെടുത്തിയ ഒരു ടോക്കണ്‍ തന്നു. അതുമായി നിരത്തിയിട്ട കസേരയിലൊന്നില്‍ ചെന്നിരുന്ന് നോക്കുമ്പൊ മുന്നിലെ മോണിട്ടറില്‍ ഡോക്ടറുടെ പേരും ടോക്കണ്‍ നമ്പരുമൊക്കെ ഡിസ്പ്ലേ ചെയ്യുന്നുണ്ട്. എന്റെ ടോക്കണ്‍ 138. സ്ക്രീനില്‍ ഇപ്പൊ 114.
വിശാലമായി വെയ്റ്റ് ചെയ്യുമ്പോള്‍ ദാ അകത്തുനിന്ന് 138 ഉണ്ടോന്നൊരു വിളി.സ്ക്രീനില്‍ അപ്പോഴും 118 ആയിട്ടേയുള്ളു. ചെന്നപ്പൊ ഒരു നഴ്സ് യുവതി. പ്രഷറും ടെമ്പറേച്ചറുമൊക്കെ എടുക്കാനാണത്രേ… ആഹാ കൊള്ളാലോ… നോക്കി. മര്‍ദ്ദം കുറവും ഊഷ്മാവ് കൂടുതലും. എല്ലാം മുന്നിലെ കമ്പ്യൂട്ടറില്‍ യുവതി രേഖപ്പെടുത്തി.
വെയ്റ്റ് ചെയ്തോളൂ..ന്ന്. പിന്നെയും പഴയ സീറ്റില്‍ത്തന്നെ കാത്തിരിപ്പ്.1 മണി കഴിഞ്ഞതോടെ ആദ്യ ഷിഫ്റ്റിലെ ഡോക്ടര്‍ മാറി പുതിയ ആള് വന്നു. 138 സ്ക്രീനില്‍ തെളിഞ്ഞതോടെ ഡോക്ടറുടെ മുന്നിലേക്ക്. വിശദമായ പരിശോധന. വൈറല്‍ ഫിവറാണ്. വിശ്രമിക്കണം എന്നുപദേശം. മരുന്നു പ്രിസ്ക്രൈബ് ചെയ്യുന്നതും കമ്പ്യൂട്ടറില്‍ തന്നെ.
ഫാര്‍മസിയിലെ ക്യൂവില്‍ ഒന്നോരണ്ടോ പേര് മാത്രം. എല്ലാ മരുന്നും ഒന്നൊന്നായെടുത്ത് കവറിലിട്ട് കഴിക്കേണ്ട വിധമൊക്കെ രേഖപ്പെടുത്തി തന്നു. അതോടൊപ്പം തരുന്ന മരുന്നും സ്റ്റോക്കില്ലാത്ത മരുന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രിന്റഡ് പ്രിസ്ക്രിപ്ഷനും.
ഇറങ്ങുമ്പൊ എന്റെ നാട്ടുമ്പുറത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രത്തെപ്രതി സത്യത്തില്‍ സന്തോഷവും അഭിമാനവും തോന്നിഎല്ലാമല്ലെങ്കിലും ചിലതൊക്കെ വളരെ #ശരിയാവുന്നുണ്ട് കേട്ടോ…
SOCIAL MEDIA
ഞെട്ടിച്ചു കളഞ്ഞു. ഇതാണ് മലയാളി, ഇതാണ് പ്രവാസ ലോകത്തെ നന്മ.

മലയാളികളായ പ്രവാസികളുടെ സഹജീവി സ്നേഹം പേര് കേട്ടതാണ്. പ്രവാസ ലോകത്ത് തന്റെ സഹജീവികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടാൽ സഹായിക്കാൻ ഒരാളെങ്കിലും കാണും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കും ഇവർ പലപ്പോഴും സഹായത്തിനായി എത്തുന്നത്.
ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെ സൗദി അറേബ്യ അന്തരാരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായത് ദുബായിൽ കുടുങ്ങി പോയ പ്രവാസി മലയാളികളായിരുന്നു.
