Connect with us

LATEST

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

Published

on

സൗദിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലിനായി വിദേശികള്‍ വരുമ്പോള്‍ തന്നെ അവര്‍ക്ക് ലഭിക്കുന്ന തൊഴില്‍ കരാറില്‍ ഇസ്ലാം മതത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ പവിത്രതയോടെ കാത്തു സൂക്ഷിക്കണമെന്നും അനുസരിക്കണമെന്നും ഉള്‍പ്പെടുത്താറുണ്ട്. താന്‍ ജോലിയെടുക്കുന്ന രാജ്യത്തെ നിയമങ്ങള്‍ അറിയുക എന്നത് ഓരോ പ്രവാസിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന് വളരെ പ്രധാനമാണ്. സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്താകുമ്പോള്‍ പ്രത്യേകിച്ചും.

ഇസ്ലാമിക രാഷ്ട്രമായ സൗദിയില്‍ ഖുര്‍ആന്‍ ആണ് ഭരണഘടന. ഇസ്ലാമിക ശരിഅത്ത് ആണ് രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനം. സൗദിയിലെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ലോക മുസ്ലീങ്ങളുടെ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും അവിടെ സ്ഥിതി ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇസ്ലാമിക ശരിഅത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ രാജ്യം ബദ്ധശ്രദ്ധരുമാണ്.

സൗദിയില്‍ വിദേശികള്‍ അധികമായും ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ മോഷണം, കവര്‍ച്ച, വ്യഭിചാരം, വേശ്യാ വൃത്തി, കൃത്രിമ രേഖകള്‍ ഉണ്ടാക്കല്‍ തുടങ്ങിയവയാണ്. ഇവയൊക്കെ സൗദിയിലെ നിയമ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളും ആണ്. ഇവയില്‍ പിടിക്കപ്പെട്ടാല്‍ നാട് കടത്തലിന് ശേഷം ഒരു തിരിച്ചു വരവ് സാധാരണ ഗതിയില്‍ സാധ്യമാകില്ല. അത് പോലെ തന്നെ മയക്കു മരുന്ന് കള്ളക്കടത്ത് ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യമാണ് സൗദി. കൊലപാതകം, ബലാല്‍സംഗം പോലെ തന്നെ വധശിക്ഷ നടപ്പാക്കാന്‍ വിധിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍, കോപ്പി ചെയ്യല്‍ 

ഇസ്ലാമിക രാജ്യമായതിനാല്‍ സൗദി അറേബ്യയില്‍ അശ്ലീലമായ എന്തും നിരോധിക്കപ്പെട്ടതാണ്. രാജ്യത്ത് ഇന്റര്‍നെറ്റ് മുഖേന അശ്ലീല സൈറ്റുകള്‍ ലഭ്യമല്ല. അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവയിലേക്കു പ്രവേശനം നിരോധിക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശമായിരിക്കും കാണുക. ഈ സാഹചര്യം മുതലെടുത്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുകയോ കോപ്പി ചെയ്തു കൊടുക്കുകയോ ചെയ്യുന്ന നിരവധി പേര്‍ പിടിയിലാകാറുണ്ട്. പലപ്പോഴും മൊബൈല്‍ ഷോപ്പുകളും കമ്പ്യൂട്ടര്‍ സര്‍വീസിംഗ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലാകുന്നത്. സ്വന്തമായി ഉണ്ടാക്കി വില്‍ക്കുന്നവരും പിടിയിലാകാറുണ്ട്.

അശ്ലീല ചിത്രങ്ങള്‍ കൈവശം വെക്കല്‍, കാണല്‍ 

അശ്ലീല ചിത്രങ്ങളും വീഡിയോകളും വില്‍ക്കുന്ന പോലെ തന്നെ കൈവശം സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമാണ്. മറ്റു പല നിസ്സാര കുറ്റങ്ങള്‍ക്കും പിടിയുലാകുന്നവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തു പോകുകയോ ചെയ്യാനായി വന്നവരുടെ പക്കല്‍ നിന്നും ഇവ ചിഅല്‍ സാഹചര്യങ്ങളില്‍ കണ്ടെടുക്കാരുണ്ട്.

