Connect with us

CRIME

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

Published

on

തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ തൈക്കാട്ടുശ്ശേരിയിലെ മോഷണം നടന്ന വീട്ടിലെ അംഗമായ യുവാവ് എത്തിയത് നിറ കണ്ണുകളോടെയാണ്‌. ‘’ആത്മഹത്യയുടെ വക്കിലാണ്. വീട്ടില്‍ നടന്ന മോഷണത്തില്‍, നാട്ടുകാരുടെ കാര്യം വിട്ടു കളയാം, വീട്ടുകാര്‍ പോലും എന്നെ സംശയിക്കുന്നു. അധികം നാള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല, ഞാന്‍ ആത്മഹത്യ ചെയ്യും’’. കണ്ണീരോടെ ആയിരുന്നു യുവാവ് ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയോട് പറഞ്ഞത്.

യുവാവിന്‍റെ വീട്ടില്‍ നടന്ന മോഷണമായിരുന്നു വിഷയം. ഈ യുവാവിന്‍റെ വീട്ടില്‍ മാത്രമല്ല തൃശ്ശൂരിലെ പത്തോളം വീടുകളിലും പ്രത്യേക രീതിയില്‍ മോഷണം നടക്കുന്നു. ഈ മോഷണങ്ങള്‍ക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട്. ഒരു വീട്ടിലും വാതിലോ ജനലോ തകര്‍ക്കപ്പെട്ടിട്ടില്ല. ഒരു വീട്ടിലെയും ഒരു വിജാഗിരി പോലും ഇളക്കാതെയാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.

മോഷണം നടന്ന പത്തോളം വീടുകളില്‍ നിന്നും നൂറിലേറെ പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷത്തില്‍ അധികം രൂപയും കളവു പോയിട്ടുണ്ട്. മോഷണത്തിന്റെ പ്രത്യേകത വീട്ടുകാര്‍ കടയില്‍ പോയി വരുന്ന സമയത്തിനുള്ളിലോ പുറത്തു പോയി വരുന്ന കുറച്ചു സമയത്തിനുള്ളില്‍ പോലും മോഷണം നടക്കുന്നു എന്നതാണ്. യാതൊരു തെളിവും അവശേഷിക്കാതെയായിരുന്നു മോഷണം. അര മണിക്കൂറിന്റെ ഇടവേളകളില്‍ പോലും മോഷണം നടക്കുന്നു.

ഒല്ലൂരിലുള്ള ഒരു വീട്ടില്‍ വീടിന്‍റെ താക്കോല്‍ സൂക്ഷിച്ചിരുന്നത് സിറ്റൌട്ടില്‍ ഇട്ടിരുന്ന സോഫയുടെ കവറിന്റെ അടിയില്‍ ആയിരുന്നു. ഇവിടെ നന്നും താക്കോലെടുത്ത്‌ മുന്‍വശത്തെ വാതില്‍ തുറന്നു അകത്തു കയറിയ മോഷ്ടാവ് അലമാരയുടെ താക്കോല്‍ കണ്ടെത്തിയത് വീടിനകത്തെ മാതാവിന്റെ പ്രതിമയുടെ കൈവിരലില്‍ ആയിരുന്നു. സാധാരണ ഗതിയില്‍ ഒരു മോഷ്ടാവും ശ്രദ്ധിക്കാത്ത സ്ഥലം. വീട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന ഈ സ്ഥലത്ത് നിന്നും താക്കോല്‍ എടുത്തു 16 പവന്‍ സ്വര്‍ണ്ണവും മോഷണം നടത്തി താക്കോല്‍ അതേ സ്ഥലത്ത് തന്നെ സുരക്ഷിതമായി വെച്ചിരിക്കുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയായതോട് കൂടി പല വീടുകളിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. ഭാര്യയും ഭര്‍ത്താവും മക്കളും മരുമക്കളും പരസ്പരം സംശയിക്കാന്‍ തുടങ്ങി. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലായി.

പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും കുറെ ദിവസത്തേക്ക് മോഷണം നടന്ന സ്ഥലത്ത് നിന്ന് ഒരു തെളിവ് പോലും കണ്ടെടുക്കാന്‍ സാധിച്ചില്ല. യാതൊരു തെളിവും അവശേഷിക്കാതെ ആയിരുന്നു മോഷണം. പരാതികള്‍ കൂടി വന്നപ്പോള്‍ കമ്മീഷണര്‍ യതീഷ് ചന്ദ്ര മോഷ്ടാവിനെ പിടികൂടാനായി ഷാഡോ പോലീസിലെ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഈ അവസരത്തിലാണ് കമ്മീഷണര്‍ നിയോഗിച്ച സംഘത്തിലെ ഉദ്യോഗസ്ഥനായ എ.എസ്.ഐ സുവ്രത കുമാറിന് ഒരു ഫോണ്‍ കാള്‍ വരുന്നത്. അടുത്തെയിടെ നടന്ന മോഷണത്തിലെ മോഷ്ടാവിനെ സംബന്ധിച്ച ഒരു നിര്‍ണ്ണായക വിവരം നല്‍കി കൊണ്ടായിരുന്നു ആ ഫോണ്‍ കാള്‍. വിവരം ഗൗരവമായി എടുത്ത പോലീസ്  സംഘം യുവാവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം പ്രത്യേക നിരീക്ഷണത്തിലാക്കി.

എ.എസ്.ഐ സുവ്രത കുമാര്‍

എ.എസ്.ഐ സുവ്രത കുമാര്‍

ദിവസങ്ങള്‍ കുറെ നിരീക്ഷിച്ചിട്ടും ഈ യുവാവ് രാത്രിയില്‍ വീട് വിട്ടു പോകുന്നതോ പുലര്‍ച്ചെ തിരിച്ചെത്തുന്നതോ അന്വേഷണ സംഘത്തിനു കാണാന്‍ സാധിച്ചില്ല. എന്നാല്‍ സാധാരണ പോലെ രാവിലെ ബൈക്കും എടുത്തു കൊണ്ട് ജോലിക്ക് പോകുന്നതും വൈകീട്ടോടെ തിരിച്ചേത്തുന്നതും കാണാന്‍ സാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസുകാര്‍ക്ക് യുവാവിനെ സംശയിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ല.

അതിനിടെ മോഷണം നടന്ന ഒരു വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ മോഷ്ടാവ് ഉപയോഗിക്കുന്ന ബൈക്കിനെ കുറിച്ചുള്ള ചില സൂചനകള്‍ പോലീസിനു ലഭിച്ചിരുന്നു. നമ്പര്‍ വ്യക്തമല്ലാത്ത ബൈക്കില്‍ ഒരു യുവാവ് സംഭവ സമയത്ത് ബൈക്കില്‍ പോകുന്നത് മോഷണം നടന്ന വീടിന്‍റെ സമീപത്തുള്ള സി സി ടി വി കാമറയില്‍ പതിഞ്ഞിരുന്നു. ഈ സൂചനകള്‍ക്കു സാമ്യമുള്ള ബൈക്ക് ആയിരുന്നു ഈ യുവാവും ഉപയോഗിച്ചിരുന്നത്. ആ കച്ചിത്തുരുമ്പില്‍ പിടിച്ചു കയറിയ പോലീസ് യുവാവിനെ ചോദ്യം ചെയ്യാനായി ആനക്കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് ചെന്നു. സിസിടിവി യില്‍ കണ്ട ബൈക്ക് തന്നെയായിരുന്നു വീട്ടു മുറ്റത്ത് ഉണ്ടായിരുന്നുന്നത്. പോലീസിനെ കണ്ടപ്പോള്‍ യുവാവ് പിന്‍ വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏകദേശം എട്ടോളം മതിലുകള്‍ ചാടിയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

പീച്ചി സ്വദേശിയായ സന്തോഷ്‌ എന്ന കല്‍ക്കി സന്തോഷ്‌ ആയിരുന്നു മോഷ്ടാവ്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും യുവാവ് തുറന്ന് പറഞ്ഞു. മോഷണം നടത്തിയ വീടുകളുടെ വിവരങ്ങളും മോഷ്ടിച്ച സ്വര്‍ണ്ണവും പണവും മോഷണം നടത്തിയ രീതികളും പോലീസിനോട് വെളിപ്പെടുത്തി.

അസാമാന്യ നിരീക്ഷണ ശേഷിയായിരുന്നു ഈ മോഷ്ടാവിന്‍റെ കൈമുതല്‍. മലയാളികളുടെ സ്ഥിരം സ്വഭാവത്തെ നിരീക്ഷിച്ചു കൊണ്ടാണ് യുവാവ് ഈ മോഷണമത്രയും എളുപ്പത്തില്‍ നടത്തിയത്. വീട്ടില്‍ അംഗങ്ങള്‍ അധികം ഉണ്ടെങ്കില്‍ അവസാനം വീട് പൂട്ടി പുറത്തു പോകുന്ന അംഗം താല്‍ക്കാലികമായി താക്കോല്‍ സാധാരണയായി സൂക്ഷിക്കുക ചെടിച്ചട്ടിയിലോ, ഷൂവിന് ഉള്ളിലോ, ചവിട്ടിക്കടിയിലോ ആയിരിക്കും എന്നുള്ള സാമാന്യ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ മോഷ്ടാവ് തന്റെ ബൈക്കില്‍ വീടുകള്‍ തേടിയിറങ്ങും.