ഇന്ത്യയിൽ നിന്നും നേരിട്ടുള്ള യാത്രക്ക് സൗദി വിലക്ക് പ്രഖ്യാപിച്ചപ്പോൾ ദുബായിലെത്തി പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് പ്രവാസികൾ സൗദിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ യാത്ര വിലക്ക് പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. പലരുടെയും പക്കൽ കഷ്ടിച്ച് നിന്നുപോകാൻ മാത്രം പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിതമായി എത്തിയ യാത്രാ വിലക്ക് മറികടക്കാൻ പലരും യു എ ഇ യിലുള്ള ബന്ധുക്കളുടെയും സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. യു എ ഇ യിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തവർ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലെ പ്രവാസി ഗ്രൂപ്പുകളിൽ പോസ്റ്റുകളിട്ടു. അത്തരത്തിലുള്ള ഒരു പോസ്റ്റിന് ലഭിച്ച പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സുധീഷ് ചന്ദ്രശേഖർ എന്ന വ്യക്തിയാണ് തനിക്ക് ലഭിച്ച സഹായ അഭ്യർത്ഥന ഓൾ കേരള പ്രവാസി അസോസിയേഷൻ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. സഹായം അഭ്യർത്ഥിച്ചയാളുടെ സഹോദരൻ ക്വാറന്റൈന് ശേഷം ഇന്ന് സൗദിയിലേക്ക് പുറപ്പെടാതായിരുന്നുവെന്നും യാത്ര വിലക്ക് മൂലം ദുബായിൽ കുടുങ്ങി കിടക്കുകയാണെന്നും അടുത്ത ദിവസം ഹോട്ടൽ റൂം ഒഴിഞ്ഞു കൊടുക്കണമെന്നും കയ്യിലെ പണമെല്ലാം തീർന്നെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
സഹായിക്കാൻ തയ്യാറാവുന്ന വ്യക്തിക്ക് ചിലവാകുന്ന പണം നാട്ടിലോ, എവിടെയും എത്തിച്ചു തരാൻ തയ്യാറാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ ആംബർ സഹിതമായിരുന്നു കുറിപ്പ്.
ഇതിന് ലഭിച്ച മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഷിഖ് മട്ടൂൽ എന്ന പ്രവാസി മലയാളിയാണ് സഹായിക്കാൻ സന്നദ്ധത അറിയിച്ചത്. മറുപടിയിൽ ആഷിഖ് പറഞ്ഞത് “എന്നെ വിളിക്കാൻ പറ. പൈസ ഒന്നും വേണ്ട ബ്രോ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ നോക്കിക്കൊള്ളാം എന്നാണ്“
നിഷ്കളങ്കവും ആത്മാർത്ഥത നിറഞ്ഞതുമായ ഈ മറുപടി പ്രവാസി മലയാളിയുടെ സഹായ സന്നദ്ധതയും സഹജീവി സ്നേഹവും നന്മയും വെളിപ്പെടുത്തുന്നതാണെന്ന് നിരവധി പേർ കമന്റുകളിൽ പറയുന്നു. സഹായം അഭ്യർത്ഥിച്ച വ്യക്തിക്ക് താമസത്തിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു റൂം ശരിയായെങ്കിലും ഈ സഹായ സന്നദ്ധതയെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളുമായാണ് മലയാളികൾ ആഷിഖിനെ അഭിനന്ദിച്ചത്.
LATEST
ചലഞ്ചുകളിൽ ആകൃഷ്ടരായി അനുഭവം പങ്കു വെക്കുന്നവർക്ക് കെണിയൊരുക്കുന്നവർ

സമൂഹ മാധ്യമങ്ങളിൽ സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ചലഞ്ചുകളുടെ തരംഗത്തിൽ ആകൃഷ്ടരായി സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നവർ ചതിക്കുഴികളിൽ പെടുന്നു. ഇത്തരക്കാരെ ലക്ഷ്യം വെച്ച് കെണിയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ ക്രിമിനൽ സംഘങ്ങൾ ഇന്റെനെറ്റിൽ പ്രവർത്തിച്ചു വരുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം.
