Connect with us

CRIME

വിദ്യാര്‍ത്ഥി ബൈക്കപടത്തില്‍ മരിച്ചു; സംഭവമറിഞ്ഞെത്തിയ സഹപാഠികള്‍ പോലീസിനെയും നാട്ടുകാരേയും ആക്രമിച്ചു

Published

on

സഹപാഠി വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ആക്രമണമം അഴിച്ചുവിട്ടു. അപകടത്തിന് കാരണമായ ലോറി തല്ലിതകര്‍ത്തു. നാട്ടുകാര്‍ക്കും ഏതാനും പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഫീസടച്ച ശേഷം ബൈക്കില്‍ മടങ്ങിയ ബിരുദ വിദ്യാര്‍ത്ഥിക്ക് കണ്ടെയ്നര്‍ ലോറിയിടിച്ച് മരണം സഭവിച്ചത്. സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിയുടെ സുഹൃദ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. സര്‍വകലാശാലയിലെത്തിയ ശേഷം ബൈക്കില്‍ മടങ്ങിയ കോട്ടയം എറണാകുളം റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ അപകടത്തില്‍ കൊച്ചി ചുള്ളിക്കല്‍ തുണ്ടിക്കല്‍ പി.എം.ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഇന്‍സാഫ് (21) ആണു അപകടത്തില്‍ മരിച്ചത്.

മട്ടാഞ്ചേരി കൊച്ചിന്‍ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിയാണ്. ഇന്‍സാഫ് മരിച്ചതറിഞ്ഞു കോളജിലെ സഹപാഠികള്‍ കടുത്തുരുത്തിയില്‍ എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സംഘം അപകടമുണ്ടാക്കിയ ലോറി അടിച്ചുതകര്‍ത്തതിനു ശേഷം നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുകയായിരുന്നു. 3 പൊലീസുകാര്‍ക്ക് അടക്കം 7 പേര്‍ക്കു പരുക്കേറ്റു. 20 പേര്‍ അറസ്റ്റിലായി. 4 കാറുകളും 6 ബൈക്കുകളും പിടികൂടി. കാറിലും ബൈക്കിലുമായെത്തിയ 75 പേരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അടിച്ചുതകര്‍ത്തത്. തടയാനെത്തിയ പൊലീസ് 4 പേരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

അതിനിടെ ചിലര്‍ ആക്രമണം മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു. ഇവരേയും സംഘം ആക്രമിച്ചതായാണ് സൂചന. സമീപവാസികളായ പ്രവീണ്‍കുമാര്‍, ആദര്‍ശ്, ഉണ്ണി, അനി എന്നിവര്‍ക്കു മര്‍ദനമേറ്റു. സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടികൂടിയവരെ ബലമായി ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ പി.കെ.ശിവന്‍കുട്ടിക്കും 2 പൊലീസുകാര്‍ക്കും പരുക്കേറ്റത്. ശിവന്‍കുട്ടിയുടെ മുഖത്തു മുറിവേറ്റു.

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ലാത്തി വീശിയാണു റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ തുരത്തിയത്. അപകടത്തില്‍ മരിച്ച മുഹമ്മദ് ഇന്‍സാഫിന്റെ പിതാവ് ഇക്ബാല്‍, പൊലീസ് പിടികൂടിയവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു സ്റ്റേഷനില്‍ ബഹളം വച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ തലയോലപ്പറമ്പ്, വെള്ളൂര്‍ സ്റ്റേഷനുകളിലേക്കു മാറ്റി. വെള്ളൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം സ്റ്റേഷനുകളില്‍ നിന്നു വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്യുകയാണ്.

അപകടത്തെത്തുടര്‍ന്നു ബൈക്കില്‍ നിന്നു തെറിച്ചു റോഡില്‍ വീണ മുഹമ്മദ് ഇന്‍സാഫ് തല്‍ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍സാഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ തുരത്തിയതു പൊലീസും നാട്ടുകാരും ചേര്‍ന്ന്. പെണ്‍കുട്ടികള്‍ അടങ്ങുന്ന കോളജ് വിദ്യാര്‍ത്ഥികളാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്. സഹപാഠി മുഹമ്മദ് ഇന്‍സാഫ് മരിക്കാനിടയാക്കിയ സംഭവത്തിലെ ലോറിയുടെ ചില്ലുകള്‍ തകര്‍ത്തതോടെ പൊലീസ് 4 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥി സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.

എസ്എച്ച്ഒ പി.കെ.ശിവന്‍കുട്ടിയും വിരലില്‍ എണ്ണാവുന്ന പൊലീസുകാരുമാണ് ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിസംഘം സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ ഇവരെ പുറത്തിറക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കാണു പരുക്കേറ്റത്. പിന്നീടു കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്നു പൊലീസ് ലാത്തി വീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറി ഓടുകയും വാഹനങ്ങള്‍ എടുത്തുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ നാട്ടുകാര്‍ തടഞ്ഞു പൊലീസിനു കൈമാറി. ഒരു മണിക്കൂറോളം പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയായിരുന്നു

error: Content is protected !!