Connect with us

LATEST

എന്താണ് ബ്ലാക്ക് ലിസ്റ്റിംഗ് ? സൗദിയില്‍ സ്പോണ്‍സര്‍ക്ക് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ സാധിക്കുമോ ?

Published

on

സൗദിയിലുള്ള തങ്ങളുടെ തൊഴിലാളികളെ പേടിപ്പിച്ചു നിര്‍ത്താന്‍ ചില വക്ര ബുദ്ധികളായ സ്പോണ്‍സര്‍മാരും കമ്പനി മുതലാളിമാരും ഉപയോഗിക്കുന്ന വജ്രായുധമാണ് ഹുറൂബ്‌ അഥവാ ഓടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്യല്‍. എന്നാല്‍ ഇത് രാജ്യത്തുള്ള തൊഴിലാളികള്‍ക്ക് മേല്‍ മാത്രമേ പ്രയോഗിക്കാന്‍ സാധിക്കൂ.

തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷമുള്ള ഫൈനല്‍ എക്സിറ്റ് ചോദിക്കുമ്പോഴും, സേവനാനന്തര ആനുകൂല്യങ്ങളോ ശമ്പള കുടിശികയോ മറ്റോ ആവശ്യപ്പെടുമ്പോഴോ പല സ്പോണ്‍സര്‍മാറും തങ്ങളുടെ വിദേശ തൊഴിലാളിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ബ്ലാക്ക് ലിസ്റ്റിംഗ്.

അതായത് തൊഴിലാളിയെ ഇനി സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി കളയും എന്ന്. ഈ ഭീഷണിയില്‍ ഭയപ്പെട്ട് ഭൂരിഭാഗം തൊഴിലാളികളും തങ്ങള്‍ക്കു ലഭിക്കാനുള്ള ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യവുമൊക്കെ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്.

സത്യത്തില്‍ എന്താണ് ബ്ലാക്ക് ലിസ്റ്റിംഗ്?. ആര്‍ക്കാണ് അത് ചെയ്യാന്‍ സാധിക്കുക?. അതിന് വേണ്ട കാരണങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കിയാല്‍ അനാവശ്യമായ ഭീതിയും മറ്റും ഒഴിവാക്കാം. സൗദി അറേബ്യയില്‍ ബ്ലാക്ക് ലിസ്റ്റിംഗ് എന്ന് പറയുന്നത് ഒരു സാങ്കേതിക പദം മാത്രമാണ്. ഒരു വിദേശ പൗരന് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസരം നിഷേധിക്കപ്പെടുക എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടത്.

ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍, ക്രിമിനല്‍ നിയമങ്ങളുടെ ലംഘനങ്ങള്‍, എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ എന്നിവയാണ് ഒരു വിദേശ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍.

സ്പോണ്‍സറുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ഒരിക്കലും ഒരു സ്പോണ്‍സര്‍ക്ക് തന്റെ തൊഴിലാളിയെ നേരിട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്ന് ഒരു വിദേശ തൊഴിലാളി ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. അത് ചെയ്യേണ്ടത് സ്പോണ്‍സര്‍ അല്ല, ആഭ്യന്തര മന്ത്രാലയമാണ്. തന്റെ തൊഴിലാളി അതിന് തക്ക തെറ്റ് ചെയ്തിട്ടുണ്ട് എന്ന് സ്പോണ്‍സര്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. സ്പോണ്‍സറുടെ വാദങ്ങളില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തൃപ്തരായാല്‍ മാത്രമേ ഒരു തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും രാജ്യത്തേക്ക് പുന:പ്രവേശനം നിഷേധിക്കാനും സാധിക്കൂ.

ചുരുങ്ങിയ ശതമാനം കേസുകളില്‍ സ്പോണ്‍സര്‍മാര്‍ക്ക് മന്ത്രാലയ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നുണ്ട് എന്നത് ഒരു ദുഖകരമായ വസ്തുത തന്നെയാണ്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാറുള്ളൂ. നിങ്ങള്‍ പ്രത്യക്ഷത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ ഈ ഭീഷണിയെ അമിതമായി ഭയപ്പെടെണ്ടതില്ല. പക്ഷെ എപ്പോഴും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.

