LAW
വിമാനങ്ങളിലെ ഭക്ഷണം മോഷ്ടിച്ചതിന് നാല് എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കെതിരെ നടപടി

വിമാനങ്ങളില്‍ വിളമ്പാത്ത ഭക്ഷണങ്ങള്‍ മോഷ്ടിച്ചതിന് എയര്‍ ഇന്ത്യ നാലു ജീവനക്കാര്‍ക്കെതിരെ അച്ചടക്കി നടപടി സ്വീകരിച്ചു. വ്യക്തിപരമായ ആവശ്യത്തിന് വിമാനങ്ങളിലെ വിളമ്പാത്ത ഭക്ഷണങ്ങളും റേഷനും ഗ്രൗണ്ട് സ്റ്റാഫും മറ്റു ഉദ്യോഗസ്ഥരും എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് 2017 ഓഗസ്റ്റില്‍ എയര്‍ ഇന്ത്യ എംഡി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ നാലു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനത്തില്‍ ബാക്കിയായ ഭക്ഷണം മോഷ്ടിച്ച കാറ്ററിങ് വകുപ്പിലെ രണ്ടു ജീവനക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമെതിരയാണ് നടപടി എടുത്തത്. കാറ്ററിങ് വകുപ്പിലെ ഒരു അസിസ്റ്റന്റ് മാനേജരേയും സീനിയര്‍ അസിസ്റ്റന്റിനേയും 63 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ന്യൂദല്‍ഹി-സിഡ്നി വിമാനത്തിലെ ക്യാബിന്‍ ക്രൂ ആയിരുന്ന രണ്ടു പേരെ രാജ്യാന്തര സര്‍വീസുകളില്‍ നിന്ന് വിലക്ക് ആഭ്യന്തര സര്‍വീസ് ജോലിയിലേക്ക് തരംതാഴ്ത്തിയെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
KUWAIT
കൊറോണ പ്രശ്‍നം മൂലം ഷോപ്പുകൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.

കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു. പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടിലാണ്. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യം നിയമ വിദ്‌ധമാണെന്ന് നിയമ വിദഗ്ദർ പറയുന്നു. ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളുടെ വീഴ്ച കൊണ്ടല്ല. തൊഴിലാളികൾ ജോലി ചെയ്യാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നൽകാതിരിക്കുന്നത് നിയമ പരമായും ധാർമികമായും ശരിയല്ല എന്നാണ് തൊഴിലാളികളുടെ നിലപാട്.
എന്നാൽ തൊഴിലുടമകളും കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. തങ്ങൾ ഷോപ്പുകൾ തുറക്കാൻ തയ്യാറാണെന്നും എന്നാൽ രോഗ വ്യാപനം തടയുന്നതിനായി ഷോപ്പുകൾ അടച്ചിടണമെന്ന അധികൃതരുടെ തീരുമാനം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഷോപ്പുടമകളും പറയുന്നു.
എന്നാൽ വിഷയത്തിൽ നിയമം തൊഴിലാളികളുടെ കൂടെയാണ്. തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം ലഭിക്കാൻ നിയമപരമായി തന്നെ അർഹതയുണ്ടെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
നിയമത്തിലെ ആർട്ടിക്കിൾ 61 പ്രകാരം ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. കാരണം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾ തൊഴിലുടമയുടെ കിഴിൽ ഷോപ്പിൽ ജോലി ചെയ്യാൻ വിസമ്മതിച്ചത് പ്രകാരമല്ല. അവർ ജോലി ചെയ്യാൻ തയ്യാറാണ്.
തൊഴിലാളികളുടേതല്ലാത്ത കാരണം മൂലം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും വേതനം നൽകണമെന്ന് വകുപ്പ് 61 നെ ഉദ്ധരിച്ചു കൊണ്ട് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
KERALA
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കാൻ….

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആലുവയിലെ മുസ്‌ലിം യുവാവിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) വീണ്ടും ചർച്ചയാവുന്നത്.
സ്വന്തം രാജ്യത്ത് യാതൊരു ക്രിമിനൽ കേസിലും വിശ്വാസ വഞ്ചന പോലുള്ള കേസുകളിലും ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് പോലീസിൽ നിന്നും ലഭിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തിക്ക് മുൻ കാല ക്രിമിനൽ റെക്കോർഡ് ഇല്ല എന്നതിന്റെ തെളിവായുള്ള പ്രധാനപ്പെട്ട രേഖയാണ് പി സി സി.
രാജ്യത്ത് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് പി സി സി പലയിടത്തും നിർബദ്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദേശങ്ങളിൽ ബിസിനസുകൾ ആരംഭിക്കാൻ, വിദേശ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിന്, മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്, വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠനത്തിന്, ടൂറിസ്റ്റ് ഗൈഡുകൾ ആയി ജോലി ചെയ്യുന്നതിന്, അങ്ങിനെ പല ആവശ്യങ്ങൾക്കും പി സി സി ആവശ്യമായി വരും.
പി സി സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഈ നടപടി ക്രമങ്ങൾ താരതമ്യേന എളുപ്പമാണ്.
കേരളത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ നിന്നും നേരിട്ട് അപേക്ഷിക്കുന്നവർക്കും, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്നും അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും പി സി സി നൽകാറുണ്ട്. മൂന്നിന്റേയും നടപടി ക്രമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
നേരിട്ട് നൽകുന്ന അപേക്ഷക്കൊപ്പം അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖ കൂടെ നൽകേണ്ടതുണ്ട്. റേഷൻ കാർഡ്, വോട്ടർ ഐ ഡി, എസ് എസ് എൽ സി ബുക്ക്, പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
കൂടാതെ തിരിച്ചറിയൽ രേഖയും നൽകണം. അതിനായി സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാലങ്ങൾ ഇഷ്യൂ ചെയ്ത തിരിച്ചറിയൽ കാർഡുകൾ, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
ഇതിന്റെ കൂടെ മൂന്ന് സമീപകാല പാസ്പോർട്ട് സൈസിലുള്ള കളർ ഫോട്ടോകളും അപേക്ഷ ഫീസും നൽകണം. അപേക്ഷകന് നേരിട്ടോ, അധികാരപ്പെടുത്തിയ ആൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷാ ഫീസ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ പോലീസ് വകുപ്പിലോ അടക്കാം. അല്ലെങ്കിൽ ട്രഷറിയിൽ നേരിട്ടോ ഓൺലൈനായോ അടക്കം.
അപേക്ഷയിന്മേൽ പോലീസ് ആവശ്യമായ അന്വേഷണം നടത്തും. അപേക്ഷകൻ ട്രാഫിക് നിയമ ലംഘനം പോലുള്ള കേസുകൾ അല്ലാത്ത ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ പി സി സി അനുവദിച്ചു നൽകുകയും ചെയ്യും. അപേക്ഷകന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പി സി സി നൽകില്ല. അത്തരം സാഹചര്യങ്ങളിൽ ക്രൈം നമ്പർ, കുറ്റം ചെയ്ത വകുപ്പുകൾ, കുറ്റകൃത്യം നടന്ന തിയ്യതി, കേസിൽ ശിക്ഷിക്കപ്പെട്ടോ അതോ വെറുതെ വിട്ടോ വിചാരണ നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മറുപടി നൽകണം.