സംശയം തോന്നാതിരിക്കാനായി ബൈക്കിനു പിറകില്‍ പുല്ലു വെട്ടുന്ന യന്ത്രവും കെട്ടിയാണ് കറക്കം. പൂട്ടി കിടക്കുന്ന വീടുകള്‍ നിരീക്ഷിക്കും. ഗെയിറ്റ് തുറന്നു ഉള്ളില്‍ കടന്നാല്‍ സാധാരണയായി വീടിന് പുറത്തു ഏതു വീട്ടുകാരും താക്കോല്‍ സൂക്ഷിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തും. താക്കോല്‍ കിട്ടിയാല്‍ വീട് തുറന്നു ഉള്ളില്‍ കയറും. പിന്നീട് ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പിറകു വശത്ത് പോയി അടുക്കള വാതില്‍ തുറന്നിടും. ഏതെങ്കിലും കാരണവശാല്‍ വീട്ടുകാര്‍ തിരിച്ചെത്തിയാല്‍ പിറകു വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. മോഷണം നടത്തിയ ശേഷം വാതില്‍ അത് പോലെ തന്നെ പൂട്ടി താക്കോല്‍ ലഭിച്ച സ്ഥലത്ത് തന്നെ വെച്ച് തിരിച്ചു പോകും. ഇതായിരുന്നു രീതി.

മോഷണം നടത്തി കിട്ടുന്ന പണം  സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു ചിലവിട്ടിരുന്നത്. നാല് സ്ത്രീകളുമായി സന്തോഷിന് ബന്ധം ഉണ്ടായിരുന്നു. പണം അവരുമായി ചുറ്റി കറങ്ങാനും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും ഉപയോഗിക്കും.

മോഷ്ടിച്ച വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്ന കല്‍ക്കി സന്തോഷിന്‍റെ ഫോട്ടോ എടുക്കുന്ന വീട്ടിലെ വീട്ടമ്മ

മോഷ്ടാവിനെ പിടികൂടിയതറിഞ്ഞു പോലീസ് സ്റെഷനില്‍ എത്തിയ പല വീട്ടുകാരുടെയും മുഖത്ത് ആശ്വാസ ഭാവമായിരുന്നു. ഈ മോഷ്ടാവ് നടത്തിയ മോഷണങ്ങള്‍ മൂലം ചില കുടുംബങ്ങളില്‍ രക്ത ബന്ധങ്ങളില്‍ പോലും അകലം സംഭവിച്ചിരുന്നു. തൈക്കാട്ടുശേരിയില്‍ മോഷണം നടന്ന വീട്ടിലെ മറ്റു അംഗങ്ങളും നാട്ടുകാരും വരെ സംശയിച്ചിരുന്നത് ആ കുടുംബത്തിലെ ഒരു മകനെ ആയിരുന്നു. ആ മകന്‍റെ കമ്മീഷണര്‍ ഓഫീസിലെ സന്ദര്‍ശനമായിരുന്നു മുകളില്‍ വിവരിച്ചിരുന്നത്.

മോഷ്ടാവിനെ പിടികൂടിയ പോലീസ് സംഘത്തോട് നന്ദി പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു പല കുടുംബങ്ങളും പോലീസ് സ്റ്റേഷന്‍ വിട്ടിറങ്ങിയത്.

എസ്.ഐ ഗ്ലാഡ്സ്റ്റന്‍, എ.എസ്.ഐ മാരായ സുവ്രത കുമാര്‍, റാഫി, ഗോപാല കൃഷ്ണന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പഴനി, ജീവന്‍, ലിജേഷ്, വിപിന്‍ എന്നിവര്‍ അടങ്ങിയ ഷാഡോ പോലീസ് സംഘമായിരുന്നു കല്‍ക്കി സന്തോഷിനെ പിടികൂടിയത്.