പലിശ ഇടപാടുകള്‍ 

ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ പലിശ നിഷിദ്ധമാണ്. സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നത് പോലെയാണ് പലിശയിടപാടുകള്‍ എന്ന മത വിശ്വാസത്തിലാണ് രാജ്യത്തിന്റെ കര്‍ശനമായ ഈ നിലപാട്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഉള്‍പ്പെടെ പലിശയുമായി ബന്ധപ്പെട്ട വ്യക്തികളുടെ പണമിടപാടുകള്‍ കുറ്റകരമാണ്. എന്നാല്‍ പലപ്പോഴും ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ചു പലിശയിടപാടുകള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്. അത് പോലെ തന്നെ സാമ്പത്തിക ബുദ്ധിമുടുള്ള ഒറ്റപ്പെട്ട വ്യക്തികളും പലിശക്ക് പണം കടം വാങ്ങുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് കുറ്റം ചെയ്യുന്നവരെ കാത്തിരിക്കുന്നത്. പലിശക്ക് പണം നല്‍കുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ പലപ്പോഴും പിടിയിലാകാറുണ്ട്. പലപ്പോഴും ഇവരെ അധികൃതര്‍ക്ക് ഒറ്റിക്കൊടുക്കുന്നത് ഇവരില്‍ നിന്ന് പലിശക്ക് പണം വാങ്ങിയവര്‍ തന്നെയായിരിക്കും.

വ്യാജമദ്യ നിര്‍മ്മാണം

പ്രവാസികള്‍ക്കിടയില്‍ കാണപ്പെടുന്ന മറ്റൊരു കുറ്റ കൃത്യമാണ് വ്യാജമദ്യ നിര്‍മ്മാണം. സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. മദ്യം ഉപയോഗിക്കുന്നതോ, നിര്‍മ്മിക്കുന്നതോ, വില്ക്കുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുള്ള രാജ്യം. അത് കൊണ്ട് തന്നെ മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ അതുപയോഗിക്കാനുള്ള വാസനയുള്ളവര്‍ കൂടിയ വില കൊടുത്തും വാങ്ങി രഹസ്യമായി ഉപയോഗിക്കുന്നു. ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് പെട്ടെന്ന് പണമുണ്ടാക്കാനുള്ള ത്വരയില്‍ പല പ്രവാസികളും ഈ കുറ്റ കൃത്യത്തിലേക്ക് എടുത്തു ചാടുന്നുണ്ട്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മദ്യം രാജ്യത്തേക്ക് കടത്തല്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാല്‍ നീണ്ട ജയില്‍ വാസവും നാട് കടത്തലും തിരിച്ചു വരവിനുള്ള നിരോധനവുമാണ് കാത്തിരിക്കുന്നത്.

ചൂതാട്ടം 

ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ സൗദി അറേബ്യയില്‍ കുറ്റകരമാണ്. ചൂതാട്ടം, പണം വെച്ചുള്ള ചീട്ടുകളി, ഭാഗ്യക്കുറി ഇടപാടുകള്‍ എന്നിവ ഇതില്‍ പെടുന്നു.

വ്യാജ രേഖാ നിര്‍മ്മാണം 

വിദേശികള്‍ ചെയ്തു കാണുന്ന മറ്റൊരു കുറ്റ കൃത്യം രേഖകളില്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ ആണ്. ഉദാഹരണമായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് തിരുത്തുക, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നിവ. ചില പ്രത്യേക ജോലികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടാക്കുന്നതിനായാണ് പലപ്പോഴും ഇത്തരം കൃത്രിമങ്ങള്‍ കാണിക്കുന്നത്. ഇവ കൂടുതലായി കണ്ടു വരുന്നത് ആരോഗ്യ രംഗത്തെ നഴ്‌സിംഗ് പോലുള്ള ജോലികളിലും അത് പോലെ മറ്റു സെക്രട്ടെറിയല്‍ ജോലികളിലും ആണ്. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുന്നതും സാധാരണമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ സ്വന്തം രാജ്യത്തേക്ക് വെരിഫിക്കേഷന് വേണ്ടി അയക്കുമ്പോഴാണ് പലപ്പോഴും പിടിക്കപ്പെടുക.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ 

അത് പോലെ തന്നെ ഫാമിലി വിസ ലഭിക്കാന്‍ തന്റെ ഇഖാമയിലെ പ്രൊഫഷനോട് ബന്ധപ്പെട്ട ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. ഫാമിലി വിസ ലഭിക്കുന്നതിനായും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് സാധാരണമാണ്. മറ്റൊന്ന് മറ്റൊരാളെ ഭാര്യയെന്ന പേരില്‍ ഫാമിലി വിസയില്‍ കൊണ്ട് വരുന്നതിനായി വ്യാജ മാര്യജ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതാണ്. വിവാഹം കഴിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അന്യ സ്ത്രീകളെ ഭാര്യയെന്ന പേരില്‍ കൊണ്ട് വരുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാരില്‍ ഇത്തരം കൃത്യങ്ങള്‍ കുറവാണ്. ഫിലിപ്പൈന്‍ പ്രവാസികളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