ഇത്തരമൊരു ചലഞ്ചിൽ പങ്കെടുത്ത് കെണിയിൽ അകപ്പെട്ട ബിജു എന്ന പ്രവാസി മലയാളിയാണ് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടുള്ളത്. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് . ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.
രണ്ടു തവണയാണ് തനിക്കുവേണ്ടി സൈബർ ക്രിമിനലുകളായ സ്ത്രീകൾ കെണിയൊരുക്കിയത്. എട്ടോളം പ്രൊഫൈലുകളിൽ നിന്നും കെണിയെന്ന വ്യാജേന ലക്ഷ്യം വെച്ചെങ്കിലും താൻ കരുതിയിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ഇപ്പോൾ തോന്നുന്നതെന്നും ബിജു പറയുന്നു.
ആ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നതെന്ന് ബിജു പറയുന്നു. അധികവും ഫേക്ക് ഐഡിയിൽ നിന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. അതിൽ കുട്ടികളെ നോക്കാമെന്നു പറഞ്ഞ് സന്ദേശം അയച്ച ഒരു സ്ത്രീയുടെ ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി.
സന്ദേശം വന്ന ഉടനെ അവരുടെ പ്രൊഫൈൽ താൻ പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. അതിനാൽ താൻ അവരുമായി പ്രതികരിച്ചു. ഞാൻ ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഉടനെ തന്നെ എനിക്ക് അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ തന്നെ കെണിയിൽ കുടുക്കാനായിരുന്നു ആ വീഡിയോ കോൾ എന്ന് കോൾ എടുത്ത ശേഷമാണ് തനിക്ക് മനസ്സിലായത്.
താൻ കോൾ എടുത്തയുടനെ മറുവശത്തുള്ള അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. ചതിയാണെന്ന് മനസ്സിലായതോടെ താൻ ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും അവർ തന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തുവെന്നും ബിജു പറയുന്നു.
എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദ്യം ചെയ്ത കോളിൽ എന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും അവർ തന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.
തുടർന്ന് തന്റെ മെസഞ്ചറിൽ നിന്നും താനാണെന്ന വ്യാജേന ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ അവർ സന്ദേശങ്ങൾ അയച്ചു. എന്നാൽ തന്നെ വ്യക്തമായി അറിയാവുന്നവരായതിനാൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ തെറ്റിദ്ധാരണയിൽ നിന്ന് താൻ രക്ഷപ്പെട്ടു.
അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. മുൻകാല അനുഭവം ഉള്ളതിനാൽ താൻ ആ കോളുകൾ അറ്റൻഡ് ചെയ്തില്ല.
പിന്നീട് മറ്റൊരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചനയുടെ രൂപത്തിലായിരുന്നു അടുത്ത കെണി. പക്ഷെ ആലോചന വന്ന പ്രൊഫൈലിൽ അവരുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. വ്യാജ ഐഡി ആണെന്ന് സംശയം തോന്നിയതിനാൽ ഫോട്ടോ അയക്കാൻ അവരോടു ഞാൻ ആവശ്യപ്പെട്ട. എന്നാൽ ഫോട്ടോ അയക്കുന്നതിന് പകരം ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വരികയാണ് ചെയ്തത്. ചതിയാണെന്ന് വ്യക്തമായതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് സന്ദേശം അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല.
പലപ്പോഴും നമ്മളുമായി അടുത്ത് അറിയുന്നവരോ വ്യക്തമായി അറിയുന്നവരോ ആയിരിക്കും ഇതിന് പിന്നിൽ. അവർ ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി ചതിക്കുഴികളിൽ പെടുത്തി ബ്ളാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിക്കും. തന്റെ ഒറ്റപ്പെട്ട അനുഭവമല്ലെന്നും ഒരുപാട് പേർ കെണിയിൽ വീണു പോയിട്ടുണ്ടാകുമെന്നും മാനഹാനി ഓർത്ത് പുറത്ത് പറയാതിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഇത്തരം ചതിയിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ബിജു പറയുന്നു.