Advertisement

CRIME

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

Published

on

ഗുജറാത്ത് ഐ എ എസ് കേഡറിൽ ജോലി ചെയ്യുന്ന മലയാളി കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

അഹമ്മദാബാദ് ജില്ലാ കളക്ടറും മറയൂർ മാശിവയൽ സ്വദേശിയുമായ അരുൺ മഹേഷ് ബാബുവിന്റെ മാതാപിതാക്കൾ സഞ്ചരിച്ചുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞിരുന്നു. സംസ്ഥാന പാതയിൽ കേരള- തമിഴ്നാട് അതിർത്തിയായ ചിന്നാറിൽ വനംവകുപ്പ് ചെക്പോസ്റ്റിന് സമീപം വെച്ചാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്.

മറിഞ്ഞ കാർ കൊക്കയിൽ നിന്നും എടുക്കാൻ 10,000 രൂപ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കാറിൽ അരുൺ മഹേഷിന്റെ അച്ഛൻ ഷൺമുഖവും അമ്മ പാപ്പാത്തിയും സഹായിയും ഡ്രൈവർ ശെൽവരാജുമാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കാർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത് അപകട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള അമരാവതി റേഞ്ച് ഓഫീസിലെത്തിച്ചു. തുടർന്നാണ് മറിഞ്ഞ കാർ എടുക്കണമെങ്കിൽ 10,000 രൂപ നൽകണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

കളക്ടറുടെ കാറാണെന്നും കളക്ടറുടെ സഹോദരി ഡോ. കലൈവാണി തമിഴ്‌നാട് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന കാര്യവും പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പണമില്ലാതെ കാർ എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറുകളോളം കളക്ടറുടെ മാതാപിതാക്കളെ ഉദ്യോഗസ്ഥർ പെരുവഴിയിൽ തന്നെ നിർത്തി.

കുറെ നേരത്തിനൊടുവിൽ കൈക്കൂലി തുക 5000 തന്നാൽ കാർ എടുക്കാമെന്നായി വനം വകുപ്പ് ഉദ്യോഗസ്ഥർ. തുടർന്ന് കളക്ടറുടെ മാതാപിതാക്കൾ കലക്ടറുമായി ബന്ധപ്പെട്ട് വിവരമറിയിച്ചു. തുടർന്ന് തിരുപ്പൂർ ഡി.എഫ്.ഒ പ്രശ്നത്തിൽ ഇടപെടുകയും കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെ കൊണ്ടുതന്നെ കാർ എടുപ്പിക്കുകയും ചെയ്തു.

കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് ഡി.എഫ്.ഒ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജോലി നഷ്ടമാകാതിരിക്കാൻ കളക്ടറുടെ മാതാപിതാക്കളുടെ പിറകെ ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് പിറകെ നടക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

Continue Reading

CRIME

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

Published

on

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹാക്ക് ചെയ്ത ശേഷം ബച്ചന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റി. ഐൽദിസ് തീം എന്ന പേരും അവരുടെ ചിഹ്നവും ഇവർ കവർ ചിത്രമാക്കി മാറ്റിയിരുന്നു.

തുര്‍ക്കിയില്‍ നിന്നുള്ള ‘അയ്യില്‍ദിസ് ടിം, ടർക്കിഷ് സൈബർ ആർമി’ എന്ന പാക്കിസ്ഥാന്‍ അനുകൂല ഹാക്കര്‍മാരാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. ‘ലവ് പാക്കിസ്ഥാൻ’ എന്ന് ഹാക്കർമാർ ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബച്ചന്റെ അക്കൗണ്ടിൽ നിന്നും ട്വീറ്റുകൾ നടത്തിയ ഹാക്കര്‍മാര്‍ റമദാൻ മാസത്തില്‍ ഇന്ത്യയിൽ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവർ ദയയില്ലാതെ ആക്രമിക്കപ്പെട്ടു എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുഴുവൻ ലോകത്തിനുമുള്ള ഒരു പ്രധാനപ്പെട്ട ഒരു സന്ദേശം ഉണ്ടെന്നും ഐസ്‍ലാന്‍ഡ് റിപ്പബ്ലിക്കിന്റെ തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വളരെ മൃദുവായിട്ടാണ് തങ്ങളുടെ സംസാരം എങ്കിലും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റിൽ ഇവർ വ്യക്തമാക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ടന്ന് മനസ്സിലാക്കിയതോടെ പെട്ടെന്ന് തന്നെ ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്‌തെങ്കിലും അക്കൗണ്ട് ഇപ്പോള്‍ വീണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന്റെ അന്വേഷണം മഹാരാഷ്ട്ര പൊലീസ് സൈബര്‍ യൂണിറ്റ് ഏറ്റെടുത്തു.