ക്രിമിനല്‍ കേസുകള്‍ അല്ലാതെ തന്നെ തൊഴില്‍ പരമായ കരാറുകള്‍ ഉപയോഗിച്ചും തിരിച്ചു വരവ് ഇല്ലാതാക്കാന്‍ പൂര്‍ണ്ണമായി സ്പോണ്‍സര്‍ക്ക് സാധിച്ചില്ലെങ്കിലും ഒരുപക്ഷെ തിരിച്ചു വരവ് വൈകിപ്പിക്കാന്‍ സാധിക്കും. ഇവിടെ ദുഷ്ട മനസ്ഥിതിയുള്ള സ്പോണ്‍സര്‍ക്ക് ആവശ്യമായ രേഖകള്‍ താനറിയാതെ തന്നെ ഉണ്ടാക്കി കൊടുക്കാതിരിക്കാന്‍ പ്രസ്തുത തൊഴിലാളി പല കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതായത് ഏതെങ്കിലും തരത്തിലുള്ള രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നതിന് മുന്‍പായി അതിലെ ഉള്ളടക്കം മനസ്സിലാക്കി ചെയ്യുക.

ആദ്യമായി ശ്രദ്ധിക്കേണ്ടത് സ്പോണ്‍സര്‍ പറയുന്ന രേഖകളില്‍ അന്ധമായി വിശ്വസിച്ചു കൊണ്ട് ഒപ്പിട്ടു കൊടുക്കാതിരിക്കുക എന്നതാണ്. പലപ്പോഴും ഈ രേഖകള്‍ തയ്യറാക്കിയിരിക്കുക അറബി ഭാഷയില്‍ ആയിരിക്കും. ഇത്തരം സാഹചര്യത്തില്‍ അറബി ഭാഷ അറിയുന്നവര്‍ ആണെങ്കില്‍ അത് വായിച്ചു മനസ്സിലാക്കണം, അല്ലാത്തവര്‍ അതിന്റെ ഒരു കോപ്പി എടുത്തു അറബി അറിയുന്നവരെ കൊണ്ട് കാണിച്ച് അതിലെ വസ്തുതകള്‍ മനസ്സിലാക്കണം. എന്നിട്ടേ അതില്‍ ഒപ്പിടാവൂ.

പലപ്പോഴും വളരെ മിടുക്കുള്ള തൊഴിലാളികളെ നഷ്ടപ്പെടുത്തുവാന്‍ പല സ്പോണ്‍സര്‍മാരും മടിക്കും. പിടിച്ചു നിര്‍ത്താന്‍ ഒരിക്കലും സാധ്യമല്ലാത്ത അവസ്ഥയില്‍ മാത്രമേ അവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്കുകയുള്ളൂ. ഫൈനല്‍ എക്സിറ്റ് നല്‍കാന്‍ തീരുമാനമെത്താല്‍ ഈ തൊഴിലാളി തന്‍റെ ബിസിനസ് എതിരാളിയുടെ കമ്പനിയില്‍ പിന്നീട് ജോലിക്ക് വരരുത് എന്നാഗ്രഹിക്കുന്ന കമ്പനികളും സ്പോണ്‍സര്‍മാരും കണ്ടേക്കാം.

സൗദി തൊഴില്‍ നിയമത്തില്‍ ഒരു തൊഴിലാളിയുടെ മറ്റൊരു തൊഴില്‍ സ്ഥാപനത്തിലേക്കുള്ള തിരിച്ചു വരവ് തടയുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് വക്രബുദ്ധികളായ കമ്പനി ഉദ്യോഗസ്ഥരും സ്പോണ്‍സര്‍മാരും ഇത്തരത്തില്‍ തൊഴിലാളിയുടെ തിരിച്ചു വരവ് തടയുന്നതിനായി വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. അത് കൊണ്ട് തൊഴില്‍ കരാര്‍ പുതുക്കുമ്പോഴോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുമ്പോഴോ രേഖകളില്‍ ഒപ്പിട്ടു നല്‍കുമ്പോള്‍ ഒരു പ്രവാസി തൊഴിലാളി വളരെ അധികം സൂക്ഷമത പുലര്‍ത്തേണ്ടതുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ തിരിച്ചു വരവ് തടയുന്നതിനോ വൈകിക്കുന്നതിണോ നിങ്ങള്‍ ഒപ്പിട്ടു നല്‍കുന്ന രേഖകള്‍ തന്നെ നിങ്ങള്‍ക്ക് തന്നെ എതിരായി ഉപയോഗിക്കപ്പെട്ടേക്കാം.

error: Content is protected !!