LATEST
വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ

ഇൻസ്റ്റഗ്രാമിലൂടെ കൗമാരക്കാരായ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 20 കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് ഭാവന നഗർ ജില്ലയിലെ മഹുവ വില്ലേജ് സ്വദേശിയായ അൽഫാസ് ജമാനിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്.
അൽഫാസിന്റെ മൊബൈലിൽ നിന്നും പെൺകുട്ടികളുടെ 700 ൽ പരം നഗ്ന ഫോട്ടോകൾ പോലീസ് കണ്ടെടുത്തു. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള ഇയാൾ ഉള്ളിക്കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്ന് സൈബർ സെൽ ഡി സി പി ഡോ. രശ്മി കരന്ദിക്കർ വ്യക്തമാക്കി.
9 മുതൽ 15 വയസ്സുള്ള പെൺകുട്ടികളെയാണ് അൽഫാസ് നോട്ടമിട്ടിരുന്നത്. അവരെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും അവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ബ്ളാക്ക്മെയിൽ ചെയ്തുമാണ് ഈ ചിത്രങ്ങൾ കൈവശപ്പെടുത്തിയതെന്ന് അൽഫാസ് കുറ്റസമ്മതം നടത്തി.
സെപ്റ്റംബർ ആറിനാണ് മൈനർമാരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പൊലീസിന് പരാതി ലഭിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ നഗ്ന ചിത്രങ്ങൾ ആരോ അയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അപ്ലോഡ് ചെയ്തുവെന്നായിരുന്നു പരാതി.
പരാതി ലഭിച്ചതോടെ സൈബർ പോലീസ് അന്വേഷണം തുടങ്ങി. ഐ പി നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ലൊക്കേഷൻ ഗുജറാത്തിലെ ഭാവന നഗറിലാണെന്ന് മനസ്സിലായി.പിന്നീട് പ്രത്യേക അനേഷണ സംഘത്തെ അയച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്തതോടെ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ തനിക്ക് ലഭിച്ചത് എങ്ങിനെയെന്ന് അയാൾ തുറന്ന് പറഞ്ഞു. മൈനർമാരായ പെൺകുട്ടികളെയും 15 വയസ്സ് വരെയുള്ള കൗമാരക്കാരികളെയും മാത്രമാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നത്. ഇവർക്ക് ഇയാൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യുന്നവരുടെ ഇയാൾ ചാറ്റ് ചെയ്യാൻ തുടങ്ങുന്നു. പിന്നീട് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കുന്നു.
പിന്നീട് അവ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റുന്നു. ആ ചിത്രങ്ങൾ പ്രതിയുടെ മറ്റു ഫേക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നു. പിന്നീട് ആ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് ചിത്രങ്ങളുടെ ഉടമക്ക് അയച്ചു കൊടുക്കുന്നു. ആരോ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തുവെന്നും അത് ഡിലീറ്റ് ചെയ്യാൻ സഹായിക്കാമെന്നും ഡിലീറ്റ് ചെയ്യാനായി യൂസർ നെയിമും പാസ്വേർഡും ആവശ്യമാണെന്നും ധരിപ്പിച്ച് അവ കൈവശപ്പെടുത്തുന്നു.
യൂസർ നെയിമും പാസ്വേർഡും ലഭിച്ചു കഴിഞ്ഞാൽ ആ അക്കൗണ്ടിൽ നിന്നും ആ പെൺകുട്ടിയുടെ പെണ്‍കുട്ടികളായ മറ്റു സുഹൃത്തുക്കളോട് ആ പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റിങ് ആരംഭിക്കുന്നു. ആകാര ഭംഗി ലഭിക്കാനുള്ള മരുന്നിന്റെ പേര് പറഞ്ഞു വിശ്വസിപ്പിച്ച് ആ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും പ്രതി കൈക്കലാക്കുന്നു.
ഇത്തരത്തിൽ കൈക്കലാക്കിയതും മോർഫ് ചെയ്തതുമായ 700 ചിത്രങ്ങൾ പരാതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ കുറ്റം ചെയ്യാൻ ഉപയോഗിച്ചിരുന്ന 17 വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളും പോലീസ് കണ്ടെത്തി.
പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.