Continue Reading

CRIME

ജീവപര്യന്തം ശിക്ഷയെന്നാൽ ജീവിതാവസാനം വരെ.

Published

on

ഏറെ വിവാദമായ കത്വ കൂട്ട ബലാൽസംഗ കേസിലെ വിധി ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. കുട്ടിയെ ബലാൽസംഗം ചെയ്യാൻ ആസൂത്രണം നടത്തിയ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പഠാൻകോട്ട് അതിവേഗ കോടതി.

ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ജീവപര്യന്തം ശിക്ഷ ഏറെ കുറഞ്ഞു പോയി എന്ന വികാരമാണ് പൊതുവെ ഉയരുന്നത്. പൊതുജനം പ്രതീക്ഷിച്ചിരുന്നത് പ്രതികൾക്ക് വധശിക്ഷയാണ്. പക്ഷെ ജീവപര്യന്തം ജയിൽ ശിക്ഷ എന്നത് വളരെ കഠിനമായ ശിക്ഷ തന്നെയാണ്.

ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്ക് പതിനാല് വർഷം കഴിഞ്ഞാൽ ജയിൽ മോചിതനായി പുറത്തിറങ്ങാൻ സാധിക്കും എന്നാണ് പലരുടെയും ധാരണ.

ഈ കേസിൽ മരണം വരെ തടവ് ശിക്ഷ എന്ന് കോടതി വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ തന്നെയും ജീവപര്യന്തം തടവ് ശിക്ഷയെന്നാൽ പതിനാല് വർഷം കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കുന്ന ശിക്ഷയല്ല. സാധാരക്കാരിൽ പലർക്കും അത്തരമൊരു അബദ്ധ ധാരണ ഉണ്ടെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

നിയമത്തിന്റെ ഭാഷയിൽ ജീവപര്യന്തം തടവ് എന്നാൽ ജീവിതകാലം മുഴുവനുമുള്ള ജയിൽശിക്ഷ എന്നാണ് നിർവചനം. പതിനാല് കൊല്ലം കഴിഞ്ഞാൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാൻ സാധിക്കുമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവർ ആജീവനാന്തം തടവ് ശിക്ഷ അനുഭവിക്കണം.

സാധാരണക്കാർക്ക് ഇത്തരത്തിൽ ഒരു അബദ്ധ ധാരണ ഉണ്ടാവാൻ വ്യക്തമായ കാരണവുമുണ്ട്. അതായത് ചില കേസുകളിൽ പ്രതികൾ പതിനാല് വര്ഷം കഴിയുമ്പോൾ പുറത്തിറങ്ങുന്നു. ഇങ്ങിനെ സംഭവിക്കുന്നത് മറ്റൊരു സാഹചര്യത്തിലാണ്.

രാഷ്ട്രീയ സ്വാധീനമുള്ള പലരും പതിനാല് കൊല്ലം കഴിയുമ്പോൾ പുറത്തിറങ്ങുന്നത് കൊണ്ടാണ് ഈ തെറ്റിദ്ധാരണ. ക്രിമിനൽ നടപടി നിയമ വകുപ്പ് പ്രകാരം സംസ്ഥാന ഗവർണ്ണർമാർക്ക് ജയിൽ പുള്ളികളുടെ ശിക്ഷ അവരുടെ അധികാരം ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി ഇളവ് ചെയ്യാൻ സാധിക്കും. പലപ്പോഴും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാറുണ്ട്. പക്ഷെ അതിന് പതിനാല് കൊല്ലം ജയിൽശിക്ഷ പൂർത്തിയാക്കണം. ഈ പതിനാല് കൊല്ലമാണ് സാധാരണക്കാർ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന പതിനാല് വർഷം.

ജീവപര്യന്തം ജയിൽശിക്ഷയെന്നാൽ ജീവിത അവസാനം വരെയുള്ള ജയിൽ ശിക്ഷയാണെന്ന് സുപ്രീം കോടതി വ്യക്തമായി തന്നെ നിർവചിച്ചിട്ടുള്ളതാണ്. അതിനാൽ ജീവപര്യന്തം ശിക്ഷയെന്നാൽ പതിനാല് വർഷം ജയിൽ വാസമാണെന്ന് നിയമ വിദഗ്ദർ ആവർത്തിച്ച് വ്യക്തമാക്കുന്നു.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!