തൊഴില്‍ നിയമ ലംഘനങ്ങള്‍ 

മേല്‍ പറഞ്ഞ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൂടാതെ തൊഴില്‍ നിയമ ലംഘങ്ങള്‍ക്കും രാജ്യത്തേക്ക് തിരികെയുള്ള പ്രവേശനത്തിന് അനുമതി നിഷേധിക്കുന്നു. ഉദാഹരണമായി തന്റെ തൊഴിലുടമയില്‍ നിന്നും ഒളിച്ചോടി പോകുന്ന തൊഴിലാളിയെ റിപ്പോര്‍ട്ട് ചെയ്ത് ഹുറൂബ് ആക്കുന്നതിനു തൊഴില്‍ നിയമത്തിലും ചട്ടങ്ങളിലും വ്യവസ്ഥയുണ്ട്. ഇത് പ്രകാരം പ്രസ്തുത തൊഴിലാളി പിന്നീട് പിടിക്കപ്പെടുകയാണെങ്കില്‍ നാട് കടത്തല്‍ കേന്ദ്രമായ തര്‍ഹീല്‍ മുഖേനയാണ് മാതൃ രാജ്യത്തേക്ക് പറഞ്ഞയക്കുക. ഇത്തരത്തില്‍ നാട് കടത്തുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു പ്രവേശിക്കുന്നതിന് വിലക്കുകളുണ്ട്. (വിശദമായി പ്രതിപാദിക്കേണ്ട വിഷയമായതിനാല്‍ ഇതിനെ കുറിച്ച് പിന്നീട് പ്രത്യേകം എഴുതം. അല്ലെങ്കില്‍ ഹുറൂബ് സംബന്ധിച്ച മുന്‍ ലേഖനങ്ങളിലൂടെ കൂടുതല്‍ അറിയാം)

സാംക്രമിക രോഗങ്ങള്‍ 

കുറ്റകൃത്യങ്ങളില്‍ പെടാതെ തന്നെ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന ചിലരുണ്ട്. സാംക്രമിക രോഗങ്ങളും മാറാ വ്യാധികളും പിടിപെട്ടവര്‍. പുതിയതായി രാജ്യത്തേക്ക് വരുന്ന പ്രവാസികളില്‍ ഇത് കണ്ടു പിടിക്കാനുള്ള മെഡിക്കല്‍ പരിശോധന പോലുള്ള നിശ്ചിതമായ നടപടി ക്രമങ്ങള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. അത് പോലെ ഇഖാമ പുതിയതായി നല്‍കുമ്പോഴും പുതുക്കുമ്പോഴും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്. നിലവില്‍ രാജ്യത്തുള്ള പ്രവാസികളില്‍ സാംക്രമിക രോഗങ്ങളോ എയിഡ്‌സ് പോലുള്ള മാറാ വ്യാധികളോ പിടിപെട്ടതായി കണ്ടെത്തുന്ന സാഹചര്യത്തില്‍ അവരെ മാതൃ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനും ഭാവിയില്‍ സൌദിയിലേക്ക് തിരിച്ച് പ്രവേശിക്കാതിരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കും.

പ്രവാസികള്‍ ഓരോ രാജ്യത്ത് താമസിക്കുമ്പോഴും അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണം. കാരണം തന്റെ മാതൃ രാജ്യത്ത് കുറ്റമല്ലാത്ത പല കാര്യങ്ങളും ഒരു പക്ഷെ ജീവിക്കുന്ന വിദേശ രാജ്യത്ത് കുറ്റമായിരിക്കാം. അതനുസരിച്ച് അവിടുത്തെ നിയമ നടപടികളും നേരിടേണ്ടി വന്നേക്കാം. അത് തെറ്റാണെന്ന് താന്‍ അറിഞ്ഞില്ലായിരുന്നു എന്ന വാദം ഒരിക്കലും ഒരു കോടതികളും അംഗീകരിക്കില്ല. കാരണം നിയമം അറിയില്ല എന്ന് പറയുന്നത് ഒരു രാജ്യത്തും ഒരു ഒഴിവു കഴിവല്ല. ഇതു രാജ്യത്ത് താമസിക്കുന്നുവോ ആ രാജ്യത്തെ നിയമം അറിഞ്ഞിരിക്കണം എന്നത് നീതിന്യായ രംഗത്തെ പൊതു തത്വമാണ്.

error: Content is protected !!